Image

മേഘരൂപൻറെ ഒറ്റമുറിവീട് (കഥ:സുരേഷ് കുറുമുള്ളൂർ)

Published on 26 March, 2023
മേഘരൂപൻറെ ഒറ്റമുറിവീട് (കഥ:സുരേഷ് കുറുമുള്ളൂർ)

ആകാശത്തു മിന്നിത്തെളിയുന്ന കൊള്ളിയാൻ വെളിച്ചത്തിൽ ഇടമുറിയാതെ പെയ്തിറങ്ങുന്ന പെരുമഴയത്ത് ആ ചെറിയ ഒറ്റമുറി വീട് തണുത്തുവിറുങ്ങലിച്ചു നിന്നു.

“ഉന്നം തെറ്റാത്ത തോക്കിന്നു-
മായീല നിന്നെ വീഴ്ത്തുവാൻ
കേമന്മാരോമനിച്ചാലും
ചെവിവട്ടം പിടിച്ചു നീ

നീയിന്നാ മേഘരൂപൻറെ
ഗോത്രത്തിൽ ബാക്കിയായവൻ
ഏതോ വളകിലുക്കം 
കേട്ടലയും ഭ്രഷ്ടകാമുകൻ”
                - (മേഘരൂപൻ, ആറ്റൂർ രവിവർമ്മ)
കലിഞ്ഞാലിക്കവലയിലെ ആൽത്തറ കടന്ന് ശിവക്ഷേത്രത്തിനു സമീപത്തുകൂടി വേദഗിരി മലകയറി. കുന്നിറങ്ങി പാടത്തുകൂടി, കിഴക്കോട്ട് കുറച്ചു ചെന്നാൽ ഏറ്റുമാനൂരെത്താം...അവിടെ നിന്നും  തെക്കോട്ട് നടന്നാൽ മീനച്ചിലാറിൻറെ കരയിലെത്താം. മീനച്ചിലാറിൻറെ കരയിലാണ് രവിചന്ദ്രൻ താമസിക്കുന്നത്. 
രാവിലെ കേരള സാഹിത്യ അക്കാദമി അവാർഡു നേടിയ ആർ. രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്ന നോവൽ  വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ.  നോവൽ വായനയുടെ രസത്തെ മുറിച്ചു കൊണ്ടാണ് വഴിയിൽ നിന്നും ആ ശബ്ദമുയർന്നത്.
“രവിചന്ദ്രൻറെ വീട്ടിലേക്കുള്ള വഴിയേതാ?”
“ഏതു രവിചന്ദ്രൻ?” 
“കവി രവിചന്ദ്രൻ.”
“അങ്ങനെയൊരാൾ ഇവിടില്ലല്ലോ.”
“ഉണ്ട്. രവി,  മീനിച്ചിലാറിൻറെ തീരത്താണെന്നാ പറഞ്ഞിട്ടുള്ളത്.  വേദഗിരിക്കുന്നിറങ്ങി പാടം കയറി.... അദ്ദേഹം പറഞ്ഞ വഴിയിലൂടെയാ...ഞാനിവിടെയെത്തിയത്.  ഇവിടെ വന്നപ്പോൾ വഴിയവസാനിച്ചതുപോലെ....”
“ഇവിടെ നിന്നും നേരെ കിഴക്കോട്ടു പോയി, ഏറ്റുമാനൂരെത്തി, ഇത്തിരി തെക്കോട്ടു നടന്നാൽ, മീനച്ചിലാറിൻറെ തീരത്ത് ഒരു രവിയുണ്ട്. അയാൾ കവിയാണോ എന്നറിയില്ല. ഇടയ്ക്ക് ഏറ്റുമാനൂരിലെ പബ്ലിക്ക് ലൈബ്രറിയിൽ വെച്ചു കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ ഏറ്റുമാനൂർ കാവ്യവേദിയുടെ പ്രതിമാസ കവിയരങ്ങിൽ സദസ്സിൻറെ ഏറ്റവും അവസാനം അയാളിരിക്കുന്നതു കണ്ടിട്ടുണ്ട്. ഇന്നുവരെ അയാളൊരു മൂളിപ്പാട്ടുപോലും മൂളുന്നതു ഞാൻ കേട്ടിട്ടില്ല. അല്ല നിങ്ങളെവിടെ നിന്നാ?”
“ഞാൻ ഹരിണപുരത്തു നിന്നാ....നന്ദിനി. ഹരിണപുരത്തെ സ്ക്കൂളിലെ ടീച്ചറാ. മലപ്പുറത്താ വീട്. ഇവിടെ ജോലി കിട്ടി വന്നതാ. അഞ്ചാറു വർഷമായി ഇവിടെ താമസിക്കുന്നു.  ഹരിണപുരം പഞ്ചായത്തിലെ മെമ്പർ ശിവദാസൻ നായരുടെ കെട്ടിടത്തിൽ സ്ക്കൂളിനടുത്തു വാടകയ്ക്കു താമസിക്കുന്നു.”
“നിങ്ങളേതായാലും ഈ വഴിയെ നേരെ കിഴക്കോട്ടു നടന്നോളൂ...ഏറ്റുമാനൂരെത്തുമ്പോൾ ചോദിച്ചാൽ മതി. വഴി തിരിയുന്നത് അവിടെ നിന്നാ.”
മുന്നിലെപ്പാതയിലെ വളർന്നു നില്ക്കുന്ന പോത വകഞ്ഞുമാറ്റി നന്ദിനി മുന്നോട്ടു നടന്നു. അവളാകെ ക്ഷീണിതയായിരുന്നു.  പാടത്തിനക്കരെ, ചിറകയറി, അത്താണിയും കടന്ന് അവൾ മുന്നോട്ടു നടന്നു. രാജഭരണകാലത്തു പാലായിൽ നിന്നും, പൂഞ്ഞാറിൽ നിന്നും കുരുമുളകും, ഇഞ്ചിയും മഞ്ഞളും, സുഗന്ധദ്രവ്യങ്ങളും മറ്റും അതിരമ്പുഴ ചന്തയിലേക്കു കൊണ്ടു വന്നിരുന്നത് ഈ വഴിയിലൂടെയായിരുന്നു. അതിരമ്പുഴയിൽ നിന്നു ചരക്കുകൾ കെട്ടുവള്ളങ്ങളിൽ ആലുപ്പുഴയ്ക്ക് കൊണ്ടുപോയിരുന്നു.
കോട്ടമുറി ക്ഷാപ്പു കടന്ന് നന്ദിനി മുന്നോട്ടു നടന്നു. ക്ഷാപ്പിൽ കുടിയന്മാർ നല്ല താളമേളങ്ങളോടെ പാടിതകർക്കുന്നുണ്ടായിരുന്നു. 

“ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ
സുഹൃത്തേ ആശ്വസിക്കുക നാം....
ഈ വിലാസലോല ഭൂമിയിൽ ആരു ബന്ധുക്കൾ
ചുറ്റും ശത്രുക്കൾ” 

ആരായിരിക്കും ഈ വരികളെഴുതിയത്...എത്ര അർത്ഥവത്തായ വരികൾ. എഴുതിയ കവിയെ നന്ദിനി ഉള്ളിൽ നമസ്ക്കരിച്ചു.
അഞ്ചുവർഷങ്ങൾക്കു മുൻപാണ് നന്ദിനി,  രവിചന്ദ്രനെ പരിചയപ്പെടുന്നത്. നഗരത്തിലെ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള ഒരു പുസ്തകപ്രകാശന വേദിയായിരുന്നു സ്ഥലം. അവിടെ വെച്ചാണ് അയാളുടെ പ്രഭാഷണം നന്ദിനി ആദ്യമായി കേൾക്കുന്നതും ആ വാക്ധോരണിയിൽ ആകൃഷ്ടയാകുന്നതും. 
പിന്നീടെപ്പോഴോ അയാളുമായി അഗാധമായ ഒരു മാനസിക അടുപ്പം അവൾക്കു തോന്നിത്തുടങ്ങി. വാട്ട്സാപ്പും, ഫെയ്സ്ബുക്കും ഒന്നും രവിചന്ദ്രൻ ഉപയോഗിക്കുന്നില്ല എന്നത് അയാളുമായി ബന്ധപ്പെടുന്നതിൽ നന്ദിനിക്ക് കുറെയൊന്നുമല്ല വിഷമങ്ങൾ സൃഷ്ടിച്ചത്. അയാൾ ഫോൺ ഉപയോഗിച്ചിരുന്നുവെന്നതിനാൽ ഇടയ്ക്കെങ്കിലും അയാളെ വിളിക്കാൻ നന്ദിനിക്ക് സാധിച്ചിരുന്നു. പത്തു തവണ വിളിച്ചാൽ ഒരു തവണ വിളി കേട്ടാലായി! 
എങ്കിലും വല്ലപ്പോഴുമൊരിക്കൽ അയാളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ തന്നെ അവൾക്ക് അത്യധികം ആനന്ദം സമ്മാനിച്ചിരുന്നു. അടുക്കുന്തോറും അകന്നു പോകുന്ന ഒരു പ്രതിഭാസമായിരുന്നു നന്ദിനിയെ സംബന്ധിച്ച് രവിചന്ദ്രൻ.  എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി അയാൾ ഫോൺ അറ്റൻറു ചെയ്യുന്നേയുണ്ടായിരുന്നില്ല. 
അകാരണമായ ഒരു ഭയം നന്ദിനിയെ കീഴടക്കി തുടങ്ങിയപ്പോഴാണ്. നന്ദിനി രണ്ടും കല്പിച്ച് അയാളെ തിരക്കി വേദഗിരിക്കുന്നു കയറിയത്..... 
*********            ************            ************          
ജനകീയാസൂത്രണ പ്രസ്ഥാനത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പഠനക്യാമ്പിൽ ക്ലാസ്സെടുക്കാൻ വന്നപ്പോഴാണ് രവിചന്ദ്രനെ, അലക്സ് മാത്യു പരിചയപ്പെടുന്നത്.
 കേരള മോഡൽ വികസനത്തിൽ ജനകീയാസൂത്രണ പ്രസ്ഥാനങ്ങളുടെ പങ്കിനെക്കുറിച്ച് രവിചന്ദ്രൻറെ ക്ലാസ്സ് വളരെ ആകർഷകമായിരുന്നു. കേരളമെന്ന ഈ കൊച്ചു സംസ്ഥാനം ലഭ്യമായ വിഭവ സ്രോതസ്സുകളെ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിച്ചു കൊണ്ട് ചില രംഗങ്ങളിലെങ്കിലും വികസിത രാഷ്ട്രങ്ങൾക്കൊപ്പം നില്ക്കുവാൻ ശേഷി കൈവരിച്ചുവെന്നതിൻറെ ചരിത്രം രവി  വിവരിച്ചപ്പോൾ സി.ഡി.എസ്സിൽ  ഡോ. തോമസ് ഐസക്കിൻറെ ഒരു സെമിനാറിൽ പങ്കെടുത്ത ഓർമ്മയാണ് അലക്സ് മാത്യുവിന്റെ മനസ്സിൽ ഓടിയെത്തിയത്. 
ഏതൊരാളുടെ ഏത്ര ചെറിയ സംശയവും തീർത്തു കൊടുക്കുവാൻ ഡോ. തോമസ് ഐസക്ക് ആ സെമിനാറിൽ ശ്രദ്ധിച്ചതുപോലെയാണ് ഇവിടെ രവിചന്ദ്രനും  ശ്രമിക്കുന്നത് എന്ന് അലക്സിനു തോന്നിപ്പോയി.....
കാലഘട്ടം മാറുകയാണെന്നും ഇന്ന് ജനങ്ങൾ ജീവിക്കുന്നതിനായി പരക്കം പായുകയാണെന്നും അവർക്ക് മണിക്കൂറുകളോളം ഒരിടത്തു വന്നിരുന്ന് നമ്മുടെ പ്രഭാഷണങ്ങൾ കേൾക്കുവാൻ ചിലപ്പോൾ സമയം കിട്ടിയേക്കില്ലയെന്നും അതിനാൽ പരമാവധി സാമൂഹ്യ മാദ്ധ്യമങ്ങൾ ഉപയോഗിച്ച് നാം അവരിലേക്ക് എത്തുന്നതിന് ശ്രമിക്കണമെന്നും രവിചന്ദ്രൻ ആവശ്യപ്പെട്ടു.
യോഗം കഴിഞ്ഞപ്പോൾ അലക്സ്,  രവിചന്ദ്രനെ പരിചയപ്പെടുകയും, തൻറെ വാട്ട്സാപ്പു നമ്പർ കൈമാറുകയും ചെയ്തു.  രവിചന്ദ്രൻ അലക്സിനെ താൻ അഡ്മിനായ ‘നാട്ടുകളരി’ എന്ന വാട്ട്സാപ്പു ഗ്രൂപ്പിൽ അംഗമാക്കുകകയും ചെയ്തു.
അലക്സിനെ ഏറ്റവും ആകർഷിച്ചത് രവിചന്ദ്രൻറെ ജീവിതശൈലിയും ചിട്ടകളുമായിരുന്നു. യോഗാനന്തരം ചില സുഹൃത്തുക്കൾ ചേർന്ന് തൊട്ടടുത്ത ബാറിലേക്ക് ആഘോഷത്തിനായി പോയപ്പോഴും രവിചന്ദ്രനെ അക്കൂട്ടത്തിൽ കണ്ടില്ല. അവരിൽ ചിലർ രവിയെ പലതവണ തങ്ങൾക്കൊപ്പം ചേരാൻ ക്ഷണിച്ചെങ്കിലും അയാൾ പോയില്ല എന്നുമാത്രമല്ല ‘മദ്യത്തിന് മുന്നിൽ നമ്മുടെ തലച്ചോറ് പണയം വെയ്ക്കരുതെന്ന്’ അലക്സിനെ ഉപദേശിക്കുകയും ചെയ്തു.
 കഴിഞ്ഞ ദിവസം വരെ സജീവമായ രവിചന്ദ്രനെക്കുറിച്ച് യാതൊരു വിവരവും കിട്ടാതായപ്പോഴാണ് അലക്സ്,  രവിചന്ദ്രനെ അന്വേഷിച്ചിറങ്ങിയത്.... അലക്സ് തൻറെ ബുള്ളറ്റിലാണ് രവിയെ അന്വേഷിച്ചു വന്നത്......ജംഗ്ഷനിൽ പാൽ വാങ്ങാൻ പോയപ്പോഴാണ് വഴിയിൽ കണ്ട എന്നോട് രവിചന്ദ്രൻറെ വീട്ടിലേക്കുള്ള വഴി അലക്സ് തിരക്കുന്നത്.

*******            ******             *************              
നഗരത്തിലെ ബസ് സ്റ്റോപ്പിനടുത്തുള്ള ആൽത്തറയിൽ കവിത ചൊല്ലിക്കൊണ്ടിരിക്കുമ്പോഴാണ് പാർവ്വതി,  രവിചന്ദ്രനെ ആദ്യമായി കാണുകയും, അയാളുടെ ശബ്ദം കേൾക്കുകയും ചെയ്യുന്നത്. 
 മദ്യപിച്ച് കാലുറയ്ക്കാൻ വയ്യാത്ത വിധത്തിലായിരുന്നു അയാൾ നിന്നിരുന്നതെങ്കിലും അയാളുടെ ഘനഗംഭീരമായ ശബ്ദം അവളെ പിടിച്ചുലയ്ക്കുക തന്നെ ചെയ്തു. യുവാക്കളുടെ ചിന്തകളെ ത്രസിപ്പിക്കുന്ന, അവരുടെ യൌവന പ്രസരിപ്പിനെ ആളിക്കത്തിക്കുന്ന, രവിചന്ദ്രൻറെ കവിതകൾ പാർവ്വതിയെ എന്നും ആകർഷിച്ചിരുന്നു.
 വാരികകളിൽ വായിച്ച കവിതകളിൽ നിന്നും ആറ്റിക്കുറുക്കി മിനുക്കിയെടുത്ത രൂപത്തിൽ നിന്നും എത്ര വ്യത്യസ്തനാണ് തൻറെ മുന്നിൽ നില്ക്കുന്ന ഈ മനുഷ്യനെന്ന് അവൾ ഇച്ഛാഭംഗത്തോടെ ഓർത്തു. എങ്കിലും തീക്ഷ്ണമായ അയാളുടെ കണ്ണുകളുടെ കാന്തികവലയത്തിൽ നിന്നും അവൾക്കു പുറത്തു കടക്കുവാനായില്ല.
    കവിതചൊല്ലി, ആൽത്തറയിൽ നിന്നും താഴേക്കിറങ്ങാൻ ശ്രമിച്ച രവിചന്ദ്രൻ വീഴാൻപോയപ്പോഴേക്കും സംഘാടകരിൽ ഒരാൾ അയാളെ താങ്ങിപ്പിടിച്ചു. ജനകീയ കവിയുടെ അവസ്ഥയോർത്ത് പാർവ്വതിയുടെ ഉള്ളം വല്ലാതെ തേങ്ങി...... 
    പിന്നീട് കവിയെക്കാണുന്നത് കൈപ്പുഴപ്പാടം സമരത്തിലാണ്. പാടത്തിനു നടുവിലൂടെ നാലുവരിപ്പാത വരുന്നതിനെതിരെ നാട്ടുകാർക്കൊപ്പം കവിതചൊല്ലി അറസ്റ്റു വരിക്കാനും ജയിലിൽ പോകാനും അയാളുണ്ടായിരുന്നു. തൻറെ അച്ഛനുമമ്മയും കർഷകത്തൊഴിലാളികളാണെന്നതും, തങ്ങൾക്കു വേണ്ടിയാണ് ജനകീയ കവി തല്ലുകൊണ്ടതും, ജയിലിൽ പോയെന്നതും പാർവ്വതിക്ക് രവിചന്ദ്രനെന്ന കവിയോട് ആരാധന തോന്നുന്നതിന് നിമിത്തമായി. ആരാധന ക്രമേണ പ്രണയമാകുന്നതും അവൾ തിരിച്ചറിഞ്ഞു.   ഒരു നിമിഷംപോലും രവിചന്ദ്രൻറെ ഓർമ്മയിൽ നിന്ന് മുക്തി നേടുവാൻ അവൾക്കു കഴിയാതെയും വന്നു. 
ഇടയ്ക്കുള്ള ഫോൺവിളികൾ നിന്നപ്പോഴാണ് പാർവ്വതി,  രവിചന്ദ്രനെ തിരഞ്ഞ് ആരോടും പറയാതെ ഒരു ദിവസം കൈപ്പുഴയിലെ വീട്ടിൽ നിന്നിറങ്ങിയത്. നടന്ന് നടന്ന് ഓണംത്തുരുത്തു കവലയിലെ ആൽത്തറയും പിന്നിട്ട്, മുണ്ടുവേലിപ്പിടിയിലെ കുരിശുപള്ളിയും കടന്ന് അത്താണിയും കടന്ന് പാർവ്വതി  എൻറെ വീടിനു മുന്നിലെത്തി ചോദ്യമെറിഞ്ഞത്.....
    “രവിചന്ദ്രൻറെ വീട്ടിലേക്കുള്ള വഴി........”

*******                *********                *******                                  
രാത്രി ന്യൂസ് ഡെസ്ക്കിൽ സമയവുമായി മത്സരിച്ച് ഓടിക്കൊണ്ടിരിക്കുമ്പോഴാണ്, രവിചന്ദ്രനെ,  നവ്യജോൺ വിളിക്കുന്നത് ഒരു ന്യൂസ് എഡിറ്ററുടെ ജീവിതത്തിൽ രാത്രി ഡെസ്ക്കിൽ ജോലി ചെയ്യുമ്പോൾ നഷ്ടപ്പെടുന്ന ഓരോ നിമിഷത്തിനും വളരെയധികം വിലയുണ്ട്. മാത്രമല്ല നവ്യയ്ക്ക് പ്രത്യേകിച്ചൊന്നും പറയാനുണ്ടാകില്ലെന്ന് അയാൾക്ക് കഴിഞ്ഞ കുറെ നാളുകളിൽ നിന്നും മനസ്സിലായതുമാണ്. അവൾക്ക് പറയാനുള്ളത് എന്താണെന്ന് ഇരുവർക്കുമറിയാമെങ്കിലും അക്കാര്യം ഇതുവരെ അവൾ തുറന്നു പറഞ്ഞിട്ടില്ല. 
പട്ടണത്തിലെ വിമൻസ് കോളേജിലെ ചെയർ പേഴ്സണാണ് നവ്യജോൺ. പ്ലാൻററും മലയോരകോൺഗ്രസ്സിൻറെ ജനറൽ സെക്രട്ടറിയും പൊതുകാര്യ പ്രസക്തനുമായ ജോൺ പാലക്കലിൻറെ മകൾക്ക് പത്ര പ്രവർത്തകനും, വാഗ്മിയുമായ രവിചന്ദ്രനോട്  ആകർഷണം തോന്നിയതിന് തെറ്റു പറയാനാകില്ല.  ജോൺ പാലക്കലിൻറെ ചെവിയിലും ഇക്കാര്യം എത്തിയെങ്കിലും അയാളതിന് അത്ര പ്രാധാന്യം കൊടുത്തില്ല. പെൺകുട്ടികൾക്ക് ഇപ്രായത്തിൽ ചിലരോട് ആകർഷണം തോന്നിയേക്കാമെന്നും അത് ഇത്തിരി കഴിഞ്ഞങ്ങു മാറുമെന്നുമാണ് അയാളുടെ വാദഗതി. ഭാര്യ സൂസനുമായി ഇക്കാര്യത്തിൽ അയാൾ തർക്കിച്ച് വശംകെട്ടിരിക്കുകയാണ്. ഒന്നുമല്ലെങ്കിലും കേരളത്തിലെ പ്രധാനപ്പെട്ട പത്രമൊന്നിലെ അറിയപ്പെടുന്ന ന്യൂസ് എഡിറ്ററല്ലേ പയ്യൻ.  വേണ്ടി വന്നാൽ അതങ്ങ് ആലോചിക്കുകയും ചെയ്യാം... സമയമാകട്ടെ.
നവ്യ, രവിചന്ദ്രനെ പരിചയപ്പെടുന്നത് കോളേജ് ഡേ സെലിബ്രേഷനുമായി ബന്ധപ്പെട്ടാണ്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജാണെങ്കിലും അവിടേക്ക് അതിഥികളായെത്താൻ  സാംസ്ക്കാരിക നായകന്മാർക്ക് ഇത്തിരി പേടിയാണ്. കഴിഞ്ഞ വർഷങ്ങളിൽ അതിഥികളായെത്തിയവർ, പെൺകുട്ടികളുടെ കൂവലും വാങ്ങിക്കൊണ്ടാണ്. അവിടെ നിന്നും പോയത്. ആ വേദിയിലേക്കാണ്, കോളേജ് പ്രിൻസിപ്പാളിൻറെ നിരന്തരമായ അഭ്യർത്ഥനയ്ക്കു വഴങ്ങി രവിചന്ദ്രൻ മുഖ്യാതിഥിയായെത്തുന്നത്. 
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പ്രസംഗത്തിനുള്ള സചിവോത്തമപുരസ്ക്കാരം നേടിയിട്ടുള്ള രവി, എം.ജി. യൂണിവേഴ്സിറ്റിയുടെ മുൻ കലാപ്രതിഭയും, ഇൻറർനാഷണൽ റിലേഷൻസിൽ എം. ഫിൽ നേടിയിട്ടുള്ള ആളും, പത്രപ്രവർത്തനത്തിൽ ഗോൾഡ്മെഡലോടെ ഡിപ്ലോമ പാസ്സായ ആളും ആണെന്ന് അന്വേഷണത്തിലൂടെ നവ്യ കണ്ടെത്തിയിരുന്നു.
തൻറെ വാക്ചാതുരിയാൽ സദസ്സിനെ കയ്യിലെടുത്ത രവിചന്ദ്രൻ, വീരപാണ്ഡ്യ കട്ടബൊമ്മനിലെ പ്രസിദ്ധമായ ശിവാജി ഗണേശൻറെ ഡയലോഗുകൾ ഘനഗംഭീരമായ ശബ്ദത്തിൽ അവതരിപ്പിച്ചപ്പോൾ സദസ്സാകെ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. അവിടെ നിന്നും നേരെ പോയത് ദുൽഖർ സൽമാൻറെയും പാർവ്വതി തെരുവോത്തിൻറെയും പുതിയ സിനിമാ വിശേഷങ്ങളിലേക്കായിരുന്നു. തുടർന്ന് വിനീത് ശ്രീനിവാസൻറെ ‘ഹൃദയ’ത്തിലേക്കും....അവിടെ നിന്നും കാമ്പസിൻറെ സമകാലിക സ്പന്ദനങ്ങളിലേക്കും കടന്ന് പോയപ്പോൾ സദസ്സാകെ കാതോർത്തിരുന്നു.  
മദ്യത്തിനും മയക്കു മരുന്നിനും അടിമകളായി ജീവിതം നശിച്ച് വലിച്ചെറിയപ്പെടുന്ന യുവത്വങ്ങളുടെ ദുരന്തമുഖങ്ങളിലേക്ക് സദസ്സിനെയാകെ കൂട്ടിക്കൊണ്ടു പോയപ്പോൾ രവിചന്ദ്രൻറെ  വാക്കുകളുടെ ആകർഷണവലയത്തിലേക്ക് സദസ്സാകെ വീണു കഴിഞ്ഞിരുന്നു.   ഒരു മണിക്കൂർ നീണ്ടു നിന്ന ആ പ്രസംഗം അവസാനിച്ചപ്പോൾ നിർത്താതെയുള്ള കരഘോഷത്താലാണ് കുട്ടികൾ തങ്ങളുടെ  അഭിനന്ദനം അറിയിച്ചത്.
അന്നു തുടങ്ങിയതാണ്. നവ്യക്ക്,  രവിചന്ദ്രനുമായുള്ള ബന്ധം. അധികമൊന്നും അന്യോന്യമറിഞ്ഞില്ലെങ്കിലും അയാളെ താൻ വല്ലാതെ ഇഷ്ടപ്പെടുന്നുവെന്ന് താമസ്സിയാതെ നവ്യ തിരിച്ചറിഞ്ഞു. ദിവസേന അഞ്ചു മിനിറ്റിലോ പത്തു മിനിറ്റിലോ ഉള്ള ഫോൺ സംഭാഷണങ്ങളിലൊതുങ്ങി അവർ തമ്മിലുള്ള അടുപ്പമെങ്കിലും ആ അടുപ്പത്തെ  അവരിരുവരും വിലമതിച്ചിരുന്നു..... ആ രവിചന്ദ്രനെയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ബന്ധപ്പെടാൻ കഴിയാതെ നവ്യ വിഷമിക്കുന്നത്. നവ്യക്കുള്ള വഴി പറഞ്ഞുകൊടുക്കാനുള്ള നിയോഗവും എനിക്കു തന്നെയാണ് ലഭിച്ചത്.

***********           ***************      *******************

ഒതുക്കുകല്ലുകൾ കയറി, തന്റെ നീളമുള്ള മുടി ഇടതു കൈകൊണ്ട് കോതിയൊതുക്കി,  കോളേജിൻറെ പടികടന്നെത്തുന്ന രവിചന്ദ്രൻ മാഷെ കുട്ടികൾ സ്നേഹത്തോടെയും ബഹുമാനത്തോടെയും നോക്കിനിന്നു.
     കടന്നു പോകുന്ന ഓരോ കുട്ടിയെയും പേരെടുത്തു വിളിക്കാൻ തക്കവണ്ണം അടുപ്പം അയാൾക്ക് അവരുമായുണ്ടായിരുന്നു. എത്രയെത്ര കുട്ടികളാണ് അയാളെ, സ്നേഹത്തോടെ ഓർക്കുന്നത്. മറ്റൊരദ്ധ്യാപകരുമായില്ലാത്ത വിധം കുട്ടികൾ അയാളുമായി അടുപ്പം സ്ഥാപിച്ചിരുന്നു. 
    എത്ര കുട്ടികളെയാണ് അയാൾ തൻറെ പോക്കറ്റിൽ നിന്നും പണം നല്കി പഠിപ്പിക്കുന്നതെന്ന് അയാളും ആ കുട്ടികളും മാത്രമേ അറിഞ്ഞതുള്ളൂ. 
    എത്ര വലിയ രാഷ്ട്രീയ സംഘട്ടനങ്ങളായായലും, ഇരു വിഭാഗവും അയാളുടെ വാക്കുകൾക്ക് വിലകല്പിച്ച് സമാധാനപരമായി പിരിഞ്ഞുപോയിരുന്നു.  അയാൾ വിദ്യാർത്ഥികളെ തൻറെ ജീവിതത്തിലൂടെ, കർമ്മത്തിലൂടെ തന്നിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരുന്നു. തൻറെ ജീവിതം തന്നെയായിരുന്നു തന്റെ സന്ദേശമായി അയാൾ കുട്ടികൾക്കു മുന്നിൽ വെച്ചിരുന്നത്. 
    രവിചന്ദ്രൻറെ ക്ലാസ്സുകേൾക്കാൻ മറ്റു ക്ലാസ്സുകളിൽ നിന്നുപോലും കുട്ടികൾ അയാളുടെ ക്ലാസ്സിലേക്ക് ഇരച്ചു കയറിയിരുന്നു, തങ്ങളുടെ കൂട്ടുകാരനെപ്പോലെ ഇടപെടുന്ന ആ അദ്ധ്യാപകൻ അവർക്കെന്നും പ്രിയപ്പെട്ടവനായിരുന്നു. എഴുത്തച്ഛനും, വള്ളത്തോളും, ആശാനും, ഉള്ളൂരും,  ഒ.എൻ.വിയും, അക്കിത്തവും കടമ്മനിട്ടയും,  എസ്. ജോസഫും, സെബാസ്റ്റ്യനും, വിജിലയും, എം.ആർ. രേണുകുമാറും രവിചന്ദ്രൻറെ കവിതാക്ലാസ്സിലൂടെ അവരുടെ സിരകളിലേക്കൊഴുകി....  
    അത്രയും പ്രിയപ്പെട്ട അദ്ധ്യാപകനാണ്... കഴിഞ്ഞ കുറെ ദിവസങ്ങളായി അപ്രത്യക്ഷമായത്.....ഒരു സംഘം വിദ്യാർത്ഥികളാണ്... രവിചന്ദ്രനെത്തിരക്കി ഈ വഴിയെത്തിയത്.... അവരും ഞാൻ കാണിച്ചുകൊടുത്ത  വഴിയിലൂടെ യാത്ര തുടർന്നു.

  ***********                ************           *************                                                     
    രവിചന്ദ്രനെ തിരക്കിപ്പോയവരാരും മടങ്ങിയെത്തിയിട്ടില്ല. ഒരു പക്ഷേ അവർക്ക് അയാളെ കണ്ടെത്താനായിട്ടുണ്ടാവില്ല. അല്ലെങ്കിൽ ഞാൻ കാണിച്ചുകൊടുത്ത വഴിയിൽ താമസിക്കുന്നയാളാവില്ല അയാൾ.  നിങ്ങൾ വായിച്ചറിഞ്ഞതുപോലെ അയാൾ ഒരാളാവില്ല. മേഘങ്ങളെപ്പോലെ ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള രൂപം കൈവരിക്കാൻ കഴിയുന്നവനായിരിക്കണം അയാൾ. മേഘരൂപനായവൻ.  മേഘങ്ങളെപ്പോലെ ഇഷ്ടമുള്ള രൂപം ധരിക്കുവാൻ അയാൾക്ക് കഴിഞ്ഞിരുന്നുവെന്നത് നമ്മുടെ സാമാന്യബോധത്തെയും ബോദ്ധ്യങ്ങളെയും വെല്ലുവിളിക്കുന്ന സംഗതിതന്നെ ആയിരുന്നു.

മീനച്ചിലാറിൻറെ തീരത്ത് ഒറ്റമുറി വീട്ടിൽ  താമസിക്കുന്ന രവിചന്ദ്രൻ നിങ്ങൾ വായിച്ചറിഞ്ഞ രവിചന്ദ്രൻറെ ഒരു രൂപപരിണാമം മാത്രമായിരിക്കണം. പുതിയ ഐതിഹ്യങ്ങൾ സൃഷ്ടിക്കപ്പെടുകയായിരിക്കണം. 
നീലക്കൊടുവേലി ഒഴുകിയെത്തുന്ന പ്രളയകാലത്ത് രവിചന്ദ്രന് നീലക്കൊടുവേലി ലഭിച്ചിരിക്കാം....
അങ്ങനെ അയാൾ വ്യത്യസ്ത മനുഷ്യരായി നമുക്കു മുന്നിലെത്തിയതാവാം.... അതല്ലയെങ്കിൽ വ്യത്യസ്ത കാലഘട്ടങ്ങളിലായിരിക്കാം ഈ രവിചന്ദ്രന്മാർ ജീവിച്ചിരുന്നിരിക്കുക!
കഥയെന്നത്,  ഭാവനാലോകത്ത് കഥാകാരന്മാർ സൃഷ്ടിക്കുന്ന ഒന്നായിരിക്കാമെന്നു കരുതിയിരുന്ന കാലം മാറിയിരിക്കുന്നു. തുടക്കവും ഒടുക്കവും ഉള്ള കഥകളിൽ നിന്നും എഴുത്തു വഴുതി മാറി പുതിയ വഴികളിലൂടെ യാത്ര തുടരുന്നു. യാഥാർത്ഥ്യമേത് ഭാവനയേത് എന്ന് തിരിച്ചറിയുവാനാകാതെ വായനക്കാർ അവരവരുടെ വഴിയിൽ കഥാന്ത്യത്തിലേക്ക് യാത്ര തുടരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. രവിചന്ദ്രനെ കണ്ടെത്തിയിരുന്നെങ്കിൽ കഥാകാരന് ഇവിടെ ഇടപെട്ടു സംസാരിക്കേണ്ടി വരില്ലായിരുന്നു. കഥ അവിടെ അവസാനിച്ചുകൊള്ളുമായിരുന്നു.
രവിചന്ദ്രൻറെ ജീവിതം ലളിതമായ ഒരു ഫുൾസ്റ്റോപ്പിട്ട് നിർത്താവുന്ന ഒരു കഥയാകുന്നതാണ്,  നമ്മളിൽ പലരും കൊതിക്കുക. എന്നാൽ ജീവിതം സങ്കീർണ്ണമായ ഒരു സമസ്യയായി തുടരുന്നിടത്തോളം അത്ര ലളിതമായി കഥ പറഞ്ഞു തീർക്കാൻ ആർക്കാണ് കഴിയുക......!
    പുറത്തു ശബ്ദം കേൾക്കുന്നുവല്ലോ...  നോക്കട്ടെ സുഹൃുത്തക്കളേ,  ആരൊക്കെയോ വന്നിരിക്കുന്നു. 
    കതകു തുറന്നു,  വാതിലിനു വിടവിലൂടെ തല പുറത്തേക്കിട്ട് നോക്കിയ ഞാൻ അത്ഭുതപ്പെട്ടുപോയി...രവിചന്ദ്രനെ കാണുവാൻ വഴി ചോദിച്ചു വന്നവരൊക്കെയുണ്ട് പുറത്ത്. നന്ദിനി....പാർവ്വതി...അലക്സ്, നവ്യജോൺ, വിദ്യാർത്ഥികൾ..... ഞാൻ കൌതുകത്തോടെ പുറത്തിറങ്ങി.
    അവരുടെ എല്ലാം മുഖത്ത് തങ്ങൾ അന്വേഷിച്ചു നടന്നത് കണ്ടെത്തിയതിൻറെ ആഹ്ലാദം തിരതല്ലുന്നത് ഞാൻ കണ്ടു. മേഘരൂപൻറെ അടുത്ത അവതാരം എന്നിൽ ഉറവയെടുത്തിരിക്കുന്നവെന്നയറിവിൽ,  ഞാൻ അടുത്ത ആളെയും കാത്ത്  ഈ ഒറ്റമുറി വീട്ടിൽ വെറുതെയിങ്ങനെ.........!

       

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക