Image

സമയമില്ല (കവിത: ദീപ ബിബീഷ് നായർ)

Published on 25 March, 2023
സമയമില്ല (കവിത: ദീപ ബിബീഷ് നായർ)

സമയമില്ലാർക്കും സമയമില്ല
തലയൊന്നുയർത്താൻ സമയമില്ല
ഉണ്ണാനുറങ്ങാൻ സമയമില്ല
ഒന്നുരിയാടാനൊരുക്കമല്ല
ആപ്പുകളോരോന്നുമാപ്പായ്
മാറുമ്പോഴാർക്കുമിന്നിവിടെ
സമയമില്ല
അറിവില്ലാപ്പൈതങ്ങൾ
കരയുമ്പോഴൊന്നെടുത്തതിനെയോ
കൊഞ്ചാൻ സമയമില്ല
കഥയൊന്നു പറയാതെ
പാട്ടൊന്നു പാടാതെ
നെഞ്ചിലെ ചൂട് പകർന്നിടാതെ
കളറുള്ള ഫോണൊന്ന്
കയ്യിൽ കൊടുത്തതാ
അറിയാതകറ്റുന്നവറ്റകളെ
വിശ്വാസമാണെന്ന് പറയുവതെങ്കിലും
പൂട്ടുണ്ട് ഫോണിന് വേറെവേറെ
അപരന്റെ വിളിവന്നതവനെടുത്തീടുകിൽ
അവളുടെ നെഞ്ചിൽ പെരുമ്പറയും
അവളേത് , എന്തിന്, എങ്ങനെ എന്നുള്ള
മറുപുറ കാഴ്ചകളേറെയല്ലോ
ശാസ്ത്രം വളരുന്നതാണെങ്കിലും
മന:ശാസ്ത്രം വരളുന്നതാരു കണ്ടു ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക