Image

ഇന്നസെന്റിന്റെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു

Published on 27 March, 2023
 ഇന്നസെന്റിന്റെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു


കുവൈറ്റ് സിറ്റി: സിനിമാ താരം മുന്‍ എംപിയും ഇന്നസെന്റിന്റെ നിര്യാണത്തില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റ് അനുശോചിച്ചു. വ്യത്യസ്തമായ ഭാഷാ ശൈലിയും അഭിനയ മികവും കൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന കലാകാരന്‍ എന്നതിനപ്പുറം ഇന്നസെന്റ് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു.

എക്കാലവും ഇടതുപക്ഷ നിലപാടിലുറച്ച് നിന്നിരുന്ന അദ്ദേഹം 2014 ലെ ലോക്‌സഭാ ഇലക്ഷനില്‍ ചാലക്കുടി മണ്ഡലത്തില്‍ മത്സരിച്ച് ലോക്‌സഭയിലെത്തിയതും സ്വതസിദ്ധമായ ശൈലിയില്‍ നടത്തിയ പ്രസംഗങ്ങളും എംപിയെന്ന നിലയില്‍ അദ്ദേഹം നടത്തിയ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളും ഇന്നസെന്റിനെ സിനിമാരംഗത്തും രാഷ്ട്രീയ രംഗത്തും വേറിട്ട് നിര്‍ത്തി.


കലയോടും രാഷ്ട്രീയത്തോടും അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തുകയും സമൂഹത്തോട് പ്രതിബദ്ധതയുണ്ടായിരിക്കുകയും ചെയ്തിരുന്ന ഇന്നസെന്റിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ.കെ, ജനറല്‍ സെക്രട്ടറി രജീഷ്.സി എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സലീം കോട്ടയില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക