Image

കടുവയെ പിടിച്ച കിടുവയൊക്കെ പഴങ്കഥ; കൈക്കൂലിക്കേസു പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഉദ്യോഗസ്ഥന്‍, അതാണ് പുത്തന്‍  ട്രെന്‍ഡ്

ദുര്‍ഗ മനോജ് Published on 23 March, 2023
കടുവയെ പിടിച്ച കിടുവയൊക്കെ പഴങ്കഥ; കൈക്കൂലിക്കേസു പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഉദ്യോഗസ്ഥന്‍, അതാണ് പുത്തന്‍  ട്രെന്‍ഡ്

ആദ്യം പിടി വീണത് തിരുവല്ല മുനിസിപ്പാലിറ്റി മുന്‍ സെക്രട്ടറി എസ് നാരായണനു മേലാണ്. ആ കേസിന്റെ അന്വേഷണമാണ് വിജിലന്‍സിനെ ഡിവൈഎസ്പി വേലായുധന്‍ നായരിലേക്ക് എത്തിക്കുന്നത്.  തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി ആയിരുന്ന നാരായണനേയും, ഓഫീസ് അസിസ്റ്റന്റ് ഹസീന ബീഗത്തേയും 25000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ രണ്ടാഴ്ച മുന്‍പാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.ആ കേസ് അന്വേഷിക്കുന്നതിടയിലാണ് അത്ര സമയവും ചിത്രത്തിലില്ലാതിരുന്ന വേലായുധന്‍ നായരിലേക്ക് അന്വേഷണത്തിന്റെ ദിശ മാറുന്നത്.

ആ കഥ ഇങ്ങനെ, 2021-2022 കാലഘട്ടത്തില്‍ നാരായണനെതിരെ ഒരു അവിഹിത സ്വത്തുസമ്പാദനക്കേസ് ഉയര്‍ന്നു വന്നു.അത് അന്വേഷിച്ചത് വേലായുധന്‍ നായരാണ്. ആ കേസ് ഒതുക്കി തീര്‍ക്കാന്‍ 2021 സെപ്റ്റംബര്‍ 30 ന് വേലായുധന്‍ നായരുടെ മകന്‍ ശ്യാംലാലിന്റെ അക്കൗണ്ടിലേക്ക് ഫെഡറല്‍ ബാങ്ക്, ചെങ്ങന്നൂര്‍ ശാഖയില്‍ നിന്നും 50000/- രൂപ കൈമാറ്റം ചെയ്തിരുന്നു. പുതിയ കേസിന്റെ അന്വേഷണത്തിനിടയില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ് പി വി അജയകുമാര്‍ ഈ അമ്പതിനായിരത്തിന്റെ കൈമാറ്റം ശ്രദ്ധിച്ചു. തുടര്‍ അന്വേഷണത്തില്‍ 2021 ലെ കേസ് തുടര്‍ നടപടി ആവശ്യമില്ല, മിസ്റ്റേക്ക് ഓഫ് ഫാക്റ്റ് ആണ് എന്ന് എഴുതി ഫയല്‍ ക്ലോസ് ചെയ്തതു കണ്ടെത്തിയത്. വേലായുധന്‍ നായരുടെ റിപ്പോര്‍ട്ടു പ്രകാരം കോടതി നാരായണനെ കുറ്റവിമുക്തനാക്കിയിരുന്നു.എന്നാല്‍ നാരായണന്‍ വീണ്ടും കേസില്‍ കുടുങ്ങിയതോടെയാണ് വേലായുധന്‍ നായര്‍ക്കു ശനിദശ തുടങ്ങിയത്. അന്വേഷണം വേലായുധന്‍ നായരിലേക്കു നീണ്ടു.തുടര്‍ന്ന് വേലായുധന്‍ നായര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വേലായുധന്‍ നായരുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ റെയ്ഡ് ആരംഭിച്ചു. രാത്രിയോടെ നിരവധി തെളിവുകള്‍ അയാള്‍ക്കെതിരെ ലഭിക്കുകയും ചെയ്തു. തെളിവുകള്‍ രേഖപ്പെടുത്തിയ മഹസര്‍ ഒപ്പിട്ടു നല്‍കിയതിനു പിന്നാലെ വേലായുലന്‍ നായര്‍ വീട്ടില്‍ നിന്നും മുങ്ങി. അതേത്തുടര്‍ന്ന്, വേലായുധന്‍ നായര്‍ മുങ്ങിയതായി കഴക്കൂട്ടം പോലീസില്‍ വിജിലന്‍സ് എസ് പി പരാതി നല്‍കിയിട്ടുണ്ട്.

എന്തെല്ലാമാണു കാണേണ്ടത്! സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കൈക്കൂലി ഒരു ശാപമായി മാറിയത് ഇന്നലെയല്ല. അതൊരു സംസ്‌ക്കാരമായിത്തന്നെ കൊണ്ടു നടക്കുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. ശമ്പളം ആര്‍ക്കു വേണം? നിത്യവും വേണം കിമ്പളം എന്നതാണ് അവരുടെ ആപ്തവാക്യം. ഓണ്‍ലൈനിലൂടെ അപേക്ഷിച്ചാല്‍ കിട്ടുന്ന, കുറേക്കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, ബാക്കിയൊക്കെ മുഖദാവില്‍ കണ്ട്, ഓച്ഛാനിച്ച് തെര്യപ്പെടുത്തി വേണം ഇന്നും സാധാരണക്കാര്‍ കാര്യം നടത്തിയെടുക്കാന്‍. ഏക്കറുകണക്കിന് ചതുപ്പുനിലം ഒറ്റ രാത്രി കൊണ്ട് നികത്തിയെടുക്കാനുള്ള അനുവാദം ചിലര്‍ക്കു കിട്ടുന്ന പ്രിവിലെജ് ആകുമ്പോള്‍ മറുഭാഗത്ത് ഒരു സാദാ രേഖ ശരിയാക്കിക്കിട്ടാന്‍ വര്‍ഷങ്ങള്‍ നടന്നു ചെരുപ്പു തേയ്ക്കണം പൊതു ജനം.
ഇത്ര കാലം നമ്മളറിഞ്ഞോ ഈ വിജിലെന്‍സിലുമുണ്ട് കൈക്കൂലിക്കാര്‍ എന്ന്? എന്തായാലും വേലായുധന്‍ നായരേ നന്ദിയുണ്ട്, നിങ്ങള്‍ക്ക് എതിരെ തെളിവു കിട്ടിയിരുന്നില്ലെങ്കില്‍ ഈ കഥ ആരറിയാന്‍?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക