"നാട്ടുകാരുടെ സഹായത്താല്‍ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു".
ഇത് ഭാഷാ ക്ലാസുകളില്‍ പറഞ്ഞു പഴകിയ ഒരു പ്രയോഗമാണെങ്കിലും ശരിയായ മലയാളം എഴുതേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാന്‍ ഇന്നും ഇത് ഉപയോഗിക്കുന്നുണ്ട് എന്ന് കരുതേണ്ടതില്ല. അങ്ങനെ മലയാളം പറഞ്ഞും തല്ലിയും പഠിപ്പിച്ച കാലമൊക്കെ പോയി. വേണമെങ്കില്‍ പഠിച്ചാല്‍ മതി, അത് മലയാളമാണെങ്കില്‍ പഠിച്ചില്ലെങ്കിലും ഒന്നുമില്ല എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.
നാട്ടുകാരല്ല യുവതിയെ ഗര്‍ഭിണിയാക്കിയത് എന്നതിനാല്‍ ഗര്‍ഭിണിയായ യുവതിയെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു എന്ന് തന്നെ വേണം.
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളെന്ന് സഖാവ് മരിച്ചപ്പോള്‍ പലയിടത്തും എഴുതി കണ്ടു. കോടിയേരി അന്തരിച്ചുവെങ്കിലും സിപിഎം അന്തരിച്ചിട്ടില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്.
മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളെന്നും ചിലയിടത്ത് കണ്ടു. അതും തെറ്റാണ്. മുന്‍ സിപിഎം എന്നത് ഇല്ല. പഴയ സിപിഎമ്മും പുതിയ സിപിഎമ്മും ഉണ്ടോ അല്ലെങ്കില്‍ വിരമിച്ച സിപിഎം ഉണ്ടോ എന്നത് സംബന്ധിച്ച് ഒരു തെറ്റിദ്ധാരണയുണ്ടാവാം.
അതു കൊണ്ട് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി എന്ന് തന്നെ വേണം.
അതായത് ഒരു പദത്തെ അല്ലെങ്കില്‍ നാമത്തെ വിശേഷിപ്പിക്കുന്ന പദം (adjective) പദത്തിന് തൊട്ട് മുമ്പ് തന്നെ ചേര്‍ക്കണം. ഇങ്ങനെയുണ്ടാകുന്ന തെറ്റിന് വ്യാകരണ ശാസ്ത്രത്തില്‍ ദുരാന്വയത ദോഷം എന്നാണത്രെ പറയുക. പേരൊന്നും പഠിക്കേണ്ട,തെറ്റില്ലാതെ മലയാളം പ്രയോഗിച്ചാല്‍ മതി.
സഖാവ് കോടിയേരിയുടെ മരണം ദുഖകരമായ ഒരു വാര്‍ത്തയായിരുന്നുവെങ്കിലും അത് സംബന്ധിച്ച് വച്ച ഒരു ഫ്ലക്സ് വായിച്ച് തലതല്ലി ചിരിച്ചു പോയി. കോടിയേരിയുടെ ചിത്രവും അതിന് കീഴെ 'പ്രിയ സഖാവിന് വിട' എന്നതായിരുന്നു പൊതുവെ കണ്ട ഫ്ലക്സ്. അത്തരം ഫ്ലക്സുകളില്‍ ഒന്നില്‍ വിട എന്നതിലെ വള്ളി വിട്ടു പോയി. പ്രിയ സഖാവിന് വട എന്നായി മാറി!
പരിപ്പു വട ആയിരിക്കുമല്ലോ എന്ന് മനസില്‍ പറയുകയും ചെയ്തു.
തെറ്റ് മനസിലാക്കിയ സഖാക്കള്‍ പെട്ടെന്ന് തന്നെ തിരുത്ത് വരുത്തി ഫ്ലക്സ് പുനസ്ഥാപിച്ചു.
തെറ്റുണ്ടായാല്‍ തിരുത്തുക എന്നതും ഒരു രാഷ്ട്രീയ നിലപാട് ആണ്.