Image

സ്നേഹചന്ദനം (കഥ : ഉഷാ റോയ്)

Published on 27 March, 2023
സ്നേഹചന്ദനം (കഥ : ഉഷാ റോയ്)

"അച്ഛന്റെ അറുപതാം  പിറന്നാൾ വലുതായി ആഘോഷിക്കേണ്ടതായിരുന്നു.. ഞങ്ങൾക്ക്  എത്താൻ കഴിയില്ലല്ലോ അച്ഛാ... ഇപ്പോൾ തിരക്കൊന്നുമില്ലല്ലോ...രണ്ടാളും കൂടി  ഒരു യാത്ര പോകൂ..."     മോൾ വിളിച്ചു പറഞ്ഞപ്പോൾ അയാൾക്കും അങ്ങനെ ഒരു തോന്നൽ ഉണ്ടായി. സുമയോട് പറഞ്ഞപ്പോൾ അവൾക്ക് വലിയ ആവേശമൊന്നും കണ്ടില്ല. ഒടുക്കം ഒരു ക്ഷേത്രദർശനം ആകാമെന്നായി. അയൽ സംസ്ഥാനത്തുള്ള  ദേവീക്ഷേത്രത്തിലെ ഉത്സവം പ്രസിദ്ധമാണ്.ഒൻപതു നാൾ നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ  മൂന്നാം ദിനത്തിൽ, തദ്ദേശീയരായ രണ്ട് പ്രദേശവാസികൾ  സംഘമായി വന്നെത്തി വാശിയോടെ ഉത്സവം കൊഴുപ്പിക്കുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ് .താൻ ഒരുപാട് തവണ അവിടെ പോയിട്ടുണ്ട് .ഉത്സവസമയത്തെ പരിപാടികളൊക്കെ കൂട്ടുകാർക്കൊപ്പം ആസ്വദിക്കാൻ... 
      
പുലർച്ചെ സുമയോടൊപ്പം എത്തി  ലോഡ്ജിൽ റൂമെടുത്ത് ഫ്രഷ് ആയി  പുറത്തേക്കിറങ്ങി. ഭക്ഷണം കഴിച്ചശേഷം ഒന്ന് ചുറ്റിനടന്നു.പരിസരത്തുള്ള ചെറിയ കടയിൽ നിന്ന് ചന്ദന നിറമുള്ള കുപ്പിവളകൾ ഒരുപാടെണ്ണം അവൾ  വാങ്ങുന്നതു കണ്ട്  അയാൾ അതിശയിച്ചു.വിവാഹം കഴിഞ്ഞ നാളുകളിൽ  അവൾ  സ്വർണ്ണവളകളോടൊപ്പം കുപ്പിവളകളും ധരിച്ചിരുന്നു.ഇപ്പോഴും ആ ഇഷ്ടം  അവളുടെ മനസ്സിൽ ഉണ്ട് എന്നത് അയാളിൽ ആശ്ചര്യം ഉളവാക്കി.          
              
ക്ഷേത്രപരിസരത്ത്  പിങ്ക് പെയിന്റടിച്ച മൂന്നോ നാലോ ലോഡ്ജുകൾ . എല്ലാത്തിന്റെയും  പ്രവേശനകവാടം   ഒരുപോലെയാണ്. തിരിച്ചു മൂന്നാം നിലയിലെ മുറിയിലേക്ക് പടികൾ കയറുമ്പോൾ  അവൾ വളരെ ഉല്ലാസവതിയായി കാണപ്പെട്ടു. കന്നഡയിൽ എഴുതിയ ബോർഡ്‌ വായിക്കാൻ കഴിയാതെ  അവൾ  ആ  കെട്ടിടത്തിനു പിങ്കീസ് ലോഡ്ജ് എന്നു പേര്  വിളിച്ചു.
           
അയാൾ  ഒന്ന് ഉറങ്ങി ഉണരുമ്പോഴേക്ക്  സുമ കുളിച്ച് തയ്യാറായിക്കഴിഞ്ഞിരുന്നു. വീതിയിൽ കസവുബോർഡർ  ഉള്ള ചന്ദനനിറത്തിലുള്ള സിൽക്ക് സാരിയും മാച്ചിങ് ബ്ലൗസും അണിഞ്ഞ്, കൈനിറയെ കുപ്പിവളകൾ ധരിച്ച്, അതിമനോഹരിയായി ഒരുങ്ങിയ അവളെ
അയാൾ  നിർന്നിമേഷനായി നോക്കിയിരുന്നു. സ്നേഹം പ്രകടിപ്പിക്കുന്നതിൽ, പ്രശംസകൾ പറയുന്നതിൽ  ഒക്കെ അയാൾ ഒരു വിജയമായിരുന്നില്ല. തരളമായ വികാരങ്ങളെ 'ചീപ്പ്‌ സെന്റിമെന്റ്സ്'  ആയിട്ടാണ്  അയാൾ കണക്കാക്കിയിരുന്നത് .ദൂരെ ആയിരുന്നപ്പോൾ  ഫോൺ ചെയ്യുന്ന സമയത്ത് നല്ല വാക്കുകൾ ഒന്നും പറയാൻ കഴിഞ്ഞിട്ടില്ല. അടുത്തെത്തുമ്പോഴും അങ്ങനെ തന്നെ.  തന്നോടൊത്തു യാത്ര ചെയ്യുമ്പോൾ അവൾ സന്തോഷവതിയാണ് എന്നതിൽ അയാൾക്ക്‌  സംതൃപ്തി തോന്നി.പെട്ടി തുറന്ന് ചന്ദനനിറത്തിലുള്ള ഷർട്ടും കസവുമുണ്ടും  അവൾ പുറത്തെടുത്തു വച്ചു.
"എന്തിനാണ് ഇപ്പോഴേ തയ്യാറാകുന്നത്... വൈകിട്ട് നട തുറക്കുമ്പോഴേക്ക് മതിയല്ലോ... തൊഴുതു വന്ന് ഇവിടെ വരാന്തയിൽ നിന്നാൽ ക്ഷേത്രമുറ്റത്തുള്ള മേളപ്പെരുക്കവും എഴുന്നെള്ളത്തുകളും  കാണാം.. വല്ലാത്ത തിരക്കാവും അപ്പോൾ..."   അയാൾ അലസമായി പറഞ്ഞു.
        
"താഴെ ഹാളിൽ സംഗീതക്കച്ചേരി...
തുടങ്ങിയിട്ടേയുള്ളു,  ഇപ്പോൾ ചെന്നാൽ സീറ്റ്‌ കിട്ടും.."  ജനാലയിൽ കൂടി നോക്കി കൊണ്ട് അവൾ പറഞ്ഞു. സുമയ്ക്ക്  കച്ചേരി കേൾക്കാനൊക്കെ വലിയ താത്പര്യമാണ്. . അരസികനായ തന്നോടൊത്തുള്ള   വാസത്തിനിടയിലും  അവൾ ആ ഇഷ്ടങ്ങൾ മനസ്സിൽ സൂക്ഷിച്ചിരിക്കുന്നു."ശരി.. ഊണ് കഴിച്ചിട്ട്  നമുക്ക്  വേഗം മടങ്ങി വരാം... "
അയാൾ ഉടനെ  കുളിച്ചൊരുങ്ങി വന്നു.
 ചന്ദനനിറമുള്ള വസ്ത്രങ്ങൾ മോൾടെ വിവാഹത്തിന് തങ്ങൾക്കായി  സുമ തന്നെ തെരഞ്ഞെടുത്തതാണ്.."ബാഗും ഫോണും എല്ലാം റൂമിൽ ഇരിക്കട്ടെ... ഫ്രീ ആയി നടക്കാം..." അയാൾ പറഞ്ഞു. കയ്യിലെടുത്ത പഴ്സും ഫോണും അവൾ തിരികെ ബാഗിൽ നിക്ഷേപിച്ചു.. മുറി പൂട്ടി താക്കോൽ  പോക്കറ്റിൽ വച്ച് അയാൾ അവളുടെ മുൻപിലായി നടന്നു .പിന്നിൽ,അവളുടെ കുപ്പിവളകൾ കലമ്പൽ കൂട്ടുന്ന ശബ്ദം... അയാൾ അത് നിശബ്ദമായി  ആസ്വദിച്ചു.
                    
മൈതാനത്ത്  ഷീറ്റ് കൊണ്ട് താൽക്കാലികമായി  മേൽക്കൂര കെട്ടിയ തുറന്ന ഹാളിലെ വേദിയിൽ കച്ചേരി തകർക്കുന്നു. നിരത്തിയിട്ട കസേരകളിൽ എല്ലാം തന്നെ ആളുകൾ ഉണ്ട്. ഇത്രയും  ആസ്വാദകരോ...അയാൾ അതിശയിച്ചു പോയി.മൈതാനത്ത് നാലുമണിയോടെ സംഘമായി  ആളുകൾ എത്തി.ഇരുവശത്തും അഭിമുഖമായി വന്ന് കൊട്ടും  പാട്ടും നൃത്തവും ആരംഭിച്ചു.. അതു കാണുവാനായി ഹാളിൽ നിന്ന് കുറേ ആളുകൾ പുറത്തേക്കിറങ്ങി എങ്കിലും സുമ  സംഗീതത്തിൽ ലയിച്ചിരിക്കുകയാണ്.
     
അയാൾ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ  കാതടപ്പിക്കുന്ന ഒരു ശബ്ദം കേട്ടു.. മൈതാനത്താകെ പൊടിപടലങ്ങളും പുകയും നിറഞ്ഞു... സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടുന്ന ആൾക്കൂട്ടം പരിഭ്രാന്തരായി പലവഴിക്കായി ചിതറിയോടി. കസേരകൾ തട്ടിമറിച്ചു ഹാളിൽ കൂടി കയറി ഓടുന്ന ജനത്തെ കണ്ടു പകച്ച്   എഴുന്നേറ്റ അയാൾ  പിറകോട്ടു വേച്ചു പോയി. അവൾ തിടുക്കത്തിൽ എഴുന്നേറ്റ് അയാളെ താങ്ങാൻ ശ്രമിച്ചു.എന്നാൽ പെട്ടെന്നുണ്ടായ  ശക്തമായ തള്ളലിൽ അവൾ ഒരു ആൾക്കൂട്ടത്തിനുള്ളിൽ അകപ്പെട്ടു.അവളുടെ വലംകരം മുറുകെ പിടിക്കാൻ അയാൾ ശ്രമിച്ചു എങ്കിലും തന്റെ ഇടംകരത്തിനുള്ളിൽ നിന്ന് അത്  ഊർന്നു പോയി. ആൾത്തിരമാലകളിൽ  ഒളിക്കപ്പെട്ട്  അവൾ  ദൂരേക്ക്... ദൂരേക്ക്...  നീങ്ങി നീങ്ങിപ്പോയി...
          
എങ്ങും അതികായന്മാരായ പുരുഷന്മാരും  ദുർമ്മേദസ്സുള്ള സ്ത്രീകളും മാത്രം. ആ തിരക്കിനിടയിൽ അവളെ കൈവിട്ടുപോയി എന്ന് അയാൾ വിഹ്വലതയോടെ  മനസ്സിലാക്കി.മിന്നിമറയുന്ന ചന്ദനനിറത്തിനായി അയാളുടെ കണ്ണുകൾ ഉഴറിനടന്നു.. കണ്ടെത്താൻ കഴിഞ്ഞില്ല... മൈതാനത്ത്  തിരക്കിനിടയിലൂടെ അയാൾ നൂഴ്ന്നു കടന്നു തിരഞ്ഞുകൊണ്ടിരുന്നു..കച്ചേരി നടന്ന ഹാളിലേക്ക്  വീണ്ടും അയാൾ ഓടി.അവിടെ ക്രമം തെറ്റി കിടക്കുന്ന  കസേരകൾ മാത്രം.... വേദിയിലും ആരുമില്ല. അവൾ....അവൾ..തന്റെ സുമ... അവൾ  എവിടെപ്പോയി ....എങ്ങും കാണുന്നില്ലല്ലോ.... അവൾ തന്നെ തേടി പിങ്കീസ്
ലോഡ്ജിലേക്ക്  തന്നെ പോയിട്ടുണ്ടാകുമോ... അവൾക്ക്  പ്രവേശന കവാടം  മാറിപ്പോയിട്ടുണ്ടാകുമോ... ഒരുപക്ഷെ റിസെപ്ഷനിൽ  അവൾ തന്നെ  കാത്തുനിൽപ്പുണ്ടാകാം.
             
പ്രതീക്ഷയോടെ അയാൾ   ഓടി... പല ദേശങ്ങളിൽ നിന്നു വന്ന ഭക്തജനങ്ങൾ  തിക്കിത്തിരക്കി ലോഡ്ജിന്റെ പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.ചന്ദന വർണ്ണമുള്ള  സാരി ധരിച്ച സുമയെ തേടി അയാളുടെ മിഴികൾ അവർക്കിടയിൽ അലഞ്ഞു .ഇത്ര പെട്ടെന്ന്  അവൾ എവിടെപ്പോയ് മറഞ്ഞു?  അവളെ കാണാനില്ല എന്ന സത്യം ഉൾക്കൊള്ളാൻ ആകാതെ  അയാൾ പരവേശപ്പെട്ടു....സുമയ്ക്ക് സ്ഥലപരിചയമില്ല... ഭാഷാപരിചയം ഇല്ല... റൂമിലേക്ക്‌ പോയിട്ടുണ്ടാകുമോ.. താക്കോൽ തന്റെ കയ്യിലാണ്...രണ്ടു പേരുടെ കയ്യിലും  ഫോൺ ഇല്ല ...അയാൾ മൂന്നാം നിലയിലേക്ക് വെപ്രാളപ്പെട്ടു പടികൾ കയറി...അവിടെങ്ങും ഇല്ല.. വീണ്ടും താഴേക്ക്‌ അയാൾ പാഞ്ഞു...താൻ ആരോട് അന്വേഷിക്കും.. അറിയാത്ത ആളുകളോട് ചോദിച്ചാൽ അതും ചൂഷണമായാലോ...ഓർത്തിട്ട് തല ചുറ്റുന്നതുപോലെ... താൻ അവിടെ വീണു പോയേക്കുമോ എന്ന് അയാൾ ഭയന്നു... പടിക്കെട്ടിന്റെ മറവിലായി വശത്തുള്ള  താഴ്ന്ന,വീതിയുള്ള  ജനൽപ്പടിയിലേക്ക് വിവശനായി അയാൾ ഇരുന്നു... തടികൊണ്ട് നിർമ്മിച്ച ഉരുളൻ ജനലഴികളിൽ
ഒരാശ്രയത്തിന് എന്ന വണ്ണം രണ്ടുകൈകൊണ്ടും മുറുകെ പിടിച്ച്, തല ചായ്ച്ചു. ആരും ആരെയും ശ്രദ്ധിക്കാൻ നിൽക്കാതെ പടികളിലൂടെ വേഗത്തിൽ  ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്തു  കൊണ്ടിരുന്നു.അയാളുടെ  കണ്ണുകൾ പതിയെ അടഞ്ഞു...  സ്വസ്ഥതയില്ലാത്ത  മയക്കത്തിലേക്ക്... ഒരു മോഹാലസ്യത്തിലേക്ക്‌   അയാൾ  വീണു പോയി..അപ്പോഴും തന്റെ ഉപബോധമനസ്സ് വേവലാതിയോടെ  ഉണർന്നിരുന്നു..  ഉൾക്കണ്ണുകൾ സുമയെ  തേടി അലഞ്ഞു...
                 പാവം...  ഗ്രാമത്തിൽ ഒതുങ്ങിയ അവളുടെ ജീവിതം.സമീപത്തുള്ള എൽ.പി. സ്കൂളിൽ ടീച്ചർ.വീട്ടിൽ തന്റെ മാതാപിതാക്കളെ പരിചരിച്ചും  മകളെ വളർത്തിയും കഴിഞ്ഞുപോയ യൗവ്വനം . പുഴയ്ക്ക് അക്കരെ  ക്ഷേത്രത്തിൽ തൊഴാൻ പോകുന്നതാണ് ആകെ അവളുടെ ഒരു  യാത്ര .വർഷത്തിൽ ഒരുമാസം മാത്രം നാട്ടിൽ ചെലവിടുന്ന,  പ്രവാസിയായിരുന്ന തനിക്ക്, നാട്ടിൽ വരുമ്പോൾ കൂട്ടുകാരുമൊത്ത്  യാത്ര ചെയ്യാനായിരുന്നു കൂടുതൽ ഇഷ്ടം... വീട്ടിലെ  ഉത്തരവാദിത്തങ്ങൾ   പരിഭവലേശമില്ലാതെ അവൾ  നിർവഹിച്ചു പോന്നു .സുമ റിട്ടയർ ആയപ്പോഴേക്കും തിരക്കുകൾ ഒരുവിധം അവസാനിച്ചിരുന്നു. താൻ പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങിയെത്തി.
മകളുടെ  വിവാഹം കഴിഞ്ഞ് അവളും അകലെ മെട്രോ നഗരത്തിലേക്കു  യാത്രയായി.
       സുഹൃദ്ബന്ധങ്ങൾ നഷ്ടപ്പെടാതെ കൊണ്ടുപോകുന്നത് ഒരു കലയാണ്..അതിനാണ് മുൻ‌തൂക്കം കൊടുക്കേണ്ടത് എന്ന് താൻ വിശ്വസിച്ചുപോന്നു. തനിയെ ജീവിക്കാൻ  പ്രാപ്തനാണെന്ന്  അവളെ ബോധ്യപ്പെടുത്തുന്നതിൽ താൻ വിജയിച്ചിരുന്നു. അവളോ തനിയെ ഉത്തരവാദിത്തങ്ങൾ ചെയ്യുമ്പോഴും  താൻ അവളുടെ ജീവിതത്തിൽ ഒരു അവിഭാജ്യഘടകമാണ് എന്ന് എപ്പോഴും പ്രവൃത്തിയിലൂടെ  തെളിയിച്ചുകൊണ്ടുമിരുന്നു. താൻ എത്ര മാത്രം  അവളെ സ്നേഹിച്ചിരുന്നുവെന്നു  പറയാൻ ഇനി ഒരിക്കലും ഒരു അവസരം കൈവരുകയില്ല എന്ന്
അയാൾ ഭയപ്പെട്ടു.. കൂടുതൽ കാലം വേർപിരിഞ്ഞു ജീവിച്ചവരാണ് തങ്ങൾ.ഇനി വയ്യ...ഈ മണ്ണിൽ നിന്ന് അവളില്ലാതെ ഒരു മടക്കമില്ല...അയാളുടെ നെഞ്ചകം കേണുകൊണ്ടിരുന്നു.             
          .              ഏറെ  സമയത്തിനുശേഷം യാഥാർഥ്യങ്ങളിലേക്ക്  വേവലാതിയോടെ അയാൾ ഉണർന്നു. കുഴഞ്ഞ കാലടികളെ നിലത്തുറപ്പിച്ച്   എഴുന്നേൽക്കാൻ പാടുപെട്ടു.  ഭിത്തിയിലെ വലിയ ക്ലോക്കിൽ സമയം ആറുമണി കഴിഞ്ഞിരിക്കുന്നു...അവളെ കാണാതായിട്ട് രണ്ടു മണിക്കൂർ ആയി എന്നത് അയാളെ ഞെട്ടിച്ചു .ഇരുട്ട് വീഴാൻ താമസമില്ല.എവിടെയാണ് പരാതിപ്പെടേണ്ടത്... ആരോടാണ്  ചോദിക്കേണ്ടത്... ഒന്നും പ്രവർത്തിക്കാൻ കഴിയാതെ പോയ തന്നോട് തന്നെ അയാൾക്ക്‌ പുച്ഛം തോന്നി. ഇപ്പോൾ വരാന്തയിലും റിസെപ്ഷനിലും അത്ര തിരക്കില്ല...
            കടുംനിറത്തിലുള്ള വർണ്ണവസ്ത്രങ്ങൾ അണിഞ്ഞ ഏതാനും സ്ത്രീകൾ കലപില സംസാരിച്ചുകൊണ്ട്  പടികളിറങ്ങിപ്പോയി.
പെട്ടെന്ന് പരിചിതമായ ആ കുപ്പിവളക്കിലുക്കം അയാളുടെ കാതുകളിൽ പതിച്ചു. പടികളിറങ്ങി  തന്റെ മുൻപിൽ കൂടി വിയർത്തുകുളിച്ച് ഓടിപ്പോകുന്ന തന്റെ.. തന്റെ സുമ...അയാൾ ഉച്ചത്തിൽ വിളിക്കാൻ ശ്രമിച്ചു... എന്നാൽ വരണ്ട തൊണ്ടയിൽ നിന്നു ശബ്ദം പുറത്തേക്ക് വന്നില്ല.
       പതർച്ചയോടെ  അയാൾ വരാന്തയിലേക്ക് വേച്ചു വേച്ച്  ഇറങ്ങി.ഏറെക്കുറെ നിർജ്ജനമായ മൈതാനത്തിന്റെ ഓരത്ത് ചന്ദനവർണമുള്ള ഷർട്ട്‌  ധരിച്ച് തിരിഞ്ഞു  നിൽക്കുന്ന ആളുടെ മുഖം നോക്കാനായി ശ്രമിക്കുന്ന തന്റെ സുമ ...അവളുടെ അന്ധാളിച്ച മുഖം...അയാൾ നുറുങ്ങുന്ന ഹൃദയത്തോടെ കണ്ണിമക്കാതെ അതു നോക്കി നിന്നു. കുറച്ചുകൂടി താൻ അവളെ ശ്രദ്ധിക്കേണ്ടതായിരുന്നു.... അയാൾ വേദനപ്പെട്ടു. പെട്ടെന്ന് വെട്ടിത്തിരിഞ്ഞ അവൾ അയാളെ കണ്ട് സ്തബ്ധയായി . രണ്ടുമണിക്കൂർ മുൻപ്  കൈവിട്ടുപോയ.. താൻ ഇത്ര നേരം തേടി നടന്ന തന്റെ സ്നേഹം..എത്രയോ തവണ താൻ അദ്ദേഹം നിൽക്കുന്ന സ്ഥലത്തു കൂടി  ഓടി എന്ന് അവൾ ഓർത്തു..എന്നിട്ടെന്തേ കണ്ടില്ല?..അവൾ അയാളുടെ അടുത്തേക്ക് കുതിച്ചു.
        അത്യന്തം ആനന്ദിക്കുമ്പോഴും അയാൾ  ചിന്താകുലനായി... ഈ സ്ഥലങ്ങളൊക്കെയും  മനഃപാഠമായ  താൻ,അവളെ അന്വേഷിച്ചില്ല എന്ന് ചിന്തിച്ചിരിക്കുമോ ... ഇത്ര സമയവും താൻ അബോധാവസ്ഥയിലായിരുന്നു എന്ന് അവൾ വിശ്വസിക്കുമോ... ഒരുവേള അവളെ വിട്ടു താൻ മടങ്ങിപ്പോയി എന്ന് ഓർത്തിരിക്കുമോ ... തന്റെ അവസ്ഥ എന്തായിരുന്നുവെന്നും  തന്റെ സ്നേഹം,പരിഭ്രമം എല്ലാം എങ്ങനെ അവളെ  ബോധ്യപ്പെടുത്തും എന്നും വേപഥു പൂണ്ട്, അയാൾ തളർന്നവനായി  അവളുടെ മുൻപിൽ നിന്നു. അവൾ പതം
പറയുമെന്നും കരയുമെന്നും  അയാൾ കരുതി.
അവൾ തന്റെ വിയർത്ത വലംകരം അയാളുടെ നെഞ്ചോട്‌ മൃദുവായി ചേർത്തു വച്ചു... പെരുമ്പറ പോലെ മിടിക്കുന്ന ആ ഹൃദയത്തുടിപ്പുകൾ കൈകളിൽ സ്പർശിച്ചറിഞ്ഞു...തുളുമ്പാതെ നിറഞ്ഞു നിൽക്കുന്ന അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി... ഒന്നും ഉരിയാടാനാകാത്ത ഒരു മാത്ര. ....."ഈ കഴിഞ്ഞ രണ്ടു മണിക്കൂറുകൾ നിങ്ങൾ ജീവിച്ചിരുന്നല്ലോ... എനിക്കതുമതി...അതുമാത്രം മതി... "   അവളുടെ വിതുമ്പുന്ന അധരങ്ങൾ  പിറുപിറുത്തു. അവൾ കൈ ഉയർത്തി അയാളുടെ വിയർത്ത നെറ്റിത്തടം തലോടി... സ്നഹചന്ദനം ചാർത്തുമ്പോലെ...ആ കുളിർമയിൽ  കുതിർന്ന് അയാൾ ആശ്വസിച്ചു നിന്നു...

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക