Image

പാവം പാവം രാജകുമാരന്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 26 March, 2023
 പാവം പാവം രാജകുമാരന്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ലളിത് മോദി, നീരവ് മോദി നരേന്ദ്ര മോദി. മാദികള്‍ ഗുജറാത്തിലെ ഒരു ന്യൂനപക്ഷ സമുദായമാണ്., ചക്കാട്ടി ജീവിച്ചിരുന്നവര്‍. അവരില്‍നിന്ന് ഉയര്‍ന്നു വന്നവരാണ് മേല്‍പറഞ്ഞവര്‍. ആദ്യത്തെ രണ്ടുപേരും ചില സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പെട്ട് രാജ്യംവിടുകയോ ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടവരോ ആണ്. എന്നാല്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപറ്റി പ്രതിപക്ഷക്കാര്‍, രാഹുല്‍  ഗാന്ധി ഒഴിച്ച്, ആരുംതന്നെ അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല. ചൗക്കിദാര്‍ ചോര്‍ഹെ എന്ന് മോദിയെപറ്റി രാഹുല്‍ പറഞ്ഞത് അദ്ദേഹം അവഗണിച്ചെന്നു മാത്രമല്ല കോണ്‍ഗ്രസ്സില്‍തന്നെ ചിലര്‍ക്ക് അപ്രിയകരം ആകുകയും ചെയ്തു. ഇങ്ങനെ വിവരക്കേടുകള്‍ പറഞ്ഞുനടന്ന രാഹുലാണ് മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന് പ്രസംഗിച്ചത്. ഇത് മോദി സമുദായത്തെ മൊത്തത്തില്‍ ആക്ഷേപിക്കുന്നതാണന്ന് മോദിയെന്ന് സര്‍നെയിമുള്ള ഒരാള്‍ കൊടുത്ത  കേസിലാണ് രാഹുലിനെതിരെ സൂറത്ത് കോടതി വിധിപ്രസ്താവിച്ചത്.
മോദി സര്‍ക്കാരില്‍ ബുദ്ധിയും വിവേകവുമുള്ള അനേകര്‍ ഉണ്ടായിട്ടും അനന്തരഫലങ്ങള്‍ ആലോചിക്കതെ രാഹുലിന്റെ ലോകസഭാംഗത്വം ഉടനടി റദ്ദാക്കിയ നടപടി അനുചിതമായി തീര്‍ന്നുവെന്നേ പറയാനാകു. വെറുമൊരു പൊട്ടനെന്ന് ഇന്‍ഡ്യക്കാര്‍ വിധയെഴുതിയ രാഹുല്‍ ഗാന്ധി ഒരുനിമിഷംകൊണ്ട് ഹീറോ ആയിത്തീരുന്ന കാഴ്ച്ചയാണ് പിന്നീട്കണ്ടത്.  മജിസ്രേട്ട് കോടതിയുടെ വിധി മേല്‍ക്കോടതി റദ്ദാക്കുമോ നിലനിറുത്തുനമോ എന്ന് കാത്തിരിക്കാനുള്ള ക്ഷമ കാട്ടാതിരുന്നത് ബി ജെ പി നേതൃത്വത്തിന് പറ്റിയ വലിയൊരു വീഴ്ച്ചയായിട്ടേ കാണാനാവു. 
രാഹുലിനെ ഇത്രനാളും അകറ്റിനിറുത്തിയിരുന്ന പ്രതപക്ഷം ഒന്നടങ്കം അദ്ദേഹത്തിനുവേണ്ടി വാദിക്കുന്നതാണ് പിന്നീട്കണ്ടത്. കീരിയും പാമ്പുംപോലെ പരസ്പരം കടിച്ചുകീറിയിരുന്ന മമതയും പിണറായിയും കേജരിവാളും ചന്ദ്രശേഹര റാവുവും രാഹുലിനുവേണ്ടി നിലകൊണ്ടു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ കാത്തിരുന്ന അവര്‍ക്ക് നല്ലൊരു അവസരമാണ് കിട്ടിയത്. വിടികൊടുത്ത് അടിമേടിക്കയാണ് ബി ജെ പി നേതൃത്വം ചെയ്തത്. 

ഇതിനര്‍ഥം പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ചുനിന്ന് അടുത്ത ഇലക്ഷനില്‍ ബി ജെ പി യെ എതിര്‍ക്കുമെന്നല്ല. രാഹുലിന്റെ നേതൃത്വം അവരാരും അംഗീകരിക്കാന്‍ പോകുന്നില്ല. അദ്ദേഹത്തിന് തല്‍കാലത്തേക്ക് ഒരു ഗ്‌ളാമര്‍ കിട്ടിയെന്നേയുള്ളു. അദ്ദേഹം ഇനിയും വിഢിത്തരങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. പട്ടിയുടെവാല് ഏതുകുഴലില്‍ ഇട്ടാലാണ് നേരെയാകുക. 

ഇദ്ദേഹത്തെ കുരങ്ങുകളിപ്പിക്കുന്ന അനുയായി മലയാളിയാണെന്നതാണ് രസകരം. കെ. സി. വേണുഗോപാല്‍. കെ സിക്ക് മലയാളികളുടെ എല്ലാ ഗുണവിശേഷങ്ങളുമുണ്ട്, കുരുട്ടുബുദ്ധി, കൂടെനിന്ന് കാലുവാരല്‍, സ്വന്തം സഹോദരനെ കുഴിയില്‍ ചാടിക്കല്‍ മുതലായവ. രാഹുലിനെ കന്യാകുമാരിമുതല്‍ കാഷ്മീരുവരെ നടത്തിച്ചത് ഇദ്ദേഹമാണ്. മലയാളിമാമന്റെ ബുദ്ധി എന്തായാലും കൊള്ളാം.

വയനാട്ടുകാര്‍ ഇനി എന്തുചെയ്യുമെന്ന ചോദ്യം അവശേഷിക്കുന്നു. രാഹുല്‍ പ്രധാനമന്ത്രി ആകുമെന്ന പ്രതീക്ഷയിലാണ് കേരളീയര്‍ ഒന്നടങ്കം കോണ്‍ഗ്രസ്സിന് വോട്ടുനല്‍കി  20 ല്‍ 19 എം പി മാരെ സമ്മാനിച്ചത്. വയനാട് പാലും തേനും ഒഴുകുന്ന പറുദീസയാകുമെന്ന് ശുദ്ധഗതിക്കാരായ അന്നാട്ടുകാര്‍ വ്യാമോഹിച്ചുപോയി. സ്വപ്നങ്ങള്‍ പൊലിഞ്ഞെന്നുമാത്രമല്ല അവരുടെ രാജകുമാരന്‍ വീണിതല്ലോ കിടക്കുന്നു ധരണിയില്‍ എന്ന് കവിപാടിയ അവസ്തയിലുമായി. ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക