Image

തീരം കാത്തിരുന്നു....(നിഥിൻകുമാർ ജെ പത്തനാപുരം)

Published on 24 March, 2023
തീരം കാത്തിരുന്നു....(നിഥിൻകുമാർ ജെ പത്തനാപുരം)

ആഴമേറെയുണ്ടെന്നാലും
അലകളായിരം ഉയരുമെന്നാലും
ആഴിയുടെയൊടുങ്ങാത്ത
നോവറിയുന്നൊരുവളുണ്ട്.

തിരകൾ വന്നുപോകുമ്പോൾ ഒരുനാൾ
ഒപ്പം കൂട്ടുമെന്നുകൊതിക്കുന്നൊരു തീരം!
മഴയുടെ നനവിലും,
നിശയുടെ കുളിരിലും
പകലിന്റെ ചൂടിലും
തീരം കാത്തിരുന്നു.

ആഴകടലിന്റെ അടിത്തട്ടിലേക്ക്
മണൽതരികൾ അടിഞ്ഞു ചേരുവാൻ,
വിങ്ങുന്ന കരയുടെ ഹൃദയം കവരാൻ,
കടൽ കരയുടെ മാറിലേക്ക് ചേരുമെന്ന്
നിനച്ചും,സുഖമുള്ള കാത്തിരിപ്പിന്റെ
ലഹരിയറിഞ്ഞും കാലം എത്രയോ കടന്നു.

പലപ്പോഴായി
തലോടിപോകുന്നലകൾക്ക്
ചുംബനം നൽകിയും,
വിരളമായി മാത്രമുറങ്ങുന്ന
ആഴിമുഖത്തിന്റെ ചന്തം കണ്ടും,
തീരം കാവലായി കാത്തിരിക്കുമിനിയും.
കേവലം ആത്മബന്ധത്തിന്റെ
ആഴമുള്ള പ്രണയം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക