Image

രാഹുല്‍ഗാന്ധിയുടെ വിവാദപ്രസ്താവനകള്‍ പാര്‍ലിമെന്റ് സ്തംഭിപ്പിക്കുകയും ജയില്‍ ശിക്ഷ നേടിക്കൊടുക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയ ലാഭം ആര്‍ക്ക് ?(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 25 March, 2023
രാഹുല്‍ഗാന്ധിയുടെ വിവാദപ്രസ്താവനകള്‍ പാര്‍ലിമെന്റ് സ്തംഭിപ്പിക്കുകയും ജയില്‍ ശിക്ഷ നേടിക്കൊടുക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയ ലാഭം ആര്‍ക്ക് ?(ദല്‍ഹികത്ത് : പി.വി.തോമസ്)

മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ലണ്ടന്‍ പ്രഭാഷണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മാപ്പ് ആവശ്യപ്പെട്ട ബി.ജെ.പി. പാര്‍ലിമെന്റിന്റെ ബജറ്റ് സെഷന്റെ രണ്ടാം ഭാഗം സ്തംഭിപ്പിച്ചു. അദ്ദേഹം 2019-ലെ ഒരു തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ കര്‍ണ്ണാടകത്തില്‍ വച്ച് 'എല്ലാ മോദിമാരും കള്ളന്മാര്‍' ആണെന്നും നടത്തുയ ഒരു പ്രസ്താവന അദ്ദേഹത്തിന് രണ്ടു വര്‍ഷത്തെ തടവും പിഴയും ഒരു സൂററ്റ് കോടതില്‍ നിന്നും നേടി കൊടുത്തിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയില്‍ കാശ്മീരില്‍ വച്ച്ു സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വിവരിച്ചതിന്റെ പേരില്‍ ദല്‍ഹി പോലീസ് അദ്ദേഹത്തിന്റെ വസതിയില്‍ ചോദ്യം ചെയ്യലിനായി എത്തിയിരിക്കുകയാണ്. ഈ സംഭവങ്ങള്‍ ആര്‍ക്കാണ് ഗുണം ചെയ്യുക? രാഹുലിനോ ബി.ജെ.പി.ക്കോ കോണ്‍ഗ്രസിനോ?

ലണ്ടന്‍ കേബ്രിഡ്ജ് യൂണിവാഴ്‌സിറ്റിയുടെ  ജഡ്ജസ് ബിസിനസ് സ്‌ക്കൂളില്‍ ലേണിങ്ങ് റ്റു ലിസന്‍ ഇന്‍ ദ 21ts സെഞ്ച്വറി എന്ന വിഷയത്തെ ആധാരമാക്കി സംസാരിച്ചപ്പോള്‍ ഇന്‍ഡ്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നു പറഞ്ഞതാണ് ബി.ജെ.പി.യെ പ്രകോപിപ്പിച്ചത്. ഈ വിഷയം പാര്‍ലിമെന്റിന്റെ ഇരുസഭകളിലും ഉയര്‍ത്തിക്കൊണ്ട് ബി.ജെ.പി. ആരോപിച്ചു രാഹുല്‍ഗാന്ധി ഒരു വിദേശമണ്ണില്‍ വച്ചു  ഇന്‍ഡ്യയുടെ ജനാധിപത്യം താഴ്ത്തിക്കെട്ടി. ഇതിന് അദ്ദേഹം മാപ്പു പറയണം. മാത്രവുമല്ല വിദേശശക്തികളുടെ ഇടപെടലും അദ്ദേഹം അഭ്യര്‍ത്ഥിച്ചു ബി.ജെ.പി.യുടെ ആരോപണപ്രകാരം. ഇതും അക്ഷന്ത്യവമായ ഒരു തെറ്റാണ്. രാഹുലിന്റെ പ്രസംഗം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസിലാകും അദ്ദേഹം പറയുകയുണ്ടായി പാര്‍ലിമെന്റും സ്വതന്ത്രമായ മാധ്യമങ്ങളും ജുഡീഷറിയും ഇന്‍ഡ്യയില്‍ സമ്മര്‍ദ്ദത്തിലാണെന്ന്. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന സ്ഥാപനങ്ങളാണ് അപകടത്തിലായിരിക്കുന്നത്. ഇന്‍ഡ്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ ആണ്. ഇന്‍ഡ്യയില്‍ ന്യൂനപക്ഷങ്ങളും മാധ്യമ സ്ഥാപനങ്ങളും അപകടത്തില്‍ ആണ്. ഇന്‍ഡ്യക്കുള്ളില്‍ വച്ചു പറയാറുള്ള കാര്യങ്ങള്‍ രാഹുല്‍ വിദേശ സദസിന്റെ മുമ്പില്‍ ആവര്‍ത്തിച്ചു. ഇന്‍ഡ്യന്‍ ജനാധിപത്യം ഒരു പൊതുനന്മയാണ്. കാരണം അത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ആണ്.

ലണ്ടനിലെ ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ വലുപ്പവും വ്യാപ്തിയും ആരും മനസിലാക്കുന്നില്ല. യൂറോപ്പില്‍ നിന്നും ജനാധിപത്യം പെട്ടെന്ന് അപ്രത്യക്ഷമായാല്‍ നിങ്ങള്‍ പ്രതികരിക്കുമോ? നിങ്ങള്‍ സ്തബ്ദധരായിപോകും. അത് ജനാധിപത്യത്തിന് ഏല്‍ക്കുന്ന ഏറ്റവും വലിയ ആഘാതം ആയിരിക്കും. യൂറോപ്പിന്റെ പതിന്മടങ്ങ് വലിയ ഒരു സ്ഥാപനം പെട്ടെന്ന് ജനാധിപത്യപരമല്ലാതായി തീര്‍ന്നാല്‍ നിങ്ങള്‍ തീര്‍ച്ചയായും പ്രതികരിക്കും. അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അത് ഭാവിയില്‍ എന്നെങ്കിലും സംഭവിക്കുവാന്‍ ഇരിക്കുന്നതല്ല. അത് സംഭവിച്ചിരിക്കുന്നു. പക്ഷേ, യാതൊരു പ്രതികരണവും ഇല്ല. അതിനു കാരണവും ഉണ്ട്. കച്ചവടും, പണവും പോലുള്ള കാര്യങ്ങള്‍ പതിവിന്‍പടി ഉണ്ട്. ഇന്‍ഡ്യന്‍ ജനാധിപത്യം ഒരു പൊതു നന്മയാണ്. അത് ഏറ്റവും വലിയ, ഒരേ ഒരു പൊതുനന്മയാണ്. രാഹുല്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും അതിനുനേരിട്ടിരിക്കുന്ന പതനത്തെ ഓര്‍ത്ത് വിലപിച്ചുകൊണ്ടും പറഞ്ഞു.

ലണ്ടനിലെ ചാത്തം ഹൗസ് തിങ്ക് ടാങ്കില്‍ വച്ച് മാര്‍ച്ച് ആറിന് അദ്ദേഹം കാര്യങ്ങള്‍ കുറെക്കൂടെ വ്യക്തമാക്കി. ഇത് വളരെ പ്രധാനവും ആണ്. രാഹുല്‍ പറഞ്ഞു ആത്യന്തികമായി ഇത് ഞങ്ങളുടെ(ഇന്‍ഡ്യയുടെ) പ്രശ്‌നം ആണ്. ഇത് ഒരു ആഭ്യന്തരപ്രശ്‌നം ആണ്. ഇത് ഒരു ഇന്‍ഡ്യന്‍ പ്രശ്‌നം ആണ്. ഇതിന്റെ പരിഹാരവും ഉള്ളില്‍ നിന്നു തന്നെ വരും. എന്നാല്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ വലുപ്പവും വ്യാപ്തിയും വച്ചു നോക്കുമ്പോള്‍ അത് ഒരു പൊതു നന്മയാണ്. അത് ഇന്‍ഡ്യയുടെ അതിരുകളും കടന്നു ചെല്ലുന്നു. ഇന്‍ഡ്യന്‍ ജനാധിപത്യം തകര്‍ന്നാല്‍, എന്റെ ദൃഷ്ടിയില്‍, ലോകത്തുള്ള ജനാധിപത്യം ഗുരുതരമായ ഒരു ആഘാതം ഏല്‍ക്കും. മിക്കവാറും തന്നെ മരണകരമായ ഒരു ആഘാതം. അതുകൊണ്ട് അതു നിങ്ങള്‍ക്കും പ്രധാനപ്പെട്ടതാണ്. ഞങ്ങള്‍ക്കു മാത്രം പ്രധാനപ്പെട്ടതല്ല അത്. ഞങ്ങള്‍ ഞങ്ങളുടെ പ്രശ്‌നത്തെ കൈകാര്യം ചെയ്യും. പക്ഷേ, നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. ഈ പ്രശ്‌നം ആഗോളതലത്തില്‍ വലിയ ഒന്നാകുവാന്‍ പോവുകയാണ്. ഈ ഭാഗങ്ങളില്‍ ആണ് രാഹുല്‍ വിദേശ ശക്തികളുടെ ഇടപെടല്‍ ആവശ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നത്. എന്നാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഇത് ഇന്‍ഡ്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് മുഖവുരയായി പറയുവാനും മടിച്ചില്ലെന്ന് ശ്രദ്ധിക്കണം. ബ്രിട്ടീഷ് പാര്‍ലിമെന്റ് കോമ്പളക്‌സില്‍ വച്ച് ആണ് തമാശരൂപത്തില്‍ ഇന്‍ഡ്യന്‍ പാര്‍ലിമെന്റില്‍ പ്രതിപക്ഷത്തിന്റെ മൈക്കുകള്‍ നിശബ്ദമായി പോകുന്നതിനെക്കുറിച്ച് പറഞ്ഞത്. കോമ്പ്‌ളക്‌സിലെ മൈക്ക് സിസ്റ്റത്തിന് എന്തോ തകരാറുണ്ടായതിനെ തുടര്‍ന്ന് രാഹുല്‍ പറഞ്ഞു ഞങ്ങളുടെ മൈക്കുകള്‍(ഇന്‍ഡ്യന്‍ പാര്‍ലിമെന്റില്‍) പ്രവര്‍ത്തന ശൂന്യമല്ല. അവ പ്രവര്‍ത്തിക്കും. പക്ഷേ, അത് പ്രവര്‍ത്തിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. ഞാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്. മോദി എന്റെ രാജ്യത്തെ തകര്‍ത്തു തരിപ്പണമാക്കുകയാണ്.  ജുഡീഷറിയുടെയും മാധ്യമങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. എല്ലാം സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഭീഷണിപ്പെടുത്തലും സാധാരണം. എന്റെ ഫോണില്‍ ചാരക്യാമറ ഞാനറിയാതെ ഘടിപ്പിച്ചിരിക്കുന്നു.
രാഹുലിന്റെ വിമര്‍ശനം ഇങ്ങനെ പോകുന്നു. ഇതിനെ വിദേശമണ്ണില്‍  വച്ച് 'ചെന്നായ് വരുന്നേ' എന്നുള്ള വ്യാജ നിലവിളി ആയിട്ടു കണക്കാക്കി ബി.ജെ.പി. തള്ളിക്കളഞ്ഞു. പക്ഷേ, ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ബി.ജെ.പി.-ആര്‍.എസ്.എസ്. നേതാക്കന്മാരും രാഹുലിന്റെ ലണ്ടന്‍ പ്രസംഗത്തോട് ശക്തമായി പ്രതികരിച്ചു. അതാണ് പാര്‍ലിമെന്റിന്റെ സ്തംഭത്തിന്റെ ഒരു കാരണം. മറ്റു കാരണം അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധവും. ആ്ദ്യമായിട്ടാണ് ഭരണകക്ഷി പാര്‍ലിമെന്റ് സ്തംഭിപ്പിക്കുന്നത് എന്ന ഒരു സവിശേഷതയും ഇവിടെ ഉണ്ട്. അദാനി വിഷയത്തില്‍ പ്രതിരോധത്തിലായ ഭരണകക്ഷിക്കുള്ള ഒരു രക്ഷപ്പെടല്‍ മാര്‍ഗ്ഗമായും രാഹുലിന്റെ ലണ്ടന്‍ പ്രസംഗത്തിലുള്ള കടുത്ത നടപടിയെ കാണുന്ന രാഷ്ട്രീയ നിരീക്ഷകരും ഉണ്ട്.
രാഹുല്‍ഗാന്ധി ഇന്‍ഡ്യന്‍ ജനാധിപത്യത്തെക്കുറിച്ചും ജനാധിപത്യസ്ഥാപനങ്ങളെക്കുറിച്ചും ഇന്‍ഡ്യയില്‍ വച്ചു പറയുന്ന അഭിപ്രായം തന്നെയാണ് ലണ്ടനില്‍ ആവര്‍ത്തിച്ചതും. ഇന്‍ഡ്യയില്‍ ഒരഭിപ്രായവും വിദേശത്ത് വേറൊരഭിപ്രായവും പറയുവാന്‍ സാധിക്കുമോ? ഇന്‍ഡ്യന്‍ ജനാധിപത്യത്തെകുറിച്ചും ജനാധിപത്യസ്ഥാപനങ്ങളെകുറിച്ചുള്ള വസ്തുതകള്‍ ഒരു ആഭ്യന്തര രഹസ്യം അല്ല. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് യു.എസ്. സെക്രട്ടറി ഓഫ് സ്റ്റെയ്റ്റ് ആന്റണി ബ്ലിങ്കന്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതു പ്രകാരം ഇന്‍ഡ്യയില്‍ ഗൗരവമായ മനുഷ്യാവകാശധ്വംസനകളും നിയമവിരുദ്ധമായ കൊലകളും മാധ്യമസ്വാതന്ത്ര്യ നിഷേധവും. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളും സംഭവിക്കുന്നുണ്ട്. ഇന്‍ഡ്യ ഇത് നിഷേധിക്കുകയും ചെയ്തു മുന്‍കാലങ്ങളിലെപോലെ. ഇതുകൊണ്ടുതന്നെയാണ് ചില കേന്ദ്രങ്ങള്‍ ഇന്‍ഡ്യയെ 'തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം' എന്ന് വിശേഷിപ്പിച്ചത്. ഫ്രീഡം ഹൗസ് ഇന്‍ഡ്യയെ വിളിച്ചത്. സ്വതന്ത്രവും ഭാഗീകമായി സ്വതന്ത്രവും എന്നാണ്. ഇക്കോണമിസ്റ്റിന്റെ ഇന്റലിജന്‍സ് യൂണിറ്റ് ഇന്‍ഡ്യയിലെ മനുഷ്യാവകാശ സൂചിക 46-ാം സ്ഥാനത്താണെന്നാണ് രേഖപ്പെടുത്തിയത്. അതിനുമുമ്പ് ഇത് 27-ാം സ്ഥാനത്തായിരുന്നു. ഒരിക്കല്‍ പരിപൂര്‍ണ്ണ ജനാധിപത്യം എന്ന് ഇന്‍ഡ്യയെ വിശേഷിപ്പിച്ച ഇവര്‍ ഇപ്പോള്‍ വൈകല്യങ്ങളുള്ള ജനാധിപത്യം എന്നാണ് വിശേഷിപ്പിക്കുന്നത്. ദ ക്യാറ്റോ ഹ്യൂമന്‍ ഫ്രീഡം സൂചിക അനുസരിച്ച് ഇന്‍ഡ്യ ഇപ്പോള്‍ നില്‍ക്കുന്നത് 111-ാം സ്ഥാനത്താണ്(2020). 2015-ല്‍ ഇത് 75-ാം സ്ഥാനം ആയിരുന്നു. വീ.ഡെം(സ്വീഡന്‍) നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് ലിബറല്‍ ഡെമോക്രസിയുടെ കാര്യത്തില്‍ ഇന്‍ഡ്യയുടെ സ്ഥാനം 108-ആണ്. വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് അനുസരിച്ച് ഇന്‍ഡ്യയുടെ സ്ഥാനം 150 ആണ്. ഈ കണക്കുകള്‍ തെറ്റായിരിക്കാം. ശരിയായിരിക്കാം. അല്ലെങ്കില്‍ ഇവര്‍ സ്വീകരിച്ച രീതി വൈകല്യം ഉള്ളതായിരിക്കാം. പക്ഷേ, പൊതുവായ നിരീക്ഷണം ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ അത്ര ആരോഗ്യപ്രദം അല്ല. എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റ് ഇതിനെ അപ്പാടെ നിരാകരിക്കുന്നു. സുപ്രീം കോടതി തന്നെ പലപ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട് ഗവണ്‍മെന്റിനോടുള്ള അഭിപ്രായഭിന്നത രാജ്യദ്രോഹം അല്ലെന്ന്. പക്ഷെ ഇന്ന് ഇത് അങ്ങനെയാണ് കണക്കാക്കപ്പെടുന്നത്. ഇതിനൊക്കെയുള്ള മറുപടി രാഹുല്‍ഗാന്ധി മാപ്പു പറയുന്നതോ അല്ലെങ്കില്‍ അദ്ദേഹത്തെ ഇതിന്റെ പേരില്‍ ലോകസഭയില്‍ നിന്നും പുറത്താക്കുന്നതോ അല്ല. ഇനി ഇപ്പോള്‍ അതിന്റെ ആവസ്യവും വരുന്നില്ല. കാരണം സൂററ്റ് മാനനഷ്ടകേസ് വിധിയെ തുടര്‍ന്ന് ഇദ്ദേഹം ഭരണഘടനയുടെ 103-ാം അനുച്ഛേദപ്രകാരം സഭയില്‍ നിന്നും അയോഗ്യനാക്കപ്പെട്ടു. പക്ഷേ, രാഹുല്‍ ലോകസഭ അദ്ധ്യക്ഷനോട് അഭ്യര്‍ത്ഥിച്ചതനുസരിച്ച് ലണ്ടന്‍ പ്രഭാഷണങ്ങളില്‍ അദ്ദേഹത്തിന്റെ ഭാഗം സഭയില്‍ പറയുവാന്‍ അനുവദിക്കണമായിരുന്നു. അതിന്റെ അഭാവത്തില്‍ രാഹുലിന്റെ ആരോപണങ്ങള്‍ തെളിയിക്കപ്പെടുകയാണ്. രാഹുല്‍ഗാന്ധിയുടെ വിവാദപ്രസ്താവനകള്‍ രാഷ്ട്രീയമായി അദ്ദേഹത്തിനും കോണ്‍ഗ്രസിനും ഗുണം ചെയ്യുമോ അതോ ദോഷം ചെയ്യുമോ എന്നതു കാലം തെളിയിക്കും. ജി-20 യുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ അത് ഏതായാലും ഇന്‍ഡ്യയുടെ യശസ് അന്താരാഷ്ട്രവേദിയില്‍ വര്‍ദ്ധിപ്പിക്കുകയില്ല.

 

Join WhatsApp News
Bhaktha Shiromani dileep 2023-03-25 12:07:34
What about national emergency, and the brutality of police -of his grandma ? Was that Democratic Rahulji ? Why go to Kerala to win MP position any way ? Why remain unmarried, going to Thailand often Rahulji, causing suspicions Rahulbhai ?
Jayan varghese 2023-03-25 19:17:53
ആയുധം നഷ്ടപ്പെട്ടവനെ ആക്രമിക്കാതെ അവനു ആയുധം ലഭിക്കുന്നത് വരെ കാത്തു നിന്ന് യുദ്ധം തുടർന്നവരുടെ ധാർമ്മിക ഇന്ത്യ, അഭയാന്വേഷിയായി അരികിലെത്തിയ അരിപ്രാവിന് പകരം സ്വന്തം തുടയിലെ മാംസം അറുത്തു നില്കി സംരക്ഷിച്ച ശിബി ചക്രവർത്തിയുടെ നീതി നിഷ്ഠയുടെ ഇന്ത്യ, സിന്ധു ഗംഗാ നദീതട സംസ്കാരത്തിൽ ബുദ്ധന്റെയും, അശോകന്റെയും അഹിംസയുടെ ധർമ്മികത ആത്മാവിൽ ഏറ്റു വാങ്ങിയ ഇന്ത്യ, ഈ ഇന്ത്യൻ ദേശീയതയെ പടിപ്പുകഴ്ത്തി അധികാരത്തിലെത്തിയ ഇന്നത്തെ ഇന്ത്യയിലെ ഭരണാധികാരികൾ ഇറച്ചിക്കടകൾക്ക് മുന്നിൽ കാവലിരിക്കുന്ന തെണ്ടിപ്പട്ടികളെപ്പോലെ വായിൽ വെള്ളമൂറ്റിച്ച് കസേരകൾക്ക് കാവലിരിക്കുകയാണ്. അമേരിക്കയെയും, ചൈനയെയും കടത്തി വെട്ടിയെന്നവകാശപ്പെടുന്ന രാഷ്ട്രീയ ഗീർവാണങ്ങൾക്കിടയിലും ഒരു നേരത്തെ ആഹാരം പോലും ഉറപ്പില്ലാത്ത ദാരിദ്ര്യ രേഖക്കടിയിലുള്ളവരുടെ എണ്ണം സർക്കാർ കണക്കിൽ തന്നെ മുപ്പതു കൊടിയിലധികമാണ്. ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ജനാധിപത്യ രാജ്യത്തിലെ ഈ ജനകോടികൾക്ക് കൂടി പ്രതീക്ഷകളുടെ വർണ്ണ സ്വപ്‌നങ്ങൾ നൽകിയതാണോ അധികാരത്തിന്റെ അപ്പം ഭക്ഷിക്കാത്ത രാഹൂൽ ഗാന്ധി ചെയ്ത മഹാ പാതകം ? ഒരു രാഹുലിനെ തടവിലാക്കി എന്നതുകൊണ്ട് ഇന്ത്യൻ ദരിദ്ര വാസിയുടെ ധർമ്മിക പോരാട്ടം അവസാനിച്ചുവെന്ന് കരുതരുത്. അവന്റെ കയ്യിലെ അവസാന ആയുധമായ വോട്ടുമായി അവൻ വരുമ്പോൾ അത് സ്വീകരിക്കാനുള്ള ധാർമ്മിക യോഗ്യത ആർജ്ജിക്കുകയാണ്‌ കോൺഗ്രസ്സിലെ ഇന്നത്തെ കടൽക്കിഴവന്മാർക്ക്‌ അനുവർത്തിക്കുവാനുള്ള ആദ്യ പാഠം ? ജയൻ വർഗീസ്.
Reader 2023-03-25 21:49:38
Hey Jayan Varghese, it was Rahul's Grandma Indhira Gandhi, who destroyed the Congress Party. Open your eyes. Rahul cannot resurrect Indian National Congress. It is very sad that we are slipping into fascism.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക