Image

വഴിയോരത്ത് പിരിയുന്ന അച്ഛന്‍  (കഥ: സുരേഷ് പേരിശേരി)

Published on 26 March, 2023
വഴിയോരത്ത് പിരിയുന്ന അച്ഛന്‍  (കഥ: സുരേഷ് പേരിശേരി)

  1.

ഒരു കാരണവുമില്ലാതെയാണ് കുട്ടിക്ക് അച്ഛനെ നഷ്ടപ്പെടുന്നത്. കവലയില്‍ ബസ്സിറങ്ങിയപ്പോള്‍ അച്ഛന്‍ അവന്റെ കൈകളില്‍ മുറുകെ പിടിച്ചു. ഗ്രാവല്‍ റോഡിലേക്കിറങ്ങുമ്പോള്‍ അച്ഛന്‍ ചോദിച്ചു. 

''മോന് വീട്ടില്‍ പോകാനുള്ള വഴി അറിയാമോ?'' 

''പിന്നെ, അറിയാം.'' 

അവന് അത്ഭുതം തോന്നി. ഈ അച്ഛനെന്താണ് ഇങ്ങനെ? തനിക്കിപ്പോള്‍ പത്ത് വയസ്സായില്ലേ? എന്നും പോകുന്ന റോഡല്ലേ? 

''എന്നാല്‍ പറ''  

''കുറച്ചുകൂടി നടക്കുമ്പോള്‍ എന്റെ സ്‌കൂള്‍. പിന്നെ മൈതാനം. അത് കഴിഞ്ഞുള്ള ഇടവഴിയില്‍ കുറച്ചു വീടുകള്‍ കഴിയുമ്പോള്‍ ഇടതു വശത്ത് പോറ്റിമാരുടെ പടിപ്പുരയുള്ള നാലുകെട്ട്. അടുത്തത് ദുബായിക്കാരന്‍ രാജുവങ്കിളിന്റെ വീട്. അതിനടുത്തത് സോമനങ്കിളിന്റെ വീട്. പിന്നെ നമ്മുടെ വീട്'' 

''അപ്പോള്‍ നിനക്ക് തനിയെ സ്‌കൂളില്‍ പോകാനും വരാനും അറിയാമോ?'' 

''നല്ല കാര്യം! അച്ഛനെന്തു പറ്റി? ഓ, എനിക്കറിയില്ല എന്ന് കരുതിയാണോ അച്ഛനെന്നും എന്നെ കൊണ്ട് വിടുന്നതും വിളിക്കുന്നതും?'' 

അയാള്‍ വിഡ്ഢിയെപ്പോലെ അവനെ നോക്കി ചിരിച്ചു. 

''നിന്റെ പാഠങ്ങളെല്ലാം അച്ഛന്റെ സഹായം ഇല്ലാതെ തനിയെ പഠിക്കാമോ?'' 

''ഈ അച്ഛനെന്ത് പറ്റി? ഇപ്പോഴും ഞാന്‍ തനിയെ അല്ലേ പഠിക്കുന്നത്?''  

''അപ്പോള്‍ മോന് തനിയെ വീട്ടില്‍ പോകാമോ?'' 

''പോകാം.'' 

''എന്നാല്‍ പൊയ്‌ക്കോളൂ.'' 

അവന്‍ നടന്നു. അയാളവിടെ നിന്നു. അവന്‍ തിരിഞ്ഞു നോക്കി നടന്നു. അച്ഛന്‍ പതിയെ പുറകെ വരുന്നുണ്ട്. അവന്‍ രസത്തിനായി സ്പീഡ് കൂട്ടി. ആയാളും സ്പീഡ് കൂട്ടി. അവന്‍ എളുപ്പത്തിനായി മൈതാനം മുറിച്ചു നടന്നു. മൈതാനത്തിന്റെ വലത്തോട്ടല്പം മാറി നിന്നാല്‍ അങ്ങ് ദൂരെ വീടിന്റെ കയ്യാല കാണാം. വീടിന്റെ നടയ്ക്കലെത്തിയപ്പോള്‍ അവന്‍ തിരിഞ്ഞു നോക്കി. അങ്ങ് ദൂരെ കറുത്ത ഷര്‍ട്ടിട്ട ഒരു നിഴല്‍ രൂപം. അച്ഛന്‍. മുഖം കാണാന്‍ വയ്യ. കണ്ണുകളും. വെറുതെ കയ്യ് ആട്ടിക്കാണിച്ചു. അവന്‍ വീട്ടിലേക്ക് കയറുമ്പോള്‍ അയാള്‍ തിരിഞ്ഞു നടന്നു. കാണാന്‍ പറ്റുന്ന ദൂരത്തിനും അപ്പുറത്തേക്ക്. അങ്ങനെയാണ് കുട്ടിക്ക് അച്ഛനെ നഷ്ടമായത്. 

അപ്പോളവന്‍ അതറിഞ്ഞില്ല. അതാണല്ലോ തുള്ളിച്ചാടി അകത്തോട്ടോടിയത്. 

''അമ്മേ, ഞാന്‍ ഒറ്റക്കാണ് വന്നത്. കണ്ടോ? എനിക്ക് തന്നെ എവിടെയും പോകാന്‍ പറ്റും.'' 

''എനിക്കിത് എന്നേ അറിയാം.'' അമ്മ അവനെ അണച്ച് നിര്‍ത്തി ചിരിച്ചു. അന്ന് രാത്രി ഉറങ്ങാന്‍ കിടക്കും മുന്‍പ് അമ്മ അവനോട് പറഞ്ഞു.  

''മുന്‍വശത്തെ വാതിലും അടുക്കള വാതിലും കുറ്റിയിട്ടോ എന്ന് നോക്കിയിട്ട് കിടന്നാല്‍ മതി.''

''അച്ഛനല്ലേ കതകടയ്ക്കുക?'' 

''അതിനി എപ്പോള്‍ വരുമോ, ആവോ?'' 

കുട്ടിക്ക് സന്തോഷം തോന്നി. വീട്ടില്‍ തനിക്കുമൊരു വിലയൊക്കെയായി. അവന്‍ പോയി കതകടച്ചു. കസേര നീക്കിയിട്ട് മുകളിലത്തെ ഓടാമ്പല്‍ ഇട്ടു. 

''നിനക്ക് ഒറ്റയ്ക്ക് കിടക്കാന്‍ പേടിയുണ്ടോ?'' 

''ഇല്ല.'' അവന്‍ ഗമയില്‍ പറഞ്ഞു. 

നല്ല പേടിയുണ്ട് ഒറ്റയ്ക്ക് കിടക്കാന്‍. പക്ഷെ പറഞ്ഞാല്‍ ഇന്ന് കിട്ടിയ പരിഗണനയൊക്കെ പോകില്ലേ? എന്നും അച്ഛനാണ് അവന്റെ കൂടെ കിടക്കുക. അച്ഛന്‍ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അവന്‍ സുഖമായി ഉറങ്ങും. തീരെ കുഞ്ഞായിരുന്നപ്പോള്‍ അമ്മയുടെ കൂടെയായിരുന്നു കിടന്നത്. പിന്നെ അതെപ്പോഴോ അച്ഛന്റെ കൂടെയായി. മറ്റൊരു മുറിയില്‍. അച്ഛന്‍ കഥകളൊക്കെ പറഞ്ഞു തരുമായിരുന്നു. ഇപ്പോള്‍ പറയാറില്ല. ചോദിച്ചപ്പോള്‍ പറഞ്ഞു. 

''അച്ഛന്റെ കഥകളൊക്കെ തീര്‍ന്നു. ബാക്കി കഥകളൊക്കെ അമ്മക്കേ അറിയു.''  

ഉറക്കം വരാഞ്ഞപ്പോള്‍ അവന്‍ ചരിഞ്ഞു കിടന്നു. കൈകള്‍ തുടകള്‍ക്കിടയില്‍ വച്ചു.

കണ്ണിലേക്ക് ആരോ ഫ്‌ലൂട്ട് എടുത്തു കുത്തിയപ്പോളാണ് കുട്ടി ചാടി എഴുന്നേറ്റത്. ഭയന്ന് പോയി. സ്വപ്‌നമായിരുന്നു എന്നറിഞ്ഞപ്പോള്‍ ആശ്വാസമായി. അമ്മയുടെ കൂടെ പോയി കിടന്നാലോ എന്ന് ഒരു നിമിഷം ആലോചിച്ചു. തനിക്ക് പുതുതായി കിട്ടിയ അംഗീകാരം പോയാലോ എന്ന ഓര്‍മ്മ വന്നു. ഒറ്റയ്ക്ക് കിടക്കാന്‍ ഉറപ്പിച്ചു. അച്ഛന്റെ നീല ഷര്‍ട്ട് കൊളുത്തില്‍ കിടക്കുന്നത് കണ്ടു. ഇട്ടിട്ട് തൂക്കിയിരുന്നതാണ്. അവന്‍ അതെടുത്തു മണപ്പിച്ചു. അച്ഛന്റെ മണം. അത് കെട്ടിപ്പിടിച്ചു കിടന്നു. അച്ഛന്റെ കഥകളിലെ പ്രധാനിയാണ് ഫ്‌ലൂട്ട് വായനക്കാരന്‍. അയാള്‍ക്ക് പേരില്ല. ഒരിക്കല്‍ പേര് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു. 

'പേരില്ല. ഫ്‌ലൂട്ടിന്റെ ശബ്ദം തന്നെ പോയില്ലേ? പിന്നെന്തിനാണ് അയാള്‍ക്കൊരു പേര്.' 

ഫ്‌ലൂട്ടിന്റെ ശബ്ദം പോയ കഥയായിരുന്നു അച്ഛന്‍ അവസാനം പറഞ്ഞ കഥ. അതുകേട്ട് അവന്‍ ഒത്തിരി കരഞ്ഞു. 

രാജാവും ഫ്‌ലൂട്ട് വായനക്കാരനും വലിയ സുഹൃത്തുക്കളായിരുന്നു. കട്ട ഫ്രണ്ട്‌സ്. അയാള്‍ ഫ്‌ലൂട്ട് വായിക്കും. രാജാവ് പട്ടുമെത്തയില്‍ ചാരിയിരുന്നു കണ്ണുകളടച്ച് അതാസ്വദിക്കും.

''നിന്റെ ഫ്‌ലൂട്ട് വായന കഴിയുമ്പോള്‍ എന്റെ സംശയങ്ങള്‍ക്കെല്ലാം ഉത്തരമാകും. എങ്ങനെ എന്നറിയില്ല. ആ സംഗീതധാരയില്‍ ഈശ്വരന്‍ ഇറങ്ങി വരും. എന്റെ കാതുകളില്‍ ഓരോ പ്രശ്‌നങ്ങളുടെയും പരിഹാരം പറഞ്ഞു തരും.''

ഫ്‌ലൂട്ടുകാരന് കൊടുക്കുന്ന അമിത സ്‌നേഹവും സ്വാതന്ത്ര്യവും കണ്ട് മന്ത്രിമാരും മറ്റു പൗരപ്രമുഖന്മാരും അയാളെ വെറുത്തു. കൊല്ലാന്‍ തക്കം പാര്‍ത്തു. 

'ജാതിയില്‍ നീചന്‍. തൊട്ടു കൂടാത്തവന്‍. രാജന് ബോധം മറഞ്ഞോ? കുലം മുടിയാന്‍ ഇനിയെന്തുവേണം?' അവര്‍ പരസ്പരം പിറുപിറുത്തു.  

ഒരിക്കല്‍ രാജാവ് നായാട്ടിന് പോകുമ്പോള്‍ മന്ത്രിമാരുടെ പ്രേരണയാല്‍ ഫ്‌ലൂട്ടുകാരനെയും രാജാവ് കൂടെ കൂട്ടി. കൊടും കാട്ടില്‍ രാജാവും ഫ്‌ലൂട്ടുകാരനും ഒറ്റപ്പെട്ടു. കടുവയും കരടിയും ഒക്കെയുള്ള ഉള്‍വനം. ഇരുള്‍ പരന്നു തുടങ്ങി. രക്ഷപെടാനുള്ള വഴികള്‍ തെളിയാതെ വന്നപ്പോള്‍ രാജാവ് കൂട്ടുകാരനോട് പറഞ്ഞു. 

''നീ ഒന്ന് ഫ്‌ലൂട്ട് വായിക്കു.'' 

ഫ്‌ലൂട്ടുകാരന്‍ വായിച്ചു. അഭൗമമായ ആ നാദധാരയില്‍ രാജാവ് ഉറങ്ങിപ്പോയി. കാട്ടിലെ വൃക്ഷലതാദികളും വള്ളികളും ആ സംഗീതധാരയില്‍ മുഴുകി സ്വയം മറന്ന് തലയാട്ടാന്‍ തുടങ്ങി. താളം പിടിക്കാന്‍ തുടങ്ങി. കാട്ടിലെ ചെറിയ മൃഗങ്ങള്‍ മുയല്‍, മയില്‍, മരയണ്ണാന്‍, മാന്‍പേടകള്‍, എല്ലാം വന്നു നൃത്തം ചെയ്യാന്‍ തുടങ്ങി. പെട്ടെന്ന് ഭീമാകാരനായ ഒരു കടുവ അയാളുടെ മുന്‍പിലേക്ക് എടുത്തുചാടി. മൃഗങ്ങളെല്ലാം ചിതറിയോടി. അത് വന്ന് മുന്‍കാലുകളില്‍ പതുങ്ങിയിരുന്നു. മാംസക്കൊതിയില്‍ തിളങ്ങുന്ന കണ്ണുകള്‍. ഇപ്പോള്‍ ചാടിവീണ് പിടികൂടും. ഫ്‌ലൂട്ടുകാരന്‍ ഭയന്ന് വിറച്ചു. ഒരു നിമിഷം. സംഗീതം തൊണ്ടയില്‍ കുരുങ്ങി. ഫ്‌ലൂട്ടിന്റെ ശബ്ദം നിലച്ചു. കടുവയുടെ നെഞ്ചിലേക്ക് എവിടെ നിന്നോ ഒരമ്പ് വന്നുകൊണ്ടു. കടുവ ഒരു അലര്‍ച്ചയോടെ അയാളുടെ നേര്‍ക്ക് ചാടി. അതിനിടയില്‍ രാജാവ് അയാളെ തള്ളിമാറ്റി. തിരിഞ്ഞു നോക്കുമ്പോള്‍ നെഞ്ചില്‍ അമ്പേറ്റ കടുവ പാഞ്ഞു പോകുന്നു. അന്ന് നിലച്ചതാണ് ഫ്‌ലൂട്ടിന്റെ നാദം. പിന്നെ അതില്‍ നിന്നും വന്നതെല്ലാം അപശബ്ദം മാത്രം. ഫ്‌ലൂട്ടുകാരന്‍ മറ്റു പല ഫ്‌ലൂട്ടുകളും ഉപയോഗിച്ച് നോക്കി. ഒന്നിനും പഴയതാകാന്‍ കഴിഞ്ഞില്ല. അയാള്‍ കരഞ്ഞില്ല. അനന്തതയിലേക്ക് നോക്കിയിരുന്നു. പിന്നെയൊരിക്കലും അയാള്‍ ഫ്‌ലൂട്ട് വായിച്ചില്ല. 

''കടുവയുടെ തോലിട്ട് ചാടിവന്നതാരെന്നറിയുമോ?'' 

''വേഷമിട്ടതാണോ?'' 

''അതെ. മലവേടന്‍. ഫ്‌ലൂട്ടുകാരനെ കൊല്ലാന്‍ മന്ത്രി വിട്ടത്.'' 

''അയ്യോ പാവം.'' 

''തനിക്ക് കിട്ടാത്തത് മറ്റൊരാള്‍ സ്വന്തമാക്കുമ്പോള്‍ സഹിക്കാത്തവനാണ് മനുഷ്യന്‍. തക്കം പാര്‍ത്തിരിക്കും. തരം കിട്ടിയാല്‍ പണികൊടുക്കും.''

ഉണര്‍ന്ന ഉടനെ അവന്‍ അമ്മക്കരികിലേക്ക് ഓടി. ''അമ്മേ അച്ഛനിന്നലെ വന്നില്ലേ?''.

''അതുകൊള്ളാം. നിന്റെ കൂടല്ലേ അച്ഛന്റെ കിടപ്പ്? എന്നിട്ട് എന്നോട് ചോദിക്കുന്നോ?'' അമ്മക്ക് തമാശ. അവന്റെ സങ്കടം കണ്ട് അവര്‍ വേഗം പറഞ്ഞു. 

''അച്ഛന്‍ എവിടെ പോകാനാടാ? ഇന്നിങ്ങ് വരും. നീ സ്‌കൂളില്‍ പോകാന്‍ നോക്ക്.'' 

അന്നു വൈകിട്ട് സ്‌കൂളില്‍ നിന്നും വന്നയുടനെ വീണ്ടും ചോദിച്ചു. ''അച്ഛന്‍ വന്നോ അമ്മേ?'' 

അമ്മ വെറുതെ അവനെ നോക്കി. പിന്നെ ചായ ഗ്ലാസ്സിലേക്ക് പകര്‍ന്നു. അവന് സങ്കടവും ദേഷ്യവും വന്നു. 

''അമ്മേ, അച്ഛന്‍ വന്നോന്ന് പറ?'' 

''ആ. എനിക്കറിയില്ല. ഇവിടാരും വന്നില്ല.'' 

''ഫോണ്‍ ചെയ്‌തോ?'' 

''ഇല്ല. നീ പോയി യൂണിഫോം മാറ്റീട്ട് വാ.'' 

അമ്മയുടെ ദേഷ്യം കണ്ട് അവന്‍ മുറിയിലേക്ക് പോയി. അന്നും അച്ഛന്‍ വന്നില്ല. അമ്മ ആരോടും പറഞ്ഞില്ല. ആരോട് പറയണമെന്ന് അവന് അറിയുകയുമില്ല. അമ്മ ഒറ്റക്കിരുന്നു കരയുന്നതും മൂക്ക് പിഴിയുന്നതും അവന്‍ കണ്ടു.

അന്നു രാത്രി അവന്‍ വല്ലാത്തൊരു സ്വപ്‌നം കണ്ടു. ഘോരമായ കാട്. മൃഗങ്ങളുടെ അലര്‍ച്ചകളും പേടിപ്പെടുത്തുന്ന ശബ്ദങ്ങളും. അവിടെ ഒരു സര്‍പ്പപ്പുറ്റിന് മുന്നില്‍ നിന്ന് ഫ്‌ലൂട്ടുകാരന്‍ തേങ്ങിക്കരയുകയാണ്. അയാള്‍ തിരിഞ്ഞപ്പോള്‍ അവന്‍ മുഖം കണ്ടു. അച്ഛന്‍. അവന്‍ ഭയന്ന് അച്ഛാ എന്ന് വിളിക്കാന്‍ തുടങ്ങുമ്പോഴേക്കും അച്ഛന്‍ പുകയായി മരങ്ങള്‍ക്കിടയില്‍ ആവിയായി.    

അച്ഛനെ കാണാതായി മൂന്നാം ദിവസം. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് രാവിലെ വാര്‍ത്ത വന്നു. സ്‌കൂള്‍ തുറക്കാന്‍ വന്ന പ്യുണ്‍ ഗോപാലപിള്ളയുടെ അലര്‍ച്ച കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. അപ്പര്‍ പ്രൈമറി സ്‌കൂള്‍ ആണ്. സ്‌കൂളിന് മുള്ളുവേലിയെ ഉള്ളു. മതില്‍ക്കെട്ടില്ല. മുള്ളുവേലി അങ്ങും ഇങ്ങും പൊളിഞ്ഞു കിടക്കുന്നതുകൊണ്ട് ആളുകള്‍ക്ക് ഉള്ളില്‍ കയറാന്‍ പ്രയാസമുണ്ടായില്ല. പിള്ളേരുടെ കഞ്ഞിപ്പുരയുടെ മുന്‍പില്‍ ഗോപാലപിള്ള ബോധം കെട്ട് കിടക്കുന്നു. കഞ്ഞിപ്പുരയുടെ ഓലമറ മാറ്റി ആരോ നോക്കി. അയാളൊന്നും മിണ്ടിയില്ല. മറ്റൊരാള്‍ നോക്കി. പിന്നവിടെ ഒരു ബഹളമായിരുന്നു. ഉള്ളിലൊരു ശവം. പാതി കാലിയായ ഒരു കള്ളുകുപ്പിയും രണ്ടു ഗ്ലാസുകളും. വഴിമുട്ടി നില്‍ക്കുന്ന ചോരച്ചാലുകള്‍. കറുത്ത കൂനനുറുമ്പുകളുടെ ആഹ്ലാദാരവങ്ങള്‍. ഗ്രാമമല്ലേ? അതുകൊണ്ട് അടുത്ത സെക്കന്‍ഡില്‍ അമ്മയും വിവരമറിഞ്ഞു. കരുതലും സ്‌നേഹവും കൂടുതല്‍ ഉള്ളിടത്തു വാര്‍ത്തകള്‍ കാട്ടുതീ പോലെ പടരുന്നു. 

ഇട്ടിരുന്ന ഹൗസ്‌കോട്ടുമായി റോക്കറ്റുപോലെ അമ്മ ഓടുന്നതാണവന്‍ കണ്ടത്. പണത്തിന് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെങ്കിലും വൃത്തിയോടും മെനയോടുമെ അമ്മ പുറത്തിറങ്ങാറുള്ളു. ഹൗസ്‌കോട്ട് ഇട്ട് പുറത്തു പോകാറേയില്ല. അതും മുഷിഞ്ഞത്. അവന്‍ പരിഭ്രമിച്ചു പോയി. വേഗം പോയി അടുക്കള വാതില്‍ അടച്ചു. ജനാലകളൊന്നും അടച്ചില്ല. മുന്‍വാതിലും അടച്ചു. വാതില്‍ പൂട്ടാന്‍ പോലും നില്‍ക്കാതെ അവനും പുറകേയോടി. അവന്‍ ചെല്ലുമ്പോള്‍ കാണുന്നത് അമ്മ അതേ സ്പീഡില്‍ തിരികെ വരുന്നതാണ്.

''എന്താ അമ്മേ?'' 

''ആ ദുബായിക്കാരന്‍ രാജുവിനെ ആരോ സ്‌കൂളില്‍ കൊന്നിട്ടിരിക്കുന്നു. അങ്ങോട്ട് പോകണ്ട. നീ വാ.''  

അമ്മ അവനെ പിടിച്ചു വലിച്ചു. അമ്മയുടെ ദേഷ്യം കണ്ടവന്‍ പകച്ചു. അമ്മ ഇങ്ങനെ ആയിരുന്നില്ലല്ലോ? വീട്ടില്‍ വന്നപ്പോള്‍ അമ്മ പറഞ്ഞു.    

''നീയിന്ന് സ്‌കൂളില്‍ പോകണ്ട.'' 

അവന്റെ കയ്യും പിടിച്ചു അമ്മ കവലയിലേക്ക് നടന്നു. അവിടെനിന്നും ആട്ടോ പിടിച്ചു. പോലീസ് സ്റ്റേഷനിലേക്ക് പോയി. തോക്കും പിടിച്ചു നില്‍ക്കുന്ന പോലീസുകാരനെ കണ്ടു. കുട്ടി പേടിച്ചു. അമ്മ പേടിച്ചില്ല. 

''ആള് മിസ്സായിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ എന്താണ് വൈകിയത്?'' ഇന്‍സ്‌പെക്ടര്‍ മീശ മുകളിലോട്ട് തടവി. മേശമേല്‍ വച്ചിരുന്ന ചെറിയ ഡബ്ബയില്‍ നിന്നും രണ്ട് കുരുമുളക് എടുത്തു വായിലിട്ടു. ചിറഞ്ഞു നോക്കി. കുട്ടി പേടിച്ചു. അമ്മ പേടിച്ചില്ല. 

''അതിങ്ങ് വരുമെന്ന് കരുതി.'' 

''നിങ്ങള്‍ തമ്മില്‍ വഴക്കിടാറുണ്ടോ?'' 

''ഇല്ല.'' 

''അയാള്‍ക്ക് മറ്റു വല്ല സ്ത്രീകളുമായി എന്തെങ്കിലും?'' 

''അയ്യോ, പാവം. ഒന്നുമില്ല.'' 

''ഇതിന് മുന്‍പ് ഇങ്ങനെ പോയിട്ടുണ്ടോ?'' 

''ഇല്ല.'' 

എന്തൊരു മണ്ടന്‍ ഇന്‍സ്‌പെക്ടര്‍. കുട്ടിക്ക് അയ്യേന്ന് തോന്നി. അവന്‍ ഭിത്തിയില്‍ ഇളകിയാടുന്ന ഗാന്ധിജിയുടെ പടത്തിന് നേരെ നോക്കി. എപ്പോള്‍ വേണമെങ്കിലും അത് താഴെവീണ് ചില്ലുകള്‍ പൊട്ടാം. ചില്ലുകള്‍ ഗാന്ധിജിയുടെ നെഞ്ചില്‍ കൊള്ളാം. എഴുന്നേറ്റ് മുറിയില്‍ നടന്നു. കമ്പി അഴികളുള്ള ഒരു കൊച്ചു മുറിയില്‍ വലിയൊരു മനുഷ്യന്‍ ജട്ടി മാത്രം ഇട്ടു നില്‍ക്കുന്നു. എലിവില്ലിനുള്ളില്‍ വീണ എലിയെപ്പോലെ. അവന് വീണ്ടും അയ്യേന്ന് തോന്നി. അപ്പോള്‍ അടുത്തിരുന്ന മറ്റൊരു പോലീസുകാരന്‍ അവന്റെ അടുത്തേക്ക് വന്നു. ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു. 

''മോനിങ്ങ് പോര്. കള്ളനാ.'' 

''അയാളെ തല്ലുമോ?'' 

''ചിലപ്പോള്‍ തല്ലും, ഇടിക്കും, ചവുട്ടും. കുറ്റം സമ്മതിച്ചില്ലെങ്കില്‍.'' 

''അയാളല്ലെങ്കിലോ?'' 

''വെറുതെ വിടും.'' 

''അപ്പോള്‍ ഇടിച്ച ഇടിയോ?'' 

''അത് വേസ്റ്റ്.'' പോലീസുകാരന്‍ ചിരിച്ചു.   

കണ്ണീര്‍ സാരിയില്‍ തുടച്ച് അമ്മ എഴുന്നേറ്റു. പുറത്തേക്ക് നടന്നു. അവന്‍ തിരിഞ്ഞു നോക്കി. ഇന്‍സ്‌പെക്ടര്‍ നോക്കിയിരിക്കുന്നു. അവന്‍ അമ്മയോടൊന്നും ചോദിച്ചില്ല. അവന്റെ മനസ്സില്‍ എലിവില്ലായിരുന്നു. അതിലെ ജട്ടിയിട്ട എലിയും.

''അമ്മയുടെ കയ്യില്‍ പണമില്ല. നമുക്ക് നടന്നാലോ?'' 

''ഓ.'' 

അവന് സന്തോഷമായി. സിറ്റിയില്‍ കൂടിയുള്ള നടത്തം. റോഡില്‍ വാഹനങ്ങളുടെ തിരക്കാണ്. തലങ്ങും വിലങ്ങും പായുന്ന വണ്ടികള്‍. സ്‌കൂളില്‍ പോകുന്ന കുട്ടികളും ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥരും. ഫുട് പാത്തില്‍ അമ്മ അവന്റെ കൈകളില്‍ പിടിച്ചു. 

''വേണ്ടമ്മേ. ഞാന്‍ തനിയെ നടക്കാം.'' 

മുതിര്‍ന്ന കുട്ടിയെപ്പോലെ അവന്‍ പറഞ്ഞു. പിന്നെ വലിയ ഗമയില്‍ നടന്നു. കവലക്ക് നടുവില്‍ വൃത്താകൃതിയിലുള്ള ചെറിയ ഉദ്യാനം. അതിനെ ചുറ്റിയാണ് വണ്ടികള്‍ പോകുക. ഉദ്യാനത്തില്‍ പലതരം ചെടികള്‍. രണ്ടോ മൂന്നോ സിമന്റ് ബെഞ്ചുകള്‍ മാത്രം. പൂക്കളുടെ ഡിസൈനുള്ള കാസ്റ്റ് അയണ്‍ ഗ്രില്ലുകള്‍ കൊണ്ട് ചുറ്റിനും വേലികെട്ടിയിട്ടുണ്ട്. ഇരുമ്പ് പൂക്കള്‍ക്കിടയില്‍ കൂടി അവന്‍ കണ്ടു. ചെടികള്‍ക്കിടയില്‍ ഓടിക്കളിക്കുന്ന എലികള്‍. ഫുട് പാത്തില്‍ ചുവപ്പും കറുപ്പും ടൈലുകള്‍ നല്ല ഡിസൈനുകളില്‍ പാകിയിരിക്കുന്നു. 

അവന്റെ കൈകള്‍ പിടിച്ച് അമ്മ റോഡ് മുറിച്ചു കടന്നു. വീണ്ടും ഫുട് പാത്തില്‍. കടകളുടെ പേരുകള്‍ വായിച്ച് അവന്‍ നടന്നു. സാരിത്തുമ്പു കൊണ്ട് മുഖവും കണ്ണുകളും തുടച്ച് അമ്മ പറഞ്ഞു. 

''വല്ലാത്ത വെയിലാണ്. നീ തണലില്‍ കൂടി നടക്ക്.'' 

കാഴ്ച്ചകള്‍ കണ്ട് ത്രില്ലിലായിരുന്നു അവന്‍. കുറെ സ്ത്രീകളും പുരുഷന്മാരും അവരെ കടന്നു പോയി. അവന് കാണാം, തൊട്ടപ്പുറത്തുള്ള പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയതാണവര്‍. എവിടെ നിന്നെന്നറിയില്ല, പെട്ടെന്ന് അവന്റെ ഉള്ളിലേക്കൊരു തോന്നല്‍ വന്നു. അവനവിടെ നിന്നു. 

''അമ്മേ നമുക്കിത്തിരി നേരം ഇവിടെ നില്‍ക്കാം.'' 

''എന്തിനാടാ?'' 

''ഒരുവേള ഈ നടന്നു വരുന്ന ആളുകള്‍ക്കിടയില്‍ അച്ഛനുണ്ടെങ്കിലോ?'' 

''നീ വരുന്നുണ്ടോ?'' അമ്മ ദേഷ്യപ്പെട്ടു. മുന്‍പില്‍ കയറി നടന്നു. 

''പോലീസിനെക്കൊണ്ട് അച്ഛനെ കണ്ടുപിടിക്കാന്‍ പറ്റുമോ?''  

''ആ ഇന്‍സ്‌പെക്ടര്‍ ആള്‍ മിടുക്കനാണ്. ഒന്നും രണ്ടും ദിവസങ്ങള്‍ കൊണ്ടാണ് കേസുകള്‍ തെളിയിക്കുന്നത് എന്നാണ് കേട്ടത്.'   

അന്ന് രാത്രി ഉറങ്ങാന്‍ കിടക്കും മുന്‍പ് അമ്മ അവനോട് പറഞ്ഞു. 

''ഇനി മുതല്‍ എന്നും മുന്‍വശത്തെ വാതിലും അടുക്കള വാതിലും കുറ്റിയിട്ടോ എന്ന് നോക്കിയിട്ട് കിടന്നാല്‍ മതി.'' 

അത് കേട്ടപ്പോള്‍ അവന് വെറുതെ സങ്കടം വന്നു. കതകടക്കുന്നതിനല്ല. തീര്‍ച്ച. എന്നാല്‍ എന്തിന് എന്നവന് മനസ്സിലായില്ല. ചില സങ്കടങ്ങള്‍ അങ്ങനെയാണ്. കാരണം എന്തെന്ന് മനസ്സിലാകുകയേയില്ല. അന്നും അവന്‍ അച്ഛന്റെ നീല ഷര്‍ട്ടും കെട്ടിപ്പിടിച്ചു കിടന്നു. 

രാവിലെ അവന് ദോശ വിളമ്പുമ്പോള്‍ അമ്മ പറഞ്ഞു. 

'ഇന്നലെ രാത്രിയും നീ പേടിച്ചു കരഞ്ഞു. അമ്മ വരില്ല കൂട്ടിന്. എനിക്ക് പറ്റിയ അബദ്ധം നിനക്ക് വേണ്ട. നീ സ്വന്തം കാലില്‍ നില്‍ക്കണം. ഒരാളുടെ ഷര്‍ട്ടോ സാമീപ്യമോ അല്ല നമുക്ക് ധൈര്യം തരുക. അത് നെഞ്ചിനുള്ളിലാണ്. നമ്മളത് എടുത്തുപയോഗിച്ചാല്‍ മതി.' 

അവന്‍ ദോശയുടെയും ചമ്മന്തിയുടെയും രുചി മറന്നു. തലയുയര്‍ത്തി അമ്മയെ നോക്കി. ഈറന്റെ പാട ജ്വലിപ്പിക്കുന്ന കണ്ണുകള്‍. വിറക് അടുപ്പിലെ തെന്നിത്തെറിക്കുന്ന സ്വര്‍ണ്ണഗോളങ്ങള്‍. ആളി പൊങ്ങി അപ്രത്യക്ഷമാകുന്നവര്‍. മാറാലകള്‍ക്കും ഇരുളിനും ഇടയില്‍ മറയുന്നവര്‍. അവന്‍ അച്ഛനെ ഓര്‍ത്തു.  

'ഒറ്റക്ക് നില്‍ക്കാനാകുമ്പോഴേ നീ ജയിക്കു. ജയിക്കാന്‍ നിനക്ക് അച്ഛനും വേണ്ട. അമ്മയും.' അമ്മ തിരിഞ്ഞു നിന്ന് മാവ് കല്ലിലൊഴിച്ചു പരത്തി. മെഴുക്കുപിടിച്ച ജനലഴികളില്‍ കൂടി തൊടിയിലേക്ക് നോക്കി. നിര്‍ജ്ജീവമായ കണ്ണുകള്‍ ഒന്നും കണ്ടില്ല. ശൂന്യമായ മനസ്സ് തന്നത്താനെന്നവണ്ണം പറഞ്ഞു.   

'സങ്കടങ്ങള്‍ കൂടെ കൊണ്ടുനടക്കാനുള്ളതല്ല. ചവുട്ടിനിന്ന് കുതിച്ചുയരാനുള്ളതാണ്. നിനക്കിനി കെട്ടിപ്പിടിക്കാന്‍ അച്ഛന്റെ ഷര്‍ട്ട് വേണ്ട. നാളെ അമ്മയുടെ ബ്ലൗസും.' അവന്‍ മിഴിച്ചു നോക്കുമ്പോള്‍ അമ്മ അടുത്ത ദോശ വിളമ്പി.       

''മോനെ നമുക്ക് സ്വത്തില്ല. അതുകൊണ്ട് ലോകം മുഴുവന്‍ നമ്മുടേതാണ്. ബന്ധുക്കളില്ല. അതുകൊണ്ട് ലോകം മുഴുവന്‍ ബന്ധുക്കളാണ്.''  

സ്‌കൂളിലിരിക്കുമ്പോള്‍ അച്ഛന്‍ വന്നു. അഴികളില്ലാത്ത ജനാലയില്‍ വന്നിരുന്ന് കാലിട്ടാട്ടി. കുട്ടിയെ നോക്കി ചിരിക്കാന്‍ തുടങ്ങി. നീണ്ട ഹാളില്‍ പനമ്പുകൊണ്ടുള്ള മറകള്‍ വച്ചാണ് ക്ലാസുകള്‍ തിരിച്ചിരിക്കുന്നത്. പല പനമ്പുകളിലും ഓട്ടകള്‍ വീണിട്ടുണ്ട്. അടുത്ത ക്ലാസുകളിലെ ശബ്ദവും ബഹളവും കാരണം ടീച്ചര്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ പറ്റുന്നില്ല. അപ്പോഴാണ് അച്ഛന്‍ ഒറ്റ അലര്‍ച്ച. 

''ബഹളമുണ്ടാക്കാതെടാ പിള്ളേരെ, എന്റെ ചെക്കന് പഠിക്കണം.'' ഒരു സെക്കന്‍ഡ്. എല്ലാവരും നിശബ്ദരായി. ഉറക്കെയൊന്ന് ശ്വാസമെടുത്താല്‍ കേള്‍ക്കാം. അച്ഛന്‍ അവനെ നോക്കി കണ്ണിറുക്കിച്ചിരിച്ചു. ടാറ്റാ കൊടുത്തിട്ട് പോയി.     

 

2.

സര്‍ക്കാര്‍ ആശുപത്രിയിലെ അറ്റന്‍ഡര്‍ ആയിരുന്നു ദിവാകരന്‍. സത്യസന്ധനും സ്‌നേഹവും അനുകമ്പയും ഉള്ളവനും. ഇത്തരം മണ്ടത്തരം ചില മനുഷ്യരില്‍ കാണുന്ന ഒരുതരം അപൂര്‍വ്വം അസുഖമാണ്. ഇതിന് ചികിത്സയില്ല. എന്നാല്‍ അയാള്‍ മറ്റൊരു ഭീമന്‍ അബദ്ധം കൂടി കാണിച്ചു. ജോലിക്ക് കയറിയപ്പോള്‍ കൈക്കൂലി വാങ്ങില്ല എന്നരു ഭീഷ്മശപഥം ചെയ്തു. മനസ്സില്‍ ചെയ്തതുകൊണ്ട് ആരും അറിഞ്ഞില്ല. എന്നാലും പ്രവര്‍ത്തികളില്‍ ആളുകളറിഞ്ഞു. അഭിനന്ദിച്ചു. ഈ ശപഥമാണ് അയാളുടെ ജീവിതത്തിനെ മാറ്റിമറിച്ചത്. ഒരു പക്ഷെ അയാളുടെ തലേലെഴുത്ത് അതിലായിരിക്കാം കുരുങ്ങിക്കിടന്നത്. അനുഭവിക്കാതെ പറ്റുമോ? 

കാര്യങ്ങളുടെ ഒരു ഏകദേശരൂപം പറയാം. ഏതാണ്ട് പത്തുകൊല്ലത്തോളം ഈ വിഡ്ഢിത്തങ്ങളുമായി അയാള്‍ കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. മുജ്ജന്മ സുകൃതം. ഇങ്ങനെ നന്മയുള്ള മുന്‍ജന്മങ്ങള്‍ ഉള്ളതുകൊണ്ടല്ലേ ഇന്നത്തെ ഭൂരിപക്ഷം ആളുകളും പിഴച്ചു പോകുന്നത്! 

സംഭവം വളരെ ലളിതം. സാവിത്രിയമ്മയുടെ ബൈ സ്റ്റാന്‍ഡറായാണ് ശ്രേയല്‍ എസ് കെ വന്നത്. സാവിത്രിയമ്മക്ക് വയറ്റില്‍ വേദന. ഒരാഴ്ചയായി അതിവേദന. ഓ പി യിലേക്കുള്ള ശീട്ടെടുക്കാനുള്ള ക്യുവില്‍ ഏറ്റവും പുറകിലായിരുന്നു അവര്‍. ക്യുവില്‍, നിന്നും ഇരുന്നും അവര്‍ കരയുന്നുണ്ടായിരുന്നു. അതിവേദന. ആരും അവരെ കണ്ടിരുന്നില്ല. ആരും തന്നെ അവരുടെ കരച്ചിലും കേട്ടിരുന്നില്ല. അതാണ്. മണ്ടന്‍ ദിവാകരന്‍ ഓടിച്ചെന്നു. അയാളുടെ ആരുമല്ല, എന്നിട്ടും. ക്യുവില്‍ നിന്നും അവരെ ഡോക്ടറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവര്‍ക്ക് വയറ്റില്‍ മുഴ. സാമാന്യം വലുതൊന്ന്. ഏതാണ്ട് ഒരാഴ്ച വാര്‍ഡില്‍ കിടന്നു. അയാളാണ് എല്ലാ സഹായങ്ങളും ചെയ്തത്. ശ്രേയല്‍ ഒരു പൊട്ടിപ്പെണ്ണ്. കാണാന്‍ സുന്ദരി. എന്നാലൊരു മണ്ണുണ്ണി. ഒരു കാര്യപ്രാപ്തിയുമില്ല.      

ഒരാളുടെ തലേലെഴുത്ത് മാറ്റാന്‍ ഒരു വയറുവേദന മതി. ഏതോ മഹാന്‍ പറഞ്ഞതാണ്. സത്യം. അതാണല്ലോ ദിവാകരന് പറ്റിയത്. പണ്ടേ സുന്ദരി പെണ്‍പിള്ളേരെ കാണുമ്പോള്‍ ദിവാകരന് ദേഹം മൊത്തം ചൂട് തോന്നും. കണ്ണുകള്‍ അറിയാതെ അവരുടെ പുറകെ പോകും. ചുണ്ടുകളിലെയും നാവിലെയും വെള്ളം വറ്റും. അപ്പോള്‍ നാക്കുകൊണ്ട് ചുണ്ടുകള്‍ നനയ്ക്കും. കാല്‍മുട്ട് മുതല്‍ പാദം വരെ വിയര്‍ക്കും. ആണത്തം മാത്രം അടങ്ങിക്കിടക്കും. ഏതാണ്ട് ഒരു പതിമൂന്നാം വയസ്സില്‍ ആണ് ഈ ലക്ഷണങ്ങളൊക്കെ കാട്ടിത്തുടങ്ങിയത്. ഇമ വെട്ടാതെ ഇങ്ങനെ നോക്കുമ്പോള്‍ മിടുക്കി പിള്ളേര്‍ അരികെ വന്ന് രഹസ്യമായി ചോദിക്കും. 

''എന്നാ ദിവാകരേട്ടാ?'' എന്നിട്ട് വശ്യമായി ചിരിക്കും. 

'ഓ. ഒന്നുമില്ല. എന്നാ കൊച്ചേ' എന്ന് അയാള്‍ മറുപടി പറയും. തീര്‍ന്നു. 

എന്നാല്‍ സാവിത്രിയമ്മയുടെ ബൈ സ്റ്റാന്‍ഡര്‍ ശ്രേയലിനോട് ദിവാകരന് ഈ വക തോന്നലുകളൊന്നും ഉണ്ടായില്ല. അതാണ് അയാള്‍ ശ്രേയലിനെ കെട്ടാന്‍ കാരണം. മറ്റൊന്നുകൂടിയുണ്ട്. സാവിത്രിയമ്മയുടെ മുഴയുടെ ഒരു ഭാഗം അയച്ചുകൊടുത്തത് രോഗം സ്ഥിരീകരിച്ചു. ഇനി അധികനാള്‍ വേദന അനുഭവിക്കണ്ട. സാവിത്രിയമ്മ ശ്രേയലിനെ അയാളെ ഏല്‍പ്പിച്ചു. ഒന്നരമാസം കഴിഞ്ഞപ്പോള്‍ അവര്‍ പോയി. ശ്രേയലിനെ ഏല്‍പ്പിച്ചു എന്ന് പറഞ്ഞാല്‍ സത്യമല്ല. ശ്രേയല്‍ കാച്ചില്‍ വള്ളി പോലെ ആയിരുന്നല്ലോ? തളിരിലകളും പിഞ്ചു തണ്ടുകളുമായി അതങ്ങു പടര്‍ന്നു കയറി എന്നെ പറയാനാകൂ. അവിടെയും ദിവാകരന്റെ മുടിഞ്ഞ സത്യസന്ധതയും ധര്‍മ്മബോധവും ആണ് വിനയായത്. അല്ലെങ്കില്‍ നേരത്തെ നെല്ലും പതിരും തിരിഞ്ഞേനെ. ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങള്‍ കഴിഞ്ഞേനെ. ഇതിപ്പോള്‍ ഇല്ലത്തൂന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ടെത്തിയിട്ടിയില്ലതാനും എന്നപോലെയായി. പലവട്ടം കാച്ചില്‍ നന്നായി ചുറ്റിപ്പിടിച്ചതാണ്. അയാളാണ് അടര്‍ത്തിമാറ്റി നിര്‍ത്തിയത്. 

''ഇതൊന്നും വേണ്ട. കല്യാണം കഴിയട്ടെ.'' എന്ന് പറഞ്ഞു.   

മനുഷ്യന് വയസെത്രയായാലും ''ഐ ലവ് യൂ'' പറയാനുള്ള ചളിപ്പോ നാണമോ മാറില്ല എന്ന് ഈ ബന്ധത്തോടെ ദിവാകരന് ഉറപ്പായി. വിവാഹം കഴിഞ്ഞു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാച്ചില്‍ വള്ളികള്‍ അറിഞ്ഞു. ചുറ്റിപ്പടരാന്‍, മുകളിലേക്ക് കയറാന്‍ ചേനത്തണ്ടിന് ബലമില്ല. കാച്ചില്‍ വള്ളി വാടിയ ചേനത്തണ്ടിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ചേനത്തണ്ട് പറഞ്ഞു.

''വാടുമെന്ന് ഞാന്‍ അറിഞ്ഞില്ല.''   

ആറ് മാസമായപ്പോള്‍ കാച്ചില്‍ വള്ളികള്‍ വീണ്ടും കരഞ്ഞു. ''ഒന്നും തോന്നല്ലേ. ഞാന്‍ പായവിരിച്ച് താഴെ കിടന്നോട്ടെ. നിങ്ങളുടെ മണം അടിക്കുമ്പോള്‍ ഞാന്‍ കലപ്പകളെ സ്വപ്‌നം കാണുന്നു. നിലം ഉഴുത് പുതിയ വിത്തെറിയാന്‍ കാളക്കൂറ്റന്മാര്‍ വരുന്നു. അവരുടെ മുക്രശബ്ദം എന്റെ ഉറക്കം കെടുത്തുന്നു.'' 

അയാളൊന്നും മിണ്ടിയില്ല. നാവ് നിശബ്ദമായ, ഞരമ്പുകള്‍ തളര്‍ന്ന, സത്വം നഷ്ടപ്പെട്ട, ആറടി രണ്ടിഞ്ച് മനുഷ്യമാംസം ഒളിച്ചിരിക്കാന്‍ ഇടം തേടി തേങ്ങി. അടച്ചുമൂടിയ മുറിക്കുള്ളിലെ ഇരുട്ടിലും ആശുപത്രി രോഗികളുടെ സങ്കടക്കടലിനും ഇടയില്‍ ശിഷ്ട ജീവിതം അയാള്‍ തളച്ചിട്ടു. മണത്തില്‍ പോലും അവളെ മോഹിപ്പിക്കാതെ ഒഴിഞ്ഞു നടന്നു. സങ്കടപ്പെട്ട് മാപ്പ് പറയാന്‍ അവള്‍ പലവട്ടം പുറകെ നടന്നു. അയാള്‍ ഒഴിവാക്കി. പറയാനുള്ളതെല്ലാം പേപ്പറില്‍ എഴുതി മുറിയില്‍ വച്ചു. അയാളത് അവഗണിച്ചു. അവസാനം അവളതെല്ലാം നിര്‍ത്തി. കടലാസ്സിലെഴുതി വച്ച ആവശ്യങ്ങളെല്ലാം അയാള്‍ കൃത്യമായി ചെയ്തു കൊടുത്തു. രണ്ട് കൊല്ലമായപ്പോള്‍ കൂട്ടുകാരും ബന്ധുക്കളുമൊക്കെ ചോദ്യം തുടങ്ങി. 

''എന്തുണ്ട് വിശേഷം? പ്ലാനിങ് ആയിരിക്കും അല്ലേ?''

''പ്ലാനിങ്'' ശ്രേയല്‍ എല്ലാവരോടും പറഞ്ഞു. 

''എനിക്ക് ഇത്തിരി പ്രശ്‌നമുണ്ട്. ശരിയാകും.'' ദിവാകരന്‍ പറഞ്ഞു. 

''എനിക്കിത്തിരി പ്രശ്‌നമുണ്ട്. ശരിയാകും. മരുന്ന് കഴിക്കുന്നുണ്ട്.'' മൂന്ന് വര്‍ഷമായപ്പോള്‍ ശ്രേയല്‍ പറഞ്ഞു.  

''എനിക്കിത്തിരി പ്രശ്‌നമുണ്ട്. ശരിയാകും. മരുന്ന് കഴിക്കുന്നുണ്ട്.'' ദിവാകരനും പറഞ്ഞു.  അഞ്ചാം വര്‍ഷവും അവര്‍ അതുതന്നെ പറഞ്ഞു. കാലം കടന്നുപോയി. മഴയുള്ള ഒരു രാവില്‍ അവള്‍ ദിവാകരന്റെ മുറിയില്‍ ചെന്നു. ഉറങ്ങുന്ന ദിവാകരനെ മടിയില്‍ കിടത്തി. കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ കരഞ്ഞു നിര്‍ത്തി. ഇടതുകരം കൊണ്ട് അയാളെ ചേര്‍ത്ത് പിടിച്ചു. നെറുകയില്‍ ഉമ്മ വച്ചു. വലതു കൈവിരലുകള്‍ കൊണ്ട് മുടിയിഴകള്‍ ഉഴിഞ്ഞു. ആറര വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ അവളുടെ മണമറിഞ്ഞു. 

''നിങ്ങളെന്റെ ഭര്‍ത്താവ് മാത്രമല്ല. എന്റെ കുഞ്ഞും അച്ഛനും ദൈവവുമാണ്. കലപ്പകള്‍ ചാലു കീറാത്ത വരണ്ട ഭൂമിയാണ് തെറ്റ് ചെയ്തത്. ഒരാളെനിക്ക് കുഞ്ഞിനെ തരുന്നു. നിങ്ങളവനെ സ്‌നേഹിക്കയില്ലേ?'' 

അയാളുടെ നാവുകള്‍ മരവിച്ചു പോയിരുന്നല്ലോ. എന്നാല്‍ ചത്ത കണ്ണുകള്‍ പറഞ്ഞു. 

''ഞാന്‍ പൊന്നുപോലെ നോക്കും. എന്റെ പ്രായശ്ചിത്തം.'' 

''എന്റെ സ്‌നേഹം ഞാന്‍ മൂന്നാമന് ഒരിക്കലും കൊടുക്കില്ല. കൊടുക്കുന്ന നിമിഷം എന്നെ കൊന്നോളൂ.''  

 

3.

കൊലപാതകം കഴിഞ്ഞു അഞ്ച് ദിവസമായി. കുട്ടി യൂണിഫോം ഇടുന്ന തിരക്കിലായിരുന്നു. പോലീസ് ജീപ്പ് വീട്ടില്‍ വന്നു. ഇന്‍സ്‌പെക്ടര്‍ മസിലുപിടിച്ച് ഇറങ്ങി. മൂരിനിവര്‍ന്നു. മുറ്റത്ത് നിന്ന് ചുറ്റിലും നോക്കി. അമ്മ ഓടി വന്നു.   

''സാര്‍. എന്തെങ്കിലും വിവരം?'' 

''ഇവിടെ ആള്‍ മിസ്സിംഗ്. അടുത്ത വീട്ടില്‍ കൊലപാതകം. രണ്ടും നോക്കണമല്ലോ? ഇപ്പോള്‍ കൊലപാതക അന്വേഷണമായി വന്നതാണ്. മരിച്ചയാള്‍ നിങ്ങളുടെ അയല്‍വാസിയല്ലേ?'' 

ഇന്‍സ്‌പെക്ടരുടെ സംസാരരീതിയും അഹങ്കാരവും കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. ഇന്‍സ്‌പെക്ടര്‍ വീടിന് പുറകിലേക്ക് പോയി. നീ വേഗം റെഡി ആകു എന്ന് കുട്ടിയോട് പറഞ്ഞിട്ട് അമ്മ വേവലാതിപൂണ്ട് അയാളുടെ പുറകെ ഓടി.

''എന്താ സാറെ?'' 

''അറിഞ്ഞാരുന്നോ രാജുവിനെ കൊലപ്പെടുത്തിയത് വെട്ടുകത്തിക്ക് വെട്ടിയാണ്?''

''ഇല്ല. കൂട്ടുകാര്‍ ഒന്നിച്ചിരുന്നടിച്ച് വഴക്കുണ്ടാക്കിയതാണ് എന്ന് കേട്ടല്ലോ.''  

അയാള്‍ മറുപടി പറഞ്ഞില്ല. വീടിന് ചുറ്റും നടന്നു നോക്കി. കക്കൂസിന് പുറകിലെ മണ്ണ് ഇളകി കിടക്കുന്നത് കണ്ട് അത് ചെറുതായി ഇളക്കി നോക്കി. പിന്നെ ചോദിച്ചു. 

''എന്താണിവിടെ കുഴിച്ചിട്ടിരിക്കുന്നത്?''

''ചേന പറിച്ചതാണ് സാറെ.''

''പണ്ടേ റൗഡിയും ആഭാസനും പെണ്ണുപിടിയനും. ഗള്‍ഫിലും എന്തോ മറിപ്പ് പണികളൊക്കെ. മടങ്ങിവന്ന് ഒരു മാസത്തിനുള്ളില്‍ കുത്തു കേസ് പ്രതി. ജാമ്യത്തിലിറങ്ങി ഒരാഴ്ചക്കുള്ളില്‍ ആരോ കൊലപ്പെടുത്തി. വീട്ടുകാര്‍ പറയുന്നത് അയാളങ്ങ് പോയത് നന്നായി എന്നാണ്. കൊല്ലപ്പെട്ട രാജുവിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്?''

''ആള്‍ ശരിയല്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ വലിയ സഹകരണമില്ല.'' 

''നിങ്ങളുടെ ഭര്‍ത്താവിനെ ഇവിടെ നിന്നും ഓടിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയോ? കള്ള് കുടിച്ചു ഹോസ്പിറ്റലില്‍ ചെന്നിരുന്നു, രണ്ടാളും വഴക്കുണ്ടായി എന്നൊക്കെ കേട്ടല്ലോ.'' 

''അറിയില്ല.'' 

''ശരി. നിങ്ങളെ കാണാന്‍ ഇവിടെ വന്നിരുന്നോ?'' അവള്‍ അയാളെ തുറിച്ചു നോക്കി. 

''എന്നെ കാണാന്‍ വന്നില്ല. ഇതിലെ പോയപ്പോള്‍ മോനെ കണ്ടു. ഒന്ന് കേറി. അവനെന്തോ ചോക്ലേറ്റുകള്‍ കൊടുത്തു. പോയി. അയല്‍പക്കമല്ലേ സാറെ?''  ഇന്‍സ്‌പെക്ടര്‍ ചിരിച്ചു. വീടിന് മുന്‍പിലേക്ക് വന്നു.

''നിങ്ങളുടെ ഭര്‍ത്താവ് അയാളെ കൊല്ലും എന്ന് പറഞ്ഞത് കേട്ടവരുണ്ട്. സംശയം തോന്നാതിരിക്കാന്‍ അയാള്‍ രണ്ടുദിവസം മുന്നേ ഒളിവില്‍ പോയതല്ലേ?''

''ഭര്‍ത്താവിനെ കാണാതായി വിഷമിച്ചിരിക്കുന്ന ഒരു സ്ത്രീയോട് ഇങ്ങനെ പറയരുത് സാറെ. സാര്‍ കയറി ഇരുന്നാട്ടെ.'' 

''ദിവാകരന്‍ വിളിച്ചോ?'' 

''ഇല്ല. അങ്ങനെ ഒരു പതിവില്ല.'' 

''ആശുപത്രിയിലേക്ക് ലീവ് ലറ്റര്‍ ഒന്നും അയച്ചിട്ടില്ല. പോകാന്‍ സാധ്യതയുള്ള ബന്ധുവീടുകള്‍?'' 

''അവിടങ്ങളിലൊക്കെ ഞാന്‍ വിളിച്ചു ചോദിച്ചതാ. എവിടെയും ഇല്ല.'' 

''നിങ്ങള്‍ക്ക് എന്തെങ്കിലും സംശയം? പോകാന്‍ സാധ്യതയുള്ള സ്ഥലം?'' 

''സാറെ ഒരു മിനിറ്റ്. മോനെ ഒന്ന് സ്‌കൂളിലേക്ക് വിട്ടോട്ടേ.'' 

അവര്‍ വേഗം ചോറ്റുപാത്രവും വെള്ളവും എടുത്തു കൊടുത്തു. കുട്ടി ഉത്സാഹത്തോടെ തനിയെ സ്‌കൂളിലേക്ക് ഇറങ്ങി. 

''മോനെ അമ്മ കൊണ്ട് വിടണോ?''  

''എന്താമ്മേ?'' മുതിര്‍ന്ന കുട്ടികളെപ്പോലെ അവന്‍ അമ്മയെ നോക്കി. പിന്നെ ചിരിച്ചു. 

അവര്‍ വേഗം മുഖവും കൈകളും കഴുകി ഹൗസ് കോട്ടിന്റെ തുമ്പില്‍ തുടച്ചു. ഇന്‍സ്‌പെക്ടര്‍ക്ക് എതിരെയുള്ള കസേരയില്‍ വന്നിരുന്നു.                     

''കാശിക്ക് പോയോ എന്നൊരു സംശയമാണ് എനിക്ക്.''

''അതെന്താ കാശിക്കു പോകാന്‍? ആരുടെയെങ്കിലും ചിതാ ഭസ്മം ഒഴുക്കാനുണ്ടോ?'' 

''അതൊക്കെ ഒരു കഥയാ സാറെ.'' അവര്‍ വിഷാദപ്പെട്ടു. 

''പറ. കേള്‍ക്കട്ടെ.'' 

''സാറിനോട് എന്തിനാ ഒളിക്കുന്നെ? ഈ മോന്‍ അയാളുടെയല്ല.'' 

''പിന്നെ?'' 

''പശൂനൊക്കെ ഇന്‍ജെക്ഷന്‍ കൊടുക്കുകയില്ലേ? അതുപോലെ ഒന്ന്. പതിനെട്ടാം വയസ്സില്‍ കെട്ടി. ആറുകൊല്ലം ഒറ്റപ്പെടല്‍ സഹിച്ചു. പിന്നെ ഒരു വിത്തുകാളയുടെ സഹായം. ഒരു കുഞ്ഞു എന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. ഇപ്പോള്‍ മുപ്പത്തഞ്ച് വയസ്സായി. ആണിന്റെ മണം ഞാന്‍ അറിഞ്ഞിട്ടില്ല. അയാള്‍ കിടക്കുന്നത് ദോ ആ മുറിയിലാ. ഞാന്‍ ഇവിടെയും.'' 

ഇന്‍സ്‌പെക്ടര്‍ ഞെട്ടിത്തരിച്ചിരുന്നു. ഞെട്ടല്‍ മാറിയപ്പോള്‍ മീശ മുകളിലോട്ട് തടവി. പാന്റിന്റെ പോക്കറ്റില്‍ നിന്നും ചെറിയ ഡബ്ബ എടുത്തു. അതില്‍ നിന്നും രണ്ട് കുരുമുളകെടുത്തു വായിലിട്ടു. ''പറ. കേള്‍ക്കട്ടെ.'' 

'സ്വയം തടവറ തീര്‍ത്തു കഴിഞ്ഞ മനുഷ്യന്‍. മനസ്സിന്റെ ഭാരവും പേറിനടക്കുന്ന ഭാരമില്ലാത്തൊരു ശരീരം. തന്നില്‍ നിന്ന് തന്നെ ഒളിക്കാന്‍ ശ്രമിക്കുന്ന ആ മനസ്സ് സാറിന് മനസ്സിലാവില്ല. അയാള്‍ക്ക് ഈ കൊല ചെയ്യേണ്ട കാര്യമില്ല സാറെ. എന്തിന്?'  

''നിങ്ങളോടൊന്നും പറയാതെ പോയെന്നാണോ?'' 

''ഞങ്ങള്‍ മിണ്ടിയിട്ട് വര്‍ഷങ്ങളായി. ആരുടെയെങ്കിലും കൂടെ പൊക്കോളൂ. രക്ഷപെട്ടോളു.'' അതാണ് അവസാനം എന്നോട് പറഞ്ഞ വാക്ക്.

''എഴുത്തൊന്നും ഇല്ലായിരുന്നു എന്ന് അന്നേ പറഞ്ഞല്ലോ. ആട്ടെ, മോനോട് വല്ലോം പറഞ്ഞിരുന്നോ?'' 

''ഇല്ല. ഇന്നലെയാണ് കണ്ടത്, എന്റെ തലയണ കവറിനുള്ളില്‍ ആയിരത്തി അറുപത് രൂപ. ഉള്ളത് വച്ചിട്ട് പോയതാകും.''      

ഒരു പോലീസുകാരനൊപ്പം ഒരു കിളക്കാരന്‍ പറമ്പിലേക്ക് പോകുന്നത് കണ്ടു. ''അതെന്താണ് സാറെ? പോലീസുകാരല്ലേ?'' 

''ജോലിയും നോക്കണമല്ലോ? ചേനയുടെ മൂട് നോക്കണ്ടെ? വിത്ത് വല്ലോം കിട്ടിയാലോ?'' 

''നോക്ക് സാറെ. ആരും ചോദിക്കാനില്ലാത്തവര്‍ എന്നും പ്രതികളാണല്ലോ?''

''ഒരാളെ കൊല്ലാന്‍ ആണുതന്നെ വേണമെന്നില്ല.'' ഇന്‍സ്‌പെക്ടര്‍ ചിരിച്ചു. എഴുന്നേറ്റ് ദിവാകരന്റെ മുറിയിലേക്ക് പോയി. കൂലംകുഷമായി പരിശോധിച്ചു.  

''നിനക്ക് നല്ല വിത്തുകാളകളെയൊന്നും കിട്ടിയില്ലേ?''

'ഒരു കുഞ്ഞു. അതെ നോക്കിയുള്ളൂ. കാള ഏതായാലെന്ത്? പെണ്ണുപിടിയനും തെമ്മാടിയും വിവാഹിതനും. കൂടാതെ വേറെ രാജ്യത്തു ജോലി. അപ്പോള്‍ തലവേദന ആകില്ല എന്നുറപ്പിച്ചു. ആരെങ്കിലും ഓര്‍ത്തോ പണികളഞ്ഞു പോരുമെന്ന്?'   

''പിന്നെ കണ്ടോ?'' 

''ഒരിക്കല്‍ വന്നു. എന്റെ വിത്തല്ലേ? കൂലി വേണം. വീണ്ടും വിത്തെറിയണമെന്ന്. പറ്റില്ലാന്ന് ഞാനും.'' 

''അപ്പോള്‍ ജീവിക്കാന്‍ സമ്മതിക്കില്ലന്നായി. അവന്റെ വിത്തിനെ അവന്‍ തിരിച്ചെടുക്കുമെന്നായി. കുഞ്ഞിനെ കൊല്ലുമെന്നായി.''

''അവസാനം എന്തായി?'' 

''കുഞ്ഞിനെ കൊല്ലുമെന്ന് വന്നാല്‍ അയാളെ കൊല്ലുമെന്ന് ഞാന്‍ ഉറപ്പിച്ചു. എന്നാല്‍ അതിനുമുമ്പേ ആരോ കൊന്നുകളഞ്ഞില്ലേ?'' 

''ചില തോല്‍വികളും ഒരുകണക്കിന് ജയമാണ്.'' ഇന്‍സ്‌പെക്ടര്‍ എഴുന്നേറ്റു. വിടര്‍ന്ന് ചിരിച്ചു. പോലീസുകാരന്‍ വന്നു പറഞ്ഞു. 

''അവിടെങ്ങും ഒന്നുമില്ല സാറെ. ചേനത്തടമാണ്. മുറിഞ്ഞ ഒരു കഷ്ണം ചേന കിട്ടി.''

''അറിയാം.'' 

ഇന്‍സ്‌പെക്ടര്‍ ജീപ്പെടുക്കുമ്പോള്‍ അവള്‍ പറഞ്ഞു. ''സാറെ ഏതെങ്കിലും ക്ഷേത്രത്തില്‍ കാണും. കണ്ടാല്‍ എന്നോട് ക്ഷമിച്ച് വീട്ടില്‍ വരാന്‍ പറയണെ.''  

അന്നുരാത്രി കിടക്കും മുന്‍പ് മോന്‍ അച്ഛന്റെ നീല ഷര്‍ട്ടുമായി വന്നു. 

''അമ്മ വച്ചോ.'' 

''നീയത് താഴെ ഇട്ടേക്ക്. നാളെ അലക്കാം.'' 

വരാന്തയിലെ വിളക്ക് കെടുത്തി അരണ്ട വെളിച്ചത്തില്‍ ജനാല അഴികളില്‍ കൂടി വഴിയിലേക്ക് വെറുതെ നോക്കിയിരിക്കുകയായിരുന്നു അവള്‍. അപ്പോള്‍ വളരെ ദൂരെ നിന്നൊരു കാറ്റ് വന്നു. ദീര്‍ഘയാത്ര ചെയ്ത് തളര്‍ന്ന് വന്ന അത് അവളെ ചുറ്റിപ്പിടിച്ചു. മടിയിലും മുഖത്തുമായി തത്തിക്കളിച്ച് നെഞ്ചൊട്ടിക്കിടന്നു. അവള്‍ക്ക് കുളിരു തോന്നി. പുതക്കാന്‍ കയ്യെത്തി അടുത്ത് കിടന്ന തുണിയെടുത്തു. അയാളുടെ നീല ഷര്‍ട്ട്. അറിയാതെ പോക്കെറ്റില്‍ കയ്യിട്ടു നോക്കി. അലക്കാനുള്ള തുണികളുടെ പോക്കറ്റുകള്‍ പരിശോധിക്കുക പണ്ടേ അവളുടെ സ്വഭാവമാണ്. കയ്യിലെന്തോ തടഞ്ഞു. അവള്‍ക്കത് കാണാനായി നിലാവ് ജനാല ഇറങ്ങിവന്നു. തീരെ ചെറിയ ഒരു തുണ്ട് പേപ്പര്‍. ചുറ്റിനുമുള്ള ഇരുളില്‍ വാക്കുകള്‍ പ്രകാശിച്ചു നിന്നു. 

'വിത്തുകാള എന്നെ ശല്യം ചെയ്യുന്നു.'           

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക