ഡോ.ജോര്‍ജ് ഇരുമ്പയം, കവി കെ.ജി ശങ്കരപ്പിള്ള നിരൂപകന്‍ എം.തോമസ് മാത്യു കഥാകൃത്ത് സി. അയ്യപ്പന്‍ തുടങ്ങിയ പ്രഗത്ഭമതികളുടെ കീഴില്‍ എറണാകുളം മഹാരാജാസില്‍ നിന്നും ഫസ്റ്റ് ക്ലാസോടെ മലയാളത്തില്‍ എം. എ ബിരുദം നേടിയ ഡോ.തോമസ് സ്‌കറിയ സാഹിത്യ ചരിത്രവുമായി ബന്ധപ്പെട്ട ഗൗരവമേറിയ പഠനത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത് അധ്യാപന കാലത്താണ്.. കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തു ജനിച്ച്, പാലാ സെന്റ് തോമസ് കോളേജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദം നേടി, പിന്നീട് കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും എം.ഫില്‍, പി എച്ച്.ഡി. ബിരുദങ്ങളും നേടി അധ്യാപക ജീവിതത്തിലേക്കു കടക്കുമ്പോള്‍, ധാരാളം പ്രതിഭാശാലികളായ ശിഷ്യരും ഒപ്പം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പുറംവായനയെ സമൃദ്ധമാക്കുന്ന ഒരു പിടി സഹായക ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നു കഴിഞ്ഞു. ഒരു പക്ഷേ, വായനയുടെ വിശാലമായ ലോകത്തില്‍ നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിനാലാവാം ഗവേഷക സഹായകഗ്രന്ഥങ്ങളുടെ പ്രാധാന്യത്തെ ഡോ.തോമസ് സ്‌കറിയ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ വായനയെ പരിപോഷിപ്പിച്ചതില്‍ നാട്ടിന്‍ പുറത്തെ ഗ്രാമീണ വായനശാലയ്ക്കും പ്രധാന പങ്കുണ്ട്.
പത്രാധിപരും പരിഭാഷകനും എഴുത്തുകാരനുമായിരുന്ന കുറിച്ചിത്താനം പി.ശിവരാമപിള്ള സ്ഥാപിച്ച ലൈബ്രറിയായിരുന്നു അദ്ദേഹത്തിലെ എഴുത്തുകാരനെ പാകപ്പെടുത്തിയെടുത്തത്.. ഇന്ന് അദ്ദേഹം അതിന്റെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ പാലാ സെന്റ് തോമസ് കോളേജില്‍ മലയാള വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ പി.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ഗവേഷണ മാര്‍ഗ്ഗദര്‍ശി . ഒമ്പതു പേര്‍ ഇതിനകം മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ കീഴില്‍ പിഎച്ച്ഡി നേടി. നാലു പേര്‍ ഗവേഷണം തുടരുകയും ചെയ്യുന്നു.
ലോകകഥയുടെ ചരിത്രവും സൗന്ദര്യവും, പാശ്ചാത്യ സാഹിത്യ സങ്കേതങ്ങള്‍, പരിസ്ഥിതി വിജ്ഞാനവും മനുഷ്യാവകാശ പഠനവും, സാഹിത്യ ചരിത്ര വിജ്ഞാനീയം, ഭാരതി യേതര സാഹിത്യ സിദ്ധാന്തങ്ങള്‍, ആധുനികാന്തര മലയാള കവിത, ജനപ്രിയ സിനിമകള്‍ പാഠവും പൊരുളും, സമകാലിക സാഹിത്യ വിമര്‍ശനം, പത്രപ്രവര്‍ത്തനം അടിസ്ഥാന തത്വങ്ങള്‍, സൈബര്‍ ആകാശം, ടെറി ഈഗിള്‍ട്ടന്‍, സാഹിത്യ ചരിത്രം സിദ്ധാന്തം, സൗന്ദര്യം, രാഷ്ട്രീയം എന്നിവയാണ് ഡോ.തോമസ് സ്‌കറിയുടെ പേരില്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികള്‍.
ഡ്രമാറ്റിക് മോണോലോഗുകളെക്കുറിച്ച് പ്രശസ്ത സാഹിത്യനിരൂപകന്‍ പ്രൊഫ.എം. അച്യുതന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ നടത്തിയ പഠനത്തിനാണ് ഡോ.തോമസ് സ്‌കറിയക്ക് പിഎച്ച്.ഡി ലഭിച്ചത്. കുമാരനാശാന്‍ മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വരെയുള്ള കവികളുടെ നാടകീയ സ്വഗതാഖ്യാനങ്ങളെക്കുറിച്ചാണ് പ്രബന്ധത്തില്‍ പഠിച്ചിരിക്കുന്നത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നാടകീയ സ്വഗതാഖ്യാനം വേതാളകേളിയാണന്ന കണ്ടെത്തല്‍ ഈ ഗവേഷണ പ്രബന്ധത്തിലൂടെയാണു പുറത്തുവന്നത്. പ്രൊഫ.എം. അച്ചു തന്റെ ശിക്ഷണം, നിരൂപണരംഗത്തും സിദ്ധാന്ത പഠനത്തിലും വ്യാപരിക്കാന്‍ സാഹായകമായി. പില്‍ക്കാലത്തു ഗവേഷണമാര്‍ഗ്ഗദര്‍ശിയായപ്പോള്‍ ഗുരുനാഥന്‍ നയിച്ച പാതയിലൂടെ സഞ്ചരിക്കാന്‍ സാധിച്ചു.
മലയാള ഭാഷയിലെ പുത്തന്‍ രചനാ സങ്കേതത്തെക്കുറിച്ചും അവയെക്കുറിച്ചുള്ള പ്രതീക്ഷകളേയും കുറിച്ച് ഡോ.തോമസ് സ്‌കറിയയുടെ അഭിപ്രായം ഇതാണ്, 'പുതിയ എഴുത്തുകാര്‍ സാഹിത്യത്തിന്റെ സാമ്പ്രദായികമായ വ്യവസ്ഥകളോട് കലഹിക്കുന്നവരാണ്. പൂര്‍വ്വനിര്‍വ്വചിതമായവയെയൊക്കെ അവര്‍ പുതുക്കിപ്പണിയുന്നു. പുതിയ ഇടങ്ങള്‍ നേടുക മാത്രമല്ല അവര്‍ ചെയ്യുന്നത്. സ്വതന്ത്രമായ ആവിഷ്‌കാര സാധ്യതകള്‍ തേടുകയും ചെയ്യുന്നു. കഥകളിലൊക്കെ പുതുമ കൊണ്ടുവരുവാന്‍ കഥാകൃത്തുക്കള്‍ക്കു കഴിയുന്നു. അതേസമയം അയ്മനം ജോണിനെപ്പോലുള്ള എഴുത്തുകാരുടെ കഥകള്‍ ഏതു പുതുമയോടും ഇണങ്ങി നില്‍ക്കാന്‍ പ്രാപ്തമാകുന്നുമുണ്ട്.
ഇന്നത്തെ കവിതകളില്‍ ഉള്‍പ്രപഞ്ചമാണ് തെളിഞ്ഞുകാണുന്നത്. കൂടാതെ ജീവിതമെഴുത്തിന് കൈവരുന്ന വലിയ പ്രാധാന്യത്തെ കണ്ടില്ലെന്നു നടിക്കാനുമാവില്ല. ഡോ.ദീപേഷ് കരിമ്പുങ്കര, പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ എഴുതിയത് ഓര്‍മ്മിക്കാവുന്നതാണ്.'
വര്‍ത്തമാന കാലഘട്ടത്തിലും, ഭാവിയിലും സാഹിത്യ കുതുകികളുടെ മനസ്സില്‍ ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട്, മലയാളം എന്തിനു പഠിക്കണം എന്നതാണത്. സ്വയം ഒരു ഗവേഷകനും ഒപ്പം മാര്‍ഗദര്‍ശിയുമായ ഒരാള്‍ക്ക് അതേക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്, അദ്ദേഹം പറയുന്നത്, ''ഭാഷാ,സാഹിത്യപഠനത്തിന് സൗകര്യങ്ങള്‍ കൂടി. സീറ്റുകള്‍ കൂടി. സര്‍വ്വകലാശാലകളില്‍ പഠിക്കാനുള്ള സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചു.എന്നിട്ടും പുതുതലമുറ നാടു വിടുവാന്‍ വെമ്പല്‍ കൊള്ളുന്നു. കോഴ്‌സുകളെ സംബന്ധിച്ച പരമ്പരാഗത സങ്കല്പങ്ങള്‍ മാറണം. പുതിയ തലമുറ ആഗ്രഹിക്കുന്ന തരത്തില്‍ മാറ്റം വരണം. അല്ലാത്ത പക്ഷം വലിയ പ്രതിസന്ധിയാണ് കലാലയങ്ങളും സര്‍വ്വകലാശാലകളുമൊക്കെ അഭിമുഖീകരിക്കേണ്ടി വരുക. സ്‌ക്രീനിലെ വെളിച്ചം അസൂയയില്‍ അടയിരിക്കുകയാണെന്ന് ഒരു കവയിത്രി എഴുതിയതോര്‍ക്കുന്നു. സി.ആര്‍. മാളവിക. സ്മാര്‍ട്ട് ഫോണിലെ സമൂഹ മാധ്യമത്തില്‍ അസൂയ പെരുകി പെരുകി അങ്ങനെ മുഴുകിയിരിക്കുകയാണ് എല്ലാവരും. എന്തു സാഹിത്യം എന്തു ഭാഷ എന്നാണവര്‍ക്ക് ചിന്ത.'
ഇങ്ങനെ പറയുമ്പോഴും, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു,
'പക്ഷേ, ഭാഷയ്ക്കും സാഹിത്യത്തിനുമൊന്നും മരണമില്ല. അതിന്റെ പഠനത്തിനും അങ്ങനെ തന്നെ എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.'
സാഹിത്യം, കേവലം വായിച്ചു തള്ളേണ്ടതോ രസിച്ചു മറക്കേണ്ടതോ മാത്രമല്ല; സാഹിത്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ മനുഷ്യ ചരിത്രം ഉറങ്ങിക്കിടക്കുന്നു. അതു കണ്ടെടുക്കണമോ, കാണാത്ത ഭാവത്തില്‍ മുന്നോട്ടു പോകണമോ എന്നതാണു ചോദ്യം.
ഒന്നുണ്ട്, ഡോ.തോമസ് സ്‌കറിയയെപ്പോലുള്ള ഭാഷാധ്യാപകര്‍ മലയാളത്തിന്റെ ചരിത്രത്തെക്കുറിച്ച്, അതിന്റെ ഗതിയെക്കുറിച്ച് ആകുലതയോടെ നോക്കിക്കാണുന്നവരും, നിരന്തര പഠനത്തിലേര്‍പ്പെടുന്നവരുമാണ്. അതിര്‍ത്തി കാക്കുന്ന ജവാന്മാരെപ്പോലെ ഇങ്ങനെ ചിലര്‍ സ്വന്തം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൗനമായി നിലകൊണ്ട്, ഈ ഭാഷയ്ക്കു വേണ്ടി നിലപാടെടുക്കുന്നു.