Image

കാലത്തിലൂടെ ഒരു യാത്ര (കഥ: ചിഞ്ചു തോമസ്)

Published on 27 March, 2023
കാലത്തിലൂടെ ഒരു യാത്ര (കഥ: ചിഞ്ചു തോമസ്)

ഇന്ന് അവസാന ദിവസ ഫിസിക്സ് പരീക്ഷയാണ് എന്ന് ആരോ പറഞ്ഞു. അലാറം നാല് മണി അടിച്ചു. ഞാൻ എഴുന്നേറ്റു. എന്റെ കൂടെ ചുരുണ്ട് പിണഞ്ഞു കിടന്നിരുന്ന അനിയത്തിയെ വിളിച്ചെഴുന്നേല്പിച്ചു. ഞാൻ ഊണുമേശയിൽ പുസ്തകം വെച്ചു. അവിടെയുള്ള കസേരകൾ കൂട്ടി വെച്ചു അനിയത്തിക്ക് അവിടെ ഉറങ്ങാൻ സൗകര്യം ഒരുക്കി. എനിക്ക് കൂട്ടിന് എഴുന്നേക്കുന്നതായിരുന്നു അവൾ. ഞാൻ പിന്നെ മമ്മിയെ വിളിച്ചുണർത്താൻ മുറിയിൽ ചെന്നു.  കൂർക്കം വലിച്ചുറങ്ങുകയായിരുന്ന മമ്മി ഞാൻ വിളിച്ചപ്പോൾ  ചാടി എഴുന്നേറ്റു. ഞാൻ ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. എന്നെ കണ്ട് മമ്മിയും  ചിരിച്ചുകൊണ്ട് കട്ടിലിൽനിന്നും എഴുന്നേറ്റു. ആ വെളുപ്പാങ്കാലത്ത് ഒരു ദൗത്യം മമ്മിക്ക് ചെയ്യാനുണ്ടായിരുന്നു. എനിക്ക് ക്ഷീണമകറ്റാനുള്ള കട്ടൻകാപ്പി ഉണ്ടാക്കാനുള്ള ദൗത്യം. ഭൂരിഭാഗം അടഞ്ഞ കണ്ണുകളുമായി കട്ടൻ ഉണ്ടാക്കിത്തരാൻ മമ്മി അടുക്കളയിലേക്ക് പാഞ്ഞു. കണ്ണുതുറന്നാൽ ഉറക്കം പോകും. 
ഞാൻ പഠിച്ചതെല്ലാം വേഗം ഒന്നുംകൂടെ വായിച്ചുനോക്കുകയാണ്. ചൂട് കട്ടൻ ഊതി ഊതി കുടിക്കുന്നുണ്ട്. അഞ്ചര വരെ മമ്മി പിന്നെയും ഉറങ്ങും. അഞ്ചുമണി ആയപ്പോഴേക്കും അകലങ്ങളിലെ അമ്പലങ്ങളിൽനിന്നും ഗാനങ്ങൾ ഒഴുകിയെത്തി. ശ്രീ നാരായണ ഗുരുവിനെ പ്രകീർത്തിച്ചുള്ള പാട്ടും കേൾക്കാം. ഇടയ്ക്ക് ബാംഗ് വിളിയും എത്തി. വീട് ഒരു കുന്നിൻ മുകളിൽ ആയതുകൊണ്ട് പലയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന അമ്പലങ്ങൾ പള്ളികൾ എന്നിവിടങ്ങളിൽ നിന്നും ഉയരുന്ന  പ്രാർത്ഥനകളെല്ലാം ഞങ്ങളുടെ ചെവിയിൽ എത്താതെ അന്തരീക്ഷത്തിൽ കാണാകവചമായി അലിഞ്ഞു ചേരുകയില്ല.
സമയം അഞ്ചരയായി. വീടാകെ ഉണർന്നു. ഡാഡി രാവിലെ പ്രാർത്ഥിച്ചു വാതിൽ തുറന്നു. വാതിൽ  തുറക്കുന്ന സമയമായപ്പോഴേക്കും ജർമൻ ഷെപ്പേർഡും ഗ്രേറ്റ് ഡെയ്നും വീടിന് മുന്നിൽത്തന്നെ ഇരിപ്പുറപ്പിച്ചിരുന്നു. ഡാഡി വാതിൽ തുറന്നപ്പോഴേക്കും തലങ്ങും വിലങ്ങും ചാടി രാതി മുഴുവൻ കാണാതിരുന്നതിന്റെ സ്നേഹപ്രകടനം നടത്തി  ഡാഡിക്ക് മുന്നിലും പിന്നിലുമായി ഇത്രെയും നേരം വീട് കാത്തതിന്റെ ഗമക്കങ്ങനെ നടക്കുകയാണ്. പതിവ് ചായയിലാണ് നായ്ക്കളുടെ ചിന്ത മുഴുവൻ. അപ്പോഴാണ്  ക്വാളിസിന്റെ ടയറിൽ മൂത്രം ഒഴിച്ചു വെച്ചേക്കുന്നത് ഡാഡി കണ്ടത്. അധികം ഇടവേളകളില്ലാതെ സ്ഥിരമായി ടയറിൽ മൂത്രമൊഴിക്കാൻ ജർമൻ ഷെപ്പേർഡ് മറന്നിരുന്നില്ല. എന്തുകൊണ്ടോടയർ അവന് മാത്രം അവകാശപ്പെട്ടതെന്ന് അവൻ പറഞ്ഞുകൊണ്ടിരുന്നു.
 
‘ആരാടാ ടയറിൽ മൂത്രം ഒഴിച്ചത് ?’, ഡാഡി രണ്ടുപേരോടായി ചോദിച്ചു. ഗ്രേറ്റ് ഡേൻ ജർമനെ ഒരു ദയയുമില്ലാതെ നോക്കിക്കൊണ്ട് ഒറ്റി. ജർമൻ ചൂളി. പഠിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ജർമ്മനെ ശകാരിക്കുന്നതും പട്ഠെ ന്ന് അടിക്കുന്നതും കേൾക്കാം. അടിക്കഴിഞ്ഞു അകത്തൂന്ന് ചായ കൊണ്ടുവന്ന്  രണ്ട് പേർക്കായി വീതിച്ചു കൊടുക്കുന്നുണ്ട്. അനിയന്റെ മുറിയിൽ വെട്ടം കാണാം. അവൻ പഠിക്കാൻ എഴുന്നേറ്റിട്ടുണ്ട്. 
മമ്മി ചായ ഉണ്ടാക്കി ഓരോ കപ്പിലാക്കി  എനിക്കും അനിയത്തിക്കും അനിയനും കൊണ്ടുവന്ന് തന്നു. അനിയത്തി ഉറക്കമുണർന്നു. എന്നോട് പഠിച്ചുകഴിഞ്ഞോ എന്ന് ചോദിച്ചിട്ട് അവൾ പഠിക്കാൻ പുസ്തകം  എടുത്തു. അടുക്കളയിൽനിന്നും പൊട്ടലും ചീറ്റലും ഇളക്കലും കേൾക്കാം. അവിടെനിന്ന്  ഉയരുന്ന ഗന്ധം വയറിനോട് ഇന്നത്തെ ഭക്ഷണം എന്താണെന്ന് പറഞ്ഞു കൊടുത്തു. 
പഠിക്കുന്നതിൽനിന്ന് ഞാൻ ഒരു ഇടവേളയെടുത്ത് നെല്ലിമരച്ചോട്ടിൽ പോയി നെല്ലിക്ക നിലത്ത്  വീണു  കിടപ്പുണ്ടോ എന്ന് നോക്കി. അത് സൂക്ഷ്മമായി നോക്കേണ്ടുന്ന പരിപാടിയാണ്. നല്ല ക്ഷമ വേണം. കാഴ്ച്ചശക്തിയും. വലുപ്പം കുറഞ്ഞ നെല്ലിക്കയാണ്. കാട്ട് നെല്ലിയാണോ എന്ന് അറിയില്ല. ഒരെണ്ണം കിട്ടിയാൽ ഭാഗ്യം. കാരണം അത് കഴിച്ചു വെള്ളം കുടിക്കുമ്പോൾ നല്ല രുചിയാണ്. മുറ്റത്ത് ഇല്ലെങ്കിൽ പടിയിൽ വീണു കിടപ്പുണ്ടോ എന്നും നോക്കും. നെല്ലി മരത്തിന്റെ കുഞ്ഞിലകൾ മുറ്റത്ത്  അടുക്കും ചിട്ടയുമില്ലാത്ത ഇലക്കളം തീർത്തിട്ടുണ്ടാകും. നെല്ലിയുടെ താഴെയുള്ള നിലമാകെ തണുത്ത് നനഞ്ഞിട്ടുണ്ടാകും. അവിടെ ചെരുപ്പില്ലാതെ നിൽക്കുമ്പോൾ മേലാകെ തണുത്തിട്ടുണ്ടാകും. അത് മതിയാകും ആ  ദിവസം മുഴുവനും സന്തോഷം നിറയ്ക്കാൻ.

ഞാൻ തലവഴി തണുത്ത വെള്ളം ഒഴിച്ചു കുളിച്ച്  തലച്ചോറിന് ഉണർവേകി പരീക്ഷക്ക് എന്നെ സഹായിക്കാൻ അതിനെ ഒരുക്കിയെടുത്തു. യൂണിഫോം ഇട്ട് ഭക്ഷണം കഴിച്ച് പ്രാർത്ഥിച്ച് പരീക്ഷക്ക് പോകാൻ തയ്യാറായി. എന്റെ ബാഗിൽ പുസ്തകം വെച്ചു. നിന്നെ അവസാനമായി നോക്കുകയാകുമെല്ലോഎന്നോർത്തു പുസ്തകത്തെ തലോടി. ബാഗിൽ ഐ ഡി കാർഡ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തിയപ്പോൾ അതില്ല. 
ഐ ഡി കാർഡ് എവിടെ ?
അതില്ലാതെ എങ്ങനെ പരീക്ഷക്ക് കയറും ?
മുറിയിൽ എല്ലാം തിരഞ്ഞു. സമയം കഴിയുംതോറും എനിക്ക് ആധി കൂടി വന്നു. എന്റെ കൈയ്യും കാലും വിറയ്ക്കാൻ തുടങ്ങി. മമ്മിയും ഡാഡിയും അനിയത്തിയും എന്നെ സഹായിക്കാൻ ഓടി വന്നു. അവരും മുറിയായ മുറികൾ എല്ലാം തിരഞ്ഞു. അടുക്കളയിലും വർക്ക്ഏരിയയിലും ഫ്രിഡ്ജിന്റെ ഉള്ളിലും വരെ തപ്പി. എന്റെ അലർച്ച കേട്ട് നായ്ക്കൾ നെട്ടോട്ടമോടി. അവരും ചെടിച്ചട്ടിയിലും കുറ്റിക്കാട്ടിലും പറമ്പിലും ഒക്കെ എന്തൊക്കെയോഅരിച്ചു പറുക്കി. ഡാഡി ഞങ്ങളുടെതന്നെ അടുത്തുള്ള വീട്ടിലെ അടുപ്പിലും തപ്പി. ഡാഡി എന്തിനും ഏതിനും  ആ അടുപ്പിൽ പോയി തപ്പുന്നത് കാണാം. വീണ്ടും ഫിസിക്സ് പുസ്തകം കൈകൊണ്ട് തൊടേണ്ടി വരും എന്ന് മാത്രമല്ല വീണ്ടും മുഴുവൻ പഠിക്കേണ്ടി വരുമെല്ലോ എന്നോർത്ത് തളർന്ന് കസേരയിലേക്ക് ഞാൻ വീണു. അക്കരെ നിന്ന് വന്ന വീട്ടുജോലിക്കാരായ ഭാരതിയും പൊടിയനും താടിക്ക് കൈയ്യും കൊടുത്ത് വരാന്തയിൽ ഇരുന്നു. ചായ കിട്ടിയെങ്കിൽ അത് കുടിച്ചോണ്ട് പതം പറയാം എന്നോർത്ത് അവർ മമ്മിയെ നോക്കുന്നുണ്ട്.
താഴത്തെ കടയിൽനിന്നും രാജേന്ദ്രൻ പതിവുപോലെ ഞങ്ങളുടെ വീട്ടിലോട്ട് നോക്കി ഇരിപ്പുണ്ട്. അക്കരെയിലുള്ള സകല ജീവജാലങ്ങളും ഞങ്ങളുടെ വീട്ടിലേക്ക് കാതോർത്തിരിക്കുന്നതുപോലെ. 

അനിയൻ മാത്രം ഒന്നും അറിഞ്ഞിട്ടില്ല. അവൻമനസ്സുകൊണ്ട്  റോക്ക് സംഗീതജ്ഞരുമൊത്തു അവരുടെ നാട്ടിലാണ് മിക്കവാറും നേരവും. വീട്ടിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി വന്നപ്പോൾ അവൻ തട്ടിൻപുറം ചൂണ്ടിക്കൊണ്ട് പറഞ്ഞു ഐ ഡി കാർഡ് അവിടെ ഉണ്ട്. ഞാൻ വേഗം അത് ഉള്ളം കൈയ്യിലാക്കി. എന്റെ കാർഡ് ആണ് എന്ന് ഉറപ്പുവരുത്തി. ബാഗും കൊണ്ട് കാറിലോട്ടോടി. ഡാഡി കാർ സ്റ്റാർട്ട് ആക്കി നിൽപ്പുണ്ടായിരുന്നു. അപ്പോഴേക്കും അഞ്ചു മിനിറ്റുകൂടേയുള്ളൂ പരീക്ഷ തുടങ്ങാൻ. സ്കൂൾ വീടിന്റെ അടുത്തുതന്നെയാണ്. എങ്കിലും സമയത്തു ചെല്ലുമോ! ഒരു പത്തുമിനിറ്റ് താമസിച്ചാലും കയറ്റുമായിരിക്കും. ആകെ മൊത്തം പതിനഞ്ചു മിനിറ്റ് കൈയ്യിലുണ്ട് എന്ന് പറയാം. എന്റെ കൈയ്യാകെ മരവിച്ച് ഇരിക്കുകയാണ്. 

ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു. ഉറക്കം ഉണർന്നിട്ടും പരീക്ഷാ വെപ്രാളം മാറിയിട്ടില്ല. ഞാൻ  ആ നേരമത്രയും എന്റെ കഴിഞ്ഞുപോയ കാലത്തിൽ ജീവിക്കുകയായിരുന്നു. ആരോടും പോകുകയാണ് എന്നൊരുവാക്കും പറയാൻ കഴിഞ്ഞില്ല. എങ്കിലും ഇനിയും അങ്ങോട്ട് പരീക്ഷ എഴുതാൻ വീണ്ടും പോകും എന്ന് ഉറപ്പുണ്ട്. ഇനിയും വിട പറയാൻ കഴിയാത്ത എന്തൊക്കെയോഅവിടെ ഞാൻ ബാക്കി വെച്ചിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക