Image

നോവ് തീരങ്ങള്‍(കവിത: ജയശ്രീ രാജേഷ്)

ജയശ്രീ രാജേഷ് Published on 22 March, 2023
 നോവ് തീരങ്ങള്‍(കവിത: ജയശ്രീ രാജേഷ്)

കഥയറിയാതെ
കവിത മൂളിയ
വരികളിലെല്ലാം
മൂടി നിന്നൊരു
കാര്‍മേഘം വിങ്ങിയത് 
കാലം അറിഞ്ഞതില്ല

പെയ്‌തൊഴിയാന്‍
കൊതിച്ചു
കഴിയാതെ കാറ്റടിച്ചു
പോയൊരാ മുകിലിന്റെ
നെഞ്ചില്‍ കാലവര്‍ഷം
കരി പടര്‍ത്തി നിന്നു

ആരവത്തിനിടക്കു
ക്ഷണിക്കാതെ
അലതല്ലിയെത്തുന്ന
ചില കാറ്റുകള്‍ 
കൊഴിച്ചിടുന്ന
ചെറു ഇലകളില്‍
വേര്‍പാടിന്റെ വേദനകളുണ്ട്

ഇറുക്കെ പിടിച്ച
ചില്ലയുടെ ഉലച്ചിലില്‍
അടര്‍ന്നു പോകുന്ന
പറയാത്ത ചില ഇഷ്ടങ്ങളുടെ
കല്പനകളുണ്ട് ..

കവിതയ്ക്കും
ജീവിതത്തിനുമിടയില്‍
മിഴി നനയിച്ച
ചില നഷ്ടങ്ങളുടെ
ഓര്‍മ്മ ഛേദങ്ങള്‍
ഒഴുകി നടക്കുന്നുണ്ട്
തീരം തേടി ......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക