Image

പിണറായിക്കെതിരെ അക്ഷൗഹണി പട ! : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 22 March, 2023
പിണറായിക്കെതിരെ അക്ഷൗഹണി പട ! : (കെ.എ ഫ്രാന്‍സിസ്)

ബ്രഹ്‌മപുരം അഴിമതി മല പ്രസവിക്കുന്നത് ഒരു എലിയാകുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം. പക്ഷെ അത് പ്രസവിക്കുന്നത് പുലിയെയോ?  ഈ പുലിയാകട്ടെ രാഷ്ടീയക്കാരുടെ കച്ചവടരാഷ്ട്രീയത്തെ കീറിമാന്തും ! സോണ്‍ണ്ടാ കമ്പനി (മുന്‍ ഇടതുപക്ഷ  സര്‍ക്കാരിന്റെ മുന്നണി കണ്‍വീനറുടെ മരുമകന്‍ വക) 54 കോടി രൂപയ്ക്കാണ് കരാറെടുത്തത്. 22 കോടി രൂപക്ക് ആരഷ് മീനാക്ഷി എന്‍വയറോകെയര്‍ സ്ഥാപനത്തിന് (കെ.പി.സി.സിയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാലിന്റെ മരുമകന്‍ വക) ഉപകരാര്‍ നല്‍കി. ഒരൊറ്റ അടിക്ക് 32 കോടി രൂപ സോണ്‍ണ്ടയുടെ ബക്കറ്റില്‍ ! അവരത് ചെറിയ ഉപകരാറുകള്‍ നല്‍കി മിനിമം 12 കോടി രൂപയെങ്കിലും ലാഭമുണ്ടാക്കി കാണും.   സി.പി.എം ഭരിക്കുന്ന കൊല്ലത്തും കോണ്‍ഗ്രസ് ഭരിക്കുന്ന കണ്ണൂരിലും അത്  നടന്നില്ല. കൊല്ലത്ത്  സോണ്‍ണ്ടയെ തുടക്കത്തിലേ ഒഴിവാക്കി പണി അറിയാവുന്നവരെ ഏല്‍പ്പിച്ചതിനാല്‍ മന്ത്രി രാജേഷിന്റെ ഭാഷയില്‍ അത് നല്ലൊരു പൂങ്കാവനം പോലെയായി. 

റിയാസിലേക്കോ ? 

കോഴിക്കോട്ട് സി.പി.എം തന്നെ ഭരിക്കുന്നതിനാല്‍ സോണ്‍ണ്ട അവിടെ പിടിച്ചു കയറി. അവര്‍ ഉപകരാര്‍ കൊടുത്തത് റിയാസുമായി ബന്ധപ്പെട്ട ആര്‍ക്കോ ആണെന്ന മട്ടിലാണ് പ്രചാരണം. കൂട്ടത്തില്‍ ഇടക്കാലത്ത് നസ്രാണികള്‍ നടത്തുന്ന ദീപിക പിടിച്ചടക്കുകയും ആ ഡീല്‍ അവസാനിപ്പിക്കാന്‍ അച്ചന്മാര്‍ പലവിധ വിട്ടുവീഴ്ചകള്‍ നടത്തേണ്ടി വന്നതും പള്ളിപ്പാട്ടാണല്ലോ. ആ ഫാരിസ് അബൂബക്കറിനെ ഇ.ഡി ചോദ്യം ചെയ്തതും  പലവിധ ഭൂമി ഇടപാടുകള്‍ പരിശോധിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ നാടന്‍പാട്ട്. ആ ഫാരിസിന്റെ പെങ്ങളുടെ മകനാണ് മന്ത്രി റിയാസ് എന്നാണ് ജോര്‍ജ്ജേട്ടന്റെ പതിയെ വെളിപ്പെടുത്തല്‍. 

ഈപ്പനും ജോസും : 

ഇതിനിടെ സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ സജീവമാക്കാനും ഇ.ഡി പുതിയ ഓരോ വഴികള്‍  തേടുന്നു. ലൈഫ് പദ്ധതിയുടെ സി.ഇ.ഓ ആയിരുന്ന യു.വി ജോസിനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിച്ചത്, ഇപ്പോള്‍ അറസ്റ്റിലുള്ള കൈക്കൂലി കൊടുത്തുവെന്ന് ഏറ്റുപറയുന്ന ഈപ്പന്റെ മൊഴിയനുസരിച്ചാണ്. ദീര്‍ഘകാലം ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒതുങ്ങിക്കഴിയുകയായിരുന്ന ജോസിന് കലക്ടറാകണമെന്ന ഒരാഗ്രഹം വരികയും കോട്ടയം കലക്ടറാകുകയും ചെയ്തു. അപ്പോള്‍ ജന്മനാടായ കോഴിക്കോട് കലക്ടറായാലോ എന്ന് തോന്നി.  അതൊക്കെ കഴിഞ്ഞതോടെ ജോസിന് എവിടെയും ഇരുത്താന്‍ പറ്റാവുന്ന ഐ.എ.എസുകാരന്‍ എന്നു  തോന്നേണ്ടവര്‍ക്ക് തോന്നി. അങ്ങനെയാണ് ജോസ് ലൈഫിന്റെ സി.ഇ.ഓ ആകുന്നത്.അതിന്റെ ഫലമായി റിട്ടയര്‍മെന്റ് കാലത്ത് ഇനിയെന്തൊക്കെയാവുമെന്നു കണ്ടറിയണം.  ബ്രഹ്‌മപുരം അട്ടിമറി മനുഷ്യനിര്‍മ്മിതമാണെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും പ്രകാശ് ജാവ്ദേക്കര്‍ (ബിജെപി) ഇന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

അച്യുതാനന്ദനും മകനും : 

ഫാരിസ് അബൂബക്കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്ന സുരേഷ് , തിരുവനന്തപുരം കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നാദിറയുടെ ഭര്‍ത്താവാണ്, ആവീട്ടിലും റെയിഡ് നടന്നു. കുറെ രേഖകള്‍ കിട്ടി പോലും ! പൊതുവെ രാഷ്ട്രീയ പദവികളില്‍ കയറിയിരിക്കുന്ന മലയാളികള്‍ക്ക് എന്തെങ്കിലും ഒരു ദുരുദ്ദേശ്യം ഉണ്ടാകുമെന്ന് പഴമക്കാരായ രാഷ്ട്രീയ ശുദ്ധാത്മാക്കള്‍ പണ്ടേ പറയാറുള്ളതാണല്ലോ. ഫാരിസ് അബൂബക്കറും പിണറായിയും തമ്മില്‍ എന്തോ അന്തര്‍ധാരയുള്ളതായി അച്യുതാന്ദന്‍ മനസ്സിലാക്കുകയും 
ഫാരിസിനെ വെറുക്കപ്പെട്ടവന്‍ എന്ന് ശപിച്ചു വിളിച്ചതും. ഇത്തരുണത്തില്‍ ഓര്‍ത്തെടുക്കുന്നവരുണ്ടാകും. അതേ സമയയം അച്യുതാനന്ദന്റെ ഏകപുത്രന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് വഴി ഫാരിസിന്റെ അടുത്ത ആളായതും അങ്ങാടിപ്പാട്ട്.


ആ വാശി, വീറ് : 

 എല്ലാവരും ശ്രമിക്കുന്നത് പിണറായിയെ കുടുക്കാനോ ഒതുക്കാനോ ആണെന്നതില്‍ സംശയമുണ്ടോ ? പിണറായിയെപ്പറ്റി എന്തുപറഞ്ഞാലും അദ്ദേഹം പഴയ വിജയന്‍ തന്നെ. ഏതുപ്രശ്നം വന്നാലും അടിപതറാതെ  നേരിടാനും താന്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ നീക്കാനും പിണറായിക്ക് അറിയാം. ആ വാശിയും വീറും  തന്നെയാണ് പിണറായിയുടെ കരുത്തെന്ന് ശത്രുക്കള്‍ പോലും സമ്മതിക്കും. ഒരിക്കല്‍ തന്നെ സഹായിച്ചവര്‍ ശത്രുക്കളായി പോരാടിയാലും തളരാത്തതാണ് അദ്ദേഹത്തിന്റെ മനസ്സ്. അങ്ങെനയൊരു നേതാവിനെ കമ്മ്യുണിസ്റ്റുകാര്‍ മാത്രമല്ല മലയാളികള്‍ മുഴുവന്‍ പിണറായിയില്‍ കാണുന്നു. 

കോണ്‍ഗ്രസ്സ്, കോവിഡ് : 

കോണ്‍ഗ്രസിലെ പുനഃസംഘടന ഇന്നേക്ക് 10 ദിവസത്തിനകം പൂര്‍ത്തിയാകുമെന്നറിഞ്ഞല്ലോ. ഏഴംഗ സമിതിക്കാണ് അതിന്റെ ചുമതല. കൊടിക്കുന്നില്‍ സുരേഷ്, കെ.സി ജോസഫ്, ജോസഫ് വാഴയ്ക്കന്‍,  എം.ലിജു, ടി.സിദ്ധീഖ്, എ.പി  അനില്‍കുമാര്‍, കെ.ജയന്ത് എന്നിവരാണ് കമ്മിറ്റിയില്‍ ഉള്ളത്. ഇതിനിടെ കോവിഡിന് വരാന്‍ പറ്റിയ നല്ല സമയം തന്നെ. കേരളത്തിലിപ്പോള്‍ കോവിഡ് രോഗികള്‍ പതിവിലേറെയായി. മുന്കരുതലുകളുടെ  കാര്യം മലയാളികള്‍ പൊതുവെ മറന്ന മട്ടാണ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വച്ച് നടന്നാല്‍ നടക്കുന്നവര്‍ക്ക് നല്ലത്. കഴിയുന്നത്ര  പൊതുസമ്പര്‍ക്കം കുറയ്ക്കാം.  ഇനിയൊരു കോവിഡ് താങ്ങാനുള്ള ശക്തി നമുക്കില്ല!  

വാല്‍ക്കഷ്ണം : കെ.കെ രമ എം.എല്‍.എ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തില്‍ ചെന്ന് അവരിട്ടുകൊടുത്ത പ്ലാസ്റ്റര്‍ അഴിച്ചു മാറ്റി. പൊട്ടിയ എല്ലുകള്‍ കൂടിയിട്ടില്ലെന്നു പറഞ്ഞു കൂടുതല്‍ വലിയൊരു പ്ലാസ്റ്ററിട്ടു. സൈബര്‍ ഗുണ്ടകള്‍ പ്രചരിപ്പിച്ച രമ എന്നെഴുതിയ എക്‌സ്‌റേ ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളുമായി രമയുടെ ഒറിജിനല്‍ എക്‌സ്‌റേക്ക് ഒരു ബന്ധവുമില്ല പോലും ! രമ ഈ പ്രശ്‌നവുമായി മുന്നോട്ട് പോകുമ്പോള്‍ എല്ലു പൊട്ടിയത് എങ്ങനെയെന്ന കാര്യം വീണ്ടും ചര്‍ച്ചയാകും. ചര്‍ച്ചയാവട്ടെ അല്ലേ ? 
പത്രം വായിക്കാനും ചാനല്‍ വാര്‍ത്ത കാണാനും പൊതുവായ താല്പര്യം വരുന്നത് നല്ല കാര്യമാണല്ലോ, ആണോ ?  

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക