" Bring 10,000 rs when you come " ചെല്ലുമ്പോൾ 10,000 രൂപ കൂടി കൊണ്ട് ചെല്ലണം എന്ന്! എൻ്റെ കണ്ണ് തള്ളി.
ഞാൻ എവിടെ നിന്നാണ് 10,000 രൂപ ഉണ്ടാക്കുന്നത്. അന്ന് എൻ്റെ ശമ്പളം തന്നെ 2000 രൂപയാണ്. അങ്ങനെ ഒരു തട്ടിക്കൂട്ട് ജോലിയിൽ ഇരിക്കുമ്പോഴാണ് ബാംഗ്ലൂരിൽ നിന്നും ഒരു ബഹുഭാഷാ പോർട്ടലിൽ സീനിയർ സബ് എഡിറ്റർ ആയി ജോലി കിട്ടിയതായി അറിയിപ്പ് വരുന്നത്. അവിടെ ചെല്ലുമ്പോൾ വീട് വാടകയ്ക്ക് എടുക്കണം. അഡ്വാൻസ് ആയി കൊടുക്കാൻ ആണ് ഈ 10,000 രൂപ. ഇത് അറിയിച്ചു കൊണ്ട് എഡിറ്ററുടെ mail ആണ്. വീട്ടിൽ പറഞ്ഞില്ല. പറഞ്ഞിട്ട് കാര്യമില്ല. എന്ത് ചെയ്യും?
എന്നെ ഇൻ്റർവ്യൂ ചെയ്തത് കർണാടക സ്വദേശി ആയ സ്ത്രീയാണ്. അവരോട് 10,000 രൂപ ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. അന്ന് മൊബൈൽ ഫോൺ വ്യാപകമല്ല. ഓഫീസ് ഫോൺ വിളിച്ചു മലയാളികളെ തപ്പി എടുത്തു. "
കണ്ണൂരുകാരൻ അരവിന്ദൻ പറഞ്ഞു. "ഇവിടെ paying guest ആയി കൂടാം. ബിനു വാ".
ഞാൻ രണ്ടും കല്പിച്ച് അത്യാവശ്യം തുണികളും ഉള്ള കാശും മാത്രം എടുത്ത് ബാംഗ്ലൂരിൽ ചെന്നിറങ്ങി. അവിടെ അവർ മനോഹരൻ എന്നൊരു കന്നടിഗ നടത്തുന്ന പെയിംഗ് ഗസ്റ്റ് സംവിധാനത്തിലാണ് താമസം. എന്നെയും ഒപ്പം കൂട്ടി. അരവിന്ദനെ കൂടാതെ പാലക്കാട്ടുകാരൻ സുഭാഷ്, കോഴിക്കോട്ടുകാരൻ സിദ്ധാർത്ഥൻ, കോട്ടയംകാരനായ വർഗീസ്, പിന്നെ ഒരു വടക്കേ ഇന്ത്യക്കാരൻ പയ്യൻ. അവൻ്റെ മുഖം ഓർമ്മയുണ്ട്, പേര് മറന്നു.
മനോഹരൻ്റെ മല്ലിയില സമൃദ്ധമായ ഭക്ഷണം കഴിച്ച് മതി ആയപ്പോൾ ഞങ്ങൾ ഒരു വീട് വാടകയ്ക്ക് എടുത്ത് മാറാൻ തീരുമാനിച്ചു. " അങ്ങനെ ആകുമ്പോൾ നമുക്ക് ഭക്ഷണം ഉണ്ടാക്കാം" കൂട്ടത്തിൽ പാചക താൽപര്യം കൂടുതൽ ഉള്ള സിദ്ധാർത്ഥൻ പറഞ്ഞു. പാചകം അറിയില്ലെങ്കിലും കാശ് ലാഭിക്കാമല്ലോ എന്നോർത്ത് അതൊരു നല്ല ആശയമായി എനിക്കും തോന്നി.
അങ്ങനെ ബി ടി എം ലെ ഔട്ടിൽ രണ്ടു കിടപ്പു മുറിയും അടുക്കളയും ഒരു ഹാളും ഒക്കെയുള്ള ഒരു വീട് കിട്ടി. ആന്ധ്രയിൽ പ്രിയ പിക്കിൾസ് എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന ഒരാളുടെ വീടായിരുന്നു അത്. മുകൾ നിലയിൽ ഒരു പോലീസുകാരനും കുടുംബവും ആയിരുന്നു താമസം.
അഞ്ച് പേർക്ക് എന്ന് പറഞ്ഞാണ് വീട് എടുത്തത് എങ്കിലും പിന്നെ അത് ഏഴായി. തിരുവനന്തപുരത്ത് നിന്നും ശ്യാം വന്നു. തൽക്കാലത്തേക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യണം എന്ന അപേക്ഷയുമായി വന്ന ചന്തു എന്ന പാലക്കാടൻ പയ്യൻ പിന്നെ സ്ഥിരമായി. അവൻ സുഭാഷിൻ്റെ പരിചയക്കാരൻ ആയിരുന്നു.
ചരക്ക് കയറ്റി അയക്കുന്ന ഏതോ കമ്പനിയിൽ നിന്നും പാക്കിങ്ങിന് ഉപയോഗിക്കുന്ന ഒരു തരം ഫോം ഷീറ്റ്
സിദ്ധാർത്ഥൻ സംഘടിപ്പിച്ച് കൊണ്ട് വന്നു. അതിനു മുകളിൽ പായ വിരിച്ച് അതിനും മുകളിൽ ബെഡ് ഷീറ്റ് വിരിച്ച് രണ്ടു മുറികളിലും ആയി ഞങ്ങൾ നീണ്ടു നിവർന്നു കിടന്നു സുഖമായി ഉറങ്ങി.
സ്വന്തം പാചകം മടുക്കുമ്പോൾ പ്രഭാത ഭക്ഷണം ബി ടി എം റോഡിലെ വൃന്ദാവൻ എന്ന റസ്റ്ററൻ്റിൽ നിന്നും കഴിച്ചു. ചില രാത്രികളിൽ ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോൾ ആന്ധ്രാ റസ്റ്ററൻ്റ് ആയ ആമന്ത്രണിൽ നിന്നും എരിവ് കൂടിയ ചിക്കൻ കറിയും ബിരിയാണിയും ഒക്കെ കഴിച്ചു. അവധി ദിവസങ്ങളിൽ മലയാളി ഹോട്ടലിൽ പോയി മീൻ കറി കൂട്ടി സമൃദ്ധമായി ഊണ് കഴിച്ചു. മാസത്തിൽ ഒരു തവണ പബ്ബിൽ പോയി. ഇടയ്ക്ക് മംഗലാപുരത്ത് നിന്നും വരുന്ന മത്തി വാങ്ങി കറി വച്ച് കഴിച്ചു.
സംഭവ ബഹുലമായിരുന്നു ആ വീട്ടിലെ വാസം. ഏഴ് പേരും ഏഴ് തരം. ഇണങ്ങിയും പിണങ്ങിയും ജീവിച്ച മറക്കാൻ ആവാത്ത ബാംഗ്ലൂർ കാലം. പറഞാൽ തീരാത്ത കഥകളുള്ള ആ കാലം.
അന്ന് എൻ്റെ കൂടെ ഉണ്ടായിരുന്നവന്മാർ ഇപ്പോഴും ഈ എഫ് ബി യില് ഉണ്ട്. അവരുടെ ഭാര്യമാരും! എനിക്ക് ഒന്നും ഒളിക്കാൻ ഇല്ലെങ്കിലും അവരുടെ സ്വകാര്യതയെ മാനിക്കണമല്ലോ. അത് കൊണ്ട് കൂടുതൽ എഴുതുന്നില്ല.
കാര്യമായി കാശ് ഇല്ലാതെ ആ നഗരത്തിൽ ചെന്നിറങ്ങുമ്പോൾ ഒപ്പം നിന്നത് എൻ്റെ സുഹൃത്തുക്കൾ ആണ്. ഒരു പ്രണയത്തകർച്ചയിൽ നിന്നുള്ള ഒളിച്ചോട്ടം കൂടിയായിരുന്നു എൻ്റെ ബാംഗ്ലൂർ വാസം എന്നുള്ളത് കൊണ്ട് സുഹൃത്തുക്കൾ കൂടി ഇല്ലായിരുന്നു എങ്കിൽ ഞാൻ വിഷാദ രോഗത്തിന് അടിമ ആയി പോയേനെ.
അന്ന് സിദ്ധാർത്ഥൻ എവിടെ നിന്നോ ഒരു ക്യാമറ സംഘടിപ്പിച്ചു കൊണ്ട് വന്നു കുറെ ചിത്രങ്ങൾ എടുത്തിരുന്നു. ആ കാലത്തെ ഓർമ്മിപ്പിക്കുന്ന അവ ഇപ്പൊൾ എവിടെ ആണെന്ന് ഒരു പിടിയും ഇല്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് രോമാഞ്ചം എന്ന സിനിമ കാണുന്നത്.
രോമാഞ്ചം കണ്ടപ്പോൾ ആ കാലം മനസ്സിലേക്ക് ഇരമ്പിയെത്തി. പടം തുടങ്ങിയത് മുതൽ ഞാൻ ആ പഴയ വീട്ടിൽ ആയിരുന്നു. ഞങ്ങളുടെ അന്നത്തെ ജീവിതം ഏറെക്കുറെ അത് പോലെ പകർത്തി വച്ചിട്ടുണ്ട്. മേനി പറയുക ആണെന്ന് കരുതരുത്, രോമാഞ്ചത്തിലെ കഥാപാത്രങ്ങളുടെ അത്ര കൂതറ ആയിരുന്നില്ല ഞങ്ങൾ. കടുംബസമേതം ആണ് പടം കാണാൻ ഇരുന്നത് എങ്കിലും പടം തുടങ്ങി അവസാനിക്കും വരെ തിയേറ്ററിൽ ഞാൻ പഴയ ബാംഗ്ലൂർ ബാച്ചിലർ ആയിരുന്നു.
പഴയ ഞാൻ എൻ്റെ മുന്നിൽ നിന്നു. ഈ ഒറ്റക്കാരണം മതി എനിക്ക് ഈ പടത്തെ ഇഷ്ടപ്പെടാൻ.