Image

ഡോ. കലാ ഷഹി: ഫൊക്കാനയുടെ വനിതാ ശക്തി കേന്ദ്രം

മീട്ടു റഹ്മത്ത് കലാം  Published on 21 March, 2023
ഡോ. കലാ ഷഹി: ഫൊക്കാനയുടെ വനിതാ ശക്തി കേന്ദ്രം

ഡോക്ടർ, നർത്തകി, കലാ- സംസ്‌കാരിക പ്രവർത്തക എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഫൊക്കാനയുടെ ജനറൽ സെക്രട്ടറി ഡോ. കലാ ഷഹി. ഫൊക്കാന വിമൻസ് ഫോറത്തിന്റെ ചെയർപേഴ്സണായിരിക്കെ, സംഘടനയിലെ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിച്ചതുൾപ്പെടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്ന നിരവധി പദ്ധതികൾ അവർ നടപ്പിലാക്കി. ഫൊക്കാനയുടെ നാല്പതാം വാർഷികത്തിൽ അരങ്ങേറുന്ന കേരള കൺവൻഷന്റെ ഒരുക്കങ്ങളുടെ ബന്ധപ്പെട്ട് കേരളത്തിൽ എത്തിയിരിക്കുന്ന ഡോ.കലാ ഷഹി, ഇ-മലയാളി വായനക്കാരോട് മനസുതുറക്കുന്നു...

വിദ്യാഭ്യാസകാലയളവും അമേരിക്കയിലേക്കുള്ള കുടിയേറ്റവും ഓർത്തെടുക്കാമോ?

കൊച്ചിയിലാണ് വളർന്നത്. പയസ് ഗേൾസ് ഹൈസ്‌കൂളിലായിരുന്നു പഠിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കി. വിവാഹശേഷം 1991 ലാണ് അമേരിക്കയിൽ എത്തിയത്.തുടർന്ന് ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ മെഡിസിന് ചേർന്നു. പിന്നീട്, ഹെൽത്ത് കെയർ സയൻസിൽ പി.എച്ച് ഡി എടുത്തു. 

പ്രൊഫഷണൽ ജീവിതം ?

വാഷിംഗ്ടൺ ഡി.സി , മെറിലാൻഡ് മേഖലകളിൽ ഇന്റേണൽ മെഡിസിനിൽ രണ്ടു ക്ലിനിക്കുകൾ നടത്തി വരികയാണ്.  ഫസ്റ്റ് ക്ലിനിക്  ഫാമിലി പ്രാക്ടീസ്  സ്ഥാപകയും സി.ഇ.ഒയുമാണ്. വാഷിംഗ്‌ടൺ ഡി.സി.യിലെ സെക്കൻഡ് ചാൻസ്  അഡിക്ഷൻ സെന്ററിന്റെ  മെഡിക്കൽ ഡയറക്ടർ, മെറിലാൻഡ്- വാഷിംഗ്‌ടൺ ഡി.സി മേഖലയിലുള്ള സെന്റർ ഫോർ ബിഹേവിയറൽ ഹെൽത്തിന്റെ റിസർച്ച് കോർഡിനേറ്റർ തുടങ്ങിയ പദവികളും വഹിക്കുന്നു. ബിഹേവിയറൽ ഹെൽത്ത് ആൻഡ് അഡിക്ഷൻ മാനേജ്മെന്റിലും കോസ്മിറ്റോളജിയിൽ ലേസർ ഹെയർ റിമൂവൽ ബോട്ടോക്സ്  എന്ന മെഡിസിൻ ശാഖയിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. 

ഡോക്ടർ എന്ന നിലയിൽ കോവിഡിന്റെ തുടക്കകാലം എങ്ങനെയായിരുന്നു?

കോവിഡിന്റെ പ്രാരംഭ സമയത്ത്, രണ്ട് ക്ലിനിക്കുകളിലും നൂറുകണക്കിന് കോവിഡ് രോഗികളെ ചികിത്സിക്കാൻ സാധിച്ചു. എനിക്കും രോഗം പിടിപ്പെട്ടിരുന്നു. ഭാഗ്യംകൊണ്ട് കരകയറി.

ഇതിനിടയിൽ  കലയ്ക്കായി നീക്കി വയ്ക്കാൻ സമയം?

അനേകം ശിഷ്യഗണങ്ങളുള്ള ഇടപ്പള്ളി അശോക് രാജ് എന്ന അറിയപ്പെടുന്ന ഡാൻസ് മാസ്റ്ററിന്റെ മകളായാണ് ജനിച്ചത്. മൂന്ന് വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്.കുച്ചിപ്പുടി,ഭരതനാട്യം,മോഹിനിയാട്ടം,കഥക് തുടങ്ങിയ ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ സ്‌കൂൾ തലത്തിൽ ലഭിച്ചിട്ടുണ്ട്.
സംഗീതം, നാടകം, പെൻസിൽ സ്കെച്ച് , പെയിന്റിംഗ്,  ക്ലേ മോഡലിംഗ്,കവിതാരചന അങ്ങനെ എല്ലാത്തിനോടും അന്നും ഇന്നും താല്പര്യമുണ്ട്. അതിനുവേണ്ടി സമയം മനഃപൂർവം കണ്ടെത്തും.

സംഘടനാപ്രവർത്തനങ്ങളിൽ സജീവമായത് എങ്ങനെയായിരുന്നു?

പെൺകുട്ടികൾ അടക്കത്തോടും ഒതുക്കത്തോടും കൂടി നടക്കണം എന്ന് നിഷ്കർഷിച്ചിരുന്ന സമയത്തായിരുന്നു കോളജിൽ പഠിച്ചത്. ഒന്നിലും ആക്റ്റീവ് ആയിരുന്നില്ല.അമേരിക്കയിൽ എത്തിയ ശേഷം നൃത്തമാണ് സംഘടനകളിലേക്കുള്ള വാതിൽ തുറന്നുതന്നത്.കലാഞ്ജലി എന്ന പേരിൽ ഞാനൊരു നൃത്തവിദ്യാലയം നടത്തിയിരുന്നു.പ്രോഗ്രാമുകൾ കോ-ഓർഡിനേറ്റ് ചെയ്തുകൊണ്ടാണ് സംഘാടനമികവ് തിരിച്ചറിഞ്ഞത്. ഏല്പിക്കുന്ന കാര്യങ്ങൾ ഭംഗിയാക്കാൻ എത്ര കഷ്ടപ്പെടാനും മടിയില്ലാത്ത ആളാണ് ഞാൻ. സ്വയം മറന്നിങ്ങനെ ബുദ്ധിമുട്ടരുതെന്ന് സുഹൃത്തുക്കൾ ഉപദേശിക്കും.കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടണിലൂടെയാണ്(കെഎജിഡബ്ലിയു) ഫൊക്കാനയുടെ ഭാഗമായത്.

വിമൻസ് ഫോറം ചെയർപേഴ്സൺ എന്ന നിലയിലെ നാഴികക്കല്ലുകൾ...

ഫൊക്കാനയിൽ അതുവരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ അക്കാലയളവിൽ സാധിച്ചു. സ്ത്രീ ശാക്തീകരണത്തിലൂന്നിക്കൊണ്ട് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു.150ൽപരം അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഫൊക്കാന വിമൻസ് ഫോറം നാഷണൽ കമ്മിറ്റി ഒരു മെഗാ കമ്മിറ്റിയായി വിപുലീകരിക്കാൻ കഴിഞ്ഞു. വിവിധ റീജിയനുകളിൽ കമ്മിറ്റികൾ രൂപീകരിച്ചതിനു പുറമെ അന്താരാഷ്ട്ര തലത്തിൽ ഫൊക്കാന വിമൻസ് ഫോറത്തെ വളർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ വനിതാ  നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഫൊക്കാന ഇന്റർനാഷണൽ വിമൻസ് ഫോറവും രൂപീകരിച്ചു.

സംതൃപ്തി തോന്നിയ അനുഭവം?
മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവന്തപുരം കഴക്കൂട്ടത്ത് നടത്തുന്ന മാജിക്ക് അക്കാഡമിയിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി രൂപം കൊണ്ട കരിസ്മ എന്ന പദ്ധതി ഏറ്റെടുത്തത് മറക്കാനാവില്ല. വിമൻസ് ഫോറം ചെയർ പേഴ്സൺ ആയിരിക്കെ ചെയ്ത പ്രവർത്തനങ്ങളിൽ ഏറ്റവും ചാരിതാർഥ്യം തോന്നിയ ഒന്നാണത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ളവരാണ് പ്രഫ.മുതുകാടിന്റെ സംരക്ഷണത്തിൽ കഴിയുന്ന ഭിന്നശേഷിക്കാരായ കുട്ടികൾ.  ആ അമ്മമാർക്ക് ചെറുതെങ്കിലും,ഒരു വരുമാനത്തിനുള്ള വഴിയായാണ് കരിസ്മ എന്ന പദ്ധതി നടപ്പാക്കിയത്. അതിനുശേഷം അവരെ നേരിൽ ചെന്നുകണ്ടു. ആ അമ്മമാരുടെ കണ്ണുകളിലെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.


ഫൊക്കാനയ്ക്ക്  സ്വന്തമായൊരു ആസ്ഥാനമന്ദിരം എന്നുള്ള സ്വപ്നം ഉടൻ സാധ്യമാകുമോ? 

ന്യൂയോർക്കിലോ വാഷിംഗ്ടൺ ഡിസി യിലോ ആയിരിക്കും ആസ്ഥാനമന്ദിരം വരിക.10 ഏക്കറിൽ 10 മില്യൺ മുതൽമുടക്കുള്ള പ്രൊജക്റ്റാണ് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. അതിന് യോജിച്ച സ്ഥലം കണ്ടെത്തേണ്ടതുണ്ട്.

ഫൊക്കാനയുടെ കേരള കൺവൻഷന് ഇനി അധികം ദിവസങ്ങൾ ഇല്ലല്ലോ,എന്തൊക്കെയാണ് ഒരുക്കങ്ങൾ?

ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി. മുഖ്യമന്ത്രി,ഗവർണർ,സ്പീക്കർ, വിദ്യാഭ്യാസ മന്ത്രി തുടങ്ങി വിശിഷ്ട വ്യക്തികൾ എത്തിച്ചേരാമെന്ന് അറിയിച്ചിട്ടുണ്ട്.ഭാഷയ്‌ക്കൊരു ഡോളർ, വിമൻസ് ഫോറം സെമിനാർ,ബിസിനസ് സെമിനാർ,മീഡിയ സെമിനാർ എന്നിവയാണ് കൺവൻഷനിൽ പ്രധാനം.മറിയാമ്മ പിള്ള മെമ്മോറിയൽ അവാർഡും കേരളത്തിലെ നിർധനരായ 10 നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പും  വിതരണം ചെയ്യും.ഫൊക്കാനയുടെ നാല്പതാം വാർഷികം എന്നതാണ് ഈ കൺവൻഷന്റെ സവിശേഷത. ബിസിനസ് സെമിനാറിൽ ഒട്ടേറെ വ്യവസായ പ്രമുഖർ പങ്കെടുക്കും. കേരളത്തിൽ വ്യവസായം തുടങ്ങുന്നതുസംബന്ധിച്ച് ചർച്ച നടത്തും. മീഡിയ സെമിനാറിൽ പ്രമുഖരായ മാധ്യമപ്രവർത്തകർ പങ്കെടുക്കും.സാഹിത്യ സമ്മേളനത്തിൽ സതീഷ് ബാബു പയ്യന്നൂർ സാഹിത്യ അവാർഡ് സമ്മാനിക്കും.പൊതുസമ്മേളനത്തിനിടയിൽ മികച്ച മന്ത്രി, എം.പി,എം.എൽ.എ എന്നിവർക്ക് പുരസ്കാരം നൽകും.സമാപനസമ്മേളനത്തിന് ശേഷമായിരിക്കും കലാപരിപാടികൾ. അമേരിക്കയിൽ നിന്ന് നൂറിലധികം മലയാളി കുടുംബങ്ങൾ കൺവൻഷനിൽ പങ്കെടുക്കാൻ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

ഫൊക്കാനയ്ക്ക് പുറമേയുള്ള സംഘടനാപ്രവർത്തനങ്ങൾ?

കേരള ഹിന്ദു സൊസൈറ്റി ഉൾപ്പെടെ തുടങ്ങി നിരവധി പ്രാദേശിക, ദേശീയ, അന്തരാഷ്ട്ര തലങ്ങളിലുള്ള സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

വുമൺ ഐക്കൺ അവാർഡ് നേടിയിരുന്നല്ലോ? 

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനസമാഹരണത്തിന്  നേതൃത്വം നൽകിയിട്ടുണ്ട്. അതിനാണ് ഭാരത് യു.എസ്. എ  ഏർപ്പെടുത്തിയ വുമൺ ഐക്കൺ അവാർഡ് ലഭിച്ചത്. കലാസാംസ്‌കാരിക- ആതുരസേവന രംഗങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചായിരുന്നു അവാർഡ്. 

താങ്കൾ 'വുമൺ ഐക്കൺ' ആയി കാണുന്നത് ആരെയാണ്?

എന്റെ വുമൺ ഐക്കൺ അമ്മയാണ്‌. ശുഭ എന്നാണ് അമ്മയുടെ പേര്. എന്നെയൊരു കലാകാരിയാക്കി തീർത്തത് അമ്മയാണ്.ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ നെടുംതൂണായി അമ്മ നിന്നില്ലായിരുന്നെങ്കിൽ എനിക്ക് ഒന്നുമാകാൻ സാധിക്കുമായിരുന്നില്ല. അമ്മയോട് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.

ജനറൽ സെക്രട്ടറി സ്ഥാനത്ത് ഒരു സ്ത്രീ എത്തുന്നത് അമേരിക്കയിലെ സാംസ്കാരിക സംഘടനകളിൽ അപൂർവമാണ്.അത്തരം വിവേചനം ഫൊക്കാനയിലുണ്ടോ?

ഫൊക്കാന രൂപീകരിച്ച് 40 വർഷങ്ങൾക്കിടയിൽ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഞാൻ.മുൻപൊരു വനിതാ പ്രസിഡന്റ്(മറിയാമ്മ പിള്ള) ഉണ്ടായിരുന്നതൊഴിച്ചാൽ താക്കോൽ സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ എത്തിച്ചേരുന്നത് വിരളമാണ്. നമ്മൾ ആഗ്രഹിക്കുന്ന മാറ്റമുണ്ടാക്കാൻ നമ്മൾ തന്നെ ശ്രമിക്കണം. കൂടുതൽ വനിതകൾ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫൊക്കാനയിൽ താങ്കൾ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രധാന പ്രോജക്ടുകൾ?

ഡിസി ഇന്റേൺഷിപ്പ് പ്രോഗ്രാം അത്തരത്തിലൊന്നാണ്.അമേരിക്കയിലെ മലയാളികളായ ബിരുദ വിദ്യാർത്ഥികൾക്ക് ഫെഡറൽ ഗവണ്മെന്റിൽ  (വൈറ്റ് ഹൗസ്,ക്യാപിറ്റോൾ ബിൽഡിങ് )ഇന്റേൺഷിപ്പ് ചെയ്യുന്നതിന് ഫൊക്കാന നിശ്ചിത തുക സ്റ്റൈപ്പെൻഡ് നൽകുന്നതാണ് പദ്ധതി. നമ്മുടെ കുട്ടികളെ അമേരിക്കൻ ഭരണസമിതിയുടെയും രാഷ്ട്രീയത്തിന്റെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണിത്. കൂടാതെ,50 ല്പരം ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് കൊടുക്കുന്നുണ്ട്.അതും ഈ കൺവൻഷനിൽ വിതരണം ചെയ്യും.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമോ?

ഇത്രയധികം പ്രോജക്ടുകൾ തുടങ്ങിവച്ചതുകൊണ്ട് അവ മുഴുമിപ്പിക്കാൻ രണ്ടുവർഷം പോരാതെ വരും.ഇനി വരുന്നവർ ഇതുമായി മുന്നോട്ടുപോകുമോ എന്ന് ഉറപ്പിക്കാനാകില്ല.അടുത്ത കമ്മിറ്റിയുമായി ചേർന്നുപ്രവർത്തിക്കാമെന്ന് വിചാരിച്ചാലും, അതിനുള്ള പവർ നമുക്ക് വേണം.അതുകൊണ്ട്,അടുത്ത തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാൻ മത്സരിക്കണമെന്ന് പലരും നിർബന്ധിക്കുന്നുണ്ട്.ഒരുപാട് മുൻപേ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാൽ,ഇപ്പോഴത്തെ ഭരണസമിതിയുടെ നടത്തിപ്പിനെ ദോഷകരമായി ബാധിക്കും. ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. നിലവിൽ, ജനറൽ സെക്രട്ടറി എന്ന നിലയിൽ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ പൂർത്തീകരിക്കുന്നതിലാണ് ശ്രദ്ധ.

മക്കൾ?

മൂന്ന് മക്കളാണ്.മൂന്നുപേരും നന്നായി പാടും.നൃത്തവും സംഗീതവും ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.മൂത്ത മകൾ അഞ്ജലി മെഡിക്കൽ സ്‌കൂളിൽ സൈക്യാട്രിയിൽ റെസിഡൻസി ചെയ്യുന്നു.രണ്ടാമത്തെ മകൻ അർജുൻ  ന്യൂറോബയോളജി വിദ്യാർത്ഥിയാണ്.ഇളയ മകൾ ആതിര  ഫൊക്കാനയുടെ കഴിഞ്ഞവർഷത്തെ കലാതിലകമായിരുന്നു.നാഷണൽ ബീ സ്പെല്ലിങ് കോംപെറ്റീഷനിലെ വിജയിയുമാണ്.

# Fokana secretary Kala shahi

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക