Image

കയ്യെത്താ  ദൂരത്തൊരു  കുട്ടിക്കാലം (മൃദുമൊഴി 52: മൃദുല രാമചന്ദ്രൻ)

Published on 28 March, 2023
കയ്യെത്താ  ദൂരത്തൊരു  കുട്ടിക്കാലം (മൃദുമൊഴി 52: മൃദുല രാമചന്ദ്രൻ)

വഴിയോരങ്ങൾ നിറയെ  'സമ്മർ ക്യാമ്പു'കളുടെയും, 'വെക്കേഷൻ ക്‌ളാസു'കളുടെയും വർണമയമാർന്ന പരസ്യങ്ങൾ  ആണ്. മാർച്ച് അവസാനിക്കുകയും, ഏപ്രിൽ ആരംഭിക്കുകയും, കേരളത്തിൽ  സ്‌കൂളുകൾക്ക് രണ്ട് മാസത്തെ വേനൽ അവധിക്കാലം തുടങ്ങുകയും  ചെയ്യുന്നു. പക്ഷെ  വാർഷിക  പരീക്ഷ  കഴിഞ്ഞ്, സ്കൂൾ അടച്ചു പിറ്റേ ദിവസം  തന്നെ കുട്ടികൾ യാത്ര  ആരംഭിക്കുന്നത് അവധിക്കാല ക്‌ളാസുകളിലേക്ക് ആണ്. മെഡിക്കൽ /എഞ്ചിനീയറിങ്  പ്രവേശന പരീക്ഷകൾക്ക് ഉള്ള പ്രാരംഭ പരിശീലനം  മുതൽ, പാട്ടും, വരയും,നീന്തലും,
കയ്യക്ഷരവും  തുടങ്ങി, പുതിയ  ക്‌ളാസിലേക്ക് ഉള്ള ട്യൂഷൻ  വരെ  വൈവിദ്ധ്യമാർന്ന വൻ നിര തന്നെയുണ്ട് ഈ  സമ്മർ ക്‌ളാസുകളുടെ കൂട്ടത്തിൽ. അവധിക്കാലത്ത്  കുട്ടികളെ നോക്കാൻ ബദൽ സംവിധാനങ്ങൾ ഇല്ലാത്ത  ജോലിക്കാരായ  മാതാപിതാക്കൾക്ക് ഒരു ആശ്വാസം കൂടിയാണ്  ഇത്തരം സംരംഭങ്ങൾ.

പക്ഷെ, വലിയ  പരീക്ഷ  അവസാന ദിവസം  തൊട്ട്, ജൂണിലെ പെരുമഴയത്ത്‌ സ്കൂൾ തുറക്കുന്നതിന്റെ തലേ ദിവസം  വരെ  കളിച്ചു തിമർത്ത ഒരു കാലത്തിൻറെ  ഓർമകൾ  ഉള്ളിൽ ഉള്ളത് കൊണ്ട്, ഒരു ക്‌ളാസിനും പോകാതെ  രണ്ട് മാസവും  കുട്ടികൾ കളിച്ചു നടെന്നെങ്കിൽ എന്ന് വെറുതെ  മോഹിക്കുന്നു. അധ്യയനം നടക്കുന്ന പത്തു  മാസങ്ങളെ  സ്വീകരിക്കാൻ  ഉള്ള ഊർജവും, ആ  പത്തു  മാസവും  പ്രതീക്ഷയോടെ കാത്തിരിക്കാൻ  ഉള്ള കാരണവും ആയിരുന്നു വലിയ  വെക്കേഷൻ.

അവധിക്കാലത്തിന്റെ  അന്തിമ ആസൂത്രണം നടക്കുന്നത് പരീക്ഷാക്കാലത്താണ്. പരീക്ഷക്ക് സ്‌കൂളിലേക്കും, തിരിച്ചും ഉള്ള യാത്രകളിൽ  വിശദമായ  പദ്ധതി തയ്യാറാക്കലും, അത്യാവശ്യം  വിഭവ ശേഖരണവും നടക്കും. അവസാന പരീക്ഷയുടെ ദിവസം ഉള്ളിൽ ഒരു ആളലും, കാളലും ഒക്കെയാണ്. അൽപ്പ സമയത്തിനകം അവധിക്കാലം  തുടങ്ങുന്നു എന്ന ആഹ്ലാദം  ഉള്ളിൽ തുള്ളി കളിക്കും. അന്നത്തെ തിരിച്ചു മടക്കം  എല്ലാ ദിവസത്തേക്കാളും  പതുക്കെയാകും. ഏറ്റവും വളഞ്ഞ  വഴിയിലൂടെ. ചിലപ്പോൾ, ഇരുപതു  പൈസയും, പത്തു  പൈസയും  ഒക്കെ ഷെയർ  ഇട്ട് നല്ല എരിവുള്ള മോരും വെള്ളമോ, ഉപ്പിട്ട നാരങ്ങാ  വെള്ളമോ ഒക്കെ കാച്ചിയെന്നും വരും.

പരീക്ഷ കഴിഞ്ഞ ദിവസ ബാക്കിയിലെ കർമ പദ്ധതി പുസ്തകങ്ങൾ ഒതുക്കി വയ്ക്കുക എന്നുള്ളതാണ്. പാഠപുസ്തങ്ങൾ ഒരു കെട്ട് ആക്കി വയ്ക്കും. അത് അടുത്ത ഊഴക്കാർക്ക് കൈ മാറാൻ ആണ്. നോട്ട് പുസ്തകങ്ങളിലെ ഉപയോഗിക്കാത്ത  പേജ് ഒക്കെ കീറി  എടുത്ത് കെട്ടി വയ്ക്കും. അത് ഒന്ന് ബൈൻഡ് ചെയ്ത് അടുത്ത വർഷത്തിലെ  റഫ് നോട്ട് ആകും. ബാക്കി ഉള്ളതൊക്കെ ആക്രിക്ക് കൊടുക്കാൻ കൂട്ടി വയ്ക്കും. വിഷു  പൂത്തിരി -പടക്കം  ധന ശേഖരണത്തിലെ  പ്രധാന വിഹിതം വരേണ്ടത് ഈ  കച്ചവടത്തിൽ നിന്നാണ്.

കുംഭ ഭരണിക്ക്  പൂര പറമ്പിൽ  നിന്ന്  കരഞ്ഞും, വാശി  പിടിച്ചും വാങ്ങി കിട്ടിയ കടും പിങ്ക് നിറമുള്ള എണ്ണത്തിരി ഇട്ട് കത്തിക്കുന്ന ബോട്ടും, മുടി പോണി ടെയിൽ കെട്ടിയ പാവക്കുട്ടിയും ഒക്കെ അംഗഭംഗം വന്ന് അവശർ ആയിട്ടുണ്ടാകും. ചരട്  മുറുക്കി കൊത്തി  തിരിക്കുന്ന പമ്പരത്തിന്  മാത്രം  കുഴപ്പം ഒന്നും ഉണ്ടാകില്ല. ചുറ്റും ഉള്ളത് ഒക്കെ കളിപ്പാട്ടം ആക്കുന്ന വിദ്യ വശം ഉള്ളവർ ആകയാൽ  കളിപ്പാട്ടങ്ങളുടെ അലഭ്യതയും, അഭാവവും  ഒന്നും ഞങ്ങളെ  ബാധിച്ചതേ ഇല്ല.

പച്ച ഈർക്കിൽ കുത്തി പൊടിന ഇലകളെ 
കരണ്ടിയും, കലവും, പണ സഞ്ചിയും ആക്കി. മഞ്ഞ കോളാമ്പി മരം  നൂറിന്റെ നോട്ട് യഥേഷ്ടം  തരുന്ന  കമ്മട്ടം ആയി. ഈർക്കിൽ കുത്തി കൊരുത്ത മച്ചിങ്ങ തയ്യൽ മെഷീൻ ആയി. നാല് വാഴ നാര് ചീന്തി കൂട്ടി കെട്ടി, അതിൽ  സ്നേഹലതയിൽ കോർത്ത  ചെമ്പരത്തി, അവിടെയും, ഇവിടെയും തൂക്കി  ഇട്ടാൽ അത് ലോകത്ത് എവിടേക്കും സർവീസ്  നടത്തുന്ന  ബസ് ആയി.

ഉച്ച ചൂടിൽ ഉമ്മറത്ത് ഇരുന്ന് കവടിയും, തീപ്പെട്ടി പടവും, നൂറാം കോലും, സിനിമാ പേരും പറഞ്ഞു കളിച്ചു. ഇടയ്ക്ക് ഒരു രസത്തിന്  പച്ച പുളി പെറുക്കി കൊണ്ട് വന്ന്, കല്ലുപ്പും, കാ‍ന്താരി മുളകും കൂട്ടി കുത്തി ചതച്ചു, വാഴയിലയിൽ  ഇട്ട്, മോളിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കഴിച്ചു. എരിവു മാറാൻ  മൺ കുടത്തിലെ തണുത്ത  വെള്ളം കുടിച്ചു.

ഉച്ച തിരിഞ്ഞാൽ ആണി  വെട്ടി തിരിച്ചിട്ട പറമ്പ് വെള്ളം വിട്ട് നനയ്ക്കും.
ആകെപ്പാടെ  മൊട്ടിട്ട് കുളിർക്കുന്ന മുല്ലയുടെ മൊട്ടൊക്കെ ഇറുത്ത് കൂട്ടി നീളൻ  മാല കെട്ടും. മെയ് മാസ പൂക്കൾ  ചുവന്ന പൂക്കുലകളും  ഉയർത്തി പൊടുന്നനെ പ്രത്യക്ഷർ ആകുമ്പോൾ അവധി  കഴിയാൻ  പോകുന്നു എന്ന് ആധിയാകും.

അവധിക്കാലത്തെ ഏറ്റവും ആവേശഭരിതമായ ഇനം കുട്ടിപ്പുര കെട്ടൽ ആയിരുന്നു. അമ്മമാരുടെ  പഴയ  സാരിയും, ഉപേക്ഷിച്ച പുൽപ്പായയും, പനമ്പും ഒക്കെ വച്ച്, രണ്ട് ദിവസത്തെ  കൂട്ടായ ശ്രമം  കൊണ്ടാണ് ഒരു കുട്ടിപ്പുര തയ്യാർ ആകുക. അവധികാലത്തിന്റെ ആദ്യ ദിവസങ്ങളിൽ  തയ്യാർ  ആകുന്ന കുട്ടി പുര, കരുണയില്ലാതെ പൊളിച്ചിടുക മിഥുനത്തിലെ പുതു മഴയും, കാറ്റും ആകും.

കുറേ നേരം പിന്നാലെ നടന്നു, ചെവി തലക്ക്  സ്വൈരം കൊടുക്കാതെ  ചോദിച്ചാൽ  ഒന്നോ -രണ്ടോ തവണ  കുട്ടിപ്പുരയിൽ യഥാർത്ഥ പാചകം  നടത്താൻ അമ്മമാർ  സമ്മതിക്കും. സമ്മതം  കിട്ടിയാൽ പിന്നെ ഒരു ഉത്സവം ആണ്. കുട്ടിപ്പുരക്ക് പുറത്ത്, കാറ്റ് പിടിക്കാത്ത  ഇടം  നോക്കി അടുപ്പ് കൂട്ടുന്നു, വിറക് ശേഖരിക്കുന്നു, വെള്ളം കൊണ്ട് വരുന്നു, പല അടുക്കളകളിൽ  നിന്നായി അരിയും, മുളകും, ഉപ്പും, കടുകും  ഒക്കെ കുഞ്ഞ് പൊതികളിൽ  എത്തുന്നു. കൂട്ടാന്റെ കാര്യത്തിൽ  വലിയ  ചർച്ച ഒന്നുമില്ല. പറമ്പിൽ  സുലഭമായ  മാങ്ങയോ, ഇരുമ്പൻ പുളിയോ പരിപ്പോ, ഉണക്ക മീനോ  ഇട്ട് വയ്ക്കും. പാളയൻ കോടൻ കായ  ഉപ്പേരി, ചുട്ട പപ്പടം,ഉള്ളിയും, പുളിയും ചതച്ചത്.... പറമ്പിൽ  മണ്ണ് നീക്കി മിനുസപ്പെടുത്തിയ തറയിൽ  ഇരുന്ന്  സ്വയം പാചകം  ചെയ്ത ഈ  ഉച്ചയൂണ് കഴിക്കുമ്പോൾ അനുഭവിച്ച  സന്തോഷത്തിന് ഇന്നും പകരം  മറ്റൊന്ന് ഇല്ല.

ഒരു സമ്മർ ക്യാമ്പിനും, വെക്കേഷൻ  ക്‌ളാസിനും തരാൻ കഴിയാത്ത  ആഹ്ലാദങ്ങളും, അറിവുകളും, അനുഭവങ്ങളും.... ആ അവധിക്കാലങ്ങളുടെ ഇളനീർ തണുപ്പ് ഇല്ലെങ്കിൽ, എത്ര  ഊഷരമായേനെ  ഓർമയും, ഉയിരും.

#childhood_article_by_mrudula

 

Join WhatsApp News
M.P.Smitha 2023-03-29 08:01:37
Vaikumbol thanne vayil vellam urunna venal kalam....valare manoharam .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക