Image

മേലേരിക്കിടക്കകൾ നീല ശരികളാൽ അപ്ഡേറ്റ് ചെയ്യപ്പെടുമ്പോൾ (കഥ: സിജി. എം. കെ)

Published on 24 March, 2023
മേലേരിക്കിടക്കകൾ നീല ശരികളാൽ അപ്ഡേറ്റ് ചെയ്യപ്പെടുമ്പോൾ (കഥ: സിജി. എം. കെ)

ഞാനത് മറന്നതായിരുന്നില്ല.
മറന്നുപോയെന്ന് സ്വയം വിശ്വസിപ്പിക്കാൻ വിഫലശ്രമം നടത്തിയിരുന്ന പിടഞ്ഞു തീർന്ന  കാലമൊക്കെ അവസാനിച്ചിരിക്കുന്നു. നാളെയാവട്ടെ എന്ന് കരുതി മാറ്റിവെക്കാൻ ദിവസങ്ങൾ ബാക്കി ഉണ്ടാകുമോ? ഇന്നലെയും മരുന്ന് മണക്കുന്ന ഇടനാഴിയിലൂടെ കറുത്ത കാലുകളുടെ ഒതുക്കമില്ലാത്ത ശബ്ദങ്ങൾ എന്നെ ഭയപ്പെടുത്തിയിരുന്നു .കടവാവലുകൾ ഇണചേരുന്നത് അടഞ്ഞ കണ്ണുകളിലും കൊട്ടിയടക്കപ്പെട്ട കാതുകളിലും ഇത്രയേറെ പ്രകമ്പനം സൃഷ്ടിക്കുന്നത് ഇതാദ്യമാണ് .അതിനൊരു വ്യക്തമായ കാരണമുണ്ടായിരുന്നു… മരുന്നു വെച്ച് വറ്റിച്ചു തീർത്തേ പറ്റൂ എന്ന് ശഠിച്ചു കലഹിച്ചു  മെരുക്കിയെടുത്തൊരു സ്വാർത്ഥതയുടെ കയ്യൊപ്പ്…,നീട്ടിവലിച്ചു യോജിപ്പിച്ചു ചേർത്ത പരുക്കൻ യാഥാർത്ഥ്യങ്ങളുടെ കയ്യൊപ്പ്.. 
     
ഉതിർന്നു വീണു തീർന്നു പൊയ്ക്കൊണ്ടിരിക്കുന്ന  പ്രൗഢിയുടെ കറുത്ത് ഇടതൂർന്ന മുടിയിഴകൾ എൻറെ തന്നെ അസ്ഥിത്വത്തിൻറെ  ബാക്കിപത്രമായി മാറുന്നു. ഈ മുടിയിഴകളിൽ ആയിരുന്നു ആയിരത്തൊന്ന് രാവുകളുടെ രഹസ്യം ഉറങ്ങുന്ന അവസാനത്തെ വാതിലിൻറെ താക്കോൽ ഒളിപ്പിച്ചു വെച്ചത് .പുനർജനിപ്പിക്കാനുള്ള നിയോഗവുമായി എബ്രഹാം കടന്നു വരുന്നതു വരെ അതവിടെ ഭദ്രമായിരുന്നു.രജിസ്ട്രാർ ഓഫീസിലെ അനുവദിക്കപ്പെട്ട കോളത്തിൽ അരിച്ചിറങ്ങിയ ഭയത്തെ കടിച്ചമർത്തി കറുത്ത കയ്യൊപ്പിൻറെ തൊട്ടടുത്ത കോളത്തിൽ വിറച്ചുകൊണ്ട് വെച്ച ഒപ്പ് ആയിരുന്നു  ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് .അതിലും വലിയ തെറ്റൊന്നും പിന്നീട് ഉണ്ടായിട്ടില്ല .എബ്രഹാമിൻറെ കവിതകളിലെ മായാജാലം ‘തെറ്റ് ‘എന്ന വാക്കിനെ തിളങ്ങുന്ന ഇരട്ട നീല  ശരികൾ ആക്കി മാറ്റുകയായിരുന്നു.  കാലം  കഥ പറയുന്ന സന്ധ്യകളിൽ സ്വപ്നം കാണാനും ഇളകിച്ചിരിക്കാനും മറന്നുപോയ  സഹയാത്രികയ്ക്ക് യാഥാർത്ഥ്യത്തിൻറെ പാഠങ്ങൾ  പകർന്നു  നൽകാൻ ദൈവം പറഞ്ഞയച്ച  ദൂതൻറെ വേഷം എത്ര പെട്ടെന്നാണ് അവൻ എടുത്തണിഞ്ഞു കളഞ്ഞത് .!
 ‘’അടയാളങ്ങളാൽ മാത്രം   സ്മരിക്കപ്പെടുമ്പോഴാണ് 
ഞാനെൻറെ തലവാചകത്തിനായ്
നിൻറെ പേര് തിരയുന്നത് ..
 അപ്പോഴും നീയെന്നെ വിസ്മയിപ്പിക്കുകയായിരുന്നു..’’
- എബ്രഹാമിൻറെ വരികൾ എന്നെ നോക്കി ആർദ്രതയോടെ വിസ്മയിക്കുകയാണ് .
       
അനുഭവങ്ങളെ  അക്കമിട്ടു നിരത്തി ചേരുംപടി ചേർത്ത് എഴുതി വെക്കാനുള്ള അസൈൻമെൻറ്മായാണ് നക്ഷത്രങ്ങളെ അണിയാനും നിലാവിൽ നനയാനും കൊതിച്ചൊരു  പെൺകുട്ടിയുടെ നിമിഷങ്ങളിലേക്ക് ഡമ്മി ഓണർഷിപ്പുമായി അയാൾ കടന്നു വന്നത്. അന്ന് അത് മറയിട്ട്  മൂടിപ്പുതച്ച് വിദഗ്ധമായി പാക്ക്ചെയ്തിരിക്കുകയായിരുന്നു എന്ന്  ഒരർത്ഥത്തിൽ  പോലും തിരിച്ചറിയാൻ സാധിച്ചതുമില്ല. ശരീരത്തിൻറെ ഉടമസ്ഥാവകാശം എങ്കിലും ആരും  ആർക്കും ഒരിക്കലും  തീറെഴുതി കൊടുക്കരുതെന്ന്  ബോധ്യം വരാൻ പോലും  കാലമൊരുപാട് നശിപ്പിക്കേണ്ടി വന്നു.
    
അടക്കിവെച്ച സ്വപ്നങ്ങൾക്കുമേൽ ഒരായിരം ഫ്രസ്ട്രേഷനുകളുടെ മേലേരികളായിരുന്നു  അയാൾ എടുത്തണിയിച്ചത്. പൊള്ളിപ്പോയ കാലടികളിൽ ആയിരുന്നു അയാൾക്ക്  ജീവിതം നനഞ്ഞു നിറഞ്ഞു പെയ്തു ഒഴുകിയിരുന്നത് .ആ പൊള്ളലിൻറെ ചിതകളിൽ ആയിരുന്നു അയാൾക്ക് എരിഞ്ഞു തീരേണ്ടിയിരുന്നത്.
ഞാൻ  പെരുമഴയത്ത്  ഒറ്റപ്പെട്ടു പോയൊരു നിഴൽ ചിത്രം മാത്രമായി മാറുന്നു. ഒരിക്കലും നിറവേറ്റാൻ സാധിക്കാത്തൊരു സ്വപ്നമായി എൻറെ മാതൃത്വം ഒടുങ്ങാൻ  തയ്യാറാവുകയാണ് .തൊണ്ടയിൽ കിനിഞ്ഞിറങ്ങുന്ന കൊഴുത്തു ദുർഗന്ധം വമിക്കുന്ന കൈപ്പുനീർ. എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാനാവാത്ത കാഴ്ചകൾ കണ്ണിന് ചുറ്റും ഓടിയോടിത്തളരുന്നു. എത്ര കഴുകിയാലാണ് ഒപ്പിട്ടു കൊടുത്തു ഡമ്മി ഓണർഷിപ്പിന്  അധീനതയിലായ ദിവസങ്ങൾ വൃത്തിയാക്കി എടുക്കാനാവുക…! 
എത്രകാലം എബ്രഹാമിൻറെ പാഠങ്ങളിൽ ഉണർന്നും ജീവിച്ചും ഉറങ്ങിയും  തീർത്താൽ ആണ് ആയിരത്തൊന്നാമത്തെ ശ്രമത്തിന് ജീവൻ വെപ്പിച്ചെടുക്കാൻ ആവുക…!
     
സ്വപ്നങ്ങൾക്ക്  ഓരോരുത്തർക്കും  ഓരോ നിറം ആണെന്നും  ജീവിതം ഓരോരുത്തർക്കും ഓരോ നിറമുള്ള ആകാശമാണ് വരച്ചു ചേർക്കുക എന്നും ഓരോ പിറവിക്കും ഓരോ കൈരേഖ എന്നത് പോലെ ഒന്ന് മറ്റൊന്നിനോട് പൂരകം ആകാതെ സംസ്കരിക്കപ്പെട്ട ചില്ല് പാത്രത്തിനകത്ത് ശ്വാസം മുട്ടി അതിജീവനം തേടുമെന്നും തിരിച്ചറിവു കിട്ടിയ കാലം മുതൽ വിടാതെ പിന്തുടരുന്ന പ്രതീക്ഷയുടെ  വെളിച്ചം വിതറിയ കണ്ണുകളാണ്  ഇന്നലെ യാഥാർത്ഥ്യമായി കണ്മുന്നിൽ നിന്നു നിറഞ്ഞു ചിരിച്ചത് .
“ആൻറി ടീച്ചർ ആണോ …?”ആദ്യമായി കണ്ടപ്പോൾ അവൾ ആദ്യം  ചോദിച്ചത്  അതായിരുന്നു . അവളുടെ മുഖത്ത് നിന്നും എബ്രഹാമിൻറെ കണ്ണുകൾ എന്നോട് ചിരിച്ചു .എൻറെ മാതൃത്വം അവളെ ഓമനിക്കാൻ ഹൃദയത്തിൽ ആകെ അമൃതം ചുരത്തുകയാണെന്ന് ഞാൻ അറിഞ്ഞു.ചുറ്റിലുമുള്ള  കാഴ്ചകളിൽ പഴയ മേലേരിയുടെ പൊള്ളൽ മാഞ്ഞു മാഞ്ഞു പോവുകയാണ്.കടലിരമ്പുന്ന താളം മുറുകി വരുമ്പോൾ ഇരുട്ടിൽ മറഞ്ഞിരുന്ന് ആരായിരുന്നു അവസാനത്തെ വാതിലിൻറെ താക്കോൽ പിടിച്ചെടുത്തു ആയിരത്തി ഒന്നാമത്തെ രഹസ്യം അപഹരിച്ചു കൊണ്ടു കടന്നു കളഞ്ഞത് ..?മോർഫിൻറെ പിടി പതുക്കെ അയഞ്ഞു വരുമ്പോഴായിരുന്നു  അകന്നകന്നു പോകുന്ന കാലൊച്ചകൾക്കൊപ്പം കണ്ടത് ഒരു ദുസ്വപ്നമായിരുന്നു എന്നും സൗഹൃദം സ്ഥാപിച്ച ഇരട്ട നീല ശരികൾ കൊണ്ട് ഒരായിരം അപ്ഡേഷനുകൾ പൂർത്തിയാക്കി വെച്ച തിളങ്ങുന്ന ഒറ്റത്താക്കോൽ എൻറെ കയ്യിൽ ഭദ്രമാണെന്ന് തിരിച്ചറിഞ്ഞതും. അപ്പോൾ എണ്ണമില്ലാത്ത മഴപ്പാറ്റകൾ മുറിയിലേക്ക് പറന്നു വന്നു .പുറത്തു നിറഞ്ഞുപെയ്യുന്ന നിലാവിൽ നക്ഷത്രങ്ങൾ ഇറങ്ങി വന്നു ശൂന്യമാക്കപ്പെട്ട മുടിയിഴകളെ അന്വേഷിക്കുകയായിരുന്നു .തിരഞ്ഞു മടുത്തതു കൊണ്ടാവണം ,ഗത്യന്തരമില്ലാതെ  അനാഥമായ തലയിൽ  അണി ചേർന്നു നിന്നു ചിരിച്ചു.
    
മൂടിക്കെട്ടിയ മുഖത്ത് സ്നേഹം ശ്വസിക്കുന്ന വിടർന്ന മൂക്കുകളും  മറന്നുപോയ ചിരി വീണ്ടെടുക്കപ്പെട്ട ചുണ്ടുകളും കണ്ണുകൾ കൊണ്ട് ഭൂതകാലം തിരയുകയായിരുന്നു. നിലാവിൽ നനയാനും നക്ഷത്രങ്ങളെ അണിയാനും കൊതിച്ച മുടിയിഴകളിൽ എബ്രഹാമിൻറെ വിരലുകൾ വിസ്മയം സൃഷ്ടിക്കുകയാണ് .യാഥാർഥ്യവും  സ്നേഹവും  കൂടി പഴയ അസൈൻമെൻറ് പുസ്തകത്തിൽ ചേർത്തു വരക്കാൻ ആവാതെ പോയ വരികളിൽ തടഞ്ഞു നിശ്ചലമായിരിക്കുന്നു .ഇനിയും അടയാളം അവശേഷിക്കാത്ത വിധം അറുത്തു മാറ്റപ്പെട്ട അവയവം എബ്രഹാമിൻറെ വിരലുകൾക്കിടയിലൂടെ അവകാശം കൈമാറുന്നു. പരുക്കൻ യാഥാർത്ഥ്യങ്ങൾ ചേർത്തുവരച്ച  കയ്യൊപ്പിന്  തിരശീല വീഴുന്നു. എബ്രഹാമിൻറെ കണ്ണുകളിൽ കവിതയ്ക്ക് ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്സ് രൂപപ്പെട്ടു വരുന്നു .ആൻറി ടീച്ചർ ആയിരുന്നുവെന്ന് പപ്പ അവളോട് പറയാതെ പറഞ്ഞു കൊണ്ടിരിക്കുന്നു.
      
ഞാനത് മനപ്പൂർവ്വം മറക്കാൻ ആഗ്രഹിക്കുകയാണ്.കൊഴുത്ത കൈപ്പുനീരിനോടൊപ്പം എത്ര  പ്രലോഭനങ്ങൾ ഉണ്ടായാലും തകർക്കപ്പെടില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പവിത്രതയിൽ തെറ്റാണെന്ന്  തീർപ്പ് വന്നാലും വേറിട്ടു നിൽക്കുന്ന ശരികളെ മാത്രം ചേരുംപടി ചേർത്ത് എഴുതുന്നു. എബ്രഹാമും നാലു കണ്ണുകളും ഉയർന്നു പറക്കുമ്പോൾ ഇരു ചിറകുകളും അരിഞ്ഞുവീഴ്ത്തപ്പെട്ടു വെറും മണ്ണിൽ പുഴുവായി ഇഴഞ്ഞു തീർക്കുന്നവളുടെ മുന്നിൽ അനുഭൂതിയുടെ അവസാന വാക്ക് എഴുതി ചേർക്കുന്നു.
      
എബ്രഹാം… ഞാൻ പോവുകയാണ് . അർത്ഥമറിയാതെ പകച്ചുനിന്ന അസൈൻമെൻറിൽ ഒട്ടും പ്രതീക്ഷിക്കാത്ത കലാശക്കൊട്ട് എഴുതി ചേർത്തതിന് നന്ദി പറയാൻ ആഗ്രഹിക്കുന്നില്ല ..നിറവേറപ്പെടാതെ കശക്കി എറിയപ്പെട്ട എൻറെ മാതൃത്വം ഞാൻ  നിന്നെ ഏൽപ്പിക്കുന്നു. നിനക്കത് എങ്ങനെ വേണമെങ്കിലും സ്വീകരിക്കാം .ഗത്യന്തരമില്ലാതെ വന്നപ്പോൾ എൻറെ മുടിയിഴകളിൽ  ഒളിപ്പിച്ചുവെച്ച ആയിരത്തി ഒന്നാമത്തെ വാതിലിൻറെ  രഹസ്യം ഉറങ്ങുന്ന  താക്കോൽ പിഴുതെടുത്ത് നിന്നെ ഏൽപ്പിക്കുകയാണ് …ചിരിപ്പിച്ചതിന് , സിരകളിൽ ലഹരി പകർന്നതിന്, പ്രബലമായ  മിഥ്യകളെ മായ്ച്ചുകളഞ്ഞതിന്, വേദനകളിൽ കവിത ഒഴുക്കി തലോടിയതിന്.,അനാഥമായ സ്വപ്നത്തിന് നിഴൽ വരച്ചുചേർത്തതിന്,പഠിപ്പിച്ച പാഠങ്ങൾക്ക്, അണഞ്ഞു പോയേക്കാവുന്ന അവസാന നിമിഷം കൂടുതൽ ജ്വലിപ്പിച്ചു  നിർത്തിയതിന് സ്നേഹം…. സ്നേഹം മാത്രം …

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക