Image

കൃഷിയും കർഷകരും നേരിടുന്ന വെല്ലുവിളികൾ  - 2 (ജെ.എസ്. അടൂർ)

Published on 26 March, 2023
കൃഷിയും കർഷകരും നേരിടുന്ന വെല്ലുവിളികൾ  - 2 (ജെ.എസ്. അടൂർ)

കാർഷിക സമൂഹത്തിൽ നിന്ന് സർവീസ് കൺസ്യൂമർ  സമൂഹത്തിലെക്കുള്ള മാറ്റങ്ങൾ 
കേരളത്തിലെ കൃഷിയിടങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമാണ്. കേരളം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലൊന്നാണ്.  ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 860 പേരുണ്ട്, കേരളത്തിൽ. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടി കൂട്ടിയാൽ അത് ആയിരം കടക്കും. കേരളത്തിൽത്തന്നെ, തീരപ്രദേശത്തും ഇടനാട്ടിലും ജനസാന്ദ്രത താരതമ്യേന കൂടുതലാണ്.
അത് കൊണ്ടു തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പെർ ക്യാപിറ്റ കൃഷിഭൂമി കേരളത്തിൽ താരതമ്യേന കുറവാണ്. കേരളത്തിന്റെ ആവാസവ്യവസ്‌ഥ, തുടർച്ചയായ വീടുകളും അതിനോട് ചേർന്നോ അടുത്തോ ഉള്ള കൃഷി സ്ഥലങ്ങളുമാണ്. കൃഷി സ്ഥലങ്ങൾ എല്ലാം താരതമ്യേന തുണ്ടുഭൂമികളാണ്. കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന കർഷകർക്കും ഒരു ഹെക്റ്ററിൽ താഴെ മാത്രം കൃഷിസ്ഥലമേയുള്ളൂ.
കേരളത്തിന്റെ മൊത്തം വിസ്തൃതിയായ 38.86 ലക്ഷം ഹെക്റ്ററിൽ 52% വരുന്ന ഇരുപത് ലക്ഷം ഹെക്റ്ററിലാണ് കൃഷി. അതിൽ തന്നെ 12.42 ലക്ഷം ഹെക്റ്റർ നാണ്യ വിളകൾ റബർ, ഏലം, കാപ്പി, കുരുമുളക് മുതലായവ. മൊത്തം കൃഷി സ്ഥലങ്ങളിൽ ഏതാണ്ട് 35% നാണ്യവിള പ്ലാന്റേഷനുകളാണ്.
കേരളത്തിലെ കൃഷി സ്ഥലങ്ങളിൽ ഏതാണ്ട് 10% സ്ഥലത്തു മാത്രമാണ് ഭക്ഷ്യവിളകൾ (നെല്ല്, കപ്പ, പയർ വർഗ്ഗങ്ങൾ, മറ്റു ഭക്ഷ്യവിളകൾ കൃഷിചെയ്യുന്നത്. മൊത്തം കൃഷി സ്ഥലത്തിന്റെ 7.3% ത്തിൽ മാത്രമാണ് നെൽകൃഷി നടക്കുന്നത്.കേരളത്തിൽ തെങ്ങുകൃഷി ഉണ്ടെങ്കിലും ഉത്പാദന ക്ഷമതയുടെ കാര്യത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ്. തമിഴ്നാട്, കർണാടമൊക്കെ കേരളത്തെക്കാൾ മുന്നിലാണ് ഇപ്പോൾ തേങ്ങയുടെ ഉൽപ്പാദന ക്ഷമതയിൽ.
1)കേരളത്തിലെ ബഹുഭൂരിപക്ഷം കൃഷി ഭൂമികളും ഒരു ഹെക്റ്ററോ അതിൽ താഴെയോ ഉള്ള തുണ്ട് ഭൂമികളാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ ഇൻഡസ്ട്രിയൽ ഫാമിങ്ങിനോ, വൻകിട യന്ത്രവൽകൃത ഫാമിങ്ങിനൊ സാധ്യത കുറവാണ്.
2) കേരളത്തിൽ ചെറിയ / ഇടത്തരം കർഷകകർ പരമ്പരാഗത കൃഷി രീതികൾ നേരത്തെ പിന്തുടർന്നത് ഭക്ഷണ ആവശ്യത്തിനും അല്പ സൗകര്യത്തിൽ ജീവിക്കാനുള്ള ഉപാധിയുമായാണ്. ചെറുകിട കർഷകർ സ്വയം അധ്വാനിച്ചും ഒന്നോ രണ്ടോ കർഷക തൊഴിലാളികളുടെ സഹായത്താലുമാണ് കൃഷി ചെയ്തിരുന്നത്.
3) കേരളത്തിൽ പരമ്പരാഗതമായി കുരുമുളക്, ഏലം, തെങ്ങ് എന്നിവയാണ് നാണ്യവിളകൾ. ഇതിൽ കുരുമുളക്, ഏലം മുതലായവ വനോൽപ്പന്നങ്ങളാണ്. പിന്നീട് അത് കൃഷിയായി മാറി. കറുത്ത പൊന്ന് എന്നറിയപെട്ട കുരുമുളക് തേടിയാണ് ഏതാണ്ട് 2500 കൊല്ലം മുമ്പ് മുതൽ റോമാക്കാരും, ജൂത കച്ചവടക്കാരും അത് കഴിഞ്ഞു അറബികളും പോർച്ച്ഗീസ്കാരും, ഡച്ചുകാരും വന്നത്. കുരുമുളകിനു പണ്ടുള്ള ഡിമാൻഡിന് കാരണം അത് യൂറോപ്പിൽ ഇറച്ചി ഉണക്കി സൂക്ഷിക്കുവാൻ ആവശ്യമായ പ്രിസർവെറ്റിവ് ആയിരുന്നു. എന്നാൽ ഫ്രിഡ്ജ്, ഫ്രീസർ ടെക്നോളെജി വന്നതോടെ കുരുമുളക് ലോക കമ്പോളത്തിൽ താരം അല്ലതായി.
പണ്ട് യുദ്ധങ്ങൾ നടന്നത് ഉപ്പിനും കുരുമുളകിനും വേണ്ടിയായിരുന്നു. പക്ഷെ ഇപ്പോൾ സോൾട്ട് ആൻഡ് പേപ്പർ പഴയ രുചിയുടെ തുടർച്ചയായുള്ള ഒരു ഭക്ഷണ രുചി സപ്പ്ളിമെന്റ് മാത്രമാണ്.
എന്റെ ചെറുപ്പത്തിൽ കുരുമുളക് കൃഷി മിക്കവാറും എല്ലാ കർഷക കുടുംബങ്ങളിലും ഉണ്ടായിരുന്നു. അതിന്റവില ഇടിഞ്ഞതോടെ വില കുറുഞ്ഞു.
നാണ്യ വിളകൾക്കുള്ള വിലയിടിവിനു ഒരു പ്രധാന കാരണം വ്യാപാര ആഗോളവൽക്കരണമാണ്. കാർഷിക നാണ്യവിളകൾക്കുള്ള താരിഫ് എടുത്തുകളഞ്ഞതോടെ ഇന്ത്യൻ കമ്പനികൾ പോലും കുറഞ്ഞ വിലക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കു മതചെയ്യാൻ തുടങ്ങിയതോടെ വില ഇവിടെ കുറഞ്ഞു.
അതുകൊണ്ട് തന്നെ സബ്‌സിഡിയും താങ്ങുവിലയും ഇല്ലെങ്കിൽ പല നാണ്യ വിളകളും കൃഷി ചെയ്യുന്നത് നഷ്ട്ടത്തിലായി.
4) കഴിഞ്ഞ മുപ്പതു വർഷങ്ങൾക്കുള്ളിൽ കേരളത്തിലെയും ലോകത്തിലെയും സാമ്പത്തിക ഘടന യുടെ സ്ഥിതി മാറി. കേരളം ഒരു അഗ്രെറിയൻ സമൂഹത്തിൽ നിന്ന് പെട്ടന്ന് ഒരു സർവീസ് ഇകൊണമിയിലേക്ക് മാറി.
വ്യാപാര ആഗോളവൽക്കരണം കാർഷിക ഉൽപ്പന്നങ്ങളുടെ വിലകുറച്ചു. അതെ സമയം തൊഴിലിന്റ ആഗോളവൽക്കരണത്തിൽ ഏറ്റവും കൂടുതൽ ഗുണമുണ്ടായ സംസ്ഥാനം കേരളമാണ്.
കർഷകരുടെ മക്കൾ അതു കളഞ്ഞു ഗൾഫിലും അമേരിക്കയിലും യൂ കെയിലും ലോകത്തിന്റെ അറ്റത്തോളം പോയി നല്ല ശമ്പളമുള്ള ജോലിയെടുത്തു. അവർ അയച്ചു കൊടുത്ത പണം കാർഷിക വൃത്തിയുടെ പല മടങ്ങായി. കൃഷി ചെയ്യാനും ചെയ്യിക്കാനും ആളില്ലാതായി.
പഴയ ഭക്ഷ്യ കൃഷിയിടങ്ങളിൽ റബർ വളർത്തി. പഴയ കർഷക തൊഴിലാളികളുടെ മക്കൾ റബർ ടാപ്പിങ് മുതൽ മറ്റു സർവീസ് തൊഴിലേക്ക് മാറി  പലരും സെമി സ്കിൽ, സ്കിൽ ജോലികൾക്കായി ഗൾഫിലക്ക് പോയി.
കേരളം ഒരു കൺസ്യൂമർ ഇക്കൊണമിയായി പരിണമിച്ചു.
കൃഷി സ്ഥലങ്ങൾ റിയൽ എസ്റ്റേറ്റായി മാറി.
മലയാളികൾ ഗ്രാമത്തിൽ നിന്ന് നഗരങ്ങളിൽ കുടിയേറി. കൃഷി ചെയ്യാതെ, പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ഒന്നും ചെയ്യാതെ അവരുടെ ഫ്ലാറ്റുകളിലോ സിറ്റി ബംഗ്ലാവിലോ ഇരുന്നു കൃഷിയെയെകുറിച്ചും പരിസ്ഥിതിയെകുറിച്ചും പരിതപിച്ചു കാറുകളിൽ പോയി കെന്റുക്കി ഫ്രൈഡ് ചിക്കനോ, ഷവർമയോ, ആൽഫം ചിക്കനോ, അതുപോലെ പുതിയ ആഹാരങ്ങളോ, ഭക്ഷിച്ചു.
കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ മലയാളിയുടെ ഭക്ഷണവും പാർപ്പിടവും, വസ്ത്രധാരണവും മാറി. അരി ആഹാരം കഴിക്കുന്നവർ കുറഞ്ഞു. ഗോതമ്പ്, ചിക്കൻ, മുട്ട ഇവയുടെയെല്ലാം ഉപയോഗം കൂടി.
ഭക്ഷണരീതിയും ആവാസ രീതിയും സഞ്ചാര രീതിയും ജോലികളുടെ രീതിയും മാറി. കേരളത്തിൽ 85% ഭക്ഷ്യ വസ്തുക്കളും മറ്റിടങ്ങളിലും നിന്നും ഇറക്കു മതി ചെയ്യുന്നു.
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ 20-30 മടങ്ങുകൂടി. പെൻഷൻ അതിനു അനുസരിച്ചു കൂടി. കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരും അതു പോലെ എൻ ആർ ഐ വരുമാനം ഉള്ളവരും കൂടി ഏതാണ്ട് 22%. കേരളത്തിൽ വ്യപരവും അതുപോലെ പ്രൈവറ്റ് മേഖലയിൽ പ്രതിവർഷം പത്തുലക്ഷമോ അതിൽ അധികമൊ വരുമാനം ഉള്ളവർ ഏതാണ്ട് 3%. കേരളത്തിൽ സാമാന്യം വരുമാനം ഉള്ളവർ 25% പേർക്ക് കാറുണ്ട്.
ജീവിത സൗകര്യങ്ങളും  സാഹചര്യങ്ങളും ഭക്ഷണരീതികളും മാറിയതോടെ ജീവത ശൈലി രോഗങ്ങൾ കൂടി. നാട്ടിൽ മെഡിക്കൽ സ്റ്റോറുകൾ കൂടി. സ്വകാര്യ ആശുപത്രികൾ കൂടി.മെഡിക്കൽ ചിലവുകൾ കൂടി. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മരുന്ന് മാർക്കറ്റ് ഇവിടെയായി.
കേരളത്തിലെ ഇക്കൊണമി 66-67% സർവീസ് ഇക്കൊണമി. മാനുഫാക്ച്ചറിങ്ങിൽ അധികവും കെട്ടിട്ട നിർമ്മാണം.
മലയാളികൾ കാർഷിക വൃത്തിയിൽ നിന്ന് സർവീസ് സെക്റ്ററിൽ മാറി. മലയാളികൾ കൂടുതൽ ശമ്പളത്തിനായി ഗൾഫിലേക്കും മറ്റു നാടുകളിലെക്കും പോയി.
ഇവിടെ തൊഴിലാളികൾ കുറഞ്ഞതോടെ കൂലി കൂടി.സർവീസ് കൺസ്യുമർ ഇക്കൊണമിൽ ജീവിതച്ചെലവ് കൂടി. മദ്യത്തിന്റെ ഉപഭോഗം കൂടി. അതിനനുസരിച്ചു കൂലി കൂടി  മുപ്പതു കൊല്ലം മുമ്പ് മൂന്നൂറ്‌ രൂപക്കു കിട്ടിയിരുന്നതിന്  ഇന്ന് മൂവായിരം രൂപ.
ഇവിടെ തൊഴിലാളികൾ കുറഞ്ഞപ്പോൾ ശമ്പളം കൂട്ടിയത് കൊണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂടി. ഇപ്പോൾ മുപ്പതു ലക്ഷം മലയാളികൾ വിദേശത്തു കൂടുതൽ ശമ്പളത്തിന് പോയപ്പോൾ മുപ്പതു ലക്ഷം ഇതരദേശ തൊഴിലാളികൾ ഇങ്ങോട്ട് വന്നു.
ഇപ്പോൾ എന്റെ വീട്ടിൽ കൃഷിപണിക്ക് വരുന്നത് ബംഗാളിൽ നിന്നുള്ള ഗോപാൽ. ദിവസകൂലി 850-900. വർഷം മുപ്പത്തിനായിരത്തിൽ അധികം രൂപ മുടക്കി കൃഷി ചെയ്യന്നത് സന്തോഷത്തിന് എനിക്ക് കൃഷി വരുമാനമാർഗം അല്ല പഴയ എരുത്തിൽ ഇപ്പോൾ കാർഷെഡായി പരിണമിച്ചു..
എന്റെ അച്ഛൻ ഉൾപ്പെടെ പത്തു സഹോദരങ്ങൾ കൃഷികൊണ്ടു മാത്രമാണ് വളർന്നതും പഠിച്ചതും ജോലികിട്ടിയതും. ഈ പത്തു മക്കളോ കൊച്ചു മക്കളോ ആരും ഇപ്പോൾ കൃഷി ചെയ്യുന്നില്ല.
സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്ന അച്ഛൻ റിട്ടയർമെന്റിന് ശേഷം പാർട്ട്‌ ടൈം കർഷകനായി. വീട്ടിൽ ആവശ്യമുള്ളത് എല്ലാം പറമ്പിൽ നിന്ന് കിട്ടി. പക്ഷെ ഞാൻ വളർന്നത് അച്ഛനും അമ്മയ്ക്കും ശമ്പളം ഉണ്ടായതു കൊണ്ടാണ് ഞാൻ ഇരുപത് വയസിൽ പഠിക്കാൻ കേരളത്തിന് വെളിയിൽ പോയത്. എന്റെ അച്ഛൻ പത്തു വർഷം വാങ്ങിയ ശമ്പളം ഒരു മാസം കൊണ്ടു കിട്ടി. കൃഷി വരുമാനമെ അല്ല !
അമ്മക്ക് പ്രായം ആയതോടെ റബർ വെട്ട് നിർത്തി. അമ്മ പോയതോടെ റബർ എല്ലാം വെട്ടി കളഞ്ഞു.
എന്റെ മക്കൾ ഗ്ലോബലൈസ്ഡ് സിറ്റിൻസായാണ് ജനിച്ചതും വളർന്നതും.അവർക്കു കൃഷിയെകുറിച്ച് അറിവും അനുഭവും ഇല്ല. അവർക്ക് ഇഷ്ടം മെട്രോ നഗരങ്ങൾ. അവരുടെ ജീവിത സാഹചര്യങ്ങൾ അല്ല എന്റെത്. അവരുടെ അപ്പൻ അല്ല എന്റെ അപ്പൻ. അതു കൊണ്ടാണ് എന്റെ അപ്പനുണ്ടാക്കിയ വീട്ടിൽ ഗ്രാമത്തിൽ ജീവിക്കുമ്പോൾ എനിക്ക് ഇഷ്ടം. കൃഷി എന്റെ രക്തത്തിലും ഓർമകളിലും സജിവം.കാരണം ഞാൻ ജനിച്ചതും വളർന്നതും കർഷക സമൂഹത്തിലാണ് 
എന്റെ ഭക്ഷണം അല്ല അവരുടെ ഭക്ഷണം. അവർ സ്വിഗിയിൽ പാസ്റ്റയും പിസയും ഓർഡർ ചെയ്യും
ഇതായിരിക്കണം എന്നില്ല എല്ലാവർയുടെയും അവസ്ഥ. പക്ഷെ കേരളത്തിൽ മധ്യവർഗ്ഗ - ഉപരി മധ്യ വർഗത്തിൽ എന്റെ ജില്ലയിൽ ഉള്ള ഒരുപാട് പേരുടെ അവസ്ഥയാണിത്.
കേരളത്തിൽ കൃഷിക്കുണ്ടായ മാറ്റങ്ങളുടെ ചില കാരണങ്ങൾ കൂടിയാണിത്.

ജെ എസ്
തുടരും

# Agriculture_article_by_JSAdoor

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക