Image

ഇര (കഥ- സിംപിൾ ചന്ദ്രൻ)

Published on 27 March, 2023
ഇര (കഥ- സിംപിൾ ചന്ദ്രൻ)

മീൻകാരന്റെ ഹോൺ ശബ്ദം അകന്നകന്നുപോയി.  "വെല കൂടുന്നൊണ്ടേലെന്താ തൂക്കം കൊറയുന്നുണ്ടല്ലോ" എന്നുള്ള ആത്മഗതത്താടെ അടുക്കളവാതിലിലൂടെ പ്ലാസ്റ്റിക് കൂടുമായി കയറിവന്ന സീതയോട് രാച്ചിയമ്മ ചോദിച്ചു.

"എന്താടീ പെണ്ണേ,  വൈന്നേരായിട്ട് പതിവില്ലാതെ മീമ്മേടിച്ചോ? "

"ആ, പിന്നെ എത്ര ദെവ്സോന്നുവച്ചാ! ഉപ്പുംകറീം കൂട്ടി വല്ലോം തിന്നണ്ടേ? ശംഭൂ നാണേൽ ഒരു വറ്റു ചോറുവേണ്ട."

"എടീ, ചോറുവേണ്ടാത്തത് മീനില്ലാത്തോണ്ടല്ല, അവന് വയറ്റിനേതാണ്ട് ഏനക്കേടാന്നു തോന്നുന്നു. നീ പാലിരുപ്പുണ്ടേ ശകലം കാച്ചി ഇച്ചിരെ ഇഞ്ചിനീരും ചേർത്ത് ചെറുചൂടോടങ്ങോട്ടുകൊട്.  ഇനീപ്പ രാത്രീ  കട്ടിയാഹാരം കൊടുക്കണ്ട."

"പിന്നേ, പോത്തുപോലെ വളന്നോനല്യോ പാല്? അല്ലേലും അവന് പാലിഷ്ടവല്ല. അമ്മയാ അവനെ കൊഞ്ചിച്ച് വഷളാക്കുന്നെ.. "

''ആഹാ! കൊഞ്ചിക്കാത്തൊരാള്! പറഞ്ഞപോലെ അവനെന്ത്യേടീ?"

"കട്ടിലേക്കാണും, അല്ലേ ടീവീടെ മുമ്പീ സെറ്റിയേല്.അമ്മ വിളിച്ചില്ലേ?"

"അവിടെങ്ങൂല്ലെടീ, അതല്ലേ നെന്നോട് ചോയ്ച്ചെ"

''എന്നാ പൊറത്തോട്ട് പോയിക്കാണും. ഈയിടെ ചില അലവലാതിക്കൂട്ടുകാരെ കിട്ടീട്ടൊണ്ടല്ലോ!  കണ്ടോന്റെ മതിലു ചാടാനും ഒളിഞ്ഞുനോക്കാനും അവറ്റോളെ കഴിഞ്ഞേള്ളു. അവരോട് കൂട്ടുപിടിക്കുന്നേന് ഞാനവനെ കഴിഞ്ഞ ദിവസോങ്കൂടെ വഴക്കു പറഞ്ഞതാ."

''അവന്റെ പ്രായം അതല്ലേടീ. എപ്പഴും നമ്മളു രണ്ടു പെണ്ണുങ്ങടെ കണ്ണുമ്മെട്ടത്തിരിക്കാൻ അവനെന്താ പൊടിക്കുഞ്ഞാണോ?"

"അങ്ങ് പട്ടാമ്പീലാരുന്നപ്പ ഒരു കൊഴപ്പോവില്ലാരുന്നു. അമ്മയ്ക്കല്ലാരുന്നോ  നാട്ടിലോട്ട് പോരണോന്നു നിർബന്ധം? അവിടാരുന്നേ ദെവ്സോം പണിയേലും ഒണ്ടാരുന്നു. ഈ കാട്ടുമുക്കിൽ വന്നിട്ടിപ്പം ദേ വല്ലപ്പോഴും ഒരു പണി കിട്ട്യാലായി!"

കറിച്ചട്ടിയെടുത്ത് മീൻ അതിലേക്ക് കുടഞ്ഞിട്ടു കൊണ്ട് സീത നെടുവീർപ്പിട്ടു.
"ഇനി ഇതിന്റെ കാശെല്ലാം എന്നു കൊടുക്കാമ്പറ്റുവോ എന്തോ? പൊന്നുംവെലയാ. അല്ല, അവരെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം? മഴേം കാറ്റുമൊഴിഞ്ഞിട്ട് മീമ്പിടുത്തക്കാര് പാവത്തുങ്ങള് എന്നു കടലീപ്പോയിട്ടാ! അവർക്കുവൊക്കെ ജീവിക്കണ്ടായോ?"

ആ സമയം ഇട്ട്യാച്ചന്റെ ആൾത്താമസമില്ലാത്ത വീടിനു മുന്നിലെ പൊക്കം കുറഞ്ഞ മതിലിൽ  ഇടവഴിയിലേക്കു കണ്ണുംനട്ട് തനിച്ചിരിക്കുകയായിരുന്നു ശംഭു. നേരിയ ചാറ്റൽമഴയുണ്ട്.
നല്ല ടെൻഷൻ. ഓരോ നിമിഷം കഴിയുന്തോറും അതു കൂടിക്കൂടി വരുന്നു. ഈ ടെൻഷൻ കാരണം കുറച്ചുദിവസമായിട്ട് നേരെചൊവ്വേ ആഹാരംപോലും വേണ്ട. സീതമ്മയെങ്ങാനും അറിഞ്ഞാലത്തെ കാര്യം ഓർക്കാൻ വയ്യ.
അവരെ തെറ്റുപറയാൻ പറ്റില്ല. വല്ലയിടത്തും അലഞ്ഞുതിരിഞ്ഞുനടന്ന് ജീവിക്കേണ്ടിയിരുന്ന ആരോരുമില്ലാത്ത തന്നെ പൊന്നുപോലെ വളർത്തിയതാണ്. മച്ചിയാണെന്നു പറഞ്ഞ് കെട്ടിയവൻ ഉപേക്ഷിച്ച് വേറൊരുത്തീടെ കുടെ പോയപ്പോൾ സീതമ്മ അമ്മ രാച്ചിയമ്മയെ കൂടെക്കൂട്ടി. കിട്ടുന്ന പണിക്കെല്ലാം പോയി തോറ്റു കൊടുക്കാതങ്ങ് ജീവിച്ചു. രണ്ടു പെണ്ണുങ്ങളുടെയും ആർക്കും പകുത്തു കൊടുക്കാനില്ലാത്ത സ്നേഹം മുഴുവനും അനുഭവിച്ചാണ് ഇക്കാലമത്രയും വളർന്നത്.

ഇന്നാട്ടിലേക്ക് താമസം മാറ്റി വന്നിട്ട് അധികം നാളായില്ല. കോവിഡ് കാലമായതുകൊണ്ട് അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങിപ്പോകാറില്ല. എന്നാലും വീട്ടിലിരുന്നു മടുക്കുമ്പോൾ വെറുതെ പുറത്തിറങ്ങി നടക്കും. അങ്ങനെയാണ് രാജാക്കണ്ണിനേയും മുത്തുവിനേയും മണിയണ്ണനേയുമൊക്കെ പരിചയപ്പെടുന്നത്. കൊള്ളാത്തവരാണ്, കൂട്ടുകൂടരുത് എന്നൊക്കെ സീതമ്മ പറഞ്ഞതാണ്. എങ്കിലും ഇടക്കൊക്കെ  മൈതാനത്തിനടുത്ത കലുങ്കിൽ  ചെന്നിരുന്ന് അവരോട് മിണ്ടീം പറഞ്ഞും ഇരിക്കും. കൂടുതലും അവരുടെ വീരകഥകളുടെ ശ്രോതാവായിരിക്കുകയാണ് പതിവ്.

"നിനക്കുള്ളതാ, നീയെടുത്തോ എന്ന മട്ടിൽ മുമ്പിൽ കിട്ടുന്നത് ആസ്വദിക്കുന്നതിൽ ഒരു ത്രില്ലുമില്ല. വഴങ്ങാത്തതിനെ ആക്രമിച്ചു കീഴടക്കണം. അപ്പഴാ കണ്ണുകളിൽ കാണുന്ന പേടിയുണ്ടല്ലോ - ഹോ!അതിന്റെയൊരു സുഖം അനുഭവിച്ചുതന്നെ അറിയണം! ടാ ശംഭൂ, നീയിങ്ങനെ സുന്ദരൻ മീശേം വച്ച് ആണാന്നും പറഞ്ഞ് നടന്നിട്ടൊന്നും ഒരു കാര്യോമില്ല. ആണിന്റെ ശൗര്യം പ്രവൃത്തിയിലാ, അതു തെളിയിക്കണം!"

''ആഹാ ഇവനോ! രണ്ടു പെണ്ണുങ്ങടെ ചൂടുമ്പറ്റി പെരയ്ക്കാത്തൂന്നെറങ്ങാതെ അടയിരിക്കുന്നോനെക്കൊണ്ട് നടന്നതു തന്നെ!"

"പോടാ, അവനെ അങ്ങനങ്ങു കൊച്ചാക്കാതെ ! അവൻ നെനച്ചാലും ചെലതൊക്കെ നടക്കും, അയ്നൊള്ള ഉശിരൊക്കെ അവനൊണ്ട്. അല്യോടാ കൊച്ചനേ?"
മണിയണ്ണൻ വിശാലമനസ്ക്കനായി.

ആണത്തത്തിനു മേലുള്ള കുത്ത്! അതവന് അപമാനകരമായിത്തോന്നി. സുന്ദരനാണ്. അതിൽ തർക്കമില്ല. ഇത്രയും ഭംഗിയുള്ള മീശ അവന്റെ പ്രായത്തിലുള്ള മറ്റാർക്കുമില്ലെന്ന് സീതമ്മ എപ്പോഴും പറയാറുണ്ട്.  

അവന്മാരുടെ പൊങ്ങച്ചങ്ങളും വീരേതിഹാസകഥകളും ഒപ്പം ഇടയ്ക്കിടെയുള്ള പരിഹാസങ്ങളും നിരന്തരം കേട്ട് മനസ്സിനൊരിളക്കം.
മറ്റുള്ളവർ പറയുന്നതു കേട്ട് എടുത്തു ചാടാമോ എന്ന ചിന്തയും പൗരുഷത്തിനു മേലുള്ള വെല്ലുവിളിയും കൂടി തട്ടിച്ചു നോക്കിയതിൽ ഒരു പൊടിത്തൂക്കം രണ്ടാമത്തേതിനു തന്നെയായിരുന്നു.
ഇവർ പറയുന്നതുപോലെ ഒരിക്കലെങ്കിലും ഒരാണാണ് താനുമെന്ന് തെളിയിച്ചുകൊടുക്കണം.

പറ്റിയ ഒരിരയെ കണ്ടെത്തണം. എല്ലാം കഴിയുന്നതുവരെ അവരാരും ഒന്നുമറിയാനും പാടില്ല. എങ്ങാനും പണി പാളിപ്പോയാൽ അവന്മാര് കളിയാക്കിക്കൊല്ലും !

കൂട്ടുകാരിൽ നിന്നും വിട്ട് ഇടയ്ക്കൊക്കെ വഴിമാറി നടക്കുന്നതിനിടയിൽ, ഇടവഴിയിൽ വച്ചാണ് അവളെ ആദ്യമായി കാണുന്നത്. അവിടം കൂട്ടുകാരൻമാരുടെ സ്ഥിരം സങ്കേതങ്ങളിൽപ്പെട്ടിടം അല്ലായിരുന്നു.  സന്ധ്യമയങ്ങിയനേരം അവൾ ഇടവഴിയിലൂടെ തിടുക്കപ്പെട്ടു നടന്നുവന്ന് ചപ്പാത്തുറോഡും കടന്നുള്ള വളവിൽ   മറയുന്നതുവരെ നോക്കി നിന്നു. തന്നെയവൾ കണ്ടിരിക്കില്ല എന്നുറപ്പായിരുന്നു. എന്തോ ഒന്ന് അടക്കിപ്പിടിച്ചിട്ടുണ്ട്. തന്നെപ്പോലെ വെളുത്തിട്ടല്ല. ഇത്തിരി ഇരുണ്ട നിറം. ഒട്ടും തടിച്ചിട്ടുമല്ല. പരിഭ്രമം നിറഞ്ഞതെങ്കിലും ആകർഷകമായ മുഖം. ഒറ്റക്കാഴ്ചയിലേ ഒരാകർഷണം തോന്നും. ഇവൾ മതി. തീരുമാനമായതോടെ മനസ്സിൽ ആകെയൊരു ഉഷാർ! തലേന്ന് സീതമ്മയോടൊപ്പമിരുന്ന് ടിവിയിൽ കണ്ട സിനിമയിലെ പാട്ട് മൂളാൻ തോന്നി, "ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു..." ഒപ്പം ഒരു ചിരിയും വന്നു.
ആശകളാൽ വലനെയ്യും പോലും! അതും വണ്ട് ! വലകെട്ടുന്നത് ചിലന്തിയല്ലേ,  വല്ലവരുടെയും വലയിൽ ചെന്നുപെടുന്ന വണ്ടാണോ? ആർക്കറിയാം! 

തുടർന്നുള്ള ദിവസങ്ങളിലും ഇതേ സമയത്ത് ഏറെക്കുറെ വിജനമായ ഇടവഴിയിലൂടെ അവൾ കടന്നു പോകുന്നത് ശ്രദ്ധിച്ചു. എവിടെപ്പോയിട്ടു വരികയായിരിക്കും?  ആ വളവിനപ്പുറത്തെങ്ങാനുമായിരിക്കുമോ അവളുടെ വീട്? എന്നുമെന്താണ് പൊതിഞ്ഞുപിടിച്ചു കൊണ്ടു പോകുന്നത്? എന്തായാലും ഒരുപാടു വൈകിക്കേണ്ട. ശുഭസ്യ ശീഘ്രം എന്നാണല്ലോ! പലതവണ  തിരിച്ചും മറിച്ചും ചിന്തിച്ചുറപ്പിച്ച ആ ദിവസം, മൂടിക്കെട്ടിയ അന്തരീക്ഷവും നേരിയ ചാറ്റൽ മഴയുമുള്ള ഇന്നാണ്!

മതിലിൽ ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ല. ഇടയ്ക്കിടെ ഇറങ്ങിയും വീണ്ടും കയറിയിരുന്നും വഴിത്തലയ്ക്കലേക്ക്  തന്നെ നോക്കിയിരുന്നു. ഇരുട്ടുവീഴുന്നു. ഇനി ഇന്നവൾ വരില്ലേ? കൃത്യസമയം നോക്കി മറ്റാരെങ്കിലും ഇടയ്ക്കു കയറിവന്നാലോ?  എങ്ങനെയാണ് രക്ഷപ്പെട്ടുപോകാതെ പിടിയിലാക്കേണ്ടത്? പെട്ടെന്നു മുന്നിൽ ചെന്ന് വഴിതടഞ്ഞു നിൽക്കണോ? അതോ പിന്നിലൂടെ ചെന്ന് വായ്പൊത്തി പൊതിഞ്ഞുപിടിക്കണോ? മുൻപരിചയമില്ലായ്മ ഒരു കുറവു തന്നെയാണ്. മീശതടവിയും ചുണ്ടുകടിച്ചും മടുത്തു. ടെൻഷൻ കൂടുമ്പോൾ പതിവുള്ളതാണ്.
 
ഇടവഴിയുടെ അങ്ങേയറ്റത്ത് അവൾ പ്രത്യക്ഷപ്പെട്ടതോടെ ഹൃദയമിടിപ്പ് കൂടി.
'മുൻപരിചയം ഇല്ലാത്തതാണ്, മിന്നിച്ചേക്കണേ' കണ്ണടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു. ഇടത്തും വലത്തുമൊന്നും നോക്കാതെ ധൃതിപ്പെട്ടുവരുന്ന അവളുടെ മുന്നിലേക്ക് പെട്ടെന്ന് ചാടിവീണ് വഴിതടഞ്ഞു നിന്നപ്പോൾ അവൾ ഞെട്ടിത്തരിച്ചു പോയി. 
ഒപ്പം സിനിമാ സ്റ്റൈലിൽ വില്ലൻ വേഷത്തിനു ചേർന്ന ഡയലോഗും !
''നീ പെട്ടു മോളേ, ഇനി നിനക്കു രക്ഷയില്ല. എന്നെക്കടന്ന് നീയെങ്ങിനെ പോകുമെന്നൊന്ന് കാണട്ടെ. ഇവിടെ നിന്നെ രക്ഷിക്കാൻ ആരും വരില്ല."
അവളുടെ പേടിച്ചരണ്ട മുഖം കണ്ടപ്പോൾ രസം തോന്നി, സ്വന്തം പ്രകടനം മോശമായില്ല.
ആദ്യത്തെ ഞെട്ടലിനുശേഷം സംസാരശേഷി വീണ്ടെടുത്ത് അവൾ ദയനീയമായി പറഞ്ഞു. " ഞാൻ പാവമാണ്. ഉപദ്രവിക്കരുത്. എന്നെ പോകാനനുവദിക്കണം."

"വിട്ടുകളയാനാണോടീ ഈ നേരത്ത് ചാറ്റ മഴേം നനഞ്ഞ് ഞാൻ കാത്തുനിന്നത്? ആട്ടെ, എന്നും നീയീ അന്തിമയക്കത്തിന് എവിടെപ്പോയിട്ടു വരുവാ? നിന്റെ കയ്യിലെന്താ നിധിയാണോ  ഇത്ര ഭദ്രമായിട്ടുപിടിക്കാൻ?"

"നിധിയേക്കാൾ വലുതാ. എന്റെ മക്കൾക്കുള്ള ആഹാരമാ..."

"ഏ? നിനക്കു മക്കളൊക്കെയുള്ളതാണോ? നിന്നെ കണ്ടാൽ പറയത്തില്ലല്ലോ? എന്നിട്ട് അവരടെ തന്ത എന്ത്യേടീ?"

"ഞങ്ങളെ ഇട്ടേച്ച് പോയതാ. രണ്ടു കുഞ്ഞുപിള്ളാരും ഒരു വയ്യാത്ത തള്ളേം നോക്കിയിരിക്കുവാ. ഞാൻ വേണം വല്ലതും അന്വേഷിച്ചോണ്ടു കൊണ്ടുക്കൊടുക്കാൻ "
അവളുടെ ഒച്ചയിടറി. നിറഞ്ഞ കണ്ണുകൾ കണ്ട് ശംഭു വല്ലാതായി.

"എന്നെയോർത്ത് എനിക്കു വിഷമമില്ല. ചാകുന്നേനും മടിയില്ല. പക്ഷേ വെശന്നിരിക്കുന്ന പിള്ളേരെ ഓർത്തിട്ടാ. ഞാനിതു കൊണ്ടുചെല്ലുന്നതും നോക്കിയിരിക്കുവല്ലേ..."

അതിൽക്കൂടുതലൊന്നും കേൾക്കാൻ അവനു കഴിയുമായിരുന്നില്ല. സീതമ്മയുടെ വീണ്ടെടുപ്പുകരങ്ങൾ കണ്ടെടുക്കുന്നതിനു മുമ്പുള്ള വിശപ്പും അനാഥത്വവും നിറഞ്ഞ പൊള്ളിക്കുന്ന സ്വന്തം ബാല്യത്തിന്റെ ഓർമ്മ നെഞ്ചിലൊരു തിക്കുമുട്ടലുണ്ടാക്കി. അവളുടെ കുഞ്ഞുങ്ങൾ എന്നല്ല ആരിലൂടെയും അത് ആവർത്തിച്ചു കാണാൻ അവനിഷ്ടപ്പെട്ടില്ല.

"നീ പൊക്കോടി പെണ്ണേ! സൂക്ഷിച്ചു പോണം, ആരുടേം കൈക്കു ചെന്നുപെടരുത്. അല്ലെങ്കിലും  മുന്നും പിന്നും നോക്കാതെയുള്ള ഈ വേട്ടയാടലും കടിച്ചുകീറലും ഒക്കെ ഇപ്പോ മനുഷേമ്മാർക്ക് പറഞ്ഞിട്ടുള്ളതാ. നമ്മക്കല്ല !" 
വഴിയൊഴിഞ്ഞു കൊടുത്തുകൊണ്ട് അവൻ പറഞ്ഞു.  പെട്ടെന്നുണ്ടായ ഈ ഭാവപ്പകർച്ചയുടെ കാരണം അവൾക്കു മനസ്സിലായില്ല. സത്യമോ മിഥ്യയോ എന്നറിയാതെ ഒരു നിമിഷം അവൾ പകച്ചു.

അനന്തരം, സുന്ദരമായ മീശയൊന്നു തടവിയും വാൽചുഴറ്റിയും മാർജ്ജാര പൗരുഷത്തിന്റെ സകലവിധ ഗാംഭീര്യത്തോടും കൂടി അവൻ തിരിഞ്ഞുനടക്കവെ   തെല്ലുറക്കെപ്പറഞ്ഞ ആത്മഗതം, കണ്ണുകളിൽ പേടി രൂപാന്തരപ്പെട്ടുണ്ടായ ആദരവോടും ആരാധനയോടും കൂടി അവനെ നോക്കി നിന്ന ആ മൂഷികസുന്ദരിയും കേട്ടു.
 
'സീതമ്മ നല്ലൊന്നാന്തരം അയല വാങ്ങിച്ചിട്ടുണ്ട്. അയലത്തല ബെസ്റ്റാ!'

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക