Image

വെള്ളത്താമര  (ഭാഗം: 3: മിനി വിശ്വനാഥന്‍)

Published on 28 March, 2023
വെള്ളത്താമര  (ഭാഗം: 3: മിനി വിശ്വനാഥന്‍)

താമരപ്പൂവിന്റെ സുഗന്ധം എനിക്കു ചുറ്റും പടർന്നു. രണ്ട് ഭാഗത്തും മുടി പിന്നിക്കെട്ടി കരച്ചിലടക്കാൻ അമ്മ പറിച്ചു തന്ന വെള്ള ആമ്പൽപ്പൂക്കൾ കൈയിലൊതുക്കി ഒന്നാം ക്ലാസിലേക്ക് ആദ്യമായി പോവുന്ന കുട്ടിയെപ്പോലെ ഉള്ളിൽ നിറയെ ആശങ്കകളോടെ ഞാൻ ഓപ്പറേഷൻ തീയേറ്ററിലേക്കുള്ള യാത്രക്ക് മനസ്സുകൊണ്ട് തയ്യാറായി.

പെട്ടെന്ന് എവിടെ
നിന്നെല്ലാമോ പലവിധ വിചിത്ര ഗന്ധങ്ങൾ എന്നിലേക്ക് കടന്നുവന്നു. സ്കൂളിലെ ഗോതമ്പുറവ ഉപ്പുമാവിന്റെ കടുക് പൊട്ടുന്ന ശൂ ശബ്ദത്തിനും മണത്തിനുമൊപ്പം
സ്ട്രോബറി മിൽക്കിന്റെ നേർത്ത മധുരമുള്ള ഗന്ധവും കോയമ്പത്തൂരിലെ വീട്ടിലുണ്ടാക്കുന്ന തക്കാളി രസത്തിന്റെ കായരുചിയും വയനാട്ടിലെ അടുക്കളയിൽ പൊന്നി ഉണ്ടാക്കാറുള്ള കുമ്പളങ്ങ ഹൽവയുടെ മഞ്ഞനിറമുള്ള മണവും എന്നെ ചുറ്റി വരിഞ്ഞു. ഓർമ്മകളാൽശ്വാസം മുട്ടിയ ഞാൻ പുറത്തേക്ക് എത്തിനോക്കി.

ജനലിനപ്പുറത്തുള്ള അടക്കാക്കിളികൾ കൂടിന്റെ അവസാന ഘട്ട മിനുക്കുപണികളിലാണ്. പരസ്പരം കലഹിച്ചും ഇടക്ക് പ്രണയിച്ചും കൊണ്ട് അവരിരുവരും ചുള്ളിക്കമ്പുകൾ ചേർത്തു വെച്ചുകൊണ്ടിരുന്നു. നേർത്ത പുൽനാമ്പുകളും ഒന്നു രണ്ടിനം ഉണങ്ങിയ ഇലകളും പഞ്ഞിത്തുണ്ടങ്ങളും മാറ്റി വെച്ചത് പക്ഷിപ്പെണ്ണിന്റെ പ്രസവ മുറി അലങ്കരിക്കാനാവണം. ഗർഭാലസ്യം കൊണ്ട് ക്ഷീണിതയായ അവളോടുള്ള അലിവ് കൊക്കുരുമ്മിയും ചിറകിൽ ചേർന്നു നിന്നും ആൺപക്ഷി ഒട്ടും പിശുക്കില്ലാതെ അവളെ അനുഭവിപ്പിക്കുന്ന കാഴ്ച മനസ്സ് നിറച്ചു.

അവരെ നോക്കിക്കൊണ്ടിരിക്കെ മാഞ്ഞു പോയ എന്റെ കൈവേദന തിരിച്ചു വരുന്നതായി എനിക്ക് തോന്നി. വിശ്വേട്ടൻ കൈപ്പത്തികൾ തടവിത്തന്നിരുന്നെങ്കിലെന്നും നെറ്റിയിലൊരുമ്മ തന്നിരുന്നെങ്കിലും ഞാൻ വെറുതെ ആഗ്രഹിച്ചു.

ടിവിയിൽ ചർച്ചകൾ അവസാനിച്ചിരിക്കുന്നു. പഴയ ഹിന്ദി സിനിമയിലെ ഗാന രംഗങ്ങളാണ് ഇപ്പോൾ ഓടുന്നത്. കാശ്മീരിലെ മഞ്ഞ് പുതച്ച താഴ്വാരങ്ങളിൽ കിടന്നുരുണ്ടും ഓടി നടന്നും  ഷമ്മി കപൂർ തന്റെ പ്രണയം പാടിയാഘോഷിക്കുന്നത് കണ്ടപ്പോൾ കൗതുകത്തോടെ ആ ടി.വി സ്ക്രീനിലേക്ക് ഞാൻ കണ്ണുകളുറപ്പിച്ചു. പാടിത്തളർന്ന ഷമ്മി കപൂറും ഷർമ്മിള ടാഗോറും സ്ക്രീനിൽ നിന്ന് മാഞ്ഞതിനു ശേഷം അമിതാ ബച്ചനും ജയഭാദുരിയും പ്രണയാർദ്രരായി പരസ്പരം നോക്കിക്കൊണ്ട് "തേരേ ബിന്ദിയാരേ.. എന്നു പാടിത്തുടങ്ങി. അവരുടെ കണ്ണുകളിലെ നിശബ്ദപ്രണയം കണ്ടു കൊണ്ടിരിക്കെ എനിക്ക് ഉറക്കെ കരയണമെന്നും  കുട്ടികളെ കെട്ടിപ്പിടിച്ച് വീട്ടിലെ സോഫയിൽ ചാരിയിരുന്ന് പഴയ ഹിന്ദിസിനിമ കാണണമെന്നും തണുത്ത നാരങ്ങ വെള്ളത്തിൽ സെവനപ്പ് ഒഴിച്ച് കുടിക്കണമെന്നും തോന്നി. തണുത്ത വെള്ളം കുടിക്കണമെന്ന ആഗ്രഹം കാരണമാവണം ചുണ്ടുകൾ വരണ്ടുവന്നു. 
ചുറ്റിലുമൊന്ന് നോക്കി. ചുണ്ടു നനക്കാനായി നേഴ്സ് കൊണ്ടു വെച്ച വെള്ളത്തിൽ നിന്ന് ഒരിറക്ക് ആരുമറിയാതെ കുടിക്കാമെന്ന് കരുതി വെള്ളക്കുപ്പി കണ്ണുകൾ കൊണ്ട് പരതി.

നീല നിറമുള്ള യൂണിഫോം ധരിച്ച രണ്ട് ചെറുപ്പക്കാർ വിശ്വേട്ടനുമായി സംസാരിക്കുകയാണ്. അവർ പറയുന്നതൊക്കെ ശ്രദ്ധാപൂർവം കേട്ട് തല കുലുക്കുന്ന വിശ്വേട്ടന് അപ്പോൾ ഡാഡിയുടെ മുഖഛായ ഉണ്ടായിരുന്നു. കാര്യങ്ങൾ വിശദീകരിക്കുന്ന പ്രസന്നമായ മുഖമുള്ള ആ ചെറുപ്പക്കാരിലൊരാൾക്ക് നീല നിറമുള്ള കണ്ണുകളാണെന്നും  വേവലാതികൾക്കിടയിടയിലും ഞാൻ ശ്രദ്ധിച്ചു. 

അനസ്തേഷ്യയിലേക്കുള്ള സമയം അടുത്തു കൊണ്ടിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. പ്രസവ വേദനയുടെ ആദ്യ മിന്നൽ പോലെ ഒരു തരംഗം എന്റെ ശരീരത്തിലൂടെ പാഞ്ഞു പോയി. ഫൈബ്രോയിഡിനുളളിൽ ഞെങ്ങി യമരുന്ന എന്റെ ഗർഭപാത്രത്തെ ഞാൻ വാത്സല്യപൂർവം വയറിനു മീതെക്കൂടി ഒന്നു തടവി. ഇത്രയും കാലം എനിക്ക് വേണ്ടി ചോര വാറ്റിയതിന് അതിനോട് നന്ദി പറയാതെ എങ്ങിനെയാണ് അതിനെ ദുബായിലെ ഈ ആശുപത്രിയിൽ ഉപേക്ഷിക്കുന്നത് ! 

ഡോക്ടർ ശശികലയുടെ കരാമ അൽറാസ് പോളീക്ലിനിക്കിലെ കൺസൽട്ടിങ്ങ് റൂമിലെ സ്കാനിങ്ങ് മെഷീന്റെ മോണിറ്ററിലാണ് ആദ്വമായി ഗർഭപാത്രത്തെ നേരിട്ടു കണ്ടത്. അതിനുള്ളിൽ ചുറ്റിത്തിരിയുന്ന കുഞ്ഞ്  വെള്ളപ്പൊട്ടിനെ ചൂണ്ടിക്കാണിച്ച് "ബേബിയുടെ മൂവ്മെന്റ് കണ്ടോ" എന്ന് അവർ പറഞ്ഞപ്പോൾ ഞാൻ നോക്കിയത് ഗർഭപാത്രത്തിന് ചെപ്പുക്കുടത്തിന്റെ ആകൃതിയാണോ എന്നായിരുന്നു. മിന്നി മായുന്ന ആ കുഞ്ഞ് പൊട്ടിനെ സംരക്ഷിച്ച് എന്നെ ഒട്ടും വേദനിപ്പിക്കാതെ എനിക്ക് സമ്മാനിച്ച ഗർഭപാത്രത്തോട് സ്നേഹത്തോടെ തന്നെ യാത്ര പറയേണ്ടതാണ്. 

ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് എന്റെ റിപ്പോർട്ടുകൾ തീയേറ്റർ സ്റ്റാഫിനെ ഏല്പിച്ചു. പേഷ്യന്റിന് ബി.പി വേരിയേഷൻ ഉണ്ടെന്നും മോനിട്ടർ ചെയ്യണമെന്നും ഓർമ്മിപ്പിച്ചു. അതിനിടയിൽ നീരുവന്ന് വീർത്ത എന്റെ ഇടത്തെ കൈപ്പത്തി അവരാരും ശ്രദ്ധിക്കുന്നില്ലെന്ന സങ്കടം ഞാൻ ഒളിച്ച് വെച്ചില്ല. നേരിയ ഒരു പുഞ്ചിരിയോടെ നീലക്കണ്ണുകളുള്ള ചെറുപ്പക്കാരൻ എല്ലാം ശരിയാവുമെന്ന് സമാധാനിപ്പിച്ചു കൊണ്ട്  കൈപ്പത്തികളെ വേദനിപ്പിക്കാതെ ഡ്രിപ്പ് വേർപെടുത്തി ഒരു ക്യാപ്പ് കൊണ്ട് ക്യാനുലയുടെ അറ്റം അടച്ചു. ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോവാനായി ഞാൻ കിടന്ന കട്ടിലിന്റെ വീലുകൾ സ്വതന്ത്രമാക്കി. യുദ്ധഭൂമിയിലേക്ക് പോവുന്ന പട്ടാളക്കാരനെപ്പോലെ ധൈര്യത്തിന്റെ പുറം ചട്ടയണിഞ്ഞ് വിശ്വേട്ടനു നേരെ ഞാൻ ചിരിച്ചു കൊണ്ട് കൈവീശിക്കാട്ടി. 
എനിക്കുണ്ടായ പോസിറ്റീവായ ഭാവമാറ്റം അവരെ സമാധാനിപ്പിച്ചിരിക്കണം. 

എന്റെ റിപ്പോർട്ട് തലയണക്കടിയിൽ തിരുകി വെച്ച് ആ ചെറുപ്പക്കാർ നീണ്ടു കിടക്കുന്ന കോറിഡോറിലൂടെ സാവധാനം  നീങ്ങിത്തുടത്തി. 
വേദനിക്കുന്നുവെന്ന് ഞാൻ പരാതി പറയാറുള്ള ഇടത് കൈപ്പത്തി മൃദുവായി തലോടിക്കൊണ്ട് വിശ്വേട്ടൻ എനിക്കൊപ്പം നടന്നു.

കൈയിലെ പിച്ചള ഗ്ലാസിൽ തിരുകിപ്പിടിച്ചു ഉമ്മഉമ്മീ എന്നു മന്ത്രിച്ചു കൊണ്ട് വേവലാതി പിടിച്ച കണ്ണുകളാൽ എന്നെ തലോടിക്കൊണ്ട് അവനും ആ യാത്രയിൽ  കൂടെയുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഊദിന്റെ ഗന്ധം ഇടനാഴി മുഴുവൻ പരന്നു. അവന്റെ സാന്നിദ്ധ്യത്തിൽ എന്റെ ഗർഭപാത്രം ശാന്തമായി ദീർഘനിശ്വാസം പൊഴിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. വെള്ള നിറത്തിലുള്ള മസ്ലിൻകന്തൂറയുടെ മർമ്മര ശബ്ദം കട്ടിലിന്റെ വീലുകൾ ഉരയുന്ന ശബ്ദത്തോടൊപ്പം ചേർന്നു.

ലേബർ റൂം എന്നെഴുതിയ വലിയ വാതിലുമുന്നിൽ കട്ടിൽ നിറുത്തിയിട്ട് അറ്റൻഡർ ഇന്റർ കോമിലൂടെ സംസാരിച്ചു. വേദനയുടെ ഞെരക്കങ്ങളോ നിലവിളികളോ പുറത്ത് കേൾക്കാത്ത ലേബർ റൂമിനെ ഞാൻ കണ്ണുതുറന്ന് നോക്കി. അതിനുളളിൽ ജീവിത ധർമ്മം പൂർത്തിയാക്കാനായി സമ്മർദ്ദ പ്പെടുന്ന ഗർഭപാത്രങ്ങളോട് മൂകമായി ആദരവുകൾ അറിയിച്ചു.

 അപ്പോഴേക്ക് അതിനപ്പുറത്തുള്ള ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽ ഞങ്ങൾക്കായി തുറന്നു. ഋഷി കപൂറിന്റെ മുഖമുള്ള ഒരു ഫിലിപ്പിനോ നേഴ്സ് എന്നെ സ്വീകരിക്കാനായി പുറത്തിറങ്ങി. റിപ്പോർട്ടുകളിലേക്ക് കണ്ണോടിച്ചു. ഹിസ്റ്റക്ടമി എന്ന് ഉറക്കെ പറഞ്ഞു. 

വിശ്വേട്ടൻ എന്റെ കണ്ണുകളിലേക്ക് നോക്കി യാത്ര പറഞ്ഞു. ഉച്ച ഭക്ഷണം കഴിക്കണമെന്ന് ഞാൻ വെറുതെ ഒരു പായ്യാരം പറഞ്ഞ് സന്ദർഭത്തിന്റെ ഗൗരവം കുറച്ചു. വെറുതെ ചിരിച്ചു. 

ഓപ്പറേഷൻ തീയേറ്ററിലോട്ട് കടക്കുമ്പോൾ തണുത്ത മഞ്ഞ് കാറ്റിന്റെ ഒരു പാളി എന്റ മുഖത്തേക്ക് ആഞ്ഞടിച്ചു. ഷമ്മി കപൂർ കാശ്മീരിൽ നിന്ന് പെറുക്കിയെടുത്ത മഞ്ഞുരുളകൾ എന്റെ  മുഖത്ത് നേരിട്ട് വീണതു പോലെ ഞാൻ തണുപ്പിനാൽ ചൂളി. 

പിറകിൽ വാതിലടഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. പരിഭ്രമത്തോടെ ചുറ്റും നോക്കിയപ്പോൾ പലവിധ ഓപ്പറേഷനുകളും അനസ്തേഷ്യയും കാത്ത്  നിറയെ ആളുകൾ അവിടെ ഉണ്ടായിരുന്നു !
ചുറ്റുപാടും ബന്ധുക്കളില്ലാതെ, ആശ്വസിപ്പിക്കാനാരുമില്ലാതെ കുറെ പുരുഷൻമാർ അവിടെ സർജറിയുടെ സമയം കാത്ത് കിടന്നു. ഇൻഷ്വറൻസ് കമ്പനിക്കാർ സർജറി അപ്രൂവ് ചെയ്തില്ലായിരുന്നെങ്കിൽ താനാ ഒറ്റമുറിയിൽ കിടന്ന് മരിച്ചു പോവുമായിരുന്നു എന്ന് ഒരു സിറിയൻ സ്വദേശി ചിലമ്പിച്ച സ്വരത്തിൽ തൊട്ടടുത്ത ബെഡുകാരനോട് മന്ത്രിക്കുന്നുണ്ടായിരുന്നു.
സിനിമകളിൽ കണ്ട ഓപ്പറേഷൻ തീയേറ്ററുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു അവിടത്തെ അന്തരീക്ഷം..

"ഐ ലൈക്ക് ലോട്ടസ് ഫ്ലവേഴ്സ്,
എസ്പെഷ്യലി ദോസ് 
വൈറ്റ് വൺസ് " ഓപ്പറേഷൻ തീയേറ്ററിന്റെ പരിഭ്രമങ്ങൾ അവസാനിപ്പിച്ചു കൊണ്ട് തെളിഞ്ഞ ഒരു സ്ത്രീ സ്വരം എന്റെ കാതിൽ പതിഞ്ഞു. എനിക്ക് ചുറ്റും താമര മണം പ്രസരിപ്പിക്കുന്ന ആ സ്ത്രീയെ കാണാനായി ഞാൻ മുഖം തിരിച്ച് പിറകിലേക്ക് നോക്കി !

(തുടരും )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക