Image

യുക്മ യൂത്ത് കരിയര്‍ ഗൈഡന്‍സ് പരമ്പര ശ്രദ്ധേയമാകുന്നു

Published on 20 March, 2023
 യുക്മ യൂത്ത് കരിയര്‍ ഗൈഡന്‍സ് പരമ്പര ശ്രദ്ധേയമാകുന്നു

 

ലണ്ടന്‍: ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് ഒരുങ്ങുന്ന യുകെയിലെ വിദ്യാര്‍ത്ഥികളേയും അവരുടെ മാതാപിതാക്കളേയും ഉദ്ദേശിച്ച്, യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ പരിശീലന പരിപാടി ഇന്ന് (മാര്‍ച്ച് 19, ഞായറാഴ്ച്ച) ഉച്ച കഴിഞ്ഞ് രണ്ടിനു സൂം ലിങ്കില്‍. ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സഹായകരമായ വിവരങ്ങളും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പകര്‍ന്ന് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് യുക്മ യൂത്ത് ഈ പരിശീലനക്കളരി സംഘടിപ്പിച്ചിരിക്കുന്നത്.

വില്‍റ്റ്ഷയറിലെ 11 പ്‌ളസ് ലീപ്പിലെ ട്യൂട്ടര്‍മാരായ റെയ്‌മോള്‍ നിധീരി, ജോ നിധീരി, രശ്മി കൃഷ്ണ എന്നിവര്‍ നേതൃത്വം കൊടുക്കുന്ന പരിശീലന പരിപാടിയില്‍ 11 പ്‌ളസ് ലീപ് ഉടമയായ ട്രേസി ഫെല്‍പ്‌സ് ഗസ്റ്റ് സ്പീക്കറായി പങ്കെടുക്കും. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമര്‍ സ്‌കൂള്‍ അഡ്മിഷന്‍ നേടിക്കൊടുക്കുവാന്‍ സഹായിച്ച 11 പ്‌ളസ് ലീപ് ടീം അംഗങ്ങളോടൊപ്പം ചെല്‍ട്ടന്‍ഹാമിലെ പെയ്റ്റ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആദല്‍ ബഷീര്‍ (ഇയര്‍ 12), വിദ്യാര്‍ത്ഥിനിയായ എയ്ഞ്ചല്‍ സോണി (ഇയര്‍ 10), വിദ്യാര്‍ത്ഥിയായ ഋഷികേഷ് (ഇയര്‍ 13) എന്നിവരും പരിശീലനക്കളരിയുടെ ഭാഗമാകും. ഡോ. ബിജു പെരിങ്ങത്തറ പരിശീലനക്കളരിയുടെ മോഡറേറ്ററായിരിക്കും. യുക്മ ഫെയ്സ്ബുക്ക് പേജിലും പരിശീലനക്കളരിയുടെ ലൈവ് ലഭ്യമായിരിക്കും.

 

യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടിയുടെ ആദ്യ എപ്പിസോഡ് മെഡിക്കല്‍ പഠനവും രണ്ടാമത്തേത് ഡന്റല്‍ പഠനവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.

ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട പരിശീലന ക്‌ളാസ്സിനെ തുടര്‍ന്ന് അക്കൌണ്ടന്‍സി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബിസിനസ്സ് മാനേജ്‌മെന്റ്, സിവില്‍ സര്‍വ്വീസസ്, ലാ സ്‌കൂള്‍, ഫിസിഷ്യന്‍ അസ്സോസ്സിയേറ്റ്, നഴ്‌സിംഗ്, ഹോട്ടല്‍ മാനേജ്മെന്റ്, എഞ്ചിനീയറിംഗ്, ഫാര്‍മസി തുടങ്ങി വിവിധ മേഖലകളില്‍ തുടര്‍ന്ന് പരിശീലനക്കളരികള്‍ ഉണ്ടാകും. ഓരോ മേഖലയിലേയും വിദഗ്ദര്‍ നയിക്കുന്ന പരിശീലനക്കളരികളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളും അതാത് വിഷയങ്ങളില്‍ തങ്ങളുടെ അറിവുകള്‍ പങ്ക് വെയ്ക്കും. ഓരോ എപ്പിസോഡുകളിലും ഓരോ വിഷയങ്ങളെക്കുറിച്ചാകും ക്ലാസുകള്‍ നടക്കുക.

ഓണ്‍ലൈന്‍ പരിശീലനവുമായി ബന്ധപ്പെട്ട ക്ലാസ്സുകള്‍ നയിക്കുവാനും ഉപദേശം നല്‍കുവാനും താല്പര്യമുള്ള വിദഗ്ദരും സീനിയര്‍ വിദ്യാര്‍ത്ഥികളും യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ (07904785565), സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് (07877348602) എന്നിവരെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അലക്‌സ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക