Image

'കൂത്താണ്ടവർ:' സമൂഹം ഉൾക്കൊള്ളാൻ മടിക്കുന്ന സ്നേഹബന്ധങ്ങളുടെ കഥ

Published on 24 March, 2023
'കൂത്താണ്ടവർ:' സമൂഹം ഉൾക്കൊള്ളാൻ മടിക്കുന്ന സ്നേഹബന്ധങ്ങളുടെ കഥ

ഏറെ ജനശ്രദ്ധയും നിരൂപക പ്രശംസയും നേടിക്കൊണ്ടിരിക്കുന്ന "കൂത്താണ്ടവർ"  (ഡിസി ബുക്സ്) എന്ന നോവലിന്റെ രചയിതാവ് വേണുഗോപാൽ കൊക്കോടനെ ഫോമാ ക്യാപിറ്റൽ റീജിയൻ ആദരിച്ചു

വേണുഗോപാൽ കൊക്കോടൻ തന്റെ പുസ്തകം സദസ്സിനു പരിചയപ്പെടുത്തുകയും പുസ്തകം എഴുതാനുള്ള തന്റെ പരിശ്രമവും പ്രചോദനവും  നേരിട്ട പ്രതിസന്ധികളും വിശദീകരിക്കുകയും  ചെയ്തു.  ഫോമാ പ്രസിഡന്റ്  ഡോ. ജേക്കബ് തോമസും നിരവധി ദേശീയ, പ്രാദേശിക ഫോമ നേതാക്കളും  പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.  

വേണുഗോപാൽ കൊക്കോടന്റെ വാക്കുകൾ: 
ഫോമായുടെ ഒരു വേദിയിൽ കയറാൻ, രണ്ടാം തവണയാണ് എനിക്കിപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്. 2014 ൽ ഫിലാഡൽഫിയയിൽ വച്ച് ഫോമായുടെ ബ്ലോഗർ ലിറ്ററേച്ചർ അവാർഡ് എനിക്ക് ലഭിച്ചിരുന്നു. അതിന് ശേഷം 2023 ൽ ഫോമായുടെ വേദിയിൽ വച്ച്, എന്റെ ആദ്യ നോവലായ കൂത്താണ്ടവരെക്കുറിച്ച് വിശദീകരിക്കാൻ അനുവാദം തന്ന ഫോമാ ഭാരവാഹികൾക്ക് എന്റെ ഉള്ളിൽത്തട്ടിയുള്ള നന്ദിയറിയിക്കുന്നു. ഫോമായുടെ കാപ്പിറ്റൽ റീജിയന്റെ കിക്കോഫ് മീറ്റിങ്ങിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

വളരെ അവിചാരിതമായിട്ട് എഴുതിയ നോവലാണ് 'കൂത്താണ്ടവർ'. ഒരർത്ഥത്തിൽ പറഞ്ഞാൽ, ഈ നോവൽ എഴുതാനുള്ള സാഹചര്യങ്ങൾ വളരെ സ്വാഭാവികമായി എനിക്ക് വേണ്ടി ഒരുങ്ങിവരികയായിരുന്നു. 2020 മാർച്ച് മുതൽ, കോവിഡ് പ്രമാണിച്ച് ലോക്ക്ഡൗൺ മൂലവും അല്ലാതെയുമായി എല്ലാവരും വീട്ടിൽ ഒതുങ്ങിക്കൂടിയ സമയം, ആരും പരസ്പരം വിരുന്ന് പോകാതിരുന്ന സമയം, കുട്ടികൾക്കും മുതിർന്നവർക്കും അവരവരുടെ പഠിപ്പും ജോലിയും ഒഴിച്ച് മറ്റ് പ്രവർത്തനങ്ങളൊന്നും ഇല്ലാതിരുന്ന സമയം. ഈ സമയത്താണ് ഞാൻ നോവലെഴുതിത്തുടങ്ങുന്നത്. 

എന്റെ 'നാരായം' എന്ന ബ്ലോഗിൽ മൂന്നോ നാലോ താളുകളുള്ള ഒരു കഥയായിട്ടാണ് എഴുതാൻ തുടക്കമിട്ടതെങ്കിലും, ആ എഴുത്ത് വളർന്ന് വളർന്ന് ഇന്ന് കാണുന്ന നോവലായി തീരുകയായിരുന്നു. ആദ്യത്തെ കരട്, ഭാര്യയടക്കം പത്തോളം പേർ വായിച്ച്, 'വളരെ നല്ലത്' എന്ന അഭിപ്രായം പറഞ്ഞപ്പോഴാണ് ആത്മവിശ്വാസം ഉണ്ടായത്. തുടർന്നാണ് ചെറുകിട പ്രസാധകനായ എന്റെ സുഹൃത്തിനെ സമീപിച്ചത്. ആദ്യ വായനയിൽത്തന്നെ നോവൽ ഇഷ്ടപ്പെട്ട അദ്ദേഹമാണ്, ഈ നോവൽ  പ്രസിദ്ധീകരിക്കേണ്ടത് അദ്ദേഹത്തിൻറെ സ്ഥാപനമല്ല, മറിച്ച് ഇന്ന് മലയാളപ്രസാധനങ്ങളിൽ മുന്നണിയിൽ നിൽക്കുന്ന ഏതെങ്കിലും സ്ഥാപനമാണ് എന്ന ചിന്ത എന്റെ മനസ്സിൽ കോറിയിട്ടത്. അതിനെത്തുടർന്നാണ് ഡിസി ബുക്സിനെ സമീപിച്ചത്.

ഒരു തുടക്കക്കാരൻ എന്ന നിലയിൽ ആദ്യത്തെ പ്രസിദ്ധീകരണത്തിന് ഇറങ്ങുമ്പോൾ, ആ പ്രസിദ്ധീകരണത്തിന് ഏതെങ്കിലും അറിയപ്പെടുന്ന സാഹിത്യകാരന്റെ ഒരു അവതാരിക ഉണ്ടാവുക എന്നത് സാധാരണമാണ്. അവതാരികകൾക്ക് വേണ്ടി ചില ശ്രമങ്ങൾ നടത്തിയെങ്കിലും, ആ ശ്രമങ്ങൾ കാര്യമായി വിജയിച്ചില്ല. തുടർന്ന് നടത്തിയ ചില അന്വേഷണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്, ഒരു കഥാകാരന്, അദ്ദേഹത്തിൻറെ കഥയുടെ കാമ്പിനെക്കുറിച്ച് തികച്ചും ആത്മവിശ്വാസമുണ്ടെങ്കിൽ, അവതാരികകളൊന്നും ഇല്ലാതെ തന്നെ കഥ പറയുന്നതാണ് അഭികാമ്യം എന്നതാണ്. വേണമെങ്കിൽ, വായനക്കാരനെ കഥയിലേക്ക് ആകർഷിക്കും വിധം, ഒരു ആമുഖം കൊടുക്കാം. അങ്ങനെ കിട്ടിയ ആത്മവിശ്വാസത്തിലാണ്, അവതാരിക കൂടാതെ, ഒരു ആമുഖം മാത്രം കൊടുത്ത്, ഡിസി ബുക്സിലേക്ക് നോവൽ അയച്ച് കൊടുത്തത്.

തുടക്കക്കാരനായത് കൊണ്ട്, എന്റെ കഥകൾ മാലോകർക്ക് പരിചിതമല്ലാത്തത് കൊണ്ട്, പതിമൂന്ന് പേരടങ്ങുന്ന എഡിറ്റോറിയൽ ബോർഡ് ഏകകണ്ഠമായിത്തന്നെ അംഗീകരിച്ചാൽ മാത്രമേ ഞങ്ങൾ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് ഡിസിബുക്സ് പറഞ്ഞപ്പോൾ വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഭാഗ്യം അവിടെയെനിക്ക് കൂട്ടിന് ഉണ്ടായിരുന്നു. എഴുത്ത് പ്രതി അവർക്ക് അയച്ച് കൊടുത്ത്, ഏകദേശം ആറ് മാസങ്ങൾക്ക് ശേഷം, 2021 നവംബർ അവസാനത്തിൽ, 'കൂത്താണ്ടവർ' പ്രസിദ്ധീകരിക്കാമെന്ന് ഡിസി അറിയിച്ചപ്പോൾ എന്തെന്നില്ലാത്ത ആഹ്ളാദമായിരുന്നു ഉണ്ടായത്.

എഴുതുന്നുണ്ടെങ്കിൽ, ഇതുവരെ ആരും വായിക്കപ്പെടാത്ത, ഇതുവരെ ആരും കേൾക്കാത്ത തരത്തിലുള്ള ഒരു കഥ, എന്റേതായ രീതിയിൽ എഴുതണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ ആഗ്രഹത്തോട് കുറച്ചെങ്കിലും നീതി പുലർത്താൻ എനിക്ക് സാധിച്ചുട്ടെണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. അതുകൊണ്ടായിരിക്കാം, എഴുത്തിന്റെ മേഖലയിൽ ഒട്ടും അറിയപ്പെടാത്ത ആളായിട്ടും എന്റെ ആദ്യ നോവലായ 'കൂത്താണ്ടവർ' പ്രസിദ്ധീകരിക്കാൻ  ഡിസി തീരുമാനിച്ചത്. 2021 നവംബറിൽ ഡിസി അവരുടെ നിലപാട് വ്യക്തമാക്കിയെങ്കിലും, 2022 ജൂണിൽ, ഡിസിയുടെ കോട്ടയം ഓഫീസിൽ വച്ച് പ്രസിദ്ധീകരണ ഉടമ്പടിയിൽ ഒപ്പ് വച്ചെങ്കിലും, നോവൽ പുസ്തകരൂപത്തിലായിത്തീരാൻ പിന്നെയും പതിനാല് മാസങ്ങളെടുത്തു. ഒടുവിൽ 2023 ജനുവരി അവസാനത്തിലാണ് നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്.

'കൂത്താണ്ടവർ' പ്രസിദ്ധീകരിക്കപ്പെട്ട് അഞ്ചാഴ്ചകൾക്കുള്ളിൽത്തന്നെ, അതിന്റെ രണ്ടാം പതിപ്പും ഇറങ്ങി എന്നുള്ളത് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്. വലിയ പരസ്യങ്ങളില്ലാതിരുന്നിട്ടും നോവൽ സാമാന്യം നല്ലരീതിയിൽ വായിക്കപ്പെടുന്നുണ്ട് എന്നുള്ളത്, തുടക്കക്കാരനെന്ന നിലയിൽ എനിക്ക് ആത്മവീര്യം പകരുന്നതാണ്. ആമസോൺ ഇന്ത്യയിലും ഡിസി ബുക്ക് സ്റ്റോർ വെബ്സൈറ്റിലും മറ്റും ലഭിക്കുന്ന വായനക്കാരുടെ അഭിപ്രായങ്ങൾ, 'കൂത്താണ്ടവർ' സ്വീകരിക്കപ്പെടുന്നുണ്ട് എന്നതിന് തെളിവായി പ്രത്യക്ഷത്തിൽ നിൽക്കുന്നുണ്ട് എന്നതും സന്തോഷം നൽകുന്നു.

തീർത്തും അസാധാരണമായ, ഇന്നത്ത സമൂഹം ഉൾക്കൊള്ളാൻ മടിക്കുന്ന സ്നേഹബന്ധങ്ങളുടെ കഥയാണ് 'കൂത്താണ്ടവർ'. എന്റെ ജീവിതത്തിന്റെ ശ്വാസവായുവേറ്റ സന്ദർഭങ്ങളിലൂടെ ഗോപന്റെയും സുമതിയുടെയും സുനന്ദയുടെയും സ്നേഹബന്ധങ്ങളെ തൊട്ടറിയാൻ, 'കൂത്താണ്ടവർ' വായനയിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക