Image

ദിവസേന നട്ട്സ് കഴിക്കുന്നത് ഹൃദയത്തിനും  രക്തധമനികൾക്കും സുരക്ഷ നൽകുമെന്നു പഠനം 

Published on 22 March, 2023
ദിവസേന നട്ട്സ്  കഴിക്കുന്നത് ഹൃദയത്തിനും   രക്തധമനികൾക്കും സുരക്ഷ നൽകുമെന്നു പഠനം 

എല്ലാ ദിവസവും കുറച്ചു അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണെന്നു സ്കാന്ഡിനേവിയൻ ഗവേഷകർ പറയുന്നു. ഹൃദയാഘാതവും പക്ഷാഘാതവും ഒഴിവാക്കാം എന്നാണ് അവരുടെ കണ്ടെത്തൽ. 

ഏകദേശം 30 ഗ്രാം ദിവസേന കഴിച്ചാൽ ഹൃദയത്തിന്റെയും രക്തധമനികളുടെയും രോഗങ്ങൾ വരാനുള്ള സാധ്യത 20 മുതൽ 25% വരെ കുറയ്ക്കാം," പഠനത്തിനു സഹനേതൃത്വം നൽകിയ ഓസ്‌ലോ യൂണിവേഴ്സിറ്റി ന്യുട്രിഷൻ വകുപ്പിലെ എറിക് ക്രിസ്റ്റഫർ ആർണെസെൻ പറയുന്നു. 

നോർഡിക് രാജ്യങ്ങളിലെ മുതിർന്നവർ ദിവസേന ശരാശരി കഴിക്കുന്നത് നാലു ഗ്രാം അണ്ടിപ്പരിപ്പാണെന്നു അദ്ദേഹം പറയുന്നു. പലരും തീരെ കഴിക്കാറുമില്ല.  

പ്രത്യേകിച്ചൊരു നട്ട്സും എടുത്തു പറയാനില്ല. ബദാം, പിസ്താ, വാൾനട്ട് എന്നിവയൊക്കെയാണ് കൊളസ്‌ട്രോൾ കുറയ്ക്കുന്നതിൽ കൂടുതൽ ഫലപ്രദമായി കാണുന്നത്. 

എത്രയും കൂടുതൽ കഴിക്കുന്നതു കൂടുതൽ ഗുണം ചെയ്യുമെന്നു ഗവേഷകർ പറയുന്നെങ്കിലും കുറച്ചെങ്കിലും കഴിക്കുന്നത് തീരെ കഴിക്കാതിരിക്കുന്നതിനേക്കാൾ നല്ലതാണ്. 

രക്തക്കുഴലുകളിൽ കൊഴുപ്പു അടിഞ്ഞാൽ ഹൃദയാഘാത സാധ്യത കൂടും. അതു തടയാൻ അണ്ടിപ്പരിപ്പ് സഹായിക്കുമെന്നു ആർണെസെൻ പറഞ്ഞു. 

പഠനത്തിൽ 1.8 മില്യണിലേറെ ആളുകളെ നിരീക്ഷിച്ചു.  രക്തത്തിലെ കൊഴുപ്പു കുറയ്ക്കുന്ന നട്ട്സ് രക്തസമ്മർദം ഉയർത്തിയതുമില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ അത് എങ്ങിനെ ബാധിക്കുമെന്നു നിര്ണയിച്ചിട്ടില്ല. 

എന്നാൽ ടൈപ്പ് 2 പ്രമേഹം കുറയ്ക്കാൻ അതിനു കഴിയുമെന്ന നിഗമനമുണ്ട്. പക്ഷാഘാതവും. ഇക്കാര്യത്തിൽ കൂടുതൽ പഠനം വേണ്ടിവരും. 

അണ്ടിപ്പരിപ്പ് ഉയർന്ന കൊളസ്‌ട്രോൾ ചികിൽസിക്കാൻ ഉപയോഗപ്രദമല്ല എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അതിനു പ്രതിരോധ ശേഷിയുണ്ട്. 

ഉപ്പിടാത്ത അണ്ടിപ്പരിപ്പിൽ പ്രോട്ടീൻ വേണ്ടത്രയുണ്ട്. ഹൃദയത്തിനു ആരോഗ്യം നൽകുന്ന മറ്റു ചില ഘടകങ്ങളും. 

ഹൃദയ-രക്തധമനി രോഗങ്ങൾ കുറയ്ക്കുന്നതിൽ ഏറ്റവും മികച്ച ഭക്ഷണം മെഡിറ്ററേനിയൻ ആണെന്ന് ഗവേഷകർ പറഞ്ഞിട്ടുണ്ട്. അവരുടെ ഭക്ഷണത്തിൽ പ്രധാന ഘടകങ്ങൾ ഇവയാണ്: ഇലകൾ, മൽസ്യം, അണ്ടിപ്പരിപ്പ്, ഒലീവ്. 

Daily handful of nuts keeps heart worries away 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക