Image

പുനർ ചിന്തനം (ഹരിദാസ് ഓച്ചിറ)

Published on 23 March, 2023
പുനർ ചിന്തനം (ഹരിദാസ് ഓച്ചിറ)

അഗ്നിപർവതം പുകയുന്നു മുന്നിലായ് 
അഗ്നിഗോളങ്ങൾ എരിയുന്നു ചുറ്റിലും 
കാലചക്രം കറങ്ങുമ്പോൾ മാനവാ ..
കാലിടറി നീ വീഴല്ലേ ഭൂമിയിൽ 

ഈ യുഗത്തിൻ ഘടികാര സൂചികൾ 
ഇനിയുമെത്രനാൾ വട്ടം തിരിഞ്ഞിടും 
ഇന്നലെകണ്ട ദുഃസ്വപ്ന മത്രയും 
നാളെയെത്തുന്ന യാഥാർഥ്യമാകുമോ ?

വന്യമായ വിചാരങ്ങൾ നമ്മളിൽ 
അന്യമല്ലെന്നു തോന്നി തുടങ്ങവേ 
ചെയ്തുകൂട്ടും അധമ പ്രവൃത്തികൾ 
പെയ്തൊഴിയാത്ത തീ മഴ പോലവേ 

നേരുകേടിനായുള്ളം തിളയ്ക്കുമ്പോൾ 
നേരിനെന്തു പ്രസക്തി ഈ ഭൂമിയിൽ 
ആർക്കുമാരോടുമില്ല പരിഭവം 
നേർക്കുനേർ നിന്നു വെല്ലുവിളിച്ചിടും 

സ്വന്തമാകണമെല്ലാം അവനിയിൽ 
ചിന്തവന്നിടുമെങ്കിലോ നമ്മളിൽ 
അന്തരിച്ചിടും സന്മാർഗ ചിന്തകൾ 
എന്തിലുമില്ല കാരുണ്യ വാഞ്ചയും 

വ്യർത്ഥമീമോഹം എന്നു ചിന്തിക്കുകിൽ 
എത്തിടാമെന്നും നേർവഴിത്താരയിൽ 
സ്വസ്ഥത കൈവരിച്ചീടുമാരിലും 
സ്വർഗ്ഗതുല്യമാം ജീവിതം നിശ്ചയം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക