Image

അക്കരെയിക്കരെ നിന്നാലെങ്ങനെ...അഷ്ടമുടിയിലെ സ്വപ്നക്കാഴ്ചകൾ (കുര്യൻ പാമ്പാടി)

Published on 26 March, 2023
അക്കരെയിക്കരെ നിന്നാലെങ്ങനെ...അഷ്ടമുടിയിലെ സ്വപ്നക്കാഴ്ചകൾ (കുര്യൻ പാമ്പാടി)

"കൊല്ലം കണ്ടാൽ ഇല്ലം വേണ്ട" എന്നൊരു ചൊല്ലുണ്ട്.   വേണാടിന്റെ തലസ്ഥാനവും ദേശിങ്ങനാട് രാജ്യത്തിന്റെ ആസ്ഥാനവുമായിരുന്ന കൊല്ലം സമ്പൽസമൃദ്ധമായ നാടായിരുന്നുവെന്നു ഇബ്ൻ ബത്തൂത്ത മുതലുള്ള ചരിത്രകാരൻമാർ ഉദ്‌ഘോഷിക്കുന്നു.

കയറും കുരുമുളകും കശുവണ്ടിയും കൊകൊണ്ടു പേരുകേട്ട കൊല്ലം വെട്ടിപ്പിടിക്കാൻ ലോക സാമ്രാജ്യ ശക്തികൾ പടപൊരുതിയെന്നത് ആധുനിക ചരിത്രം. എന്നാൽ പ്രകൃതി കനിഞ്ഞു നൽകിയ എട്ടു കായലുകളുടെ സംഗമ ഭൂമിയായ  അഷ്ടമുടിക്കായലാണ് ഇനി കൊല്ലത്തിന്റെകിരീടത്തിലെ കോഹിനൂർ എന്നുറപ്പിക്കാം.

സാഞ്ചാരികൾ സാംബ്രാണിക്കോടിയിൽ

കേരളജലഗതാഗത വകുപ്പ് ഈയിടെ ആരംഭിച്ച അഞ്ചു മണിക്കൂർ നീണ്ട 'സീ അഷ്ടമുടി' സവാരിയുടെ അർഥം  അതാണ്. കൊല്ലം-ആലപ്പുഴ ലക്ഷ്വറി ബോട്ടു സവാരിയുടെ ഉപോല്പന്നം. 'സീ കുട്ടനാട്' കായൽ സവാരിയുടെ ചുവടുപിടിച്ചു ഭാവനാപൂർവം ഒരുക്കിയ കെട്ടുകാഴ്ച. 

അഷ്ടമുടിക്കായൽ ആകാശവീക്ഷണം

കൊല്ലം ജെട്ടിയിൽ തുടങ്ങി, തേവള്ളി, കണ്ടച്ചിറ, കുരീപ്പുഴ, തെക്കുംഭാഗം, കല്ലട, പെരുമൺ, കുമ്പളം, കാഞ്ഞിരോട്ടു എന്നീഎട്ടു കായലുകൾ താണ്ടിയാണ് സഞ്ചാരികൾ അഷ്ടമുടി ചുറ്റിക്കറങ്ങിയത്. വഴിക്കു കാക്കത്തുരുത്, സാംബ്രാണിക്കോടി, അഷ്ടമുടി, കോയിവിള, മണ്റോതുരുത്, പെരിങ്ങാലം, പെരുമൺ തീരങ്ങൾ സ്പർശിച്ചു.

സീ അഷ്ടമുടി ബോട്ട്, സ്റ്റാഫ്, ബോട്ടു നിർമ്മിച്ച സന്ദിത്ത്

റാവിസ് എന്ന ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഗോപുരങ്ങൾ കണ്ടു നീങ്ങിയ ബോട്ടിനരികിലൂടെ കടലിൽ പോയി മടങ്ങുന്ന മൽസ്യബന്ധന ബോട്ടുകൾ പാഞ്ഞുപോയി. ഇടയ്ക്കിടെ സഞ്ചാരികളുമായി ഹൗസ് ബോട്ടുകളും. അവിടവിടെയായി ചീനവലകൾ. ഫ്രഷ് മീൻ വാങ്ങാൻ സൗകര്യം ഒരുക്കിയിരുന്നെങ്കിൽ ചില വീട്ടമ്മമാരെങ്കിലും കരിമീനോ കൊഞ്ചോ ചെമ്മീനോ വാങ്ങുമായിരുന്നു.

യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ

അതും ടൂറിസത്തിന്റെ ഭാഗം ആക്കണം.  ബോട്ടു യാത്ര അഞ്ചിന് കൊല്ലം ജെട്ടിയിൽ സമാപിക്കുബോൾ അഞ്ചരമണിക്കൂർ പിന്നിട്ടിരുന്നു. വഴിക്കു യാതക്കാർ മീൻ വാങ്ങിയിട്ടുടെങ്കിൽ അത് സൂക്ഷിക്കാനുള്ള ചെറിയൊരു ഫ്രീസർ ബോട്ടിൽ കരുത്താവുന്നതേയുള്ളു.

കായലോരം എന്ന പേരിൽ മനോഹരമായ റെസ്റ്റോറന്റ് ഒരുക്കി ഡിടിപിസി സംരക്ഷിച്ചിട്ടുള്ള സാമ്പ്രാണി ക്കോടി ജെട്ടിയിൽ ബോട്ടു അടുപ്പിച്ചപ്പോൾ കാണാദൂരത്തുള്ള സാമ്രാണി തുരുത്തിലേക്കു ചെറിയ ബോട്ടിൽ പോകാനുള്ള സമയം ഉണ്ടായിരുന്നു. ഒരാൾക്ക് 150 രൂപ.

സഞ്ചാരിയുടെ മഹമ്മദ് റാഫി ഗാനം

കണ്ടൽക്കാടുകൾ നിറഞ്ഞ ആ തീരത്തു മുട്ടോളം വെള്ളത്തിൽ നീന്തി നടക്കാൻ കഴിയും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ അങ്ങിനെ പോയി വന്നു. ചിലർ വലിയ കണ്ടാൽ ചെടികളുടെ ശിഖരങ്ങളിൽ കയറി സെൽഫി എടുക്കുന്നുണ്ടായിരുന്നു. ബോട്ടിലെ രണ്ടു വ്‌ളോഗർമാർ ആ രംഗം പകർത്തുകയും ചെയ്തു.

അഷ്ടമുടി ജെട്ടിയിൽ നിന്ന് ഭക്ഷണം

ഉച്ചക്ക് ബോട്ടിൽ തന്നെ ലഞ്ച് ബ്രേക്ക്. കുടുംബശ്രീക്കാരുന്ടെ  കരിമീൻപൊരിച്ചതു കൂട്ടിയുള്ള ഊണ്.  വൈകുന്നേരം ഏത്തക്ക പഴംപൊരി കൂട്ടിയുള്ള ചായയും.  യാത്രക്ക് ലോവർഡെക്കിൽ 400-ഉം അപ്പർഡെക്കിൽ 500 രൂപയുമാണ് നിരക്ക്. ഭക്ഷണത്തിന്ന് പുറമെ.

അഷ്ടമുടി ജെട്ടിയിൽ ബോട്ട് അടുത്തപ്പോൾ ഓട്ടോയിലെത്തിയ ഒരു സംഘം ബോട്ടിൽ  ഭക്ഷണം എത്തിക്കുകയായിരുന്നു. തൃക്കരൂർ പഞ്ചായത്തിലെ  ഏറ്റവും മികച്ച സംരംഭകഎന്ന് പേരെടുത്ത കുടിബശ്രീയിലെ ലീലയാണ് ഭക്ഷണം ഒരുക്കിയത്.

ലീലാസ് ഫുഡ്സ്--പൊരിച്ച കരിമീൻ

പെരുമണ്ണിൽ പണിതുവരുന്ന വമ്പൻ പാലം രണ്ടുവശവുംകൂട്ടിമുട്ടാതെ നിൽക്കുന്നത് കണ്ടു സഞ്ചാരികൾ അമ്പരന്നിട്ടുണ്ടാവും.  ബാംഗ്ളൂർ-കന്യകുമാരി ഐലൻഡ് എക്സ്പ്രസ് 1988ൽ  പെരുമൺ റെയിൽ പ്പാലത്തിൽ നിന്ന് കായലിലേക്ക് വീണു 105 പേർ മരണമടഞ്ഞു, കേരളം കണ്ട ഏറ്റവും ഭീകരമായ കായൽ ദുരന്തം. മരിച്ചവരുടെ ലിസ്റ്റ് അപകടമുനമ്പിൽ ആലേഖനം ചെയ്തിട്ടുണ്ട്.

സാംബ്രാണിക്കോടിയിൽ കണ്ട വ്‌ളോഗർ

പെരുമൺ ദുരന്തകാലത്താണ്  അഷ്ടമുടിയിൽ പ്രകൃതിയും കായലുകളും സന്ധിക്കുന്ന ഇങ്ങിനെയൊരു മനോഹരഭൂമിയുണ്ടെന്നു ലോകം അറിയുന്നത്. റയിൽപാലം പുതുക്കിപ്പണിതു. വളരെക്കാലം കായലിൽ പൊന്തി കിടന്നിരുന്ന കമ്പാർട്മെന്റുകളും  ഉയർത്തി നാടുകടത്തി. പാലത്തിനു മുകളിലൂടെ ഡബിൾ ലൈനുകൾ ആയി. ദിവസവും ഗുഡ്‌സ് ഉൾപ്പെടെ നിരവധി ഇലക് ട്രിക് ട്രെയിനുകൾ ചൂളം വിളിച്ച് കടന്നു പോകുന്നു. 

കായൽ ലോകം ക്യാമറക്കണ്ണിലൂടെ

എന്നിട്ടും പെരുമൺ റോഡ് പാലം അക്കരയിക്കരെ തൊടാതെ  നിൽക്കുന്നത് അധികൃതരുടെ കെടുകാര്യസ്ഥതക്കു ഉദാഹരണമാണെന്ന് അഷ്ടമുടി വാർഡ് മെമ്പർ എ. സജിത്  ആരോപിക്കുന്നു. അതിലേറെ തമാശ കോസ്റ്റൽ സോൺ പരിധി പറഞ്ഞു അഷ്ടമുടി ദ്വീപിൽ വീടുവയ്ക്കാനുള്ള അനുമതി നിഷേധിക്കുന്നതാണ്.  എംഎൽഎ ഫണ്ടും നിഷേധിക്കുന്നു. (താൻ ബിജെപി അംഗം ആയതുകൊണ്ടാകാം എന്നാണ് സജിത്തിന്റെ വിലാപം.)

കായലിലെ വിളവെടുപ്പ്

എന്തായാലും കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് ഡിപ്പാർട്ടമെന്റ് വക സീ അഷ്ടമുടി ഒരു വിജയം ആണെന്ന് സമ്മതിക്കണം. പൊരിവെയിലത്തും കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആളുണ്ടല്ലോ എന്നതാണ് ഒരത്ഭുതം. ആലപ്പുഴയിൽ നിന്നുള്ള സീ കുട്ടനാട് ബോട്ടിനെ അനുകരിച്ചുള്ള ഒരു ചുവടു വയ്പ്പ്.

കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്ക് ആറേഴുവർഷം  സർവീസ്  നടത്തിയിരുന്ന ലക്ഷ്വറി ബോട്ടിന്റെ കാര്യം മറക്കാനാവില്ല. കൊറോണക്കാലത്തോടെ അത് നിലച്ചു. ധാരാളം ടൂറിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ആ ബോട്ടു ഏഴെട്ടുമണിക്കൂർ കൊണ്ടാണ് ആലപ്പുഴയിൽ എത്തിയിരുന്നത്. രണ്ടു ഡക്ക്, 600 രൂപ. ചെറിയ ജെട്ടികളിൽ കയറി ഇറങ്ങുന്നവർക്കു കുറഞ്ഞ ടിക്കറ്റ്.

പണിതീരാത്ത പെരുമൺ പാലം;  അഷ്ടമുടി ജെട്ടിയിൽ മെമ്പർ എ. സജിത്ത്

ആദ്യത്തെ ലക്ഷ്വറി ട്രിപ്പുകളിൽ  ഒന്നിൽ സഞ്ചരിച്ചതിന്റെ ത്രില്ല് ഇനിയും മാറിയിട്ടില്ല എനിക്ക്. ആയിരം തെങ്ങിൽ ലഞ്ച് ബ്രേക്ക് വേളയിൽ ബ്രിട്ടനിൽ നിന്നുള്ള രണ്ടു ചെറുപ്പക്കാരെ ഞാൻ പരിചയപെട്ടു. ബോട്ട് ചങ്ങനാശ്ശേരിയിൽ ഏതോയപ്പോഴേക്കും രാത്രിയായി. ഞങ്ങൾ ഒന്നിച്ച് അവിടെ ഇറങ്ങി കോട്ടയത്തേക്ക് പോയി

അതിഥികളും ഒപ്പം വന്നു . കോട്ടയത്തു മസാലദോശ കഴിച്ച് ഒരു തിയറ്ററിൽ സെക്കൻഡ് ഷോ കാണാൻ അവരും കൂടി. രാത്രി ഞങ്ങളുടെ വീട്ടിൽ അവർക്കു മുറിയൊരുക്കി കൊടുത്തു. രാവിലെ തേക്കടിബസിൽ കയറ്റിവിടുകയും ചെയ്തു. ബിബിസി ഡയക്ടറുടെ മകൻ ആയിരുന്നു ആ ചെറുപ്പക്കാരൻ. കൂടെയുള്ള പെൺകുട്ടി ഫ്രാൻസിൽ വച്ചു രിചയപ്പെട്ട സുന്ദരി.

രാത്രി ഉറങ്ങും മുമ്പ് ഓരോ ഗ്ളാസ് ചൂടു പാൽ നൽകിയപ്പോൾ ഇരുവരും അമ്പരന്നു നിൽക്കുന്ന രംഗം ഞാൻ ഇനിയും മറന്നിട്ടില്ല. അതിഥി ദേവോ ഭവ!

ഉദ്‌ഘാടനം-ഷാജി വി നായർ, മുകേഷ്,  ബാലഗോപാൽ, ആന്റണി രാജു,   ഹണി

സീ കുട്ടനാടും സീ അഷ്ടമുടിയും വിഭാവനം  ചെയ്ത വാട്ടർ ട്രാൻസ്‌പോർട്  ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഷാജി വി നായർക്ക് ഐഎഎസ് കിട്ടി എന്നതാണ് ഒടുവിലത്തെ സന്തോഷ വാർത്ത. സീ അഷ്ടമുടി ട്രിപ്പിന്നു വേണ്ടി വേൾഡ് ക്ലാസ് ബോട്ട് നിർമ്മിച്ച മലയാളി നവാൽട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്സ് ഉടമ സന്ദിത്ത് തണ്ടാശേരിക്കും അഭിനന്ദനം.

# Ashtamudi_article

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക