HOTCAKEUSA

അറസ്റ്റ് ഉണ്ടായില്ലെങ്കിലും ട്രംപിനു പിന്തുണ കൂടി; മുൻ പ്രസിഡന്റിനെ ആക്രമിച്ചു ഡിസന്റിസ് 

Published on 22 March, 2023
അറസ്റ്റ് ഉണ്ടായില്ലെങ്കിലും ട്രംപിനു പിന്തുണ കൂടി;  മുൻ പ്രസിഡന്റിനെ ആക്രമിച്ചു ഡിസന്റിസ് 

 

 

ഡൊണാൾഡ് ട്രംപ് പറഞ്ഞ പോലെ ചൊവാഴ്ച അദ്ദേഹത്തെ മൻഹാട്ടനിൽ അറസ്റ്റ് ചെയ്തില്ല. എന്നാൽ അറസ്റ്റ് ഉണ്ടാവുമെന്ന പ്രവചനം ട്രംപ് ലക്‌ഷ്യം വച്ച നേട്ടം ഉണ്ടാക്കിയെന്നു സൂചനകൾ എത്തി. 

റിപ്പബ്ലിക്കൻ പ്രൈമറി വോട്ടർമാരുടെ ഇടയിൽ ട്രംപിനു പിന്തുണ ഉയർന്നു. ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസിനെതിരെ ട്രംപ് മികച്ച ലീഡ് നേടിയതായി മോർണിംഗ് കൺസൾട്ട് പോൾ കാണിക്കുന്നു: ട്രംപ് 54%, ഡിസന്റിസ് 26%. 

മത്സരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസന്റിസ് പാർട്ടി ഉറ്റുനോക്കുന്ന സ്ഥാനാർഥിയാണ്. പോളിംഗിൽ ട്രംപിനെക്കാൾ ഏറ്റവും താഴെ എത്തിയിരിക്കയാണ് അദ്ദേഹം ഇപ്പോൾ.   

അറസ്റ്റ് ഉണ്ടാവുമെന്നു ട്രംപ് വെള്ളിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ തന്റെ 'ട്രൂത് സോഷ്യൽ' മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ശേഷമാണ് പാർട്ടിയിൽ ട്രംപിനു മുന്നേറ്റം ഉണ്ടായത്. 'മാഗാ' എന്നറിയപ്പെടുന്ന തീവ്ര വലതു പക്ഷം അദ്ദേഹത്തിനു ശക്തി പകരാൻ ഇറങ്ങുന്നു എന്നാണു സൂചന.  

വെള്ളിയാഴ്ച ട്രംപ് 51%, ഡിസന്റിസ് 29% എന്നതായിരുന്നു നില. ശനിയാഴ്ച അത് 52-28 എന്നായി. ഞായറാഴ്ച 54-26 എന്നും. മറ്റു സ്ഥാനാർഥികളെല്ലാം ഏറെ പിന്നിലാണ്. 

പോളിംഗിൽ പക്ഷെ ഡിസന്റിസിനു ഒരു ശുഭവാർത്തയുണ്ട്. അദ്ദേഹത്തെ കുറിച്ച് നല്ല അഭിപ്രായം കാണുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ടെന്നു 44% വോട്ടർമാർ പറയുന്നു. ട്രംപിന് അവിടെ 38% മാത്രമേയുള്ളൂ. 

ട്രംപിനെ ആക്രമിച്ചു ഡിസന്റിസ് 

മത്സരത്തിൽ പ്രവേശിച്ചിട്ടില്ലെങ്കിലും ഫോക്സ് ന്യൂസിലെ ബ്രിട്ടീഷ് മാധ്യമ ലേഖകൻ പിയേഴ്സ്  മോർഗനു നൽകിയ അഭിമുഖത്തിൽ ഡിസന്റിസ് ട്രംപിനെതിരെ കടുത്ത ആക്രമണം അഴിച്ചു വിട്ടു. മത്സരിക്കുമോ എന്നു ചോദിച്ചപ്പോൾ "കാത്തിരിക്കുക" എന്നു പറഞ്ഞ ഡിസന്റിസ് ട്രംപിന്റെ പെരുമാറ്റ രീതികളെയും ഭരണ ശൈലിയെയും അടച്ചാക്ഷേപിച്ചു. 

ട്രംപ് തനിക്കെതിരെ നടത്തിയ ആക്രമങ്ങൾക്കൊന്നും മറുപടി പറയാതിരുന്ന ഡിസന്റിസ് ഈ അഭിമുഖത്തിൽ വാക്കുകളൊന്നും പരിമിതപ്പെടുത്തിയില്ല. 

"നേതാക്കളെ വിലയിരുത്തുമ്പോൾ രാജ്യത്തിൻറെ സ്ഥാപക പിതാക്കന്മാരുടെ നിലവാരമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. വ്യക്തിപരമായ പെരുമാറ്റം പ്രധാനമാണ്. ജീവിതത്തിൽ തെറ്റ് പറ്റാറില്ല എന്നല്ല. പക്ഷെ സ്വഭാവത്തിൽ എന്തെങ്കിലും മികവുണ്ടോ എന്നാണ് ജനങ്ങൾ നോക്കുന്നത്. 

"ഭരണം പ്രതിദിന നാടകമല്ല," അദ്ദേഹം പറഞ്ഞു. "ഭരണത്തിൽ സ്വന്തം അജണ്ട കൊണ്ടുവന്നാൽ തുലഞ്ഞതു തന്നെ. ഞാൻ അതു ചെയ്യില്ല."

തനിക്കെതിരെ ട്രംപ് ഉപയോഗിക്കുന്ന പ്രാകൃതമായ വിശേഷണങ്ങൾ വെറും പശ്ചാത്തല സംഗീതമാണെന്നു ഡിസന്റിസ് പറഞ്ഞു. നടി സ്റ്റോർമി ഡാനിയൽസുമായി ട്രംപിനു ഉണ്ടായിരുന്ന രഹസ്യ ബന്ധം മറയ്ക്കാൻ അവർക്കു പണം കൊടുത്തു എന്ന കേസ് ഒട്ടേറെ വ്യഖ്യാനങ്ങൾക്കു ഇടയാക്കി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "എന്നാൽ അതേപ്പറ്റി അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല."

ബൈഡനെ തോൽപിക്കും 

തന്നെ സംബന്ധിച്ചിടത്തോളം മത്സരം പ്രസിഡന്റ് ബൈഡനു എതിരെയാണെന്നു ഡിസന്റിസ് പറഞ്ഞു. "അദ്ദേഹത്തെ തോൽപിക്കാൻ എനിക്കു കഴിയും. അദ്ദേഹം ഈ രാജ്യത്തെ നശിപ്പിച്ചു. രാജ്യം ഒരു മാറ്റം ആഗ്രഹിക്കുന്നു. പുതിയോരു തുടക്കവും പുതിയൊരു ദിശയും." 

നവംബറിൽ 18% ഭൂരിപക്ഷത്തോടെ വീണ്ടും ഗവർണറായ താൻ അന്നു സ്വീകരിച്ച അതെ സമീപനം പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സ്വീകരിക്കുമെന്നു ഡിസന്റിസ് വ്യക്തമാക്കി. "സ്വതന്ത്ര വോട്ടർമാരാണ് ആ ഭൂരിപക്ഷം നൽകിയത്. പാർട്ടി വോട്ട് കൊണ്ട് മാത്രം ജയിക്കാൻ ആവില്ല. ഫ്ലോറിഡയിൽ ഞാൻ ചെയ്ത പോലെ ഡെമോക്രാറ്റുകളുടെ വോട്ട് കൂടി നേടണം." 

അന്തിമ തീരുമാനത്തിൽ എത്തിച്ചേരാൻ വൈകുന്നത് തന്റെ യുവ കുടുംബത്തിന്റെ അംഗീകാരം ആയിട്ടില്ല എന്നതു കൊണ്ടാണെന്നു ഡിസന്റിസ് (44) സൂചിപ്പിച്ചു. 

Arrest claim boosts Trump in GOP poll 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക