Image

100 നഗരങ്ങളിലെ വലിയ ബാങ്കുകള്‍ക്ക് മുന്നില്‍ മുതിര്‍ന്ന അമേരിക്കക്കാര്‍ പ്രതിഷേധിക്കുന്നു- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 22 March, 2023
100 നഗരങ്ങളിലെ വലിയ ബാങ്കുകള്‍ക്ക് മുന്നില്‍ മുതിര്‍ന്ന അമേരിക്കക്കാര്‍ പ്രതിഷേധിക്കുന്നു- (ഏബ്രഹാം തോമസ്)

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ നാല് ബാങ്കുകളുടെ 29 സംസ്ഥാനങ്ങളിലെ 100 നഗരങ്ങളിലെ ബ്രാഞ്ചുകള്‍ക്കു മുന്നില്‍ 60 വയസുകഴിഞ്ഞ ്അമേരിക്കക്കാരുടെ 53 സംഘടനകള്‍ പ്രതിഷേധം ആരംഭിച്ചു. ചാരുകസേരകളില്‍ (റോക്കിംഗ് ചെയേഴ്‌സില്‍ ഇരുന്ന് മുതിര്‍ന്നവര്‍ നടത്തുന്ന പ്രതിഷേധം അസാധാരണമാണ്. ഫോസില്‍ ഫയലുകളില്‍ വ്യവസായം നടത്തുന്ന ഭീമന്‍ കമ്പനികള്‍ക്ക് ഫൈനാന്‍സ് ചെയ്യുന്നത് ബാങ്കുകള്‍ നിര്‍ത്തണം എന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍്ക്ക് ഉള്ളത്.

ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ് മനസ്സിലാക്കണം എന്ന് സംഘാടകര്‍ ബാങ്കുകളോട് പറഞ്ഞു. അറുപത് വയസു കഴിഞ്ഞവര്‍ അവരുടെ തേര്‍ഡ് ആക്ടായി പരിസ്ഥിതി സംരക്ഷണസമരം സജീവമായി ഏറ്റെടുക്കണം. ഈ സംഘങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് ജെ.പി. മോര്‍ഗന്‍ ചെയ്‌സ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ബാങ്ക്, വെല്‍സ് ഫാര്‍ഗോ എന്നീ നാല് ബാങ്കുകളെയാണ്. ഇവയാണ് കഴിഞ്ഞവര്‍ഷം റെയിന്‍ ഫോറെസ്റ്റ് ആക്ഷന്‍ നെറ്റ് വര്‍ക്കും മറ്റ് പരിസ്ഥിതി സംരക്ഷണസംഘടനകളും പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഫോസ്സില്‍ ഫ്യുയല്‍ വ്യവസായത്തിന് ഏറ്റവുമധികം ധനസഹായം നല്‍കുന്നത്. 2015 ലെ പാരീസ് കാലാവസ്ഥ ഉടമ്പടിക്കു ശേഷം ഒരു ട്രില്യന്‍ ഡോളറിന്റെ കടങ്ങളും അണ്ടര്‍ റൈറ്റിംഗും കോള്‍ പ്ലാന്റുകള്‍, നാച്വുറല്‍ ഗ്യാസ് പൈപ്പ് ലൈനുകള്‍, മറ്റ് ഫോസില്‍ ഫ്യുയല്‍ വ്യവസായങ്ങള്‍ എന്നിവയ്ക്കു ഈ ബാങ്കുകള്‍ നല്‍കി.

'സ്റ്റോപ് ഡേര്‍ട്ടി ബാങ്ക്‌സ്' ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. 1946നും 1964നും ഇടയില്‍ ജനിച്ചവര്‍(ബേബി ബൂമേഴ്‌സ്)ക്ക് പ്രത്യേക ധാര്‍മ്മികമായ കടമ ഈ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ഉണ്ടെന്ന് ഗ്രന്ഥകര്‍ത്താവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബില്‍ മക് കി ബന്‍ പറഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ക്ക് 65 വയസുണ്ടെങ്കില്‍ പുറത്തുവരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ 80%ന് നിങ്ങള്‍ ഉത്തരവാദിയാണ്. ഇത് തിരിച്ചടയ്‌ക്കേണ്ട കടമാണ്. തിരിച്ചു നല്‍കുവാന്‍ മാര്‍ഗങ്ങളുണ്ട്.

പ്രതിഷേധക്കാര്‍ മാര്‍ച്ച് 10ന് സിലികോണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയുടെ വാര്‍ത്ത പുറത്തുവരുന്നതിന് മുന്‍പേ പ്രതിഷേധം ആസൂത്രണം ചെയ്തതാണ്. ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ഈ ബാങ്കുകളില്‍ തങ്ങള്‍ നിക്ഷേപിച്ച ബില്യണ്‍ കണക്കിന് ഡോളര്‍ നഷ്ടപ്പെടുമോ എന്ന് ആശങ്കയുണ്ട്.

കാലാവസ്ഥ ശാസ്ത്രജ്ഞരുടെ തിങ്കളാഴ്ച പുറത്തു വന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ മോശം നിരീക്ഷണങ്ങള്‍ പ്രതിഷേധത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കി. യു.എന്‍. ഇന്റ്രര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് നല്‍കുന്ന മുന്നറിയിപ്പ് രാഷ്ട്രങ്ങള്‍ വളരെവേഗം ഫോസില്‍ ഫ്യുയല്‍ ഉപേക്ഷിച്ചില്ലെങ്കില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍, സമുദ്ര നിരപ്പ് പല അടി ഉയരുക, നൂറുകണക്കിന് ജീവികളുടെ വംശനാശം മില്യണ്‍ കണക്കിന് ജനങ്ങളുടെ പലായനം എന്നിവ സംഭവിക്കും എന്നാണ്. ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തില്‍ പ്രായഭേദമന്യേ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പലരും ചാരുകസേരകളുമായെത്തി അവയില്‍ ഇരുന്ന് പ്രതിഷേധം തുടര്‍ന്നു.
ബാങ്കുകളുടെ തകര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പല ബാങ്കുകളും ചെറിയ വായ്പകളുടെ തിരിച്ചടവ് വ്യവസ്ഥകള്‍ പുതുക്കാന്‍ തുടങ്ങി. വിദ്യാര്‍ത്ഥികളുടെ ധനസഹായ അഭ്യര്‍ത്ഥനയുടെ ഫോമുകളും മറ്റും നവീകരിക്കുന്നതിന് രണ്ടുമാസം കൂടി വേണ്ടി വരുമെന്ന് എജുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക