Image

ഹൈഡ്രാഞ്ചിയക്കാട് ( കവിത : നീത ജോസ് )

Published on 22 March, 2023
ഹൈഡ്രാഞ്ചിയക്കാട് ( കവിത : നീത ജോസ് )

നിറം മങ്ങിയുണങ്ങിയ
പൂക്കുലകളുള്ള 
ഹൈഡ്രാഞ്ചിയക്കാടു തന്നെ 
ബാധ കൂടിയവളുടെ ശരീരം .

വിളറിയ പച്ച 
മഞ്ഞയുടെ നിഴലിൽ,  
വയലറ്റിന്റെ ശവത്തുണി മാറ്റി 
നിശബ്ദമായ് നിൽക്കുന്നു.
ചെന്നിക്കുത്തിന്റവസാനം 
ഒരു ഛർദ്ദിലായി 
ഓർമ്മകൾ മണ്ണിൽ പുരളുന്നു.

അവളങ്ങനെ 
മൂളലും തേങ്ങലുമായി നിൽക്കെ 
ഭയന്ന ഏതോ ഒരു കുറുക്കൻ 
ഹൈഡ്രാഞ്ചിയക്കാടിനെ 
ഇളക്കിയോടുകയും,
പരിഹാസികളും അസൂയക്കാരികളുമായ  
ചില പെണ്ണുങ്ങൾ 
ഇത്രയേറെ മെലിഞ്ഞവൾക്ക് 
തവിട്ടു നിറമുള്ള കണ്ണുകൾ 
ചേർന്നതല്ലെന്നു പുലമ്പിക്കൊണ്ട് 
ഏതോ ഗന്ധർവ്വനവളെ 
പ്രണയിക്കുന്നതാകുമോ
എന്ന ശങ്കയിൽ 
നെടുവീർപ്പിടുകയും ചെയ്യുന്നു.

ഇതെല്ലാം കാണുന്ന ബാധ 
ആയത്തിൽ ചൂളമിട്ട് 
ഒരു ചെവിയിൽ നിന്നും 
മറുചെവിയിലേക്ക് 
പാഞ്ഞു കേറിപ്പോകവേ 
പനിച്ചൂടിലവളുടെ ശരീരം 
വിറച്ചു വീഴുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക