അടുക്കളയിലെ ധൃതിപിടിച്ചുളള
ജോലിക്കിടയിലും
ഓഫീസ് മുറിയിലെ സംസാരം കേൾക്കാൻ വക്കീലിന്റെ ഭാര്യ ചെവി വട്ടംപിടിച്ചു.തിങ്കളാഴ്ച ദിവസങ്ങളിൽ പൊതുവേ ഓഫീസിൽ കക്ഷികളുടെ തിരക്കായിരിക്കും.
ഇന്നലെ വൈകുന്നേരം വക്കീലിനെ വന്നു കണ്ടിട്ടുപോയവർ രാവിലെ നേരത്തെ
തന്നെയെത്തിയിട്ടുണ്ട്..ഏതോ അടിപിടിക്കേസിനു ജാമ്യമെടുക്കാനാണെന്നു തോന്നുന്നു.
"എല്ലാം തയ്യാറാണല്ലോ,
ജാമ്യക്കാരും റഡിയല്ലേ...."
വക്കീലിന്റെ ചോദ്യത്തിൽ തന്റെ ഫീസും, ഓഫീസ് ചിലവുകളും ഉൾപ്പെടുമെന്നു കൂട്ടിക്കോ...!
കക്ഷികൾ വരുന്നതും പോകുന്നതും, അവരുടെ കേസിന്റെ വിവരങ്ങളും മറ്റും വക്കീലിന്റെ ഭാര്യ ഊഹിച്ചെടുക്കാറുണ്ട്. പ്രമാദമായ കേസു വല്ലതുമാണെങ്കിൽ വക്കിലും ഭാര്യയും പരസ്പരം വിവരങ്ങളൊക്കെ
പങ്കുവയ്ക്കാറുമുണ്ട്.
രാത്രിയിൽ
ഏറെ വൈകി വന്നുകിടന്നപ്പോൾ പറയുകയും ചെയ്തു.
"നാളെയൊരു ജാമ്യമുണ്ട്
കുറച്ചു കാശു കയ്യിലുവരും,
മോൾടെ ബർത്തു
ഡേക്ക് സൈക്കിളു വാങ്ങിച്ചു കൊടുക്കണം."
മറ്റ് ആവശ്യങ്ങളൊന്നും ഭാര്യയുടെ ഭാഗത്തുനിന്നുണ്ടാ
വാതിരിക്കാൻ വേണ്ടിയാണ്.
സാധാരണ വക്കീലന്മാർക്കു കിട്ടുന്നതിന്റെ പാതിപോലും ഇദ്ദേഹത്തിനു കക്ഷികളിൽ നിന്നു കിട്ടാറില്ലെന്നതാണ് വാസ്തവം....
കാണാൻവരുന്ന കക്ഷികൾ
മിക്കവാറും തീരെ പാവങ്ങളായിരിക്കും"അവരോടെങ്ങനെയാ..കണക്കുപറഞ്ഞു കാശു വാങ്ങിക്കുന്നേ.?
തരുന്നതു വാങ്ങിക്കുക, അത്രതന്നെ...!" ഇതാണു നിലപാട്...
ജാമ്യമൊക്കെയെടുത്തുകഴിഞ്ഞ്, വക്കീലിന്റെ മുന്നിൽ കക്ഷികളുടെ ഒരു കൈകൂപ്പലുണ്ട്. "പെമ്പ്രന്നോർക്ക് സുഖമില്ലാരുന്നു സാറേ....സാറിനു തരാൻ വച്ച കാശ് ആശുപത്രിയിൽ കൊണ്ടക്കൊടുത്തു.സാറിനൊളള ഫീസ് നാളെ അതിരാവിലെതന്നെ എത്തിക്കാം.."
ഇന്ന്, ഇപ്പോൾ തരാനില്ലാത്ത
കാശ് നാളെ രാവിലെ എവിടുന്നുണ്ടാവാനാ..?
ദിവസംമുഴുവൻ കോടതിയിൽ കയറിയിറങ്ങി നടന്നിട്ട്...!
കക്ഷികൾ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് അവരാരാണെന്ന് ഒന്നറിഞ്ഞിരിക്കാനുളള വ്യഗ്രതയിൽ
ഭാര്യ മുറ്റത്തേക്കിറങ്ങിയത്...
അവരുടെ കാര്യം നടന്നു.
ജയിലിൽ പോകേണ്ട മകനു ജാമ്യവും കിട്ടി..
ഇനി ഈ വഴി അവരുടെ പൊടിപോലും കാണില്ല..
അഥവാ ഇനിയൊരു കേസുണ്ടായാൽപോലും
ഈ വക്കീലിന്റെ ഏഴയലത്തുപോലും
വരികയുമില്ല..
സർക്കാരുദ്യോഗസ്ഥയായ ഭാര്യ പ്രൊഫിഡന്റ് ഫണ്ടിൽനിന്ന് ലോൺ എടുത്താലും അതിലൊരു വിഹിതം തന്റെ
ജൂനിയേഴ്സിനും അവകാശപ്പെട്ടതാണെന്നു കരുതുന്ന
വക്കീല്,
ജാമ്യം എടുത്തുകൊടുത്ത വകയിൽ, ഗുമസ്ഥൻ പയ്യന് എന്തെങ്കിലും കൊടുക്കണമെന്ന ചിന്തയിൽ,അയാൾ അകത്തുപോയി
ഭാര്യയുടെ വാനിറ്റിബാഗിൽ പരതാൻ തുടങ്ങിയിരുന്നു..