Image

കള്ളാണു താരം പക്ഷേ, പെണ്ണുങ്ങള്‍ അത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ല( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 24 March, 2023
കള്ളാണു താരം പക്ഷേ, പെണ്ണുങ്ങള്‍ അത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ല( ദുര്‍ഗ മനോജ് )

ഉത്തരത്തിലുള്ളത് എടുക്കണം. പക്ഷേ, കക്ഷത്തിലുള്ളത് താഴെ വീഴരുത്, ഇപ്പോള്‍ ഈ പഴഞ്ചൊല്ല് ഏറ്റവും അനുയോജ്യമായത് നമ്മുടെ എക്‌സൈസ് വകുപ്പിനാണ്. ആരു സമ്മതിച്ചില്ലെങ്കിലും മദ്യവും ലോട്ടറിയും കൂടിയാണ് സംസ്ഥാനത്തെ ഒന്ന് പിടിച്ചു നിര്‍ത്തുന്നത് സംസ്ഥാനത്തെ കുടിയന്മാര്‍ക്കും ഭാഗ്യാന്വേഷികള്‍ക്കും ഉറപ്പുണ്ട്. അക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റിനും സംശയമൊന്നുമില്ല. അതു കൊണ്ടൊക്കെയാണ്, സംസ്ഥാനത്ത് ബാറുകള്‍ക്കു നല്‍കുന്ന പോലെ സ്റ്റാര്‍ പദവി കള്ളുഷാപ്പുകള്‍ക്കും ബാധകമാക്കാന്‍ നര്‍ക്കാര്‍ തീരുമാനിച്ചത്. കുറേയേറെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുതുക്കിയ മദ്യനയം ഏപ്രില്‍ ഒന്നിനു നിലവില്‍ വരും. അതോടെ കള്ളുഷാപ്പുകളുടെ ആ പഴയ രൂപത്തിന് മാറ്റം വരും. അതുപോലെ ഉടുമുണ്ടഴിച്ചു തലയില്‍ കെട്ടി ഡാന്‍സ് ചെയ്യാനും, തമ്മില്‍ത്തല്ലു നടത്താനുമൊക്കെ ഇനി ബുദ്ധിമുട്ടാകും. കേരളത്തിലെ കള്ളുവ്യവസായത്തെ പരിപോഷിപ്പിക്കണം എന്നാണ് എക്‌സൈസ് നിലപാട്. കള്ള് ഷാപ്പ് ലേലത്തില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ കൊണ്ടുവരികയാണ് പുതിയ മദ്യനയത്തില്‍. നിലവില്‍ ഒരു തെങ്ങില്‍ നിന്നും ചെത്താവുന്നത് 2 ലിറ്റര്‍ കള്ളാണ്.അത് വര്‍ദ്ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം പഠിക്കാന്‍ സമിതിയെ നിയോഗിക്കും. (സമിതിയും പഠനവുമില്ലാത്ത ഒരു പരിപാടിയും ഇല്ല ) അതുപോലെ പഴയ മദ്യനയത്തില്‍ ഉള്‍പ്പെട്ടതും സമവായം ഉണ്ടാകാതെ നടപ്പിലാക്കാതെ പോയതുമായ ഒരു സംഗതിയുണ്ട്, ഐടി പാര്‍ക്കുകളിലെ ബാറ് എന്ന ആശയം, അത് ഐടി പാര്‍ക്കിലെ ക്ലബ്ബുകള്‍ക്കു നല്‍കി ബാര്‍ നടത്തിക്കുക എന്ന തീരുമാനമായിട്ടുണ്ട്.

അതായത്, കള്ള് കുടിക്കാന്‍ എ.സി കള്ളുഷാപ്പ്, തുടങ്ങിയ പരിഷ്‌കാരങ്ങള്‍ കടന്നു വരുമെന്നു പ്രതീക്ഷിക്കാം. എന്നു വെച്ചാല്‍ കള്ളിനെ കൂടുതല്‍ ജനകീയമാക്കാനാണ് എക്‌സൈസ് തീരുമാനിച്ചിരിക്കുന്നത് എന്നു ചുരുക്കം.

പക്ഷേ, എന്തോ ഒരു പൊരുത്തക്കേടുണ്ട് എക്‌സൈസിന്റെ ആ തീരുമാനത്തില്‍. കാരണം, ഇതേ എക്‌സൈസ് ആണല്ലോ കള്ളുകുടി പ്രോത്സാഹിപ്പിച്ചു എന്നു പറഞ്ഞ് ഒരു യുവതിയെ അറസ്റ്റ് ചെയ്തത്. അതായത്, താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കള്ളുകുടിക്കുന്നത്, യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതു വഴി കള്ളുകുടിയെ പ്രോത്സാഹിപ്പിച്ചു എന്നാണ് കേസ്. അവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അപ്പോ നമ്മുടെ ബോബി ചെമ്മണ്ണൂരിനെക്കൊണ്ട് അഭിനയിപ്പിച്ച പരസ്യം സോഷ്യല്‍ മീഡിയയില്‍ വന്നത് തെറ്റല്ലേ? അതോ യുവതി കള്ളുകുടിച്ചതാണോ എക്‌സൈസിന്റെ പ്രശ്‌നം?


കള്ളിനെ പ്രോത്സാഹിപ്പിക്കണം, പക്ഷേ, പ്രോത്സാഹിപ്പിക്കാന്‍ പെണ്ണുങ്ങള്‍ വേണ്ട എന്നതാണോ നയം?
അങ്ങനെ പെണ്ണുങ്ങള്‍ക്കു വിലക്കുള്ള ഒന്നാണോ ഇന്ത്യാമഹാരാജ്യത്ത് ഈ കള്ള്? കള്ള് ഉള്‍പ്പെടെ മദ്യം ആരോഗ്യത്തിന് ഹാനികരമെങ്കില്‍ അതു മൊത്തത്തില്‍ നിരോധിക്കുകയല്ലേ വേണ്ടത്?

പാവം എക്‌സൈസുകാര്‍, നിയമം വലിയ നൂലാമാലയാണ്. അതിനിടയില്‍ എന്തിനും ഏതിനും ഇടങ്കോലിടാന്‍ സോഷ്യല്‍ മീഡിയയും. ഇപ്പോള്‍ ഉത്തരത്തിലിരിക്കുന്നത് കിട്ടിയതുമില്ല, കക്ഷത്തിലിരിക്കുന്നത് താഴെ വീണു പൊട്ടുകയും ചെയ്തു എന്ന അവസ്ഥയിലായി. പാവങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക