Image

ആള്‍മറ (കഥ: ശരണ്യ പുരക്കൽ)

Published on 23 March, 2023
ആള്‍മറ (കഥ: ശരണ്യ പുരക്കൽ)

"കൊറച്ചീസം കഴിഞ്ഞാ ഞാന് അനീടെ കൂടെ പാര്ക്കാന് പോവ്വാ കുട്ട്യമ്മൂ"
സമൃദ്ധമായി ഒരുക്കിയ അത്താഴത്തിന്റെ ആദ്യത്തെ ഉരുള അനുജത്തിയുടെ വായില് വച്ചു കൊടുത്ത് സുഭദ്ര പറഞ്ഞു. സുമിത്ര സാവധാനം ചവച്ച്, ഒരു കാലത്ത് ഇടതൂര്ന്ന് കിടന്ന തലമുടി വെറും നാരുകളായി മാത്രം അവശേഷിച്ച ശിരസ്സ് തടവി നിലത്തേക്ക് തന്നെ നോക്കിയിരുന്നു.
ഞാനിന്ന്  അവനെ കാണാന് പോയിരുന്നെട്യേ.. പോവാതെ തരല്ല്യല്ലോ.. നീയ്യും കൂടി കണ്ടതല്ലേ ആ പ്രിയ മോളുടെ അമ്മ ഇവിടെ വന്നത്.. അവരുടെ കണ്ണീരു വീണു അടുത്ത ഏഴു ജന്മത്തില്ക്കുള്ള ശാപം കിട്ടീണ്ടാവും എനിക്ക്..
അവന് ആ കേസില്ന്ന് പിന്മാറില്യാന്ന്  ആദ്യൊക്കെ കണിശായി പറഞ്ഞു. ഞാന് എന്തു പറഞ്ഞിട്ടും കണക്കിലെട്ത്തില്ല്യ. അവസാനം ഒരു കാര്യം പറഞ്ഞു. ഞാന് അവന്റെ കൂടെ പോയി നിക്കാങ്കില് ഇനി ഇങ്ങനത്തെ കേസൊന്നും പിടിക്കൂലാന്ന്. ഈ കേസില്ന്ന് പിന്മാറിക്കോളാന്ന്. ഞാന് ചാവുംന്ന് പറഞ്ഞിട്ട് കേള്ക്കാത്തോനാ.
സുഭദ്ര വരണ്ട ഒരു ചിരിച്ചു.
നെന്നെ ഒറ്റക്കാക്കീട്ട് ഞാന് ചാവില്യാന്ന് അവനു നന്നായിട്ടറിയാലോ.
അമ്മ മരിച്ചപ്പോള് മുതല് അമ്മയുടെ സ്നേഹം കൊടുത്തു വളര്ത്തിയതാണു ആ അനിയത്തിയെ. തന്റെ വിവാഹം കഴിഞ്ഞപ്പോഴും അവളുടെ വിവാഹം കഴിഞ്ഞപ്പോഴും ഇരുവരുടെയും ജീവിതത്തിലേക്ക് ശാപം കിട്ടിയതു പോലെ വൈധവ്യം കടന്നു വന്നപ്പോഴും പരസ്പരം താങ്ങായി നിന്നതായിരുന്നു അവര്.
ഒരു ഉരുള ചോറു കൂടി സുമിത്രയുടെ വായിലേക്ക് വച്ചു കൊടുത്ത് സുഭദ്ര നെടുതായി ഒന്നു നിശ്വസിച്ചു.
ഈ ഉടമ്പടീലും ഉദ്ദേശം വേറൊന്ന്വല്ല. നെന്നെ വിട്ട് ഞാന് വരില്ല്യാന്ന് അവന് കരുതുണു.
ഒറ്റക്കാ ന്നോട് വരാന് പറഞ്ഞേ... ഒറ്റക്ക്
പക്ഷെ എപ്പോഴും ഒരാളുടെ ഉദ്ദേശ്യം മാത്രം നടന്നാല് പോരല്ലോ. ന്റെ മോന്റെ വാക്കിനു എന്തു വെലണ്ട്ന്ന് എനിക്കൊന്നറിയണം.
ഞാന് പോവാന് തീരുമാനിച്ചു കുട്ട്യമ്മൂ.. നീയില്ല്യാതെ.. ഒറ്റക്ക്
ന്താ ഞാന് പോട്ടെ?
സുമിത്ര മിണ്ടിയില്ല. സഹോദരിയെ നോക്കിയില്ല. ആഹാരം ഇറക്കിക്കഴിഞ്ഞിട്ടും ചവച്ചു കൊണ്ടു തന്നെ ഇരിക്കുകയാണു. അവള് വികാരങ്ങള് എന്താണെന്നറിഞ്ഞിട്ട് വര്ഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു.
അവളുടെ മനസ്സില് ഇപ്പോള് എന്തായിരിക്കും? ശൂന്യമായ മനസ്സ് എങ്ങനെയായിരിക്കും?
അവളെ പോലെയായിരുന്നെങ്കില് എത്ര നന്നായിരുന്നു. എന്തെല്ലാമോ കേള്ക്കുന്നുണ്ടായിരിക്കാം. എന്താണെന്നു മനസ്സിലാക്കുന്നില്ല. മനസ്സിലാകണമെന്ന ആഗ്രഹവുമില്ല. ജീവനോടെയിരിക്കുന്നുണ്ട്. പക്ഷെ എന്തിനു വേണ്ടി എന്ന് ചിന്തിക്കാനുള്ള ശേഷി പോലുമില്ല. തന്നെപ്പോലെ കണ്ടും കേട്ടും മനസ്സിലാക്കിയും വേദനിച്ചും കഴിയണ്ട. ഓര്ത്തോര്ത്ത് വ്യാകുലപ്പെട്ട് വിശന്നാലും ഉണ്ണാന് സാധിക്കാതെയും ഉറക്കം വന്നാലും ഉറങ്ങാന് സാധിക്കാതെയും ദിവസങ്ങള് തള്ളി നീക്കണ്ട. 
ഇയ്യ് ഭാഗ്യം ചെയ്തോളാ കുട്ട്യമ്മൂ... മൂന്നു വയസ്സില് കുഞ്ഞുണ്ണി മരിച്ചപ്പോ നെന്റെ ഭാഗ്യക്കേടോര്ത്ത് ഞാനെത്ര കരഞ്ഞതാ. ഭര്ത്താവും മരിച്ച് ആകെണ്ടായിരുന്ന മോനും നഷ്ടപ്പെട്ണതിനെക്കാളും വല്യ ഭാഗ്യക്കേട്ല്യാന്നാ ഞാന് അന്നു വിചാരിച്ചത്.
പറമ്പിലെ ആള്മറയുടെ പണി പൂര്ത്തിയാകാനിരുന്ന കിണറ്റില് കാല് തെറ്റി വീണാണു സുമിത്രയുടെ മൂന്നു വയസ്സുകാരനായിരുന്ന മകന് കുഞ്ഞുണ്ണി മരിച്ചത്. പന്ത്രണ്ട് വര്ഷങ്ങള്ക്ക് ശേഷം അതേ കിണറ്റില് ചാടിയാണു സുമിത്ര ആത്മഹത്യക്ക് ശ്രമിച്ചത്.ശരീരം പൊട്ടി നുറുങ്ങി കഴിഞ്ഞ കാലം മുഴുവന് ബോധത്തില് നിന്ന് മറഞ്ഞ് നാവില് കുഞ്ഞുണ്ണി എന്ന ഒറ്റശബ്ദവുമായി അവള് പുനര്ജ്ജന്മം നേടി.
ദിവസം മുഴുവന് അവള് കുഞ്ഞുണ്ണി എന്നു പിറുപിറുത്തു കൊണ്ടിരിക്കും
സുഭദ്ര ഒരിക്കല് ചോദിച്ചിട്ടുണ്ട്.
ആരാ കുട്ട്യമ്മൂ ഈ കുഞ്ഞുണ്ണി ?
സുമിത്ര ആലോചിക്കുന്ന പോലെ തല ചൊറിഞ്ഞു. അവള് ആലോചിക്കുകയല്ല എന്നു സുഭദ്രക്കറിയാം.
കുഞ്ഞുണ്ണി... അതൊരു സംശയം പോലെയായിരുന്നു.
കുഞ്ഞുണ്ണി... അതൊരു പ്രസ്താവന പോലെയും
ചോദ്യവും ഉത്തരവും കുഞ്ഞുണ്ണി.
ജനിപ്പിച്ച മക്കള് അരോഗ്യത്തോടെ ജീവിച്ചാലും അന്യരു നമ്മളെ കണ്ടാ കാര്ക്കിച്ചു തുപ്പ്ണ പോലെ നോക്ക്ണ അവസ്ഥയില് അവരുടെ പ്രവര്ത്തികള് മാറുമ്പോഴാ നമ്മടെ ജീവിതം വെറുതെ ആവണത്.
സുഭദ്ര തുടര്ന്നു
പെറ്റ വയറിനു പേരുദോഷം കേള്പിക്ക്ണ മക്കള് ഉണ്ടാവുന്നതിലും എത്ര ഭേദാ ഇല്ലാതിരിക്ക്ണത്.
അടുത്ത ഉരുള കുഴക്കുന്നതിനിടെ അവള് ഓര്ക്കുകയായിരുന്നു, മകനെക്കുറിച്ച്.
നിനക്കോര്മ്മേണ്ടാ കുട്ട്യമ്മൂ... അനീ കുട്ടിയായിരുന്നപ്പോ കളിയൊക്കെ കഴിഞ്ഞ് താമസിച്ച് വരുമ്പോ എന്റെ കയ്യില് ന്ന് അടി കിട്ട്ണതില്ന്ന് ഒഴിവാവാന് അവന് ഓരോ ന്യായങ്ങള് പറയുമായിരുന്നു.
സുഭദ്ര മൃദുവായി ചിരിച്ചു.
അവന്റെ വര്ത്തമാനം കേട്ടു കഴിഞ്ഞാ അടിക്കാനേ തോന്നില്ല. അന്ന് മുതലേ അവനൊരു വക്കീലാവാനുള്ള പ്രാക്റ്റീസ് തൊടങ്ങീണ്ടാവും...
അവന് വക്കീലാവണത് എനിക്കൊട്ടും ഇഷ്ടല്ലായിരുന്നു എന്ന് നിനക്കറിയാല്ലോ... പിന്നെന്താ. അച്ഛനില്ലാതെ വളര്ന്ന കുട്ട്യല്ലേന്ന് കരുതി എല്ലാം സമ്മതിച്ചു കൊടുത്തൂന്നു മാത്രം. അവനിഷ്ടപ്പെട്ട ജോലി.. അവനിഷ്ടപ്പെട്ട പെണ്ണ്... എല്ലാം സമ്മതിച്ചു കൊടുത്തു..
അവള് ഒരു നിമിഷം കുഴക്കുന്നതു നിര്ത്തി ഓര്ത്തിരുന്നു.
അനിരുദ്ധന്  മികച്ചൊരു അഭിഭാഷകന് തന്നെ ആയിരുന്നു. പ്രാക്റ്റീസ് കഴിഞ്ഞ് സ്വന്തമായി വാദിക്കാന് തുടങ്ങി ഒരു വര്ഷത്തിനകം തന്നെ അവനു ധാരാളം കേസുകള് കിട്ടാന് തുടങ്ങി. കോടതിക്കടുത്തു തന്നെ വീട് വാടകക്കെടുത്ത് അവന് തന്റെ കക്ഷികള്ക്കായി രാവും പകലും അധ്വാനിച്ചു. അവന്റെ ഉയര്ച്ചകളില് താനും അഭിമാനിച്ചിരുന്നു. പിന്നെ എപ്പോഴാണു അവന്റെ മനസ്സില് ചെകുത്താന് കയറിയത്?
മനുഷ്യ  മനസാക്ഷിയെ പിടിച്ചു കുലുക്കിയ പ്രിയ വധക്കേസ്.
സുഭദ്രക്കത് ഒരിക്കലും മറക്കാനാവില്ല. അതു വരെ പത്രവാര്ത്തകളിലും ആളുകളുടെ വര്ത്തമാനത്തിലൂടെയും അറിഞ്ഞ് ഏതാനും നേരത്തേക്ക് മാത്രം നെഞ്ചിലൊരു നീറ്റലാകാറുണ്ടായിരുന്ന മാനഭംഗക്കേസുകള് ഒരിക്കലും വേദന മാറാത്തൊരു മുറിവായി മാറാന് തുടങ്ങിയത് ആ കേസ് മുതലാണു.
         രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഓട്ടോയില് യാത്ര ചെയ്യുകയായിരുന്ന പ്രിയ എന്ന പെണ്കുട്ടിയെ ഓട്ടോ ഡ്രൈവര് മൃഗീയമായി പീഢിപ്പിച്ചു. പെട്ടെന്നു നഗരത്തില് പ്രഖ്യാപിച്ച ഹര്ത്താലില് പെട്ട് വീട്ടില് പോകാന് കഴിയാതെ നില്ക്കുകയായിരുന്നു അവള്. ആളില്ലാത്ത ഉള്പ്രദേശത്തു കൂടി കൊണ്ടു പോകാന് ശ്രമിച്ചപ്പോള് അവള്ക്ക് അയാളുടെ ദുഷ്ട ലാക്ക് മനസിലായി. അവള് അലറി വിളിച്ചു. പക്ഷെ വീടുകള് കുറഞ്ഞ ആ സ്ഥലത്ത് ആ നിലവിളി വിഫലമായി. അവള് നിവൃത്തിയില്ലാതെ ഓട്ടോയില് നിന്നും എടുത്തു ചാടി. അവളുടെ തല സമീപത്തെ ഒരു കല്ലിലിടിച്ചു. ബോധം നഷ്ടപ്പെട്ടു. പിന്നീട് അവിടെ നടന്നത് ചെകുത്താനാവാഹിച്ച ഒരു മൃഗത്തിന്റെ വെറി.
അസഹനീയമായ വേദനക്കിടയില് തനിക്ക് സംഭവിക്കുന്നതിനെ കുറിച്ചോര്ത്ത് സ്വയം ശപിച്ച് അവസാന ശ്വാസം എടുക്കുമ്പോഴും തനിക്കു വേണ്ടി അപ്പോഴും വീട്ടില് തനിച്ചു കാത്തിരിക്കുന്ന അമ്മയെ അവള് ഓര്ത്തിട്ടുണ്ടാകും.
ആ ഹിംസ്ര ജന്തുവിനു തൂക്കുകയര് കയര് കിട്ടണമെന്ന് എല്ലാ അമ്മമാരെയും പോലെ താനും ആഗ്രഹിച്ചിരുന്നു. പക്ഷേ ജീവപര്യന്തമായി കുറഞ്ഞു. അതിനേക്കാള് വലിയ ആഘാതം മറ്റൊരു കാര്യം അറിഞ്ഞപ്പോഴാണു. ആ കേസില് പ്രതിഭാഗം അഭിഭാഷകന് തന്റെ മകന് അനിരുദ്ധന് ആയിരുന്നു.
സുഭദ്ര നീട്ടിയ അടുത്ത ഉരുള വാങ്ങാന് സുമിത്ര വിസമ്മതിച്ചു.
ഒരു ഉരുള കൂടി കുട്ട്യമ്മൂ.. ദാ ഞാന് നിനക്ക് ഇഷ്ടപ്പെട്ട എല്ലാ കൂട്ടാനും ഇന്നു വച്ചതു കണ്ടില്യേ. ഇത്രയും ഉണ്ടാല് പോരാ. ഇനി ഇതു പോലെ ഭക്ഷണം തരാന് എനിക്ക് സാധിക്ക്വോ? അവരുടെ തൊണ്ടയൊന്നിടറി
സുമിത്ര വായ് മുറുക്കി പൂട്ടിയിരിക്കുകയാണു. ഇനി എത്ര നിര്ബന്ധിച്ചിട്ടും കാര്യമില്ല.
സുഭദ്ര പാത്രങ്ങള് എടുത്ത് അടുക്കളയിലേക്ക് നടന്നു. 
അയല് വീട്ടിലെ പാറുക്കുട്ടിയമ്മ പറയുകയാ'യിരുന്നു. അവരുടെ കുടുംബത്തിലാരോ പറഞ്ഞറിഞ്ഞതാണു. തന്റെ മകന് ഒരിക്കലും ഇത്തരമൊരു നീചനു വക്കാലത്തുമായി കോടതിയിലെത്തുമെന്ന് സ്വപ്നത്തില് പോലും കരുതിയിരുന്നില്ല. അറിഞ്ഞപ്പോള് വിശ്വസിക്കാനും കഴിഞ്ഞില്ല. ഒടുവില് വിളിച്ചു വരുത്തി സംസാരിച്ചപ്പോള് അവന് സമ്മതിച്ചു. ജനങ്ങള് ഉറ്റു നോക്കുന്ന ഒരു കേസ്. ഒരു കൗതുകത്തിന്റെ പേരില് ഏറ്റെടുത്തതാണത്രെ.
നിനക്ക് മഹാഭാരതയുദ്ധം ഉണ്ടായത് ആരു കാരണമാണെന്ന് അറിയാമോ?
തലയും താഴ്ത്തി ഒന്നും മിണ്ടാതിരുന്ന മകനോട് ചോദിച്ചു.
തല ഉയര്ത്താതെ തന്നെ മറുപടി വന്നു.
കൗരവരുടെ അത്യാഗ്രഹം കാരണം
അല്ല
അവന് സംശയത്തോടെ തലയുയര്ത്തി.
മഹാഭാരത യുദ്ധത്തിന്റെ യഥാര്ത്ഥ കാരണം ദുര്യോധനന്റെയോ ശകുനിയുടെയോ തിന്മയല്ല. അത് സംഭവിച്ചത് മൂന്നു മഹാന്മാര് അധര്മ്മത്തിനു നേരെ നിഷ്ക്രിയരായിരുന്നത് കൊണ്ടാണു. ഒരാള് ഭീഷ്മര്,മറ്റൊരാള് ദ്രോണര്,പിന്നെ കര്ണനും.
അവന് വീണ്ടും തല താഴ്ത്തി.
ആരും ശ്രദ്ധിക്കാത്ത സാധുവായ മറ്റൊരു പ്രതി കൂടിയുണ്ട്.
ഭര്ത്താവിനു കിട്ടാത്ത സൗഖ്യം തനിക്കും വേണ്ടെന്നു തീരുമാനിച്ചതിനാല് ധര്മ്മ പത്നിയായി വാഴ്ത്തപ്പെട്ട ഗാന്ധാരി. അന്നവര് മൂടിക്കെട്ടിയത് പിറക്കാനിരുന്ന മക്കളുടെ നന്മ തിന്മകള്ക്ക് നേരെ കൂടിയുള്ള കാഴ്ച്ചയായിരുന്നു.
അമ്മ എന്താണു പറഞ്ഞു വരുന്നത്?
അനിരുദ്ധന് അസ്വസ്ഥനായി.
മക്കളെ നേര്വഴി കാട്ടേണ്ടത് മാതാപിതാക്കളാണു. മക്കള് നീചന്മാരായാല് അതിനു ലോകം പെറ്റവരെയാണു പഴിക്കുക. 
അവന് ഒന്നും മിണ്ടിയില്ല. 
നിങ്ങള് പറയാറുണ്ടല്ലോ. തെറ്റ് ചെയ്യുന്നതിനേക്കാള് പാതകമാണു അതിനു പ്രേരിപ്പിക്കുന്നതെന്നു... നീയും ചെയ്യുന്നത് അതല്ലേ അനി ?
അവന് ഒന്നിനും മറുപടി പറഞ്ഞില്ല.
മകനു മനമ്മാറ്റമുണ്ടാകുമെന്ന് കരുതിയത് വെറുതെയായിരുന്നു. അവന് വീണ്ടും മാനഭംഗക്കേസുകള്ക്ക് പ്രതിഭാഗത്തിനായി ഹാജരായി. ജനങ്ങള് പ്രതിയേക്കാള് പ്രതിഭാഗം വക്കീലിനെ ശ്രദ്ധിച്ചു തുടങ്ങി. അവനും വേണ്ടത് അതായിരുന്നല്ലോ.
ആ കേസുകളിലെല്ലാം പ്രതിയെ നിരപരാധിയാക്കി മാറ്റുവാനോ ശിക്ഷയില് ഇളവു വരുത്താനോ അയാള്ക്ക് സാധിച്ചു. നന്മ ചെയ്യുന്നതിനേക്കാളേറേ ആളുകള് ശ്രദ്ധിക്കുന്നത് തിന്മ ചെയ്യുന്നവരെയാണു. ഒരേ ശുഭ്ര വസ്ത്രത്തില് വെള്ളവും ചെളിയും വീഴുന്നത് പോലെ. ആവിയാകുന്ന തെളിവെള്ളത്തെക്കാളും പറ്റിപ്പിടിച്ചിരിക്കുന്ന കറയായിരിക്കാന് അയാള് ആഗ്രഹിച്ചു. വെളിച്ചം കടന്നു ചെല്ലാത്ത കിണറാഴങ്ങളില് കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്ക്ക് ആള്മറയെന്ന പോലെ ദുഷിച്ച മനുഷ്യമനസ്സുകളെ ലോകത്തിനു മുന്പില് നിന്ന് മറച്ചു പിടിക്കുന്ന അതാര്യ വലയമായി തന്റെ മകന് നിലകൊള്ളുന്നു.
പ്രിയയുടെ അമ്മ മകളുടെ നീതിക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിക്കാന് പോവുകയാണു. അവിടെയും ആ നരാധമനു വേണ്ടി അനിരുദ്ധന് ഹാജരാകുമെന്ന് പറയുന്നു. മകനെ പിന്തിരിപ്പിക്കണമെന്ന് അപേക്ഷിക്കാനാണു ആ പാവം അമ്മ വന്നത്.
തെരുവു പട്ടികള് എന്റെ മോളേക്കാളും ഭേദായിട്ട് ചാകുമായിരിക്കും. 
ആ അമ്മ കരഞ്ഞു. ഒരിക്കലും തോരാനിടയില്ലാത്ത കണ്ണുനീര്...
അപ്പോഴത്തെ പോലെ സുഭദ്രയുടെ ഹൃദയം വീണ്ട ും നൊന്തു പിടഞ്ഞു.
സുഭദ്ര തിരിച്ചെത്തുമ്പോള് അനുജത്തി ഇരുന്ന ഇരുപ്പില് തന്നെ ഉറക്കം തൂങ്ങുകയായിരുന്നു. സുഭദ്ര അവരെ തന്നെ നോക്കി കുറെ നേരം നിന്നു. പിന്നെ അടുത്തു ചെന്നു ആ മെല്ലിച്ച ശരീരത്തെ തന്റെ മടിയിലേക്ക് ചായ്ച്ചു കിടത്തി.
കുട്ട്യമ്മു... 
പതിനഞ്ചു വര്ഷത്തോളമായി തുടരുന്ന ശീലത്തിന്റെ പേരില് കുഞ്ഞുങ്ങളെ പോലെ ഉറങ്ങുന്ന അനുജത്തിയുടെ ശിരസ്സു തടവി സുഭദ്ര സംസാരിച്ചു തുടങ്ങി
ഞാന് പോയാല് ന്റെ കുട്ട്യമ്മൂനെ ആരാ നോക്ക്വാ...നിന്നെ കൂടെ കൂട്ടാന് അവന് സമ്മതിക്കിണില്ലെടി...
അവരുടെ കണ്ണില് നിന്ന് ചുടുകണ്ണീരൊഴുകി.
അതിന്റെ കാരണവും ഇന്നാദ്യായിട്ട് അവന് ന്നോട് പറഞ്ഞു. അന്ന് നെനക്കെന്താ പറ്റ്യേന്ന് അവന് ന്നോട് പറഞ്ഞു.. അവനുണ്ടായ ദുരിതം മുഴുവന് ...നിന്റെ ശാപാന്ന് പറഞ്ഞിട്ട്.. കരഞ്ഞു കുറെ.. കാലു പിടിച്ചു കുറെ നേരം..
കോളജില് അവന്റെ കൂട്ടുകെട്ട് മഹാമോശാന്ന് ഞാനറിഞ്ഞിരുന്നു. എന്നാലും ലഹരി മരുന്നൊന്നും ഉപയോഗിച്ച് ആളും തരവും തിരിച്ചറിയാത്ത്ത്ര നില തെറ്റീന്നറിയില്ല്യായിരുന്നു.
അന്ന് ദീപാരാധന തൊഴാന് ഞാന് അമ്പലത്തില് പോയപ്പോള്.. കോളജിലെ പരീക്ഷ കഴിഞ്ഞ് അവധിക്ക് വന്ന അവനെ ഒറ്റക്കാക്കണ്ട എന്നു പറഞ്ഞ് നീയിവിടെ ഇരുന്നു. കുഞ്ഞുണ്ണിയെ പോലെ നീ സ്നേഹിച്ചതല്ലേ അവനെയും..മരുന്നു കുത്തി വച്ച് പിശാച് കയറിയ അവനു നിന്നെ കാണനുള്ള കണ്ണുണ്ടായിരുന്നില്ല. മോശമായി പെരുമാറാന് തുടങ്ങിയപ്പോ നീ അവനെ തല്ലി. ബോധം പോകുന്നതു വരെ തല്ലി.
പിന്നെ ഭ്രാന്തിയെ പോലെ ഓടി കുഞ്ഞുണ്ണി കാല് തെറ്റി വീണ കിണറ്റിലേക്ക് എടുത്തു ചാടി.
സുഭദ്ര ആ രംഗം മുന്നില് കണ്ടതു പോലെ ഞെട്ടിത്തരിച്ചു.
പക്ഷെ നീ മരിച്ചില്ല. എന്റെ മോനെ ചെയ്ത തെറ്റ് എന്നും ഓര്മ്മിപ്പിക്കാന് ജീവച്ഛവമായി നിന്നെ എനിക്ക് തിരിച്ചു കിട്ടി.
മനസ്സ് മുഴുവന് നെന്നോട് ചെയ്ത കടുത്ത അപരാധം മറക്കാന് പറ്റ്വോ അവനു? പിന്നെ അവന് വന്നാ ഈ വീട്ടില് രണ്ട് ദിവസം തികച്ച് നിന്നത് ന്റെ ഓര്മ്മയിലില്യ. പഠിക്കുമ്പോഴാവട്ടെ ജോലിക്ക് കയറിയിട്ടാവട്ടെ... ഒരിക്കലും സന്തോഷിക്കാന് കഴിയാത്ത വിധം നിന്റെ സാന്നിദ്ധ്യം അവനെ അസ്വസ്ഥനാക്കിയിട്ടുണ്ടാവും. അതാണല്ലോ കല്യാണം കഴിഞ്ഞ് ഒരു മാസം തെകയും മുന്പ് അവന് ഭാര്യയെയും കൂട്ടി വാടക വീട്ടിലേക്ക് മാറിയത്. അതിന്റെ പേരില് ഞാന് അവനുമായി എത്ര തര്ക്കിച്ചു
ഒന്നും ഞാനറിഞ്ഞില്ല്യ കുട്ട്യമ്മൂ..
പ്രേമിച്ച് കല്യാണം കഴിച്ചിട്ടും എന്റെ മോനു ഒരു പെണ്ണിനെ സന്തോഷിപ്പിക്കാനറിയില്ല്യാന്നു എന്റെ മുഖത്തു നോക്കി അവന്റെ ഭാര്യ പറഞ്ഞു ഇറങ്ങിപ്പോയപ്പോഴും അവന്റെ മനസ്സില് എന്താണെന്ന് എനിക്കറിയില്ല്യായിരുന്നു.
സുമിത്ര പെട്ടെന്നു എഴുന്നേറ്റിരുന്നു. തല ചൊറിഞ്ഞു. 
കുഞ്ഞുണ്ണി... കുഞ്ഞുണ്ണി അവര് പിറുപിറുത്തു. സുഭദ്ര കണ്ണുകള് തുടച്ചു
കുഞ്ഞുണ്ണിയെ കാണണോ കുട്ട്യമ്മൂനു? സ്വപ്നത്തിലെന്ന പോലെ സുഭദ്ര ചോദിച്ചു. സുമിത്ര തുറിച്ചു നോക്കി..
കുഞ്ഞുണ്ണി. ഉറക്കത്തില് നിന്നും ഉറക്കത്തിലേക്കുള്ള ഇടവേളകളില് മന്ത്രം പോലെ ഉരുവിടാറുള്ള ആ പേരു മറ്റൊരാള് ഉച്ചരിച്ചപ്പോള് ഉണ്ണ്ടായ പകപ്പ്. 
വായോ... 
സുഭദ്ര അനുജത്തിയെ എഴുന്നേല്പിച്ചു, ചേര്ത്തു പിടിച്ച് നടന്നു. വാതില് തുറന്ന് വീടിന്റെ പടികളിറങ്ങി ഇരുട്ടിലൂടെ തൊടിയിലേക്കിറങ്ങി. നിലാവ് പാത്രത്തില് ഉണങ്ങിപ്പിടിച്ച പാല്പ്പാട പോലെ അങ്ങിങ്ങായി ചിതറിക്കിടന്നു. ഇരുട്ടില് കൂടുതല് കറുത്ത മരങ്ങള് ആ സഹോദരിമാരെ ഉല്കണ്ഠാപൂര്വ്വം വീക്ഷിച്ചു. പരസ്പരം സംശയങ്ങള് പ്രകടിപ്പിക്കുന്നതു പോലെ കാറ്റില് ചില്ലകളുലഞ്ഞ് ശബ്ദങ്ങള് പുറപ്പെട്ടു. ഓരോ ചെറിയ ശബ്ദം പോലും സുഭദ്രയെ ഭയപ്പെടുത്തി. സുമിത്രയില് ആ ഇരുട്ടോ ശബ്ദങ്ങളോ യാതൊരു ചലനവും ഉണ്ണ്ടാക്കിയില്ല. 
കുട്ട്യമ്മൂ... വിളി കേള്ക്കുകയില്ലെന്നറിഞ്ഞിട്ടും സുഭദ്ര വിളിച്ചു. 
മുതുകു വളഞ്ഞ് എല്ലും തോലുമായി തലമുടി മുഴുവന് പൊഴിഞ്ഞ ഈ പേക്കോലത്തെയാണോ കുട്ട്യമ്മൂ എന്നു വിളിച്ചത് എന്ന് ആ വഴി പോയ കാറ്റു പോലും ചോദിച്ചില്ല. അവര്ക്കു പുറകില് പഴക്കമേറെ ചെന്ന ആ തറവാടും പറമ്പിലെ എണ്ണമറ്റ മരങ്ങളും ആ വിളി ഉള്ക്കൊണ് ണ്ട ു. 
പറമ്പിലെ ഉപയോഗിക്കാതെ കാടു പിടിച്ചു കിടക്കുന്ന വഴിയിലൂടെ പടര്ന്ന വള്ളികള് വകഞ്ഞു മാറ്റി സുഭദ്ര സുമിത്രയെ ചേര്ത്തു പിടിച്ച് നടന്നു. തന്റെ ലക്ഷ്യം എത്തിയതു കണ്ട അവള് നിന്നു. നിലാവ് ആ ഭാഗത്തേക്ക് എത്തി നോക്കുന്നതേ ഉണ്ട ായിരുന്നില്ല. ഇരുട്ട് കണ്ണിലെ വെളിച്ചത്തോടിണങ്ങിയപ്പോള് സുഭദ്ര അത് മുന്പില് കണ്ടു. കിണര്. ആ ശാപം പിടിച്ച കിണര് !
കുഞ്ഞുണ്ണ്യേന്ന് വിളിച്ചോക്ക്... സുമിത്ര പറഞ്ഞു. ചുറ്റിനുമുള്ള ഇരുട്ടിനെ സുമിത്ര വരണ്ട കണ്ണുകളോടെ നോക്കി.
കുഞ്ഞുണ്ണ്യേ... സുമിത്ര അമ്പാടിക്കണ്ണനെ മാമുണ്ണാന് വിളിക്കുന്ന യശോധയെ പോലെ വിളിച്ചു. തികട്ടി വന്നൊരു കരച്ചില് സുഭദ്ര തൊണ്ടയിലടക്കി.
ഏ .. ഏ ... ആ നിശബ്ദതയില് എവിടെ നിന്നോ ആരോ അവ്യക്തമായി വിളി കേള്ക്കുന്നു.
ഒരു കിളി ചിറകടിച്ചു പറന്നപ്പോള് സുഭദ്ര ഞെട്ടി.
അവിടന്നല്ലേ കേട്ടത്.. സുഭദ്ര കിണറിനു നേരെ വിരല് ചൂണ്ടി. സുമിത്ര ചേച്ചിയെ നോക്കി. ഒരു വേള ആ കണ്ണില് സ്വബോധം മിന്നി മറഞ്ഞതു പോലെ.എന്നിട്ടും സുഭദ്ര ചേര്ത്തു പിടിച്ച് ആള്മറക്കരികിലേക്ക് നടന്നപ്പോള് ഒരു കുഞ്ഞിനെ പോലെ സുമിത്ര അനുഗമിച്ചു.
ഇതിന്റകത്ത്ന്നല്ലേ വിളി കേട്ടത്? ഒന്നു കൂടി വിളിച്ച് നോക്ക്...
പായല് പൊതിഞ്ഞ് ചിലന്തികള് പറ്റമായി വലകള് നെയ്ത കിണറിലേക്ക് തല നീട്ടി സുമിത്ര വിളിച്ചു.
കുഞ്ഞുണ്ണ്യേ... കുഞ്ഞുണ്ണ്യേ...
വര്ഷങ്ങളായി മനുഷ്യ ശബ്ദം കേള്ക്കാതെ മരവിച്ചു കിടന്ന ആഴങ്ങള് ഉല്സാഹത്തോടെ പ്രതിധ്വനിച്ചു.
ഏ ... ഏ ...
കണ്ണീരോടെ, ആര്ത്തിയോടെ ആ അമ്മ വീണ്ടും വിളിച്ചു. കണ്ണെത്താ ആഴങ്ങളില് തടങ്കലില് കിടന്ന ജലം ആനന്ദാതിരേകത്തോടെ വിളി കേട്ടു. സുമിത്രയുടെ കാല്ക്കല് ആള്മറ ചാരി സുഭദ്ര കുനിഞ്ഞിരുന്നു.
കുട്ട്യമ്മൂ...
ഞാനൊരു അമ്മയാ... ഇപ്പോ എനിക്കറിയാം മാനഭംഗക്കേസിലെ പ്രതിക്ക് വേണ്ടി വാദിക്കണ ന്റെ മോന്റെ മനസ്സിലെന്താണെന്ന്.. അവന് വാദിക്കണതൊന്നും അവര്ക്ക് വേണ്ടീട്ടല്ല. അവനു വേണ്ടി തന്നെയാ.. അവന്റെ എതിര് കക്ഷി എപ്പോഴും നീയായിരുന്നു കുട്ട്യമ്മൂ. ദൈവത്തിന്റെ കോടതിയിലു തോറ്റിട്ട് അവന് എത്ര കേസ് ജയിച്ചിട്ടെന്താ...
സുമിത്ര ആവേശത്തോടെ വീണ്ടും മകനെ വിളിക്കുകയാണു. തന്റെ വിളികള്ക്ക് മറുപടിയുണ്ട ണ്.
ഇയ്യ് കേക്ക്ണു ണ്ട ാ? സുഭദ്ര ഇരുട്ടിനോടെന്ന പോലെ തുടര്ന്നു. 
ഒരമ്മയുടെയും മനസ്സ് ഇനി ന്റെ മോന് കാരണം വേദനിക്കേണ്ടി വരരുത്. ആരുടെയും ശാപം ഇനി അവന്റെ തലയില് വീഴരുത്. 
സുമിത്രയുടെ വിളിയും അശരീരിയായ മറുവാക്കും തുടര്ന്നു.
നീ ജീവിച്ചിരിക്കണടത്തോളം അവന് ഒരു കേസില്ന്നും പിന്മാറില്യ 
നിശബ്ദമായ ആ അന്തരീക്ഷവും ഇരുട്ടും നടുങ്ങി. അനിയത്തിയുടെ കാലുകളില് കെട്ടിപ്പിടിച്ച് ഇടനെഞ്ചു പൊട്ടി സുഭദ്ര കരഞ്ഞു.
ന്റെ പൊന്നു കുട്ട്യമ്മൂ... പൊറുത്തേക്കണേടീ...
തുറിച്ചു നോക്കിക്കൊണ്ടിരുന്ന ഇരുട്ടിനും അമ്പരന്നു നിന്ന മരങ്ങള്ക്കും എന്തെങ്കിലും മനസ്സിലാകുന്നതിനു മുന്പ് സുഭദ്ര അനുജത്തിയുടെ മെലിഞ്ഞ കാലുകള് മുകളിലേക്കുയര്ത്തി. ഒരു മറുവിളി പൂര്ണ്ണമാകുന്നതിനു മുന്പ്  ആഴങ്ങളെ വകഞ്ഞ് സുമിത്രയുടെ ശരീരം ആ പ്രതിധ്വനികളുടെ ഉറവിലേക്ക് ഒരു പാഴില പോലെ അറ്റു വീണു.
മനസ്സും ശരീരവും ഒരു പോലെ വിറച്ച് സുഭദ്ര കുഴഞ്ഞിരുന്നു പോയി.
ഗാന്ധാരിയാവാന് വയ്യ എനിക്ക്...വയ്യ... 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക