Image

മദ്യവില കൂട്ടുമ്പോൾ സമൂഹത്തിന്റെ അടിവേരുലയുന്നുണ്ടെന്നത് സത്യം : ഉഷാകുമാരി

Published on 23 March, 2023
മദ്യവില കൂട്ടുമ്പോൾ സമൂഹത്തിന്റെ അടിവേരുലയുന്നുണ്ടെന്നത് സത്യം :  ഉഷാകുമാരി

മദ്യത്തിന് വില കൂട്ടുമ്പോൾ സമൂഹത്തിന്റെ അടിവേരുലയുന്നുണ്ടെന്ന സത്യം ആരെങ്കിലും അറിയുന്നുണ്ടോ?

അന്തോണി പുണ്യാളൻ BPL ലഹരിയായ ചാരായം നിരോധിച്ച് കേമനായതിൽ പിന്നീട് കേരളത്തിലെ വളരെ സാധാരണക്കാരായ കുടുംബങ്ങളിലെ ബജറ്റ് തകിടം മറിഞ്ഞത് ഉന്നതങ്ങളിലിരിക്കുന്നവരും ഇരുന്നവരും അറിഞ്ഞിട്ടുണ്ടോ?

ബിവറേജസിന്റെ സമീപം വലിയ വ്യാപാര കേന്ദ്രങ്ങളാണ്. പാവയ്ക്ക മുതലുള്ള പച്ചക്കറികൾ വിളവെടുക്കുന്ന കൃഷിക്കാർ ആദ്യം ബിവറേജിന്റെ മുമ്പിലെത്തിക്കും.  

കുടിയന്മാരുടെ നേരെ ലോട്ടറി ടിക്കറ്റുകൾ നീട്ടിക്കെഞ്ചാൻ സ്ത്രീകൾക്ക് തീരെ ഭയമില്ല. അതായത് മദ്യാസക്തനായ ഒരു മനുഷ്യനെ എങ്ങനെയും പിഴിഞ്ഞെടുക്കാൻ സർക്കാറുകളും വ്യക്തികളും മത്സരിക്കുകയാണ്.

ധാടിമോടികളില്ലാത്ത ഒരുപറ്റം മനുഷ്യരുടെ ക്യൂ വിലകുറഞ്ഞ കൗണ്ടറിന്റെ വാതിലാവുമ്പോൾ വില കൂടിയ കൗണ്ടറിലേയ്ക്ക് കയറിപ്പോകുന്നതു് പ്രൗഢമായ (കാഴ്ചയിൽ മാത്രം) ഒരു വർഗമാണ്. സങ്കടകരമായ ഒരുകാര്യം അതിലേറെയും യുവാക്കളാണ്.

അതായത് ഈ വിലകുറഞ്ഞ മദ്യത്തിനുപോലും താങ്ങാൻ പറ്റാത്ത വിലകൂട്ടി , പഞ്ചപാവങ്ങളുടെ ദുർബ്ബലതയെ ചൂഷണം ചെയ്ത് വമ്പൻ സ്രാവുകളെ കൊഴുപ്പിക്കുമ്പോൾ ഈ സ്രാവുകളുടെ സന്തതികൾക്ക് ജീവിത ക്ലേശങ്ങളോ സത്യങ്ങളോ തീരെ പരിചയമില്ല.

തന്തമാരുടെ ഉന്നതമായ ശമ്പളംകൊണ്ട് സുഖലോലുപരായി അവർ അർമാദിക്കുകയാണ്. അങ്ങനെ അവരുടെ നാളെകളിൽ ഈ പാവങ്ങളുടെ കണ്ണീർ ശാപമായി പതിയും.

താഴെത്തട്ടിലുളള മദ്യപാനികളുടെ മക്കൾ നിതാന്തമായ അപകർഷതയിലും നടുക്കടലിലായ വീടിനെക്കുറിച്ചുള്ള ആധിയിലുമാണെന്നാരറിയുന്നു! എങ്കിലും അവർ പറ്റുന്ന അത്രയും തുഴയുന്നുണ്ടാവും.

കിണറ്റിൽ വീണ പന്നിക്ക് കല്ലും തടിയുമെന്ന പോലെ മദ്യാസക്തരായ BPL ലഹരിക്കാരെപ്പിഴിഞ്ഞ് APL കേന്ദ്രങ്ങളെ കൊഴുപ്പിച്ച് തടിപ്പിക്കുമ്പോൾ അടിസ്ഥാനവർഗത്തിന്റെ നിരാധാരമായ നിലവിളികൾ ആരുമറിയുന്നില്ലേ?

ആ നിലവിളികൾ ഈ മദ്യപാനികളുടേതല്ല , അവരെ ഉൾക്കൊള്ളുന്ന കുടുംബങ്ങളിലെ പെണ്ണുങ്ങളുടേയും കുഞ്ഞുങ്ങളുടേയുമാണെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?

സർക്കാറിനുള്ളതിനെക്കാൾ കടത്തിലാവാം കുടുംബശ്രീകൾ.

മദ്യപാനികളുള്ള കുടുംബത്തിലെ പെണ്ണുങ്ങൾ വട്ടക്കൊട്ടയിൽ വെള്ളം കോരുകയാണ് മദ്യവില കുതിക്കും തോറും.

( അറിയപ്പെടുന്ന എഴുത്തുകാരിയാണ് ഇടുക്കി വെള്ളത്തൂവൽ  സ്വദേശിയായ ഉഷാകുമാരി . കഥകളും നോവലുകളും പ്രശസ്തമാണ്. )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക