ഓർമ്മകൾ
മരവിച്ച് നില്ക്കുമ്പോൾ
ഞാനവളെ കാണാൻ പോകും.
ലളിതമായ ചിരിയിൽ
ഒരു ഭൂതകാലം
പ്രസരിക്കും.
ഹൃദയം പ്രകമ്പനമറിയിക്കുമ്പോൾ
മഞ്ഞുകാലങ്ങൾ
ഉന്മത്തമായ പുതപ്പിനുളളിൽ
ഇക്കിളി കൂട്ടും.
നഗരത്തിലെ
തിരക്കുകൾക്കിടയിലൂടെ
അതിവേഗം നടക്കും
ചുറ്റും തിരയും
നഷ്ടപ്പെട്ട കരിവളയുടെ
കറുപ്പ് കടന്നാക്രമിക്കും.
ഉത്സവക്കടയിൽ
ഉല്ലാസങ്ങൾ
വില്ക്കുന്നിടത്തെത്തുമ്പോൾ
പ്രണയോർമ്മകൾ
ഇന്നും തലപൊക്കുന്നു.