
" സാമ്പത്തിക നിക്ഷേപത്തിന്റെ ബുദ്ധിശാസ്ത്രത്തിൽ വീട് എന്നത് യാതൊരുവിധ ലാഭങ്ങളും ഇല്ലാത്ത ഒരു ബാധ്യതയാണ്" എന്നു പറഞ്ഞത് റോബർട്ട് കിയോസാക്കിയാണ്.
ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം വിവാഹശേഷം അവന്റെ യുവ ജീവിതം ഒരു വീട് പണിയുന്നതിനും അതിന്റെ ലോൺ അടച്ചു തീർക്കുന്നതിനും ഇടയിൽ കഴിഞ്ഞു പോകുന്നു. അതിനിടയിൽ ഉല്ലാസത്തിന് സൗകര്യവും സമയവും പണവും ഉണ്ടാകാറില്ല. അവർ തിരിഞ്ഞു നോക്കുമ്പോൾ അവന്റെ മാതാപിതാക്കളുടെ അവസ്ഥയും ഇതുതന്നെയായിരുന്നു!
ഗൾഫിൽ ജോലിക്ക് പോയവരുടെയും കാര്യങ്ങൾ ഇങ്ങനെ തന്നെയാണ്. വീട് കുറച്ചുകൂടി വലുതായിരിക്കുമെന്ന് മാത്രം. അതിന്റെ തന്നെ തുടർച്ചയായിരുന്നു യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ലഭിച്ചവരുടെ വീടുകളും ജീവിതവും.
"ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല കുട്ടീ…" എന്ന മാനസികാവസ്ഥയിലേക്ക് എല്ലാവരും മാറാൻ തുടങ്ങിയതോടെ നാട്ടിൽ ഒരു പുതിയ വീട് എന്ന സങ്കൽപവും തകർന്നു. യൂറോപ്യൻ രാജ്യങ്ങളിലോ അമേരിക്കയിലോ കാനഡയിലോ മതി വീട് എന്ന സ്ഥിതിയിലായിരുന്നു ഏതാനും വർഷങ്ങൾക്കു മുൻപ് വരെ എത്തിയവർ.
എന്നാൽ അവരുടെ മക്കളുടെയും ഇപ്പോൾ പഠിക്കുവാനായി പോകുന്ന കുട്ടികളുടെയും ചിന്താഗതികൾ മാറിത്തുടങ്ങിയിരിക്കുന്നു.
"ദീർഘകാല സാമ്പത്തിക ബാധ്യതയുള്ള ഒരു സ്വന്തം വീട് എന്തിനുവേണ്ടി" എന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്.
ഫ്യൂച്ചർ സേവിങ്സ് എടുത്ത് ചിലവാക്കുന്ന, അതുകൊണ്ടുതന്നെ ജീവിതത്തിൽ ആഘോഷങ്ങളും സന്തോഷങ്ങളും കുറയ്ക്കുന്ന, ഈ ഇൻവെസ്റ്റ്മെന്റ് ഒരു നഷ്ടമാണെന്ന് 'കിയോസാക്കി'യെ പോലെ അവരും കരുതുന്നു.
വീട് വാങ്ങിയാൽ ജീവിതകാലം മുഴുവൻ ആ വീടിന്റെ സൗകര്യങ്ങളിൽ തളച്ചിടപ്പെടുന്നു. വാടകവീടെങ്കിൽ നമുക്ക് ആവശ്യമുള്ള സ്ഥലത്തേക്കും ആവശ്യമുള്ള സൗകര്യങ്ങളിലേക്കും എപ്പോൾ വേണമെങ്കിലും മാറാൻ കഴിയുന്നു.
കുട്ടികൾ കൂടുന്നതനുസരിച്ചും കുറയുന്നതിനനുസരിച്ചും പിന്നീട് ഒറ്റയ്ക്കാവുമ്പോൾ അതിനനുസരിച്ചും താമസം മാറ്റാം. ഓരോ മാറ്റത്തിലും ഏറ്റവും ആധുനിക രീതിയിലുള്ള പാർപ്പിടം ഉപയോഗിക്കാൻ സാധിക്കുന്നു.
അടുത്ത തലമുറയ്ക്ക് 18 വയസ്സിനുശേഷം വേണ്ടിവരാത്ത വീട് അനാഥമാവുകയുമില്ല. ആരോഗ്യം ക്ഷയിക്കുന്ന അന്ത്യകാലത്ത് 'കെയർഹോമുകൾ' ഇപ്പോൾ സ്വാഭാവികമായ കാര്യമാണല്ലോ. അതുകൊണ്ടുതന്നെ ഒന്നും അന്യാധീനപ്പെടുന്നില്ല. നഷ്ടപ്പെടുന്നുമില്ല.
ഇങ്ങനെയൊരു ചിന്താഗതിയിലേക്ക് അവർ എത്താൻ പ്രധാനമായും കാരണമായത് മിഡിൽ ക്ലാസിലും അതിൽ താഴെയും ഉള്ളവർക്ക് താങ്ങാനാവാത്ത ഭവന വില തന്നെയാകണം. അമേരിക്കയിലെ NAR റിപ്പോർട്ട് പ്രകാരം 2010 നും 2019 നും ഇടയ്ക്ക് മീഡിയം ഹൌസ് ഹോൾഡ് ഇൻകം 6.2 ശതമാനം വർദ്ധിച്ചപ്പോൾ ഹോം പ്രൈസ് 59.3 ശതമാനമാണ് വർദ്ധിച്ചത്. CCPA റിപ്പോർട്ട് പ്രകാരം കാനഡയിൽ അത് യഥാക്രമം 9.7 ശതമാനവും 200 ശതമാനവും ആണ്.
എവിടെയും എപ്പോഴും എങ്ങോട്ടും പോകുവാൻ ഡ്രൈവർ ഇല്ലാത്ത പബ്ലിക് ഓട്ടോമാറ്റിക് കാറുകൾ വരുന്ന ഈ കാലഘട്ടത്തിൽ, വീടുകളെപ്പറ്റിയുള്ള സങ്കൽപ്പങ്ങളും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.