Image

തേങ്ങയ്ക്ക് മാന്യമായ വില നല്‍കുമെങ്കില്‍ ഒരു എം പി യെ തരാമെന്ന് പറയാന്‍ ആരുമില്ല : എസ്. ബിനുരാജ്

Published on 23 March, 2023
തേങ്ങയ്ക്ക് മാന്യമായ വില നല്‍കുമെങ്കില്‍ ഒരു എം പി യെ തരാമെന്ന് പറയാന്‍ ആരുമില്ല : എസ്. ബിനുരാജ്

1902 ൽ തട്ടേക്കാട്  ആദ്യമായി പരീക്ഷിക്കപ്പെട്ട റബര്‍ എന്ന നാണ്യവിളയ്ക്ക് കേരളത്തിൻ്റെ  വികസനത്തിന്റെയും കുടിയേറ്റത്തിന്റെയും ചരിത്രത്തില്‍ അവഗണിക്കാനാവാത്ത ഒരു പങ്കുണ്ട്.

റബറിന്റെ ന്യായവിലയ്ക്ക് വേണ്ടി എന്തു കൊണ്ടാണ് ക്രൈസ്തവ സമൂഹം മുറവിളി കൂട്ടുന്നത്? 

ഒരു സമുദായവും ആയി ഈ നാണ്യവിളയുടെ പേര് ചേർത്ത് വയ്ക്കപ്പെടുന്നത് എന്ത് കൊണ്ടാണ് എന്നതിന് ഒരു ചരിത്രമുണ്ട്. അതിലേക്ക് പിന്നെ വരാം.

പക്ഷേ വില കൂട്ടിത്തരണമെന്ന ഈ മുറവിളിക്ക് പിന്നില്‍ എത്രത്തോളം യുക്തിയുണ്ട്?

കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ റബറിന്റെ വില കൂടുമോ?

ലോകം ഒരു തുറന്ന വിപണിയായിക്കഴിഞ്ഞ ഈ ആഗോളവല്‍ക്കരണ കാലത്ത് റബറിന്റെ ഇറക്കുമതി പൂര്‍ണമായും നിര്‍ത്താന്‍ ഒരിക്കലും കഴിയില്ലെന്ന് മാത്രമല്ല നമ്മുടെ ആഭ്യന്തര ഉപയോഗത്തിന് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന റബര്‍ കൊണ്ട് മാത്രം തികയുകയുമില്ല. ഇനി റബറിന് വില വല്ലാതെ ഇടിഞ്ഞു എന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ ചില കണക്കുകള്‍ പരിശോധിക്കാം.

2020-21ല്‍ കോട്ടയം വിപണിയില്‍ സ്വാഭാവിക റബറിന്റെ ശരാശരി വില 100 കിലോഗ്രാമിന് 14,185 രൂപയാണ്. അതായത് കോട്ടയം ആര്‍ എസ് എസ് 4 ഗ്രേഡ് റബറിന്റെ വിലയാണ് ഇത്. അതേ വര്‍ഷം അന്താരാഷ്ട്ര റബര്‍ വിപണിയായ ബാങ്കോക്കില്‍ ആര്‍ എസ് എസ് 3 ഗ്രേഡ് റബറിന്റെ ശരാശരി വില കിലോഗ്രാമിന് 14,214 രൂപയാണ്. 2021-22ല്‍ ഇത് യഥാക്രമം 17,101 ഉം 15023 രൂപയുമാണ്. അതായത് കഴി‍ഞ്ഞ വര്‍ഷം നമ്മുടെ റബറിന് വില കൂടിയിട്ടുണ്ട് എന്നാണ്. വിപണി ആഗോളമാകുമ്പോള്‍ ഈ ചാഞ്ചാട്ടം സ്വാഭാവികം. ഇത് റബര്‍ ബോര്‍ഡ് പുറത്തു വിട്ട കണക്ക് ആണ്.

ഇനി സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് (Economics and statistics department) പുറത്തു വിട്ട കണക്ക് കൂടി നോക്കാം.

ഇത് പ്രകാരം 2020-21ല്‍ റബറിന് ക്വിന്റലിന് 12,947 രൂപയായിരുന്നത് 2021-22 ആയപ്പോള്‍ 16,513/- രൂപയായി വര്‍ധിച്ചിട്ടുണ്ട്. ഒരു അ‍ഞ്ച് വര്‍ഷത്തെ കണക്ക് എടുത്തു നോക്കുകയാണെങ്കില്‍ 2017-18ല്‍ ക്വിന്റലിന് 11,316/- രൂപയായിരുന്നതാണ് ഇന്നത്തെ വിലയില്‍ എത്തി നില്‍ക്കുന്നത്. അതായത് ഒരു വര്‍ഷത്തിനിടയില്‍ 27.54 ശതമാനം വര്‍ധനവ്.

അപ്പൊൾ വില കൂടാത്തത് മാത്രമല്ല പ്രശ്നം. റബർ കൃഷി നടത്തി കൊണ്ട് പോകുന്നതിൽ വൻ തോതിൽ ഉള്ള ചെലവ് വർദ്ധനവ് ഉണ്ടായി. വെട്ടു കൂലി മാത്രമല്ല അതുമായി ബന്ധപ്പെട്ട സകല പണിക്കും കൂലി വർദ്ധിച്ചു. 

ഞാൻ ഒക്കെ സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്ത് 25 രൂപയ്ക്ക് കിട്ടിയിരുന്ന റബർ ചെരുപ്പിൻ്റെ വില 100 കടന്നു. എല്ലാ മേഖലയിലും വില കൂടി. മേൽ സൂചിപ്പിച്ച റബർ വില വർധന വച്ച് ഈ വിലക്കയറ്റത്തിൻ്റെ ഒപ്പം നീന്താൻ റബർ കർഷകന് കഴിയാതെ പോയി. മാത്രമല്ല കാലാവസ്ഥാ വ്യതിയാനം കാരണം വെട്ടിൻ്റെ ഇടവേള കൂടി. 80കളുടെ പകുതിക്ക് ശേഷം റബർ വിലയിൽ ഉണ്ടായ വൻ കുതിപ്പ് ഈ വിളയിൽ ഒരു അമിത പ്രതീക്ഷ കർഷകന് ഉണ്ടായതിനു കാരണം ആവുകയും ചെയ്തു.

കാർഷിക മേഖലയിലെ കൂലി വർധനവും മറ്റ് മേഖലകളിലെ വിലക്കയറ്റവും മറ്റ് കാർഷിക വിളകളുടെ കാര്യത്തിലും ഉണ്ടായി.

ഉദാഹരണത്തിന് തേങ്ങയുടെ വിലയില്‍ ഉണ്ടായ ഇടിവ് ഭീകരമാണ്. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ കണക്ക് പ്രകാരം 2017-18ല്‍ 100 തേങ്ങയ്ക്ക് 1842 രൂപയുണ്ടായിരുന്നുവെങ്കില്‍ 2021-22ല്‍ അത് 1603 രൂപ മാത്രമാണ്. 2020-21 നെ അപേക്ഷിച്ച് വിലയുടെ അന്തരം -15.87 ശതമാനം ആണ്.

പക്ഷേ തേങ്ങയ്ക്ക് മാന്യമായ വില നല്‍കുമെങ്കില്‍ ഒരു എം പി യെ തരാമെന്ന് പറയാന്‍ ആരുമില്ല!

കേരകർഷകർക്ക് സംഘടിത വിലപേശൽ ശക്തി ഇല്ലാത്തത് കൊണ്ടോ അവർക്ക് പൊതുവായി ഒരു മതം ഇല്ലാത്തത് കൊണ്ടോ ആവാം. പാവം തേങ്ങ!

പക്ഷേ റബര്‍ വിലയിലൂടെ മറ്റ് ചില ആകുലതകള്‍ കൂടിയാണ് തലശേരി ബിഷപ്പ് പങ്ക് വച്ചതെന്ന് മനസിലാക്കാന്‍ ആണവവിദ്യയൊന്നും പഠിക്കേണ്ട കാര്യമില്ല. റബറിന് അപ്പുറം മറ്റെന്തോ ഉണ്ട്. അതെന്താണ് എന്നതിനെ കുറിച്ച് ഉടനെ എഴുതാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക