Image

സുരബാല (നോവൽ 16: വൈക്കം സുനീഷ് ആചാര്യ)

Published on 24 March, 2023
സുരബാല (നോവൽ 16: വൈക്കം സുനീഷ് ആചാര്യ)

എസ് പി ഫോണെടുത്തു. റെയിൽവേ എസ് ഐ രംകുമാർ മുദ്ഗക്കർ ആണ് അങ്ങേത്തലക്കൽ.
"സർ.. വേഗം ഇങ്ങോട്ടേക്ക് പുറപ്പെടൂ..ഒരു മണിക്കൂർ മുമ്പെങ്കിലും എത്തണം."
"ശരി.. ശരി."എസ് പി ഫോൺ കട്ട്‌ ചെയ്തു. സമയം നോക്കിയപ്പോൾ രണ്ടര കഴിഞ്ഞിരിക്കുന്നു. സമയം പോയതറിഞ്ഞില്ല.

"ശരി.. ഓഫീസർ. നമുക്ക് പറഞ്ഞ കാര്യങ്ങളുമായി മുമ്പോട്ടു നീങ്ങാം. പോലീസിന്റെ പൂർണ്ണ സഹകരണം ഞാൻ ഉറപ്പുതരുന്നു."

"ശരി.. എസ് പി.. അങ്ങനെയാവട്ടെ "
എസ് പി യാത്ര പറഞ്ഞിറങ്ങി. പുറകെ ഫയലുമായി ഷോലെയും.

"സാർ അപ്പോൾ ആ പയ്യനെ കാണാൻ സമയമില്ലല്ലോ "

"അത് പിന്നീടാവാം. ഇപ്പോൾ നമുക്ക് സെക്യൂരിറ്റിയെ പൊക്കാൻ പറ്റുമോന്ന് നോക്കാം "

ഇരുവരും ജീപ്പിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു.

"ഷോലെ തനിക്ക് ഈ ഫോറൻസിക്കിന്റെ വർത്തമാനം കേട്ടിട്ട് എന്ത്‌ തോന്നുന്നു.. എല്ലാവരും തുടക്കത്തിൽ സംസാരമൊക്ക ഗംഭീരമാണ്.. ചതി എവിടെന്ന് വരുമെന്നറിയില്ല. കാശ് കൊടുത്താൽ എന്ത്‌ തോന്നിവാസവും ഉദ്യോഗസ്ഥർ ചെയ്യും."

"അതു ശരിയാണ് സാർ.. എങ്കിലും നമുക്ക് ഒരു മുൻകരുതലോടെ കാര്യങ്ങൾ നീക്കാം."

എസ് പിയുടെ മനസ്സിൽ ചായക്കടക്കാരൻ പയ്യന്റെ മുഖം തെളിഞ്ഞു വന്നു. അവനിൽ നിന്ന് കാര്യമായ വിവരങ്ങൾ എന്തെങ്കിലും കിട്ടുമോ.എന്നാൽ അവന് കുഴപ്പമുണ്ടാകാൻ പാടില്ല. പയ്യൻ മൊഴി നൽകിയെന്ന് അറിഞ്ഞാൽ അവൻ ഉപദ്രവിക്കപ്പെടാൻ സാധ്യതയുണ്ട്. അപ്പോൾ അതും അതീവ രഹസ്യമായി ചെയ്യണം. കൂടെയുള്ള ഉദ്യോഗസ്ഥരെപ്പോലും വിശ്വസിക്കാൻ പ്രയാസമാണ്. ഷോലെയെ മാത്രം കണ്ണടച്ചു വിശ്വസിക്കാം.

പിന്നെ വലിയൊരു ദൗത്യം ബാക്കിയുള്ളത് മൃതദേഹത്തിന്റെ പുനപരിശോധനയാണ്. നാളിതുവരെ കേരളത്തിൽ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന കാര്യങ്ങൾ അന്വേഷിക്കാതിരുന്നത് പോലീസിന്റെ വീഴ്ചയാണ്.പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ എന്നനിലയിൽ തനിക്കു തടിയൂരാം.

 പക്ഷെ കോടതിയുടെ ചോദ്യത്തിന് പോലീസ് ഡിപ്പാർട്മെന്റ് ഉത്തരം പറയേണ്ടി വരും. ഒരു വ്യക്തിയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നിരിക്കെ മൃതദേഹം സാംസ്‌കാരിച്ച സ്ഥലത്തിന് പോലീസ് നിരീക്ഷണം ഏർപ്പെടുത്തേണ്ടതുണ്ട്.

ഇനിയിപ്പോൾ പുന പരിശോധനക്ക് പോകുമ്പോൾ മൃതദേഹം ആരെങ്കിലും മാറ്റുകയോ അവിടെ മണ്ണുമാറ്റി എന്തെങ്കിലും തെളിവുകൾ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ പറയണ്ട.എസ് പി വാച്ചിൽ സമയം നോക്കി. അൽപ്പസമയം കൂടി കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷനിൽ എത്തും.

"ഷോലെ.. ഫയൽ വണ്ടിയിൽ സുരക്ഷിതമായി വെക്കണം. എന്താ സംഭവിക്കുക എന്ന് പറയാൻ പറ്റില്ല."

"ശരി സാർ.."
ഷോലെ വണ്ടി പാർക്കിംഗിൽ ഒതുക്കി. ഫയൽ സീറ്റിനടിയിൽ ഒളിപ്പിച്ചു.

എസ് പി അപ്പോഴേക്കും റെയിൽവേ എസ് ഐ യെ വിളിച്ചു. അയാൾ അപ്പോഴേക്കും പുറത്ത് തന്നെയുണ്ടായിരുന്നു.

"ഹലോ ഗുഡ് ആഫ്റ്റർനൂൺ സാർ "അയാൾ എസ് പിയുടെ അടുത്തേക്ക് വന്നു.

"സ്റ്റേഷനുള്ളിൽ ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.. സാർ.. എങ്കിലും ഏതെങ്കിലും സ്റ്റേഷനിൽ അയാൾ ഇറങ്ങി രക്ഷപെട്ടാൽ..അതോർക്കുമ്പോൾ ഒരു ടെൻഷൻ "

"ടെൻഷൻ വേണ്ട.. അവനെ പിടിക്കാൻ അൽപ്പം കൂടി വൈകുമെന്ന് മാത്രം.സി സി ടി വി മുഖേന നമുക്ക് നോക്കാൻ പറ്റും. എവിടെയെങ്കിലും ഇറങ്ങിയിട്ടുണ്ടെങ്കിൽ. പിന്നെ അവന്റെ രേഖാചിത്രം എല്ലായിടത്തും കൈമാറിയിട്ടുണ്ട്."

"ഓഹ് ശരി സാർ.. അപ്പോൾ പ്രതീക്ഷക്ക്‌ വകയുണ്ട്.പിന്നെ എങ്ങനെയുണ്ട് സാർ അന്വേഷണം ഏറ്റെടുത്തിട്ട്.. നല്ല പുരോഗതിയുണ്ടെന്ന് അറിയാൻ കഴിഞ്ഞു."

'ഓഹ്.. ആദ്യം അന്വേഷിച്ചവർ താറുമാറാക്കിയിട്ടേക്കുവായിരുന്നു. പിന്നെ ആദ്യം മുതൽ തുടങ്ങി, "

"അല്ലെങ്കിലും മാരുതിയേപ്പോലുള്ളവരെ ആരെങ്കിലും ഏല്പിക്കുമോ ഇതൊക്കെ. അയാൾക്ക് എത്ര പ്രശ്നങ്ങളുള്ളതാണ്. കാക്കിക്കുള്ളിലെ ക്രിമിനലാണ് അയാളെന്ന് എല്ലാവർക്കുമറിയാം."

"അതാണല്ലോ നമ്മുടെ സർക്കാരിന്റെ ഗുണം.. അവർക്ക്‌ എങ്ങനെയാണോ കേസ് കൊണ്ടു പോകാൻ ആഗ്രഹം അതനുസരിച്ചു വേണ്ടപ്പെട്ടവരെ നിയമിക്കും "

"നമുക്ക് സ്റ്റേഷനുള്ളിലേക്ക് പോകാം. സാറിന്  ക്രമീകരണങ്ങൾ ബോധ്യപ്പെടുകയും ചെയ്യാം."

"ശരി.. വരൂ "

ഷോലെയും എസ് പിയും രാം കുമാറിന്റെ പിന്നാലെ നടന്നു.

"ഷോലെ.. ഒന്ന് ചുറ്റുപാടും വീക്ഷിച്ചോളൂ.. ആരെങ്കിലും പിന്തുടരുന്നുണ്ടോയെന്നറിയണം."

"ഞാൻ നോക്കുന്നുണ്ട് സാർ "

ഷോലെയോട് എല്ലാം പ്രത്യേകം പറയേണ്ട കാര്യമില്ലന്ന് എസ് പിക്കറിയാം. കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാനുള്ള ബുദ്ധിയുള്ള പോലീസുകാരൻ. ആത്മാർത്ഥതയുമുണ്ട്.

സ്റ്റേഷനുള്ളിൽ എല്ലായിടത്തും മഫ്ടി പോലീസിനെ നിർത്തിയിട്ടുണ്ട്.എല്ലാവർക്കും കോഡും പറഞ്ഞു കൊടുത്തിട്ടുണ്ട്. വലിയ പോലീസ് സന്നാഹം കണ്ടാൽ ആളുകൾ ഭയക്കും. യാത്രക്കാർ ഒരുപാട് വരുന്ന സ്ഥലമാണ്. അതിലും പ്രധാനകാര്യം വിവരം സെക്യൂരിറ്റിയെ ആരെങ്കിലും അറിയിച്ചാൽ രാംകുമാർ പറഞ്ഞത് പോലെ വേറെ ഏതെങ്കിലും സ്റ്റേഷനിൽ ഇറങ്ങാൻ സാധ്യതയുണ്ട്.

എസ് പി എല്ലാം നോക്കി വിലയിരുത്തി.പ്ലാറ്റ് ഫോമിന്റെ രണ്ടു വശത്തും പോലീസുണ്ട്. സി സി ടി വി ക്യാമറകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

അപ്പോഴാണ് അനൗൺസ്‌മെന്റ് കേട്ടത്.

"യാത്രക്കാർ ദയവായി ശ്രദ്ധിക്കുക ട്രെയിൻ നമ്പർ 12903 ഹൗറ മുംബൈ എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ 3 ഉടൻ എത്തിച്ചേരുന്നതാണ് "

റെയിൽവേ എസ് ഐ രാം കുമാർ എല്ലാവർക്കും നിർദേശങ്ങൾ കൊടുത്തു. മഫ്ട്ടി പോലീസുകാർ ജാഗരൂകരായി കാത്തുനിന്നു. വീണ്ടും അനൗൺസ്മെന്റ് വന്നു.

"യാത്രക്കാർ ദയവായി ശ്രദ്ധിക്കുക ട്രെയിൻ നമ്പർ 12903 ഹൗറ മുംബൈ എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ 3 ഉടൻ എത്തിച്ചേരുന്നതാണ് "

എല്ലാവരുടെയും കണ്ണുകൾ റെയിൽവേ പാളത്തിന്റെ  അകലങ്ങളിലേക്ക്. പതുക്കെ ട്രെയിന്റെ എൻജിൻ ഭാഗം ദൃശ്യമായി തുടങ്ങി.ഹൗറ-മുംബൈ എക്സ്പ്രസ് പ്ലാറ്റ്ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

എസ് പി ഫോണിൽ ജയദേവ് അയച്ചു തന്ന വിവരങ്ങൾ ഒന്നുകൂടി നോക്കി. എസ് -12 ആണ് ബോഗി നമ്പർ. പക്ഷെ എന്നാലും ഇതിന് മുമ്പുള്ള സ്റ്റേഷനിൽ ഇറങ്ങാനുള്ള സാധ്യതയും ബോഗി മാറിക്കയറി തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബോഗി മാറിക്കയറുന്നത് പ്രശ്നമില്ല. സ്റ്റേഷനിൽ മുഴുവനും പോലീസ് മഫ്ട്ടിയിലുണ്ട്.

ട്രെയിൻ പ്ലാറ്റ്ഫോമിലെത്തിക്കഴിഞ്ഞു. ആളുകൾ പരക്കം പായുന്നു. പോലീസിന്റെ കണ്ണുകൾ ഒരാളെ മാത്രം തിരയുന്നു. കണ്ട്രോൾ റൂമിൽ സി സി ടി വി ദൃശ്യങ്ങളും തത്സമയം നിരീക്ഷിക്കുന്നുണ്ട്.


എസ് പിയും ഷോലെയും ഓരോരുത്തരേയും മാറി മാറി നോക്കുന്നുണ്ട്. തലയിൽ ഷാൾ ചുറ്റിയവരോട് അഴിക്കുവാൻ ആവശ്യപ്പെട്ടു. പ്ലാറ്റ്ഫോം മുഴുവനും തിരച്ചിൽ ഊർജ്ജിതമായി.

പക്ഷെ സെക്യൂരിറ്റിയെ കണ്ടെത്താനായില്ല. വീണ്ടും തിരച്ചിൽ തുടരാൻ നിർദ്ദേശം കൊടുത്തിട്ട് എസ് പിയും ഷോലെയും ടി ടിയുടെ ഓഫീസിലേക്ക് പോയി. ടിക്കറ്റ് പ്രകാരമുള്ളയാൾ ട്രെയിനിലുണ്ടായിരുന്നോയെന്നറിയാൻ കഴിയുമല്ലോ.

ടി ടി യുടെ ഓഫീസിൽ പോയി പരിശോധിച്ചു. ഒരു ബംഗാളി സുരേന്ദ്ര ബാനർജിയായിരുന്നു ടി ടി. സെക്യൂരിറ്റി ഗോപാൽ ദാസ് ഹൗറ സ്റ്റേഷനിൽ നിന്ന് കയറിയിട്ടുണ്ട്.  കല്യാൺ സ്റ്റേഷനിലും ടിക്കറ്റ് പരിശോധിച്ചത് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ കല്യാണിൽ നിന്ന് മുംബൈ വരെയുള്ള സ്റ്റേഷനിടയിൽ എവിടെയോ സെക്യൂരിറ്റി ഇറങ്ങിയിട്ടുണ്ട്.വീണ്ടും ടി ടിയോട് ഏതൊക്കെ സ്റ്റേഷനാണ് കല്യാണിനും മുംബൈക്കുമിടയിലുള്ളതെന്ന് അന്വേഷിച്ചു.

(തുടരും )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക