Image

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം; ലണ്ടനിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ഐഒസി പ്രതിഷേധ സംഗമം നടത്തി

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 27 March, 2023
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം; ലണ്ടനിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ഐഒസി പ്രതിഷേധ സംഗമം നടത്തി

ലണ്ടന്‍: ലോകസഭാംഗത്വം റദ്ദാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായിരുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുകെയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുമ്പില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചതിനു ശേഷം ആരംഭിച്ച പ്രതിഷേധ സംഗമം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് യുകെ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷയും പ്രത്യാശയുമായ രാഹുല്‍ ഗാന്ധിയെ ഭാരതജനത ആഗ്രഹിക്കുന്ന തലത്തിലെത്തിച്ചു നല്‍കുവാന്‍ ഓരോ കോണ്‍ഗ്രസ്സുകാരനും ബാധ്യതയുണ്ടെന്ന് കമല്‍ ദലിവാള്‍ പറഞ്ഞു. മാതൃ രാജ്യത്തെ അധോഗതി, അരക്ഷിതാവസ്ഥ എന്നിവയിലേക്ക് നയിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കുവാന്‍ ഏവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങുവാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കമല്‍ കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലെ പാര്‍ലമെന്റ് മന്ദിരത്തിന് അഭിമുഖമായും മഹാത്മാ ഗാന്ധിയുടെ പ്രതിമയോട് ചേര്‍ന്നും നിന്ന് ഐഒസി പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്ക് എതിരെ ആവേശപൂര്‍വ്വം മുദ്രാവാക്യങ്ങള്‍ വിളിച്ചു. വെള്ളക്കാരെ തുരത്തിയ ഞങ്ങള്‍ കൊള്ളക്കാരെ തുരത്തിടും തീര്‍ച്ച', 'രാഹുല്‍ ഗാന്ധി നയിച്ചോളൂ ഭാരത ജനത പിന്നാലെ', 'മോഡി-അദാനി ബന്ധങ്ങള്‍ ഇന്ത്യാ രാജ്യത്തിനു ബാധ്യത' എന്നിങ്ങനെ പോകുന്നു മുദ്രാവാക്യങ്ങള്‍. മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന പ്ലകാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമത്തില്‍ പടുത്തത്.

പ്രതിഷേധ സംഗമത്തില്‍ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഗുര്‍മിന്ദര്‍ റന്തവാ, കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍, നേതാക്കളായ ചേതന്‍ ശര്‍മ്മ, സുധാകര്‍ ഗൗഡ, തോമസ് ഫിലിപ്പ്, പ്രിയംവദ ഠാക്കൂര്‍, അജിത് മുതയില്‍ എന്നിവര്‍ പ്രസംഗിച്ചു. അപ്പച്ചന്‍ കണ്ണഞ്ചിറ, ബിജു ജോര്‍ജ്, ജോര്‍ജ്ജ് ജേക്കബ്, അഷ്റഫ്, ജോര്‍ജ്ജ്, അശ്വതി നായര്‍, ജോയല്‍, ജോണ്‍ ചാള്‍സ് മണി, അഷ്‌റ അംജ്ജും, ഇമാം ഹഗ്, രാകേഷ് ബിക്കുമണ്ഡല്‍, ബല്‍ജിന്ദര്‍ ജയിന്‍പുരി എന്നിവര്‍ പ്രതിഷേധ സംഗമത്തിന് നേതൃത്വം നല്‍കി.

ഇന്ത്യയുടെ പരമമായ ഭരണഘടനയും, ജനാധിപത്യ മതേതര മൂല്യങ്ങളും, സ്വാതന്ത്ര അവകാശങ്ങളും  ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന തലത്തിലേക്ക് നയിക്കുന്ന മോദിയുടെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കുന്നതിനുള്ള തുടക്കമാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടിയെന്ന് ഐഒസി നേതാക്കള്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഒന്നാംഘട്ടമാണ് ഇപ്പോള്‍ നടന്നതെന്ന് നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ സംഗമത്തിന് ശേഷം യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ സ്റ്റുഡന്റസ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വെല്‍ബീയിങ് ആന്‍ഡ് കമ്മ്യൂണിറ്റി ഓഫീസറായി വിജയിച്ച ഐഒസി കേരള ചാപ്റ്റര്‍ അംഗം ബിബിന്‍ ബോബച്ചനെ ഐഒസി നാഷണല്‍ കമ്മിറ്റി ആദരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക