Image

അവൾ (കവിത: ലത  ബാലകൃഷ്ണൻ)

Published on 25 March, 2023
അവൾ (കവിത: ലത  ബാലകൃഷ്ണൻ)

ഇടിമിന്നൽ ഒളി പാറും രാവിന്റെ നെഞ്ചകം
ഇട കീറി  അവനവൾ തൻ മുന്നിലെത്തി.
ഒരു മാത്ര ഉള്ളിലൊളിപ്പിച്ച പ്രണയത്തിൻ
മധുര സ്‌മൃതി മെല്ലെ തൊട്ടുണർത്തി.
അകലുന്ന പകലിന്റെ ചിത എരിഞ്ഞീടവേ നിറവാർന്ന സന്ധ്യകൾ  മിഴി തുറന്നു.
കാലം കനിഞ്ഞു കടഞ്ഞെടുത്തീടുന്ന
കാതലിൻ കനിവിനായവനുണർന്നു.
ഇള മുളം തണ്ടാലേ മുരളിയൂതി  അവൻ,
അലയാഴി വഴിമാറി തിര ഒതുക്കി.
ഒരു കൈ മലർക്കെ തുറന്നു വിളിച്ചവൻ
ഇരു കൈകളും നീട്ടി അവളണഞ്ഞു.
കരി മുളം കാട്ടിലെ കിളിയായ് പറന്നവൾ
കരുതലിൻ വിരി മാറിൽ ചിറകൊതുക്കി.
പതയുന്ന വീഞ്ഞിളം  മൃദുവാർന്ന ചുണ്ടിൽ
കരിനീല ഞാവലിൻ  നീർ  നനച്ചു
നനവാർന്ന കൺപീലി മെല്ലെ തുടച്ചവൻ
ചൊടികളിൽ  കൂവളപൂ വിടർത്തി.
കാലം കനിഞ്ഞവൾക്കേകിയ കൈവല്യം
കാമനകൾ തീർത്ത മോഹവലയത്തിൽ
കതിരിളം തണ്ട് പോലുലയുന്നതും പിന്നെ
അവളുണരുന്നതും കാത്തവനിരുന്നു.
ജീവിതം കൈവിട്ട മോഹങ്ങൾ  കനലായി
ഉലയിൽ ഉരുകി എരിഞ്ഞമരുമ്പോഴും
കറ തീർന്ന പ്രേമത്താലൂതി ഉണർത്തിയ ശീലയായവൾ  വീണ്ടും പുനർജനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക