Image

ഗൗതം കുമരനല്ലൂർ: കവി മിടുക്കൻ (വിജയ് സി. എച്ച്)

Published on 23 March, 2023
ഗൗതം കുമരനല്ലൂർ: കവി മിടുക്കൻ (വിജയ് സി. എച്ച്)

അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിന് ഒരു പിൻതുടർച്ചക്കാരനോ? മഹാകവിയുടെ നാടായ കുമരനല്ലൂരിൽ നിന്ന് ഒരു കൗമാരക്കാരൻ കരുത്തുള്ള കവിതകളെഴുതി കീർത്തിയിലേക്ക് ഉയരുന്നത് ഒരു കൗതുക വാർത്ത! 
പതിനെട്ടു വയസ്സിന് താഴെയുള്ള എഴുത്തുകാർക്കായി ഏർപ്പെടുത്തിയിട്ടുള്ള എൻ. എൻ. കക്കാട് സാഹിത്യ പുരസ്കാരം ഗൗതം കുമരനല്ലൂർ ഈയിടെ നേടിയപ്പോൾ, രണ്ടുവർഷം മുന്നെ നമ്മെ വിട്ടുപിരിഞ്ഞ ജ്ഞാനപീഠ ജേതാവിൻ്റെ ഓർമ്മകളാണ് ഈ കവി മിടുക്കൻ പുതുക്കിയത്. 


'ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസ'മെഴുതി സ്വയമൊരു ഇതിഹാസമായിത്തീർന്ന അക്കിത്തവും, 'സഫലമീ യാത്ര'യാൽ അനുവാചകഹൃദയം കീഴടക്കിയ കക്കാടും പരലോകത്തിരുന്നുകൊണ്ട് ഈ കുഞ്ഞു പ്രതിഭയെ അനുഗ്രഹിക്കാതിരിയ്ക്കുമോ? 
"വില്യം വേഡ്‌സ്‌വർത്ത്‌ പറഞ്ഞതു പോലെ, കവിതയെ നിർവചിക്കാനുള്ള അറിവൊന്നും എനിയ്ക്കില്ലെ"ന്നു പറഞ്ഞു തുടങ്ങിയ ഗൗതമിൻ്റെ കാവ്യഭാഷണങ്ങൾ മുതിർന്ന കവികളും ചിലപ്പോൾ കേട്ടിരുന്നുപോകും... 


🟥 ഭൂമി പുസ്തകം 
കാല്പനികതയല്ല, മാനവികതയാണ് കവിതയുടെ മുഖമുദ്രയാകേണ്ടതെന്നു നിരൂപിച്ച ഗുരുതുല്യൻ എൻ. എൻ. കക്കാടിൻ്റെ സ്മരണാർത്ഥമുള്ള പുരസ്കാരത്തിന് എന്നെ തിരഞ്ഞെടുത്തത്, 'ഇന്നലെ ഭൂമി പുസ്തകത്തിൽ കിടന്ന് ഉറങ്ങിപ്പോയി' എന്ന എൻ്റെ രണ്ടാമത്തെ കവിതാസമാഹാരത്തെ വിലയിരുത്തിയാണ്. സംസ്കാരത്തിൻ്റെ പ്രബുദ്ധവും, സജീവവുമായ മാധ്യമം കവിതയാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ പുസ്തകമെന്നും, വ്യതിരിക്തമായ ദർശനവും നവീനമായ ആഖ്യാന ശൈലിയും കൊണ്ടു ശ്രദ്ധേയമാണ് ഇതിലെ രചനകളെന്നും മറ്റുമാണ് വിധികർത്താക്കൾ പ്രശസ്തിപത്രത്തിൽ കുറിച്ചിരിയ്ക്കുന്നത്. നന്ദിയുണ്ട്. എൻ്റെ ശ്രമം പുസ്തകങ്ങളുടെ മൂല്യവും അത് പകർന്നു തരുന്ന അറിവുകളുടെ മഹത്വവും വിനിമയം ചെയ്യുക എന്നതായിരുന്നു. എല്ലാ പുസ്തകങ്ങളും നമുക്ക് എത്രയോ അറിവുകൾ നൽകുന്നു. ഒരു ലോകപര്യടനത്തിന് സമാനമായ അനുഭവങ്ങൾ നമുക്ക് ഓരോ പുസ്തകങ്ങളിൽ നിന്നും ലഭിയ്ക്കുന്നു. എത്രയോ മഹാന്മാർ പുസ്തകങ്ങളെ സ്തുതിക്കുന്നു. ഭൂമി തന്നെയാണ് പുസ്തകത്തിലുള്ളതെന്നു അവർ കരുതുകയും ചെയ്യുന്നു. പ്രപഞ്ചത്തെ കാണുമ്പോഴും കേൾക്കുമ്പോഴും അനുഭവിക്കുമ്പോഴും നമുക്ക് കിട്ടുന്ന പുതിയ അറിവുകൾ, ഓരോ പുസ്തകവും മനസ്സിൽ തട്ടി വായിക്കുമ്പോൾ നമുക്ക് ലഭിച്ചു കൊണ്ടിരിയ്ക്കുന്നു. "കൃതികൾ മനുഷ്യകഥാനുഗായികൾ" എന്ന് കുമാരനാശാൻ 'ലീല'യിൽ എഴുതിയത് എത്ര സത്യമാണ്! 


🟥 സാർവലൗകിക സ്‌നേഹവസന്തം 
അക്കിത്തത്തിൻ്റെ നാട്, അക്കിത്തവും എം. ടി. വാസുദേവൻ നായരും പഠിച്ച വിദ്യാലയം സ്ഥിതിചെയ്യുന്ന നാട്, എന്നീ വിശേഷണങ്ങളുള്ള കുമരനല്ലൂരിൽ പിറവി കൊള്ളാൻ കഴിഞ്ഞത് എൻ്റെ മഹാഭാഗ്യം. ഇരുവരുടെയും മഹത്തായ വാക്കുകളിൽ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, അതേ പ്രദേശത്ത് ഞാൻ വളർന്നു. ജ്ഞാനപീഠം നേടിയപ്പോൾ അക്കിത്തത്തിന് അദ്ദേഹം പഠിച്ച കുമരനല്ലൂർ ഹൈസ്കൂളിൽ 'അക്കിത്തം അച്യുതം' എന്ന നാമധേയത്തിൽ നൽകിയ സ്വീകരണം വളരെ അവിസ്മരണീയമായി നിലകൊള്ളുന്നു. മുന്നെത്തന്നെ ജ്ഞാനപീഠം നേടിയ, സ്കൂളിലെ പൂർവവിദ്യാർത്ഥി എം.ടി-യും കൂടി ആ പരിപാടിയിൽ പങ്കെടുത്തത് വളരെ ശ്രദ്ധേയമായി. രണ്ടു ജ്ഞാനപീഠജേതാക്കൾ ഒരേ വേദിയിൽ! മഹത്തായ ആ ചടങ്ങിൽ എനിയ്ക്ക് എൻ്റെ കവിതകൾ അവതരിപ്പിയ്ക്കാൻ ഭാഗ്യം ലഭിച്ചു. പ്രശസ്തരായ എത്രയോ സാഹിത്യകാരന്മാർക്കു മുമ്പിൽ, തിങ്ങിക്കൂടിയ പ്രിയ നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ, അത്തരമൊരു അവസരം എനിയ്ക്കു ലഭിച്ചല്ലൊ! മഹാപുരുഷന്മാരായ അക്കിത്തവും എം.ടി-യും ഒപ്പം ഇരിക്കുന്നത് കണ്ടപ്പോൾ, ഒരു മലയാളിയായി ജനിച്ചതിൽ ഏറെ അഭിമാനം തോന്നി. ആ വേദിയിൽ വച്ച് അവരുടെ കാൽക്കൽ തൊട്ടു നമസ്കരിച്ചത് എൻ്റെ ജീവിതത്തിലെ ധന്യ മുഹൂർത്തങ്ങളിൽ ഒന്നായി ഞാൻ കരുതുന്നു. വേദിയിൽ നിന്ന് തിരിച്ചു പോകുമ്പോൾ കൈകൾ കൂപ്പി അക്കിത്തം എല്ലാവർക്കും ആദരവും സ്നേഹവും അറിയിച്ചു. 'നിരുപാധികമാം സ്നേഹം ബലമായ് വരും ക്രമാൽ, അതാണഴകതേ സത്യം, അതു ശീലിക്കൽ ധർമവും...' മഹാകവിയുടെ കവിതകളിൽ സാർവലൗകിക സ്നേഹ വസന്തം എന്നും പൂത്തുലഞ്ഞു നിൽക്കുന്നു! 


🟥 ആദ്യ കവിത ഒന്നാം ക്ലാസ്സിൽ 
കുമരനല്ലൂർ എൽ. പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് ആദ്യ കവിതയെഴുതിയത്. 'താറാവ് കൊത്തി' എന്നായിരുന്നു ആ കൊച്ചു കവിതയുടെ പേര്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ബാല മാസികയായ 'യുറീക്ക'യിൽ അത് അച്ചടിച്ചു വന്നപ്പോൾ എന്തു സന്തോഷമായിരുന്നെന്നോ! പിന്നീട് ഇടയ്ക്കിടെ കവിതകളെഴുതി. കവിതയുടെ വിജയം അതിൻ്റെ വലുപ്പത്തിലല്ല, മറിച്ച് ആശയത്തിൻ്റെ മുറുക്കത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആധുനിക സമൂഹത്തെ ആവിഷ്കരിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും, എനിക്കതിന് പൂർണമായി കഴിയുന്നില്ല. കുമരനല്ലൂരിലെ ഗ്രാമീണാന്തരീക്ഷത്തിൽ ജീവിയ്ക്കുന്ന എൻ്റെ കവിതകളെല്ലാം ചുറ്റിത്തിരിഞ്ഞു പ്രകൃതിയിൽ ചെന്നു മുട്ടി നിൽക്കും! എത്ര എഴുതിയാലും പ്രകൃതിയെ പൂർണമായി മനസ്സിലാക്കാനാവില്ല എന്നതാവും ചിലപ്പോൾ അതിനു കാരണം. പ്രകൃതി അത്രയും അനന്തമല്ലേ! ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെയുള്ള കാലത്ത് എഴുതിയ നാൽപത്തിനാലു കവിതകളാണ് 'കോഴിയുടെ കൂവൽ ഒരു ചെടിയാണ്' എന്ന സമാഹാരത്തിലുള്ളത്. ഈ പുസ്തകത്തിലെ ഒരു കവിത തുടങ്ങുന്നത് 'കോഴിയുടെ കൂവൽ ഒരു ചെടിയാണ്' എന്നതിലാണ്. പ്രഭാതത്തിൽ നാം കോഴിയുടെ കൂവലാണല്ലൊ ആദ്യം കേൾക്കുന്നത്. അതിനാൽ കോഴിയുടെ കൂവലിനെ ഒരു ചെടിയായും പ്രഭാതത്തെ അതിൽ നിന്നു വിരിയുന്ന ഒരു പൂവായും ഞാൻ സങ്കൽപ്പിച്ചു. ഉത്തരാധുനിക കവി പി. പി. രാമചന്ദ്രൻ തൻ്റെ അവതാരികയിൽ 'പ്രകൃതിയുടെ പച്ചമഷി'യെന്നാണ് എൻ്റെ രചനകളെ വിശേഷിപ്പിച്ചത്! പുസ്തകത്തിൻ്റെ കോപ്പികൾ അധ്യാപകർക്കും കൂട്ടുകാർക്കും ബന്ധുക്കൾക്കും മറ്റു പരിചയക്കാർക്കും നൽകിയത് ഹർഷജനകമായൊരു അനുഭവമായിരുന്നു. അവരെല്ലാം തെളിയിച്ചു തരുന്ന വെളിച്ചത്തിലാണല്ലോ ഞാൻ മുമ്പോട്ടു പോകുന്നത്. നിരവധി കവിതാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പിതാവ് രാമകൃഷ്ണൻ കുമരനല്ലൂർ വെട്ടിത്തെളിയിച്ച പാതയിലാണ് എൻ്റെ സർഗസഞ്ചാരം. വിദ്യാർത്ഥികളുടെ വായനാശേഷി വർധിപ്പിക്കാൻ നിരന്തരം പുസ്തകങ്ങൾ നൽകിയിരുന്ന, എഴുത്തിന് എനിയ്ക്ക് സമ്മാനങ്ങൾ തരാറുണ്ടായിരുന്ന ഒന്നാം ക്ലാസ്സിലെ സൈനബ ടീച്ചറെ മറക്കാനാകുമോ? 


🟥 ഗുരുദക്ഷിണകൾ 
അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ്-ടു വരെയുള്ള എ. വി. ഹൈസ്കൂൾ, പൊന്നാനിയിലെ പഠിപ്പിനൊടുവിൽ ഞാനിപ്പോൾ പട്ടാമ്പി സംസ്കൃത കോളേജിൽ ബി. എ. മലയാളം ഒന്നാം വർഷ വിദ്യാർത്ഥിയാണ്. ഉദ്ദേശിക്കുന്നതൊക്കെ സംക്ഷേപിക്കേണ്ടി വരുന്നതിനാൽ പുതിയ കവിതകൾക്ക് ദൈർഘ്യം കൂടിവരുന്നു. മഹാകവി അക്കിത്തത്തിനോടുള്ള ആദരവായി കുറിച്ച 'വെളിച്ചം' എന്ന കാവ്യത്തിൽ പതിനെട്ടു വരികളുണ്ട്. മുല്ലനേഴിയെ ബഹുമാനിച്ചു കൊണ്ട് എഴുതിയ 'ഒരു മുല്ലച്ചെടി'യിൽ ഇരുപത്തിയഞ്ചു വരികളാണ്. പതിനാലു നീണ്ട വരികളുണ്ട് സുഗതകുമാരി ടീച്ചറെ ഓർക്കുന്ന 'മുഴക്കം' എന്ന കവിതയിൽ. ഇവയെല്ലാം 'ഇന്നലെ ഭൂമി പുസ്തകത്തിൽ കിടന്ന് ഉറങ്ങിപ്പോയി' എന്ന സമാഹാരത്തിൽ ഇടം തേടിയിട്ടുണ്ട്.  


🟥 ഇഷ്ടങ്ങൾ 
എഴുതാൻ കവിതകളാണ് ഇഷ്ടമെങ്കിലും, വായിക്കാൻ താൽപര്യം കഥകളാണ്. എന്താണിങ്ങനെയെന്ന് എനിക്കറിയില്ല. ബ്രസീലിയൻ നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ 'ദി ആൽകെമിസ്റ്റ്', പെരുമ്പടവം ശ്രീധരൻ്റെ 'ഒരു സങ്കീർത്തനം പോലെ' എംടി-യുടെ 'രണ്ടാമൂഴം', ബഷീറിൻ്റെ 'പ്രേമലേഖനം' മുതലായവയെല്ലാം എനിയ്ക്ക് പ്രിയപ്പെട്ട കൃതികളാണ്. ജീവിതത്തോട് പ്രസാദാത്മകമായ ആഭിമുഖ്യം പുലർത്തുന്ന രചനകളെല്ലാം ഇഷ്ടം. പൂർണമായ ഒരു കവിത എന്നതിലുപരി അതിലെ ചില പ്രത്യേക വരികളോടാണ് എനിയ്ക്കു താല്പര്യം. അക്കിത്തത്തിൻ്റെ 'ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം' എന്ന കാവ്യത്തിലെ 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം', കുമാരനാശാൻ്റെ 'സ്നേഹമാണഖിലസാരമൂഴിയിൽ' എന്നിങ്ങനെയുള്ള നിത്യഹരിത വചനങ്ങളാണ് ഉള്ളുനിറയെ. അമ്മ (സിന്ധു) ചുട്ടു തരാറുള്ള അരിദോശയാണ് അത്യന്താധുനിക കവിതകളേക്കാൾ എനിക്കിഷ്ടം! അച്ഛനും അമ്മയും എ. വി. ഹൈസ്കൂളിലെ അധ്യാപകരാണ്. അവരാണ് എന്നോട് പറഞ്ഞത് എനിയ്ക്കു മുന്നെ അവിടെ പഠിച്ചവരാണ് കേരള സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന ഉറൂബും, പൊന്നാനി സാഹിത്യതറവാട്ടിലെ കാരണവർ കടവനാട് കുട്ടികൃഷ്ണനും, ചരിത്ര പണ്ഡിതനായ പ്രൊ. എം. ജി. എസ്. നാരായണനും, പ്രശസ്ത ചിത്രകാരൻ കെ. സി. എസ്. പണിക്കരും മുതൽ കെ. പി. രാമനുണ്ണി വരെയെന്ന്. അച്ഛമ്മയുടെയും (പത്മാവതി), അമ്മമ്മയുടെയും (നാരായണിക്കുട്ടി അമ്മ) നാട്ടറിവുകൾ കാവൂട്ടു കാവ്യങ്ങളാണ്. 'മുന്തിരി മുത്തശ്ശി'യുടെ (പത്മിനി) പരിണാമ സിദ്ധാന്തം പതിവായി പങ്കിട്ടതിൽ നിന്നാണ് വള്ളുവനാടിൻ്റെയും, മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിർത്തി ഗ്രാമമായ കുമരനല്ലൂരിൻ്റെയും ഇന്നലെകളിലെ ഭൂമിശാസ്ത്രം അറിഞ്ഞത്. 

 

ഗൗതം കുമരനല്ലൂർ: കവി മിടുക്കൻ (വിജയ് സി. എച്ച്)ഗൗതം കുമരനല്ലൂർ: കവി മിടുക്കൻ (വിജയ് സി. എച്ച്)ഗൗതം കുമരനല്ലൂർ: കവി മിടുക്കൻ (വിജയ് സി. എച്ച്)ഗൗതം കുമരനല്ലൂർ: കവി മിടുക്കൻ (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക