Image

ആൽത്തറയിലെ പരദൂഷണം ( റൂബിയുടെ ലോകം : റൂബി എലിസ )

Published on 24 March, 2023
ആൽത്തറയിലെ പരദൂഷണം  ( റൂബിയുടെ ലോകം : റൂബി എലിസ )

ഗ്രാമത്തിലെ സാധുവായ ഒരു കൃഷിക്കാരനായിരുന്നു കിട്ടു. അയാളും ഭാര്യയും നന്നായി അധ്വാനിച്ചു ജീവിച്ചു വരികയായിരുന്നു. കാർഷിക ഉൽപന്നങ്ങൾ ചന്തയിൽ കൊണ്ടുപോയി വിൽക്കുകയും മറ്റു സാധനങ്ങൾ വാങ്ങുകയും ചെയ്യുമ്പോഴുള്ള ചുമടുതാങ്ങാനായി അവർക്കൊരു കഴുതയും ഉണ്ടായിരുന്നു.

ഒരു ദിവസം - നടന്നു ക്ഷീണിച്ച ഭാര്യയെ കഴുതപ്പുറത്ത് ഇരുത്തി കിട്ടു ചന്തയിലേക്കു നടന്നപ്പോൾ പാതയോരത്തുള്ള ആലിൻചുവട്ടിലെത്തി. അവിടെ പണിയൊന്നും ചെയ്യാതെ കുറച്ചു പേർ കുത്തിയിരിപ്പുണ്ടായിരുന്നു.

ഒരുവൻ പറഞ്ഞു - "ദേ.. നോക്കൂ.. ഒരു പെൺകോന്തൻ വരുന്നതു കണ്ടോ. ഭാര്യയെ കഴുതപ്പുറത്തു കയറ്റി അവൻ നടന്നു പോകുന്നു"
കിട്ടുവും ഭാര്യയും അതു കേട്ടിട്ടും ഒന്നും മിണ്ടാതെ നടന്നു പോയി. എങ്കിലും അവർ വീട്ടിലെത്തിയപ്പോൾ ഇക്കാര്യം തിരുത്താമെന്ന് ഉറപ്പിച്ചു. അടുത്ത ദിവസം താൻ കോന്തനല്ലെന്ന് അറിയിക്കാനായി കിട്ടു കഴുതപ്പുറത്തു കയറി. ഭാര്യ ഒപ്പം നടന്നു. അപ്പോൾ ആലിൻചുവട്ടിലെ ഒരാൾ പറഞ്ഞു -"ഹൊ! ഇവനെന്തു സാധനമാണ്! ക്ഷീണിച്ച ഭാര്യയെ നടത്തിയിട്ട് കേമനായിട്ട് കഴുതപ്പുറത്തു കയറിയിരിക്കുന്നു"

ഇതു കേട്ട് അടുത്ത ദിവസം അവർ രണ്ടു പേരും കൂടി കഴുതപ്പുറത്തു കയറി ചന്തയിലേക്കു പോയി. അന്നേരം, വഴിയിൽ ഒരാൾ പറഞ്ഞു -
"കഷ്ടം! ഒരു സാധു കഴുതയുടെ പുറത്ത് രണ്ടും കൂടി പോകുന്നതു കണ്ടില്ലേ? ഇവർക്കു നടന്നു പോകാൻ പാടില്ലേ?"
കിട്ടുവും ഭാര്യയും പിന്നെയും അങ്കലാപ്പിലായി. ഇനിയെന്തു ചെയ്യും?

അടുത്ത ദിനം അവർ കയ്യിലൊന്നും പിടിക്കാതെ ചുമടുമാത്രം കഴുതപ്പുറത്തു വച്ചു നടന്നു. ആലിൻചുവട്ടിലെ ഒരാൾ പറഞ്ഞു -
"ആ സാധു മൃഗത്തിനു മാത്രം ഇത്രയും ചുമടു കൊടുക്കാതെ രണ്ടു പേർക്കും കൂടി കുറച്ചെങ്കിലും ചുമക്കാൻ വയ്യേ ?"
അതുകേട്ട് കിട്ടുവും ഭാര്യയും വീണ്ടും കുഴങ്ങി.

അടുത്ത ദിവസം -
കിട്ടുവും ഭാര്യയും ഓരോ ചുമടുവീതം തലയിൽ വച്ചു കൊണ്ട് നടന്നു പോയി. ഒപ്പം കഴുത വെറുതെ നടന്നു. ആളുകൾ ഇല്ലാത്ത സ്ഥലം വരുമ്പോൾ മാത്രം ചുമടു കഴുതപ്പുറത്തു വയ്ക്കാമെന്നും കരുതി. പക്ഷേ, ആലിൻചുവട്ടിലെ ഒരുവൻ വിളിച്ചു പറഞ്ഞു -
"ഹ..ഹ.. മണ്ടശിരോമണികൾ! കഴുതയെ വെറുതെ നടത്തിയിട്ട് ചുമടു സ്വയം ചുമക്കുന്ന രണ്ടു മരക്കഴുതകൾ"അപ്പോഴും അവരൊന്നും മിണ്ടാതെ നടന്നുപോയി.

അടുത്ത ദിവസം രാവിലെ ചന്തയിലേക്ക് അവർ പോയില്ല. കാരണം, ആളുകളുടെ ഏഷണികളെ കിട്ടുവും ഭാര്യയും പേടിച്ചു തുടങ്ങി. അന്ന്, പകൽ കഴുതയ്ക്ക് ഏതോ ദീനം പിടിപെട്ടു. ആഹാരമൊന്നും കഴിക്കാൻ കൂട്ടാക്കാതെ അതു തളർന്ന് അന്നു രാത്രിയിൽത്തന്നെ ചത്തുപോയി.

രണ്ടു ദിവസങ്ങൾക്കു ശേഷം കിട്ടുവും ഭാര്യയും ചന്തയിലേക്കു നടന്നപ്പോൾ ആലിൻചുവട്ടിൽ നാലഞ്ചു പേർ ഇരുന്നു വർത്തമാനം പറയുന്നുണ്ടായിരുന്നു.
ഒരുവൻ പറഞ്ഞു - "ഇവരുടെ കഴുതയെ കാണുന്നില്ലല്ലോ. ചിലപ്പോൾ അതിനെ കണ്ടമാനം പണിയെടുപ്പിച്ചപ്പോൾ ചത്തുപോയിക്കാണും"
ഉടൻ , മറ്റൊരുവൻ അഭിപ്രായപ്പെട്ടു - "ഏയ്, അതായിരിക്കില്ല, കാര്യം - ഇവറ്റകൾക്ക് തലയ്ക്ക് യാതൊരു വെളിവുമില്ല. ചില ദിവസം രണ്ടു പേരും കൂടി കഴുതപ്പുറത്തു കയറി പോകുന്നതു കാണാം. ചിലപ്പോൾ ചുമടുമുഴുവൻ അതിന്റെ മേൽ വച്ച് അവരു രണ്ടും കയ്യും വീശി നടന്നു പോകും. എന്തായാലും, കഴുത ചത്ത കാര്യം നാടുവാഴി അറിഞ്ഞാൽ ഇവർക്കു ശിക്ഷ കിട്ടും "

ഇത്രയും കേട്ടതോടെ കിട്ടുവിനും ഭാര്യയ്ക്കും ഭയം കൂടിക്കൂടി വന്നു. മറ്റൊരു വഴിയിലൂടെ നടന്ന് വേഗം വീട്ടിലെത്തി. അത്യാവശ്യം വേണ്ടതൊക്കെ ഭാണ്ഡക്കെട്ടിലാക്കി ആരുമറിയാതെ മറ്റൊരു നാടുവാഴിയുടെ ദേശത്തേക്ക് യാത്രയായി.

കുറെ ദൂരം നടന്നു തളർന്നപ്പോൾ അവർ വലിയൊരു ആൽമരച്ചുവട്ടിൽ വിശ്രമിച്ചു. അവിടെ ഒരു സന്യാസി കിടന്നുറങ്ങുന്നുണ്ടായിരുന്നു. കിട്ടുവും ഭാര്യയും പരസ്പരം സങ്കടം പറയുന്നതു കേട്ട് സന്യാസി ഉണർന്നു. അവരുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

കുറച്ചു നേരത്തെ മൗനത്തിനു ശേഷം സന്യാസി പറഞ്ഞു തുടങ്ങി -
"നിങ്ങൾക്ക് ഒരു ആൽത്തറയിലെ ആളുകളുടെ ദൂഷണം മാത്രമേ കേൾക്കേണ്ടി വന്നുള്ളൂ. ഞാൻ ധർമ്മ പ്രചാരണത്തിനായി നാടോടിയായി അനേകം ദേശങ്ങളിലെ ആൽത്തറകളിൽ അന്തിയുറങ്ങിയപ്പോൾ എന്തുമാത്രം ദോഷങ്ങൾ കണ്ടു കേട്ടിരിക്കുന്നു? നിങ്ങൾ എവിടെപ്പോയാലും അവിടെ ആൽമരവും ആൽത്തറയും പരദൂഷണക്കാരും കാണും. എല്ലാവരെയും എക്കാലവും സുഖിപ്പിച്ച് നല്ലതു കേള്‍ക്കാമെന്നും നല്ലതു പറയിക്കാമെന്നും വിചാരിക്കരുത്. അതുകൊണ്ട്, അടുത്ത ദേശത്തു ചെന്നാലും ഇത്തരം കാര്യങ്ങളെ അവഗണിക്കാൻ പഠിക്കുക. അല്ലെങ്കിൽ മനസ്സമാധാനമില്ലാതെ ദേശദേശാന്തരം ഓടേണ്ടി വരും!"
അനന്തരം, സന്യാസി ഇരുവരെയും അനുഗ്രഹിച്ചു.

അദ്ദേഹത്തിൽനിന്നും ഊർജം സ്വീകരിച്ച് അവർ സന്തോഷത്തോടെ സ്വദേശത്തേക്ക് മടങ്ങി...

NB... ഈ കഥയിലെ മോറൽ. ഇതുപോലെ പരദൂഷണങ്ങൾ പറയുന്ന കുറെ മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്.ചെയ്യുന്ന നന്മകളെ നോക്കാതെ എവിടെയെങ്കിലും ചെറിയ ഒരു തെറ്റുണ്ടെങ്കിൽ അത് കണ്ടുപിടിച്ച അവരെ പുച്ഛിച്ചു തള്ളിക്കളയുക..

ഇത് നമ്മുടെ സമൂഹത്തിൽ ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണത

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക