Image

കൂട്ടിവായിക്കുമ്പോൾ (ചെറുകഥ: വേണു ജി വാരിയർ)

Published on 28 March, 2023
കൂട്ടിവായിക്കുമ്പോൾ (ചെറുകഥ: വേണു ജി വാരിയർ)

ധീരജ് 

കൃഷ്ണകുമാറിന്റെ വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടേതുമുണ്ടായില്ല. പ്രസിദ്ധമായ ശ്രീരാമക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്ന് തെക്കോട്ടുള്ള ഇറക്കം അവസാനിക്കുന്നിടത്ത് പച്ച ചായം പൂശിയ മതിൽ.ഗേറ്റിൽ കൈ വച്ചതേയുള്ളു, ഒരു പട്ടി കുരച്ചു കൊണ്ടടുത്തു. തുറന്ന ഗേറ്റ് പെട്ടെന്നു തന്നെ അടച്ച്, സ്വയം സുരക്ഷിതനായി ,ഞാൻ വിളിച്ചു.
" കെ കെ .... ഇത് ഞാനാടാ... ധീരജ്"
 അന്ധർ ഉപയോഗിക്കുന്ന വടിയാണ് വാതിൽ തുറന്നപ്പോൾ ആദ്യം പുറത്തേക്ക് വന്നത്. പുറകെ അവൻ, കൃഷ്ണകുമാർ എന്ന കെ കെ.
"കുട്ടൂസേ..... അത് നമ്മടെ സ്വന്തം ആളാ മോനെ. ധീരജേ കേറിവാ അവനൊന്നും ചെയ്യില്ല."
ഗേറ്റ് തുറന്ന് അകത്തുകടക്കാൻ തുനിയുമ്പോൾ കുട്ടൂസ്,ഒരു പ്രായശ്ചിത്തം എന്നോണം,
എന്റെ മുന്നിൽ സാഷ്ടാംഗ നമസ്കാരം ചെയ്തു. പിന്നെ വലാട്ടികൊണ്ട് അനുസരണയോടെ പുറകെ നടന്നു. കെ കെ,അന്ധതയുടെ ഇരുട്ട് തടയാതെ വേഗം നടന്ന് മുന്നിലെത്തി എന്നെ  മുറുകെ കെട്ടിപ്പിടിച്ചു. പതിഞ്ഞ ശബ്ദത്തിൽ കെ കെ അപ്പോൾ my god.... my god..... എന്ന്  പറഞ്ഞുകൊണ്ടേയിരുന്നു. അവന്റെ ആലിംഗനത്തിൽ നിന്ന് വിടുതിയാകാൻ കുറച്ച് സമയമെടുത്തു. ഡ്രായിങ് റൂമിൽ 
ഇരിക്കുമ്പോഴും കെ കെ എന്റെ കൈ വിട്ടിട്ടുണ്ടായിരുന്നില്ല.
കെ കെ ആകെ സന്തോഷഭരി തനായി കാണപ്പെട്ടു. അവന് ഒരു പാട് കാര്യങ്ങൾ പറയാനുണ്ട്. അതുകൊണ്ടു തന്നെ എവിടെത്തുടങ്ങണം എന്നറിയാതെ കെ കെ കുഴങ്ങി.
അവന്റെ മകൾക്ക് കൊടുക്കാൻ കൊണ്ടുവന്നിരുന്ന സാധനങ്ങളുടെ ബാഗ് പുറത്തെടുക്കുമ്പോൾ ഞാൻ ചോദിച്ചു
" എവിടെ നിന്റെ ഗൗതമി?  പുണ്യമോൾ? "
പെട്ടെന്ന്, എന്നെ വിടാതെ പിടിച്ചിരുന്ന ധീരജിന്റ കൈ വിട്ടകന്നു. കെ കെ ഒന്നും പറയാത്തതുകൊണ്ട് വീണ്ടും ചോദിക്കാൻ ഞാൻ തുനിയവേ അവൻ ശബ്ദം കുറച്ച് പറഞ്ഞു.
"അവര് പോയി"
"അപ്പോൾ നീ തനിച്ച്....." ഞാൻ  ചോദിച്ചു.
"തനിച്ചല്ല..... എന്റെ കുട്ടൂസ് കൂടെയുണ്ടല്ലോ?"
അത് പറഞ്ഞതും കെ കെ അവനെതിരയുന്ന പോലെ വായുവിൽ തപ്പി. കുട്ടൂസ് ഓടിവന്ന് കെ കെ യുടെ കാലിൽ ഉരുമ്മി നിന്നു. കെ കെ കുട്ടൂസിനെ പതുക്കെ തലോടിക്കൊണ്ടിരിക്കുമ്പോൾ പറഞ്ഞു.
" ഞങ്ങൾക്ക് പിറക്കുന്നത് ആൺകുട്ടിയാണെങ്കിൽ നമുക്കവനെ കുട്ടുസേന്ന് വിളിക്കാം എന്ന് ഗൗതമിയുമായി പറഞ്ഞുവച്ചിരുന്നു. വേണ്ടിവന്നില്ല. എല്ലാം നാം പ്രതീക്ഷിച്ചപോലെത്തന്നെ വരണമെന്നില്ലല്ലോ? "
കെ കെ, കുട്ടുസിനെ ഒന്നു കൂടി അവന്റെ ദേഹത്തോട് ചേർത്തു.
ഇപ്പോൾ അവന്റെ ഇരിപ്പിടം
 കെ കെ യുടെ മടിയിലാണ്.
ഞങ്ങളുടെ സംസാരം ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് അങ്ങനെ നീണ്ടുപോയി. സമയം ഏറെച്ചെന്നു.
"  നിനക്ക് ഒരു ചായയെങ്കിലും തരാതെ..... "
കെ കെ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തുന്നതിനിടയിൽ ഞാൻ അവനെ ബലമായി പിടിച്ചിരുത്തി.
"നീ ഇരിക്ക്. എനിക്കിപ്പോ ചായയൊന്നും വേണ്ട. മറ്റന്നാൾ ഞാൻ പോകും അതിനുമുൻപ് ഞാൻ മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? ഗൗതമിയെ ഒന്ന് പോയി കണ്ടാലോ? 
കെ കെ ഒന്നും പറയുന്നില്ല. ഞാൻ അവനെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.  പിന്നെ  ചിരിച്ചുകൊണ്ടാണ് കെ കെ പറഞ്ഞത്.
" കൂട്ടുകാരാ....അവളെ ഇപ്പോൾ ബുദ്ധിമുട്ടിക്കണ്ട.  അവൾക്ക് അവളുടേതായ കാരണങ്ങളുണ്ടാവാം. അതൊക്കെ നിന്നോട് പറയാനും ബുദ്ധിമുട്ടുണ്ടാവാം."
ഞാൻ പുണ്യമോൾക്കായി കരുതിയതെല്ലാം കെ കെ യുടെ കയ്യിൽ ഏല്പിച്ചു. പിന്നെ 
 പോകാൻ എഴുന്നേറ്റു. കെ കെ വീണ്ടും എന്നെ പുണർന്നു.
"ധീരജ്, നീ എല്ലാവരോടും എന്റെ സ്നേഹം പറയണം. എനിക്ക് സുഖമാണെന്നും സന്തോഷമായി ഇരിക്കുന്നുവെന്നും പറയണം. "
ഞാൻ ഇറങ്ങുമ്പോൾ കുട്ടൂസ് ഗേറ്റ് വരെ എന്നെ അനുഗമിച്ചു.
അവന് ഞാൻ ഒന്നും കൊടുത്തില്ലല്ലോ എന്ന് സങ്കടപ്പെട്ടു. ഞാൻ അവനെ വാരിയെടുത്ത് കാതിൽ പതുക്കെ മന്ത്രിച്ചു.
" കെ കെ യെ നല്ലോണം നോക്കണം. അവനിപ്പോൾ നീ മാത്രമേ ഉള്ളു. "
കുട്ടൂസ് ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു. അവൻ ഒരിക്കൽ കൂടി എന്നെ നമസ്കരിച്ചു. കണ്ണിൽ നിന്ന് മറയുന്നതിനുമുൻപ് ഞാൻ തിരിഞ്ഞു നോക്കി. കുട്ടൂസ് അവിടെത്തന്നെ നിൽക്കുന്നുണ്ട്.

കൃഷ്ണകുമാർ (കെ കെ)

ധീരജിനോട് വിശേഷങ്ങൾ പറഞ്ഞ് മതിയായില്ല. അവൻ എന്റെ സുഹൃത്തല്ല, എന്റെ സഹോദരൻ തന്നെയാണ്. സിഡ്‌നിയിലെ ഒരു ശൈത്യകാലം മനസ്സിൽ തെളിഞ്ഞുവരുന്നു വീശിയടിക്കുന്ന ശീതക്കാറ്റ്  കിടപ്പുമുറിയുടെ ജാലകത്തിൽ തട്ടി വിളിക്കുന്നതു കേൾക്കാം.
ജനൽ തുറന്നാൽ അത് എന്റെ നേരെ ആഞ്ഞടിക്കാൻ പട കൂട്ടുകയാണ്. മടിച്ചിങ്ങനെ കിടന്നാൽ പറ്റില്ല. ഞാൻ മെല്ലെ വാതിൽ തുറന്നു. അവിടമാകെ പുലർകാലം മഞ്ഞിന്റെ പുടവ ചുറ്റിയതുപോലെ. ഒന്നും വ്യക്തമാകുന്നില്ല. പതുക്കെ മുറിവിട്ട് പുറത്തുകടന്നു. എല്ലാടവും ഒരേ പോലെ എന്നിൽനിന്നും ഒളിച്ചുകളിക്കുന്നു. ഏതിരേ വന്ന രൂപം ആരുടേതെന്ന് മനസ്സിലായില്ല.
"കെ കെ എങ്ങോട്ടാ രാവിലെത്തന്നെ...."
ആരാണിത്.... ആരാണിത്
എനിക്കാകെ എന്തോപോലെ. ഞാൻ ഉറക്കെ ചോദിച്ചു
" ആരാ... Who are you."
ധീരജ് എന്റെ തോളിൽ തട്ടി.
"എന്തുപറ്റിയെടോ രാവിലെത്തന്നെ. ഇന്ന് ഓഫീസിലേക്കില്ലേ "
ഞാൻ ഒരു മന്ത്രമുതിർക്കും
മട്ടിൽ അവനോട് കരഞ്ഞു.
" എനിക്കൊന്നും വ്യക്തമായി കാണാൻ കഴിയുന്നില്ലല്ലോ ധീരജ്"
പെട്ടെന്നാണ് ധീരജ് എല്ലാ സുഹൃത്തുക്കളേയും വിളിച്ചുവരുത്തിയത്. സ്നേഹത്തിന്റെ ഒരു കൂട്ടായ്മ ഓടി അടുക്കുകയായിരുന്നു.
പിന്നീടുണ്ടായതെല്ലാം ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത ദുരിതനാളുകളായിരുന്നു. അവിടത്തെ ഹോസ്പിറ്റലുകൾ പലതും കയറിയിറങ്ങി. ആന്ധ്യം എന്റെ കണ്ണുകളെ പതുക്കെ പതുക്കെ കീഴടുക്കുകയാണെന്ന് ഞാൻ അറിഞ്ഞു. അപൂർവ്വത്തിൽ അപൂർവ്വമായ ഒരു രോഗം എന്റെ കണ്ണുകളിൽ വന്ന് ഈ വിശ്വത്തിന്റെ വശ്യതമുഴുവൻ പതുക്കെ പതുക്കെ ചോർത്തിയെടുക്കുകയാണ്. നാട്ടിൽ പോയി ആയുർവേദമടക്കമുള്ള ചികിത്സാരീതികൾ പരീക്ഷിച്ചുനോക്കാം എന്ന് നിർദ്ദേശിച്ചത് എന്റെ കൂട്ടുകാർ തന്നെയായിരുന്നു. വിജയിക്കില്ലെന്ന്‌ ഉറപ്പുള്ള, ഒരു യുദ്ധഭൂമിയിൽ, ഞാൻ നിസ്സഹായനായി പോരാടുകയായിരുന്നു. അതിനിടെ ഇരുട്ടിറങ്ങിവന്ന് എന്റെ കാഴ്ച്ചയെ നിശ്ശേഷം തോൽപ്പിച്ച്കളഞ്ഞു. ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം എവിടേക്കോ ഒഴുകിപ്പോയി.
വീട്ടുകടത്തിന്റെ തവണകൾ അടക്കാതെ വന്നപ്പോൾ വീട് ജപ്തിചെയ്യുമെന്നുള്ള അറിയിപ്പ് കിട്ടി. ഗൗതമി ഒരു നടുക്കടലിൽ പെട്ടപോലെയായി. അവളുടെ ചെറുപ്പവും സൗന്ദര്യവും കണ്ട് സഹിക്കാതെ ചില കശ്മലൻമാർ 
രാത്രിയിൽ ഈ അന്ധന്റെ വീടിനുചുറ്റും പാത്തും പതുങ്ങിയും നടക്കാൻ തുടങ്ങി.
അതിനിടെ ഒരു ദിവസം 
"ഞങ്ങൾ അച്ഛന്റെ അടുത്ത് പോകുന്നു." എന്ന് മാത്രം പറഞ്ഞ് ഗൗതമി പുണ്യയേയും എടുത്ത് വീടിറങ്ങി.
ദിവസങ്ങൾ പോകെ,ഒരുനാൾ ബാങ്ക് മാനേജർ എന്റെ വീടുതേടി വന്നു. ജപ്തി നടപടികൾ ആരംഭിക്കുകയാവും എന്നാണ് കരുതിയത്.
" ബാങ്കിൽ താങ്കൾക്കുള്ള എല്ലാ ബാധ്യതയും ധീരജ് എന്ന സുഹൃത്തിന്റെ ഉത്സാഹത്തിൽ സിഡ്‌നിയിലുള്ള ഏതാനും കൂട്ടുകാർ അടച്ചു തീർത്തിരിക്കുന്നു. കൂടുതൽ വന്ന സംഖ്യ താങ്കളുടെ സേവിങ്സ് അക്കൗണ്ടിൽ വരവുവച്ചിട്ടുണ്ട്. "
മാനേജർ പോകുന്നതുവരെ ഞാൻ പിടിച്ചു നിന്നു. പിന്നെ ഒരു കുട്ടിയെപ്പോലെ ഉറക്കെ കരയാൻ തുടങ്ങി. കുട്ടൂസ് ഓടിവന്ന് എന്റെ മടിയിൽ കയറിയിരുന്നു. അവനിൽ നിന്ന് സ്നേഹത്തിന്റെ ചില സാന്ത്വനസ്വരങ്ങൾ പുറത്തുവരുന്നുണ്ടായിരുന്നു.

ഗൗതമി

എന്നെ എല്ലാവരും കാണുന്നത് വെറുപ്പിന്റെ കണ്ണുകളിലൂടെയാണെന്ന് എനിക്കറിയാം. കിച്വേട്ടനെ തനിച്ചാക്കി പുണ്യമോളെയും കൊണ്ട് ആ പടി ഇറങ്ങുമ്പോൾ എന്റെ മനസ്സും വാവിട്ട് കരയുകയായിരുന്നു.
"നിന്നെ സംരക്ഷിക്കാൻ ആ മനുഷ്യന് ഇനി കഴിയില്ല മോളെ. മാത്രമല്ല, നീയും മകളും അയാൾക്കിപ്പോൾ വല്ലാത്തൊരു ഭാരം മാത്രമാണ്." എന്ന അച്ഛന്റെ വാക്കുകൾ ശരിയാണെന്ന് അപ്പോൾ തോന്നി. എന്റെ തെറ്റ്, അറിവില്ലായ്മ, പാപം.
കാര്യങ്ങളെല്ലാം മാറിമറിഞ്ഞത് എത്ര പെട്ടെന്നാണ്. ധീരജ് വിളിച്ചപ്പോളാണ് ബാങ്കിലെ വിശേഷങ്ങൾ അറിയുന്നത്.
പി എസ് സി റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്ന എനിക്ക് ടൗണിലുള്ള രജിസ്ട്രാർ ഓഫീസിൽ ജോയിൻ ചെയ്യാനുള്ള ഉത്തരവ് വന്നത് കിച്വേട്ടന് ഒരു സർപ്രൈസ് ആയിരിക്കട്ടെ.

കുട്ടൂസ്

എന്റെ സാറ് ഒരു പാവമാണ്. സാറിനെ വിട്ട് ചേച്ചിയും മോളും പോകുമ്പോൾ അവരുടെ മുന്നിൽ ഒരു തടസ്സമായി നിന്ന് ഞാൻ കുരക്കുകയായിരുന്നില്ല, കരയുകയായിരുന്നു. കുറേ ദൂരം അവർ പോകുന്ന വാഹനത്തിന്റെ പുറകെ ഞാൻ ഓടി.
പെട്ടെന്ന്, എന്റെ സാറിനെ ഞാൻ ഓർത്തു. ഞാൻ താണ്ടിയ വഴി തിരിച്ചോടുമ്പോൾ കവലയിലെ ആ വലിയ മരത്തിന്റെ ചുവട്ടിൽ ഞാൻ കുറച്ചുനേരം നിന്നു. എന്റെ അമ്മ ചതഞ്ഞരഞ്ഞു കിടന്ന ഇടം. അമ്മ എനിക്ക് ആഹാരവുമായി വരില്ല എന്നറിഞ്ഞ ഞാൻ വിശപ്പുമായി നടന്നുനടന്നെത്തിയത് സാറിന്റെ കൈകളിലേക്ക്. അന്ന് മുതൽ ഞൻ സാറിന്റെ കുട്ടൂസായി.
ഒരു നിമിഷം നിൽക്കണേ,
ആരോ പടിതുറക്കുന്ന ശബ്ദം കേൾക്കുന്നു. 
ഞാൻ ഒന്ന് നോക്കിയിട്ടു വരാം.
സന്തോഷം കൊണ്ട് വീണ്ടും ഞാൻ ഉറക്കെ കരഞ്ഞു. പടിക്കലേക്കോടണോ സാറിന്റെ അടുത്തേക്കോടണോ എന്നറിയാതെ ഞാൻ കുഴങ്ങി നിൽക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക