ന്യൂയോർക്ക്: പ്രശസ്തമായ ‘മാർക്വെസ് ഹൂസ് ഹൂ’ പട്ടികയിൽ അടിമാലി സ്വദേശി അനീഷ് ജയിംസും. ബിസിനസ്, രാഷ്ട്രീയം, വിദ്യാഭ്യാസം, കല, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ വ്യക്തികൾ നൽകിയ സംഭാവനകളും അഭിമാനകരമായ നേട്ടങ്ങളും അംഗീകാരങ്ങളും സമഗ്രമായി അപഗ്രഥിച്ച് 1899 മുതൽ പ്രസിദ്ധീകരിച്ചുവരുന്ന ജീവചരിത്ര സമാഹാരമാണ് ‘മാർക്വെസ് ഹൂസ് ഹൂ' . ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ ചുരുക്കം വ്യക്തികൾക്ക് ലഭിച്ചിട്ടുള്ള ഈ ആദരമാണ് അനീഷിനെ തേടിയെത്തിയിരിക്കുന്നത്. 2020ലെ പട്ടികയിൽ കമല ഹാരിസ്, ഡോ. ആൻറണി ഫൗച്ചി, റോബർട്ട് ബി. ഫോർഡ്, അലക്സ് ഗോൾഡ് സ്റ്റെയിൻ, ലെബോൺ ജെയിംസ്, മാറ്റ് മാലോണി, ഡോ. റാമോൺ താല്ലാജ് തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു.
ഒട്ടേറെ സാമൂഹിക - സന്നദ്ധ സംഘടനകളിൽ നേതൃത്വത്തിലുള്ള അനീഷ് വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) സൗത്ത് ജഴ്സി പ്രോവിൻസ് സ്ഥാപക അംഗവും പ്രഥമ പ്രസിഡന്റുമായിരുന്നു. പാലക്കാട്ട് ഭിന്നശേഷിക്കാരിയും നിർധനയുമായ ഒരു പതിനാലുകാരിക്ക് ഡബ്ലിയു എം സി സൗത്ത്ജഴ്സി പ്രോവിൻസ് വീട് നിർമിച്ചുവരികയാണ്. ഇതിനു നേതൃത്വം വഹിക്കുന്നത് അനീഷ് ജെയിംസാണ്.
വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു. എം. സി.) അമേരിക്ക റീജൻ ജനറൽ സെക്രട്ടറിയും മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ (MANJ) ജോയിന്റ് ട്രഷററും ക്യാമ്ഡൻ രുപതയുടെ റേഷ്യൽ ജസ്റ്റീസ് കമ്മീഷൻ മെംബറും ഫിലഡൽഫിയയിലെ ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷന്റെ (IACA) ട്രഷററുമാണ് ഇപ്പോൾ. ന്യൂജഴ്‌സിയിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു. എം. സി.) അമേരിക്ക റീജൻ ബയനീയൽ കോൺഫറൻസിന്റെ ചെയർമാനും ചീഫ് കോ-ഓർഡിനേറ്റുമായിരുന്നു. സൗത്ത് ജേഴ്‌സിയിലെ സെന്റ് ജൂഡ് ദേവാലയം വാങ്ങുന്നതിന് നേതൃത്വം നൽകിയ പ്രാഥമിക ട്രസ്റ്റിയായിരുന്നു. ഇപ്പോൾ അവിടെ സാക്രിസ്റ്റെയ്നാണ്.
എംജി സർവകലാശാലയിൽനിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ബിരുദവും തമിഴ്‌നാട്ടിലെ കെ. എസ്. ആർ. കോളേജ് ഓഫ് എൻജീനീയറിങ്ങിൽനിന്ന് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ എം. ബി. എയും ഒന്നാം റാങ്കോടെയാണ് നേടിയത്. ബി. ബി. എ. പഠനകാലത്ത് മഹാത്മാഗാന്ധി സർവകലാശാലയിലെ നാഷണൽ സർവീസ് സ്‌കീമിന്റെ സെക്രട്ടറിയായിരുന്നു. കീൻ യൂണിവേഴ്‌സിറ്റിയി ഗ്ലോബൽ മാനേജ്‌മെന്റിൽ എം. ബി. എ. പൂർത്തിയാക്കിയശേഷം ഫ്രാൻസിലെ യൂറാലിസ് കമ്പനിയുമായി ചേർന്ന് രാജ്യാന്തര പ്രോജക്റ്റ് പൂർത്തിയാക്കി. പഠനകാലത്ത് ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ ടീമുകളുടെ ക്യാപ്റ്റനായിരുന്നു.
ഹോട്ടൽ മാനേജ്മെന്റ് കൺസൾട്ടന്റായും കോളജിൽ മാനേജീരിയൽ ഇക്കണോമിക്‌സ്, അക്കൗണ്ടിങ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബിസിനസ് ലോ അധ്യാപകനായും ഇന്ത്യയിൽ പ്രവർത്തിച്ച അനീഷ് ജെയിംസ് അമേരിക്കയിലെത്തിയശേഷം യൂണിയൻ കൗണ്ടി കോളേജിൽ കംപ്യൂട്ടർ ലാബുകളിലും കീൻ യൂണിവേഴ്‌സിറ്റിയിൽ ട്യൂട്ടറായും ഡീനിന്റെ അസിസ്റ്റന്റായും അമേരിക്കൻ ഇന്റർനാഷണൽ ഗ്രൂപ്പിൽ (എഐജി) കളക്ടറായും സേവനമനുഷ്ഠിച്ചു. ന്യൂജേഴ്സി, പെൻസിൽവാനിയ, ഡെലവെയർ സംസ്ഥാനങ്ങളിലെ ബാങ്ക് ഓഫ് അമേരിക്ക ഫൈനാന്ഷ്യൽ സെന്ററുകളുടെ എന്റർപ്രൈസ് പേയ്‌മെന്റസിന്റെ ചുമതലയുള്ള വൈസ്പ്രസിഡന്റാണ്.
കഠിനാധ്വാനത്തിലൂടെയും സ്ഥിരോൽസാഹത്തിലൂടെയും ഉയർന്ന സ്ഥാനങ്ങളിൽ എത്തുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നതിനൊപ്പം ഒട്ടേറെപ്പേർക്ക് മാർഗനിർദേശവും നൽകിവരുന്നു. ഇതിനുകൂടിയുള്ള അംഗീകാരമായികൂടിയാണ് ‘മാർക്വെസ് ഹൂസ് ഹൂ’വിന്റെ പട്ടികയിൽ ഇടംപിടിച്ചതെന്നും വിലയിരുത്തപ്പെടുന്നു. പത്രപ്രവർത്തകരും ഗവേഷകരും മറ്റും വിവിധ മേഖലകളിലെ ശ്രദ്ധേയരായ വ്യക്തികളെക്കുറിച്ചു അറിയാനുള്ള വിലപ്പെട്ട രേഖയയാണ് ഒന്നേകാൽ നൂറ്റാണ്ടു മുൻപ് ആൽബർട്ട് നെൽസൺ മാർക്വെസ് രൂപംനൽകിയ ‘മാർക്വെസ് ഹൂസ് ഹൂ’വിനെ കാണുന്നത്. ലൈബ്രറികളിലും ഓൺലൈൻ ആയും ഇതു ലഭ്യമാണ്.