Image

മത്തായിക്കുട്ടനും കിട്ടാനുള്ള കാശും തരാനുള്ള സര്‍ക്കാരും പിന്നെ കോടതികളും (ശ്രീകുമാര്‍ പഴേടത്ത്, കൊടകര)

ശ്രീകുമാര്‍ പഴേടത്ത്, കൊടകര Published on 24 March, 2023
മത്തായിക്കുട്ടനും കിട്ടാനുള്ള കാശും തരാനുള്ള സര്‍ക്കാരും പിന്നെ കോടതികളും (ശ്രീകുമാര്‍ പഴേടത്ത്, കൊടകര)

നമുക്കു തരാനുള്ള കാശാവുമ്പോള്‍ സര്‍ക്കാരുകളത് ഇഷ്ടമുള്ളതുപോലെ നമ്മെ മാക്‌സിമം കഷ്ടപ്പെടുത്തി ഗുണമില്ലാത്ത രീതിയില്‍ തരും. ഗുണമില്ലാത്ത രീതി എന്ന് ഇവിടെ ഉദ്ദേശിച്ചത് വ്യക്തമാക്കാം:

 കതിനക്കുറ്റിവകുപ്പിലെ ജീവനക്കാരനായ മിസ്റ്റര്‍ മത്തായിക്കുട്ടിക്ക് 2000മാണ്ടുമുതല്‍ ശമ്പളവര്‍ദ്ധനയായി നിയമപ്രകാരം 500 ഉറുപ്പിക മാസംതോറും കിട്ടേണ്ടതാണെന്നു കരുതുക. അതവര്‍ തരുന്നില്ല. മത്തായിക്കുട്ടി വാമൊഴിയാല്‍ ചോദിച്ചു, തരുന്നില്ല. എഴുതിച്ചോദിച്ചു. തട്ടാമുട്ടി പറഞ്ഞ് തരാതിരുന്നു. സഹികെട്ട് മത്തായിക്കുട്ടി ട്രൈബ്യൂണലില്‍ കേസ് കൊടുത്തു. ഒര് 4 കൊല്ലം കഴിഞ്ഞപ്പോ ട്രൈബ്യൂണല്‍ വിധിച്ചു :

'മത്തായി പാവം! പ്രാരബ്ധക്കാരന്‍. നിയമപ്രകാരമുള്ളതല്ലേ ചോദിച്ചുള്ളൂ? 
 കൊട് സര്‍ക്കാരേ കാശ്. '

വിധിപ്പകര്‍പ്പുകിട്ടിയ മത്തായിക്കുട്ടന്‍ തുള്ളിച്ചാടി. 

'തോനെ കായികള് വക്കീലിന് കൊടുത്താലെന്താ? ജയിച്ചില്യോ?'

 കണ്ടവരോടൊക്കെ മത്തായിക്കുട്ടി  നെഞ്ചുവിരിച്ചുനിന്ന് പറഞ്ഞു. പിന്നെ വിധിപ്പകര്‍പ്പിന്റെ കോപ്പിയെടുത്ത്, കൂടെ അപേക്ഷയായിട്ടെഴുതിയ  തന്റെ പഴയ ആവശ്യവുമായി അധികാരികളെ കാണുന്നു. അധികാരി പറയുന്നു:

'നെണക്ക് കാശല്ലേ വേണ്ടത്? അഞ്ഞൂറുര്‍പ്യവീതം മാസംതോറും? ... വിധി കണ്ടു. തരാഡപ്പാ. മേലാവിലൊന്ന് ചോദിച്ചോട്ടെ. ഇല്ലെങ്കി അവര് പെണങ്ങും. പിന്നെ വഴിക്കുവെച്ച് കണ്ടാ അവര് മിണ്ടൂല '

മത്തായിക്കുട്ടി സമ്മതിച്ചു. ഇത്രേം നാള് വെയ്റ്റ് ചെയ്തില്ലേ? ത്തിരിംകൂടെ വെയ്റ്റ് ചെയ്യാം. മാസങ്ങള്‍ അഞ്ചുപത്ത് കഴിഞ്ഞു. ഒരനക്കവുമില്ല. മേലാവീന്ന് മറുപടി കിട്ടിയില്ലെന്ന് ഉത്തരം. കടക്കാര് സൈ്വരം തരുന്നില്ല. പെണ്ണിന്റെ പണ്ടം പണയംവെച്ചത് ലേലത്തില്‍ പോകാറായി. മകന് മൊബീല്, മോള്‍ക്ക് പുതിയ ജാതി ലെഹങ്ക... ഇതുവരെ കിട്ടാനുള്ളത് 30000 രൂപയാണ്.പിന്നെ അതിന്റെ അലവന്‍സുകളും. മൊത്തം 40000 എന്ന് പരുക്കനായി പറയാം. 

ക്ഷമകെട്ട് മത്തായിക്കുട്ടി കോടതിയലക്ഷ്യം ഫയല്‍ ചെയ്തു.കോടതിനോട്ടീസ് അധികാരിയിലേക്ക് വെച്ചടിവെച്ചടി  കയറിയെത്തി. രണ്ടുമൂന്നുദിവസം മാരകമായ പിരിമുറുക്കം. പിന്നെയതാ ഹൈക്കോടതിയില്‍നിന്ന് ഒരു കടദാസ് മത്തായിക്കുട്ടിക്ക് കിട്ടുന്നു.

'ട്രൈബ്യൂണലിന്റെ വിധിക്കെതിരേ ആണ്ടേ, സര്‍ക്കാര് അപ്പീല് തന്നണ്ട്. നെണക്ക് വല്ലതും പറയാനുണ്ടാവോ ആവോ?' 

ആസനത്തില്‍ കമ്പി പഴുപ്പിച്ചു വെച്ചതുപോലെ മത്തായിക്കുട്ടി ഒറ്റച്ചാട്ടം. പിന്നെ വക്കീല്‍, സത്യവാങ്മൂലം, കേസ്, വക്കീല്‍ ഫീസ് ... ഒരേഴു കൊല്ലം കഴിഞ്ഞുകിട്ടി. രണ്ടു ഭാഗവും കേട്ട കോടതി തലവിധിപറഞ്ഞു:

' ഓന്‍ നിയമപ്രകാരമുള്ളതല്ലേ ചോയിച്ചുള്ളൂ? അതങ്ങ് കൊടുത്ത്  ഒഴിവാക്ക്. മൂന്നു മാസത്തെ സമയം തരും.'

പഴയത്ര ഉയരത്തിലല്ലെങ്കിലും ഇക്കുറിയും മത്തായിക്കുട്ടന്‍ തുള്ളിച്ചാടി.

'ചുമ്മാണ്ടല്ലാ, ചൊളചൊളപോലെ കായികള് മൊടക്കി കേസ് നടത്തിട്ടാ!'

കാണുന്നവരോടൊക്കെ പറഞ്ഞുനടന്നു. വീട്ടിലും ആഘോഷം. ആവശ്യങ്ങള്‍ കൂടുന്നു. പണ്ടം, ലാപ്‌ടോപ്പ്, വീട് പുതുക്കിപ്പണിയല്‍ ....

വിധിപ്പകര്‍പ്പുമായി അധികാരിക്ക് കത്തെഴുതി. കിട്ടാനുള്ളത് ഒന്നുരണ്ട് ലക്ഷം വരും. 

' മിടുക്കന്‍! തന്നെ സമ്മതിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് തരാന്‍ ശ്രമിക്കാം'

മേലധികാരി ഷെയ്ക്ക്ഹാന്‍ഡ് തന്നു. ഒരഞ്ചുമാസം കഴിഞ്ഞു. ഒരനക്കവുമില്ല. മത്തായിക്കുട്ടി പരവേശവും സങ്കടവും അപമാനവും സഹിയാതെ കോടതിയലക്ഷ്യം ഫയല്‍ ചെയ്യുന്നു. കോടതിയില്‍നിന്ന് നോട്ടീസ് അധികാരിയിലേക്ക് പാഞ്ഞെത്തി.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ അതാ വരുന്നു സുപ്രീം കോടതിയില്‍നിന്ന് കടലാസ്.

' ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നു. അധികാരി ഫയല്‍ ചെയ്ത SLP ഫയലില്‍ സ്വീകരിക്കണമോ വേണ്ടയോ? മി. മത്തായിക്കുട്ടിക്ക് എന്താണ് പറയാനുള്ളത്? '

തന്റെ വര്‍ണ്ണമോഹങ്ങള്‍ക്കുമേല്‍ കോഴിക്കാട്ടം തേച്ചതുപോലെ തോന്നിയ മത്തായിക്കുട്ടി ചുരുങ്ങിയ ചെലവില്‍ സുപ്രീംകോടതിയില്‍ ചെല്ലാവുന്ന ഒരു വക്കീലിനെ തപ്പിപ്പിടിച്ചെടുത്ത് കേസ് നടത്തുന്നു. അപ്പുറത്ത് ഒരു സിറ്റിങ്ങിന് 5 ലക്ഷമൊക്കെ വാങ്ങുന്ന വക്കീലുകള്‍ നിരന്നു. 

കേസ് 7 വര്‍ഷം നീണ്ടു. രണ്ടു ഭാഗവും വിസ്തരിച്ചുകേട്ട കോടതി ഉത്തരവായതിങ്ങനെ:

' നിയമദൃഷ്ട്യാ ഹൈക്കോടതിയുടെ വിധിയില്‍ യാതൊരു പന്തികേടും കാണാനാവുന്നില്ല. സര്‍ക്കാരിന്റെ SLP തള്ളുന്നു.'

ഇത്തവണ മത്തായിക്കുട്ടന്‍ തുള്ളിച്ചാടിയില്ല. വിഷാദത്തോടെ ഒന്ന് ചിരിച്ചു. 19-20 വര്‍ഷം കേസു നടത്തി. വക്കീലന്മാര്‍ക്ക് നല്ല സംഖ്യ കൊടുത്തു. ഇനി 14 ലക്ഷം രൂപ കിട്ടും. എന്നാല്‍ അത്രയും കിട്ടുമോ? അതില്‍നിന്ന് ഇന്‍കം ടാകസായി 3 ലക്ഷത്തോളം പോകും. ബാക്കിയുള്ളതുകൊണ്ട് നിലവിലെ കടങ്ങള്‍ ആവുന്നത്ര വീട്ടണം. 

നാലഞ്ചു മാസമായിട്ടും അധികാരികള്‍ പണം തരുന്ന ലക്ഷണമില്ല. വീണ്ടും കോടതിയലക്ഷ്യം ഫയല്‍ ചെയ്യുന്നു. പത്തുദിവസത്തിന്നുള്ളില്‍ മത്തായിക്ക് കിട്ടാനുള്ള തുകയുടെ ഓര്‍ഡര്‍ അധികാരികള്‍ പാസ്സാക്കുന്നു. 

അപ്പോളും കിട്ടുന്നത് 2000 മാണ്ടില്‍ കിട്ടേണ്ട മാസംതോറുമുള്ള 500 രൂപയും അതിന്റെ അലവന്‍സുകളും, അതിനാല്‍ ഭാവിയില്‍ വരുന്ന വേതനവ്യത്യാസവുംമാത്രം.

നോക്കൂ. 2000മാണ്ടില്‍ 500 രൂപയ്ക്ക് എന്തൊക്കെ വാങ്ങാന്‍ കിട്ടുമായിരുന്നു! ഇന്ന് 500 രൂപയ്ക്ക് അത്രയും സാധനങ്ങള്‍ കിട്ടുമോ? അന്ന് 1 ലിറ്റര്‍ പെട്രോളിന് 25-30 രൂപയോ മറ്റോ ആയിരുന്നു. ഇന്നോ? ഈ തുക ലഭിക്കാനായി വക്കീല്‍ഫീസായി എത്ര ചെലവാക്കി? കടംവാങ്ങി പലിശ കൊടുത്ത് എത്ര കാര്യങ്ങള്‍ നടത്തി? ഇത് തനിക്ക് തരാനുള്ള പൈസയായതിനാലല്ലേ ഇത്രയും കടമ്പകള്‍? ഇത് തെറ്റായി തനിക്കു തന്ന വല്ല പണവും തിരിച്ചുപിടിക്കാനായിരുന്നെങ്കിലോ? അപ്പോള്‍ :

'ആ കാശ് പാവത്തിന്റെ കൈയില്‍നിന്ന് തിരിച്ചുപിടിക്കണോ?'

 എന്നറിയാന്‍ അധികാരികള്‍ക്ക് ആരോടും ചോദിക്കാനുണ്ടാവില്ല. അടുത്ത മാസത്തില്‍ത്തന്നെ പിടി തുടങ്ങില്ലേ?

മത്തായിക്കുട്ടിക്ക് കാശു കിട്ടിയതറിഞ്ഞ്, നിയമപ്രകാരം ഇതുപോലെ വര്‍ദ്ധനവു കിട്ടേണ്ട പത്തിരുപതുപേര്‍, ഒതുക്കത്തില്‍ മത്തായിക്കുട്ടിയോട് കോടതിവിധിയുടെ പകര്‍പ്പു വാങ്ങി തങ്ങള്‍ക്കും (മുസലിയാര്‍ക്കും) ഇങ്ങനെ തരണമെന്ന് വിനീതമായി അപേക്ഷിച്ച് അധികാരിക്ക് കത്തുകള്‍ നല്‍കി. അതിന് അധികാരികള്‍ പറഞ്ഞതാവിത്:

' അതിപ്പോ ഓന്‍ കേസിനു പോയി. ഓന് കിട്ടി. ഓനുമാത്രം കൊടുത്താ മതീന്നാ മേലാവീന്ന് കല്‍പ്പന (ഉര്‍വ്വശിയുടെ ചേച്ചി )'

ഈയൊരു കവിതയോടെ ഈ അറുബോറന്‍ പരിപാടി നിറുത്ത ട്ടേ: ഇത്രയായില്ലേ? ഇനി കവിതേംകൂടെ വായിച്ചിട്ട് പോയാമതി. ന്നാ പിടി: -

ആമുഖം.

പ്രമോഷന്‍ വേണമെങ്കില്‍ കേസിനു പോണം, ഇന്‍ക്രിമെന്റ് വേണമെങ്കില്‍ കേസിനു പോകണം,
തന്ന ശമ്പളം തിരിച്ചുപിടിക്കാതിരിക്കാന്‍ കേസിനു പോകണം,
തിരിച്ചുപിടിച്ചാല്‍ അത് തിരികെക്കിട്ടാന്‍ 
കേസിനു പോകണം. വ്യവഹാരമില്ലാതെ ഒന്നും തരില്ലെന്ന് ആര്‍ക്കോ വാശികയറിയപോലെ. വല്ലാത്ത നിര്‍ഭാഗ്യമെന്നേ പറയാവൂ. 

വല്ലാത്ത ലോകം......!

കേസുകെട്ട് (കവിത)
  
വക്കീല്‍പണം കയ്യിലില്ലാത്തയാളുകള്‍,
പിണ്ണാക്കുതിന്നും കഴിഞ്ഞുകൊണ്ടീടുക.
ചക്കിലിട്ടാട്ടിയാലെണ്ണ കിട്ടുമ്പൊഴും
എള്ളിന്റെയുള്ളില്‍ കരച്ചിലെന്നോര്‍ക്കുക.
പാലപ്പമില്ലാതെ പ്രാതലില്ലെങ്കിലും
കാപ്പിയ്‌ക്കൊഴിക്കുവാന്‍ പാലില്ലനിര്‍ണയം.
എത്ര മേല്‍ പാടം നിറഞ്ഞുതുളുമ്പിലും
തേക്കുകൊട്ടയ്ക്കുള്ള ദാഹം ശമിച്ചിടാ!
മിണ്ടാതിരിക്കുവാനെത്രനോക്കീടിലും
തൊണ്ടയ്ക്കുകുത്തിപ്പിടിക്കയല്ലോസദാ
വേണ്ട വേണ്ടായെന്നുറച്ചുപിന്മാറിയാല്‍
ഞോണ്ടിഞോണ്ടിച്ചിരം സൈ്വരംകെടുത്തയായ്!
പട്ടുനൂലൊക്കെത്തരാക്കിയെന്നാകിലും
വിട്ടുനല്‍കാപ്പുഴുജന്മമൊന്നെങ്കിലും!
നീതിക്കുവേണ്ടിക്കരച്ചില്‍തുടങ്ങിയാല്‍
കാതുകള്‍പൊത്തിടും കേള്‍ക്കുവാനുള്ളവര്‍!
ഊന്നുവാനുള്ള കോല്‍ ചോദിയ്ക്കയെങ്കിലോ
നൂറുനൂറായിരം ശങ്കയുദിക്കയായ്.
തല്ലിയൊതുക്കുവാനുള്ള കോലെങ്കിലോ,
ശങ്കയില്ലാതെത്തരുന്നുണ്ടു വേലികള്‍!

...........മേളമില്ലെങ്കിലും കോലുകള്‍കാണിച്ചു
ചെണ്ടയെച്ചാലെവിരട്ടുന്നമാതിരി........

ഉച്ചിയില്‍വച്ചകൈ ആശീര്‍വദിക്കുമെ-
ന്നാശിച്ചുനില്‍ക്കെ,പ്പറിച്ചെടുക്കും മുടി....!???

... ശുഭസ്യ ശീഘ്രം!

NB : 
ഇത് തികച്ചും  സാങ്കല്‍പ്പികകഥയാണ്. ഇതിലെ വിവരണങ്ങള്‍ തികച്ചും ഭാവനാജന്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക