Image

ന്യുജേഴ്‌സിയിൽ മലയാളി ഇന്റർഫെയ്ത്ത് ഇഫ്താർ വിരുന്ന്: മതസൗഹാർദ്ദത്തിന്റെ പുത്തൻ അദ്ധ്യായം 

മീട്ടു റഹ്മത്ത് കലാം Published on 28 March, 2023
ന്യുജേഴ്‌സിയിൽ മലയാളി ഇന്റർഫെയ്ത്ത് ഇഫ്താർ വിരുന്ന്: മതസൗഹാർദ്ദത്തിന്റെ പുത്തൻ അദ്ധ്യായം 

എഡിസൺ, ന്യൂജേഴ്‌സി: മലയാളി  മുസ്ലിം അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയും (എംഎംഎൻജെ) നോർത്ത് അമേരിക്കൻ നെറ്റ് വർക്ക് ഓഫ് മുസ്ലിം അസോസിയേഷനും (നന്മ)  സംയുക്തമായി സംഘടിപ്പിച്ച മലയാളി ഇന്റർഫെയ്ത്ത് ഇഫ്താർ വിരുന്ന്, മതസൗഹാർദ്ദത്തിന്റെ പുതു അദ്ധ്യായം രചിച്ചു. ന്യൂജേഴ്സിയിലെ റോയൽ ആൽബർട് പാലസിൽ  മാർച്ച്‌ 26 ന് നടന്ന ഒത്തുചേരലിൽ  അഞ്ഞൂറോളം   പേർ പങ്കെടുത്തു.

എംഎംഎൻജെ, എംഎംപിഎ, ന്യൂയോർക്കിലെ കെഎംജി എന്നീ സംഘടനകളിൽ നിന്നുള്ള മുന്നൂറില്പരം മുസ്‌ലിം കുടുംബാംഗങ്ങൾ റമദാൻ മാസത്തിലെ നോമ്പ് തുറക്കാൻ ഒത്തുചേർന്നപ്പോൾ, മറ്റു മതത്തിൽ നിന്നുള്ള നൂറ്റിയൻപതോളം പേരും പങ്കെടുത്തു എന്നതാണ് ഈ ഇഫ്താർ വിരുന്നിനെ വേറിട്ടുനിർത്തുന്നത്. ഇഫ്താർ വിരുന്നുകളിൽ മറ്റു മതങ്ങളിൽ നിന്ന് ഇത്രയധികം പേർ പങ്കെടുക്കുന്നത് അമേരിക്കയിൽ ഇതാദ്യമാണ്.

ന്യൂയോർക്ക് - ന്യൂജേഴ്സി- കണക്ടിക്കട്ട്, പെൻസിൽവേനിയ  എന്നിവിടങ്ങളിൽ നിന്നെത്തിച്ചേർന്ന മലയാളികൾക്ക് മുന്നിൽ  രുചിയേറിയ ഭക്ഷണത്തോടൊപ്പം പാരസ്പര്യത്തിന്റെ വലിയ പാഠവും ഇഫ്താറിന്റെ ഭാഗമായി വിളമ്പി. അതവരുടെ വയറും മനസ്സും ഒരുപോലെ നിറച്ചു. ഇഫ്‌താർ രാവ് ആളുകളുടെ പങ്കാളിത്തംകൊണ്ട് വിജയിച്ചതിനാൽത്തന്നെ, വരുംകാലങ്ങളിൽ ഈ  വിരുന്ന് കൂടുതൽ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

അബ്ദുൽ അസീസ്, അബ്ദുൽ റഹ്‌മാൻ, അബ്ദുൽ സമദ് പോനേരി,  മുൻ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, അസ്‌ലം ഹമീദ്, വ്യവസായി ദിലീപ് വർഗീസ്, എരനിക്കൽ ഹനീഫ്, ഫോമാ ജോ. ട്രഷറർ ജെയിംസ് മാത്യു, ജനനി പത്രാധിപർ ജെ. മാത്യുസ്, ഏഷ്യാനെറ് എഡിറ്റർ  ഡോ.  കൃഷ്ണ കിഷോർ, ഖുർഷിദ് ബഷീർ, മുഹമ്മദ് നൗഫൽ, സക്കീർ ഷെയ്ഖ്, സുജീം ഹാരിസ്, കെ.എം.സി.സി. പ്രസിഡന്റ് യു.എ.നസീർ, പ്രശസ്ത യൂറോളജിസ്റ്റായ ഡോ.ഉണ്ണി മൂപ്പൻ, കൈരളി ടിവി ഡയറക്ടർ ജോസ് കാടാപ്പുറം  എന്നിവരായിരുന്നു മുഖ്യാതിഥികൾ. 

അനാൻ വദൂദ എന്ന കൊച്ചുകുട്ടിയുടെ ഖുർആൻ പാരായണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഖുർആനിൽ ഏറ്റവും നീളമേറിയ സൂറത്തുൽ ബഖ്‌റയിൽ നിന്നുള്ള വചനമാണ് അനാൻ ഇമ്പത്തോടെ പാരായണം ചെയ്തത്.

നന്മ, എംഎംഎൻജെ എന്നീ സംഘടനകളുടെ സഹസ്ഥാപകനും പിടിസിഎ തെറാപ്യുട്ടിക്സ് സീനിയർ സയന്റിസ്റ്റുമായ അബ്ദുൽ സമദ് പോനേരിയുടേതായിരുന്നു സ്വാഗത പ്രസംഗം.19 കുടുംബങ്ങളുമായി 2006 ൽ സ്ഥാപിതമായ മലയാളി മുസ്ലിം വോളണ്ടറി ഓർഗനൈസേഷനാണ്   എംഎംഎൻജെ എന്നും ഇന്ന് അതിൽ നൂറിൽപരം കുടുംബങ്ങൾ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയിലെയും കാനഡയിലെയും മുസ്ലിം സംഘടനകളുടെ സംഘടനയായി രൂപം കൊടുത്ത 'നന്മ'യെയും അദ്ദേഹം അതിഥികൾക്ക് പരിചയപ്പെടുത്തി. പ്രളയ ദുരിതാശ്വാസമടക്കം നിരവധി ദുരിതാശ്വാസ   പ്രവർത്തനങ്ങൾക്ക് 'നന്മ' ഇതിനോടകം  ചുക്കാൻ പിടിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്നപാനീയങ്ങൾ വെടിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം കഴിക്കുന്ന ഭക്ഷണമാണ് ഇഫ്താർ. നിങ്ങൾക്ക് മുൻപുള്ള സമുദായങ്ങൾക്ക് നോമ്പ് നിർബന്ധമാക്കിയതുപോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കുന്നു എന്നാണ് ഖുർആനിൽ പറഞ്ഞിട്ടുള്ളത്. നോമ്പനുഷ്ഠാനം മുസ്‌ലീം മതത്തിൽ മാത്രമുള്ളതല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഇന്ന് ഹോളിസ്റ്റിക് വെൽനെസ്, നാച്ചുറൽ തെറാപ്പി എന്നിവയുമായി ബന്ധപ്പെട്ട് വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യം വർദ്ധിച്ചിരിക്കുന്നു. ശരീരവും മനസ്സും ശുദ്ധമാക്കുന്ന പ്രക്രിയ കൂടിയാണ് നോമ്പ്. ഇതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പരോക്ഷമായ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. 2016 ൽ ഒരു ജപ്പാനീസ് ശാസ്ത്രജ്ഞന് നൊബേൽ സമ്മാനം ലഭിച്ചത് ഓട്ടോഫാജി എന്ന കണ്ടുപിടുത്തതിനാണ്. കോശങ്ങൾ സ്വയം ശുദ്ധീകരിക്കുകയോ റീസൈക്കിൾ ചെയ്യുന്നതോ ആയ പ്രക്രിയയാണ് ഓട്ടോഫാജി. ഇത് സാധ്യമാകുന്നത് വ്രതാനുഷ്ഠാനത്തിലൂടെയാണ്. നോമ്പിലൂടെ കോശങ്ങളടക്കം ശുദ്ധീകരിക്കപ്പെടുന്നു എന്ന് ചേർത്തുവായിക്കാം. 

കലണ്ടറിൽ നിന്ന് മൂന്ന് വർഷങ്ങൾ അടർത്തിക്കൊണ്ടുപോയ കോവിഡിന് ശേഷം ഇങ്ങനൊരു ഇഫ്താർ വിരുന്ന് സാധ്യമായതിൽ സന്തോഷം. വിവിധ സാമുദായിക സാംസ്കാരിക സംഘടനാ നേതാക്കൾ മുഖ്യാതിഥികളായുള്ള ഈ ഇഫ്താർ, വരുംതലമുറയ്ക്ക് മാതൃകയാണ്. ഭാഷ, ഭക്ഷണം, സംസ്കാരം എന്നതുപോലെ കേരളത്തിന്റെ മതസൗഹാർദ്ദവും പേരുകേട്ടതാണ്. മലയാളി എന്ന സ്പിരിറ്റോടെ ഒരുമിച്ച് ഒട്ടേറെക്കാര്യങ്ങൾ വരുംതലമുറയ്ക്കും സീനിയർ സിറ്റിസൺസിനുവേണ്ടിയും ചെയ്യാനാകും. ഒരുമിച്ചൊരു ഇഫ്താർ വിരുന്ന് ആസ്വദിക്കുന്നതിന്റെ ഉദ്ദേശം സ്നേഹവും കരുതലുമുള്ള ഒരു രാഷ്ട്രീയം സംസാരിക്കുക എന്നതുകൂടിയാണ്," അദ്ദേഹം   പറഞ്ഞു. ഈസ്റ്റർ -വിഷു ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.

ഗുരുകുലം മലയാളം സ്‌കൂൾ പ്രിൻസിപ്പാളും അവിഭക്ത   ഫൊക്കാന പ്രസിഡണ്ടും ജനനി പത്രാധിപരുമായ ജെ. മാത്യുസ്  ,  റമദാൻ വ്രതം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്കെത്തുന്ന തന്റെ രണ്ടു വിദ്യാർത്ഥികളെക്കുറിച്ചുള്ള ഓർമ്മ പങ്കുവച്ചത് ഹൃദ്യമായി.


 
"ക്വീൻസിൽ ഒരു സിറ്റി സ്‌കൂളിൽ അസിസ്റ്റന്റ് പ്രിൻസിപ്പാളായി ജോലി ചെയ്തിരുന്ന അവസരത്തിൽ ക്ലാസ്സുകളിൽ വിജയികളാകുന്നവർക്ക് പിസ പാർട്ടിയും ഐസ്ക്രീമും കൊടുക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. റമദാൻ മാസം വരുമ്പോൾ ഈ പാർട്ടിയിൽ സംബന്ധിക്കാതെ ഒരു വിഭാഗം കുട്ടികൾ മറ്റുള്ളവർ ഭക്ഷിക്കുന്നത് നോക്കിയിരിക്കുന്നത് കാണാൻ ഇടയായി. കാര്യം അന്വേഷിച്ചപ്പോൾ നോമ്പനുഷ്ഠിക്കുന്ന മാസമാണിതെന്നും പകൽ അന്നപാനീയങ്ങൾ വെടിയുമെന്നും അവർ പറഞ്ഞു. ഇതേത്തുടർന്ന്, റമദാൻ മാസത്തിൽ ഇത്തരം പാർട്ടികൾ ഒഴിവാക്കുന്നത് നന്നായിരിക്കുമെന്ന അഭിപ്രായം പ്രിൻസിപ്പാളുമായി പങ്കുവച്ച് അത് തീരുമാനമാക്കി. എന്നാൽ, എന്നെ അത്ഭുതപ്പെടുത്തിയത് പരാതിയുമായി വന്ന രണ്ടു മുസ്‌ലീം വിദ്യാർത്ഥികളാണ്. തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനുവേണ്ടി മറ്റു കുട്ടികൾക്ക് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാകുന്നതിനോട് യോജിപ്പില്ലെന്നും പഴയതുപോലെ പാർട്ടി തുടരണമെന്നും അവർ പറഞ്ഞു. മുൻപിൽ ധാരാളം ഭക്ഷണം ഇരിക്കെ അത് ത്യജിക്കുന്നതാണ് നോമ്പിന്റെ മഹത്വമെന്നും ആ കുട്ടികൾ വ്യക്തമാക്കി. മറ്റുള്ളവർ കഴിക്കുമ്പോൾ അത് വേണ്ടെന്നുവയ്ക്കുന്നതിലാണ് ആത്മബലവും മനോബലവുമെന്നും അവർ വിശദീകരിച്ചു. ഇത്രകണ്ട് മനോബലം ഈ കുട്ടികൾക്ക് എങ്ങനെ ഉണ്ടായി എന്നതെന്നെ അത്ഭുതപ്പെടുത്തി. നിങ്ങളാണ് ഇന്നെന്റെ അധ്യാപകർ എന്ന് ഞാൻ ആ കുട്ടികളോട് പറഞ്ഞു."  അദ്ദേഹം   തുടർന്നു 

"ഏതാണ്ട് 800 കോടി മനുഷ്യർ അധിവസിക്കുന്ന ഈ ഭൂമി നമ്മൾ എല്ലാവരുടേതുംകൂടിയാണ്-260 കോടി ക്രിസ്ത്യാനികൾ, 200 കോടിയിലധികം മുസ്ലീങ്ങൾ, 100 കോടിയിലധികം വരുന്ന ഹിന്ദുക്കൾ... അതിൽ നിന്ന്  ഏതൊരു മതവിശ്വാസികളെയും മാറ്റിനിർത്തുക അസാധ്യമാണ്. അമേരിക്കയിലെ പ്രവാസികൾ ഏത് മതവിശ്വാസത്തിൽപ്പെട്ടവരായാലും അവരുടെ ധാർമ്മികവും മതപരവുമായ വിശ്വാസങ്ങൾ തുടർന്നുകൊണ്ടുപോകാൻ കഴിയുന്നത് അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണ്. പ്രവാചകനായ മുഹമ്മദ് നബി ആകട്ടെ, ദൈവപുത്രനായ ക്രിസ്തു ആകട്ടെ സമാധാനം കാംക്ഷിക്കുന്ന ബുദ്ധനാകട്ടെ സമസ്ത ലോകത്തിനും സമാധാനമെന്ന പൊരുൾ പ്രചരിപ്പിക്കുന്ന ഹിന്ദു ആകട്ടെ, ആരായിരുന്നാലും ഒത്തുപോകണമെന്ന സന്ദേശം നിലനിർത്തുന്ന ഒന്നാണ് ഈ ആഘോഷപരിപാടികൾ. പ്രതികൂലശക്തികൾ ഉള്ളപ്പോൾപോലും,  സ്വന്തം വിശ്വാസത്തെ ഉറപ്പിച്ചുനിർത്താനുള്ള കരുത്ത് ഇസ്ലാം മതത്തിനുണ്ടെന്നത് നമുക്ക് തീർത്തും സന്തോഷമുള്ള കാര്യമാണ്.

കേരളത്തിൽ 1961 ൽ സ്പീക്കറായി പ്രവർത്തിച്ചിരുന്നത് ഒരു ഇസ്ലാം മതവിശ്വാസിയാണ്. അതിനുശേഷവും കേരളത്തിൽ കുറച്ചുകാലത്തേക്കെങ്കിലും മുഖ്യമന്ത്രി ആവുകയും വീണ്ടും നാലഞ്ച് മന്ത്രിസഭകളിൽ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്തു അദ്ദേഹം. അവിടെ ആർക്കും ഒരു പരാതിയുംകൂടാതെ പ്രവർത്തിക്കാൻ കഴിഞ്ഞു. അഭിവന്ദ്യനായ സി.എച്ച്.മുഹമ്മദ് കോയ എന്റെ സ്മരണയിൽ വരികയാണ്. അദ്ദേഹം, ഭാഷയ്ക്കും സംസ്കാരത്തിനും വരുത്തിയിട്ടുള്ള പരിഷ്‌കാരങ്ങൾ ഇന്നും കേരളത്തിലെ ജനങ്ങൾ അഭിമാനപൂർവം അനുസ്മരിക്കുന്നുണ്ട്. ആര് എന്ത് ചെയ്യുന്നു എന്നതിനാണ് മലയാളികൾ പ്രാധാന്യം കൊടുക്കുന്നത്, അവരുടെ മതവിശ്വാസങ്ങൾക്കല്ല. ഈ വിരുന്നിൽ മറ്റു മതസ്ഥരെ ക്ഷണിച്ചതിനുപുറമേ സംസാരിക്കാൻ അവസരം തന്ന നിങ്ങളുടെ സന്മനസ്സിനെ അഭിനന്ദിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂയോർക്കിലെ പ്രശസ്ത യൂറോളജിസ്റ്റായ ഡോ.ഉണ്ണി മൂപ്പൻ കേരളത്തിലെ മതസൗഹാർദ്ദത്തിന്റെ വഴികൾ വിശദീകരിക്കുകയും ഹിന്ദു സഹോദരങ്ങളുടെ വിശാലമനസ്സിനെ പ്രകീർത്തിക്കുകയും ചെയ്തു.

"ലോകത്ത് ഏതൊരു ഭാഗത്തേക്ക് എത്തുന്നതിനും മുൻപേ 'അബ്രഹാമിക് മതങ്ങൾ' വേരുകൊണ്ട ഭൂമികയാണ് കേരളം. അബ്രഹാമിക് മതങ്ങളുടെ ഉറവിടമായ മിഡിൽ ഈസ്റ്റും കേരളവും തമ്മിൽ അറബികടലിന്റെ അകലമേ ഉള്ളുവെന്ന് ഭൂപടത്തിൽ നോക്കിയാൽ കാണാം. തോമാശ്ലീഹായിലൂടെ, ക്രിസ്തു മരണപ്പെട്ട് 52 വർഷങ്ങൾക്കുള്ളിൽ തന്നെ ക്രിസ്തുമതം കേരളത്തിൽ എത്തിയതായാണ് ചരിത്രം പറയുന്നത്. മുഹമ്മദ് നബി ജീവിച്ചിരിക്കെത്തന്നെ കേരളത്തിൽ ആദ്യ മുസ്‌ലീം ദേവാലയം പണിതുയർന്നിരുന്നതായും കാണാം. നിലവിൽ കേരളത്തിൽ 54 ശതമാനം ഹിന്ദുക്കളും , 26 ശതമാനം മുസ്ലീങ്ങളും 18.4 ശതമാനം ക്രിസ്ത്യാനികളുമാണ് ഉള്ളത്. ഇതിനുള്ള ക്രെഡിറ്റ് കേരളത്തിലെ  ഹിന്ദു സഹോദരങ്ങൾക്ക് നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

മിക്ക ഇടങ്ങളിലും മതംമാറ്റം  യുദ്ധത്തിലൂടെയോ പിടിച്ചെടുക്കലിലൂടെയോ നടന്നപ്പോൾ, വിശ്വാസം തോന്നി മതപരിവർത്തനം നടത്തിയവരാണ് കേരളത്തിൽ. നിർബന്ധിത മതംമാറ്റം നടന്നിട്ടില്ലെന്ന് സാരം. ഈ പ്രവണത സ്വീകാര്യമായി കണ്ട സന്മനസ്സിനാണ് കേരളത്തിലെ ഹിന്ദുക്കൾ അഭിനന്ദനം അർഹിക്കുന്നത്.

മതത്തിന്റെ പേരിലുള്ള തമ്മിൽത്തല്ലും സ്പർദ്ധയും ഇപ്പോഴും നമ്മുടെ നാട്ടിൽ ഇല്ലെന്നത് അഭിമാനകരമാണ്. കൊച്ചിയിലെ പരദേശി എന്ന ജൂതപ്പള്ളി 1568 ൽ പണികഴിപ്പിച്ചതാണ്. സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ഭാഗമായാണ് യഹൂദർ കേരളത്തിൽ എത്തിയത്. സോളമന്റെ കാലം മുതൽ ജൂതർ കേരളവുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു.  4000 വർഷങ്ങളുടെ പാരമ്പര്യമുള്ളതുകൊണ്ട്  ഹിന്ദുമതത്തിന്റെ ക്ഷേത്രം കേരളത്തിൽ പണിതതിന്റെ കൃത്യമായ വർഷം അറിവില്ല. താരതമ്യേന പുതിയ മതങ്ങളായതുകൊണ്ട് ക്രിസ്തുമതത്തിന്റെയും ഇസ്‌ലാം മതത്തിന്റെയും പള്ളികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാണ്. കൊട്ടക്കാവിലെ ക്രിസ്തീയ ദേവാലയവും ചേരമാൻ ജുമാ മസ്ജിദുമാണ് കേരളത്തിൽ ആദ്യത്തേത്. കൊടുങ്ങല്ലൂരിലെ ഹിന്ദു രാജാവായിരുന്ന ചേരമാൻ പെരുമാൾ മക്കയിൽ പോയി മുഹമ്മദ് നബിയെ കണ്ടുമുട്ടിയതോടെ ഇസ്‌ലാം മതം സ്വീകരിക്കുകയും തന്റെ സമ്പാദ്യം ഉപയോഗിച്ച് നാട്ടിൽ മുസ്‌ലിം പള്ളി പണിയണമെന്ന് ചട്ടം കെട്ടുകയും ചെയ്തു. യാത്രാമദ്ധ്യേ മസ്‌ക്കറ്റിൽ വച്ച് അദ്ദേഹം മരണപ്പെട്ടെങ്കിലും  അനുയായികൾ അദ്ദേഹം ആഗ്രഹിച്ചതുപോലെ 629 ൽ പള്ളിപണിതു. 

തിരുവനന്തപുരം പാളയത്ത് ക്ഷേത്രവും മസ്ജിദും ചർച്ചും അടുത്തടുത്തായി കാണാം. കേരളത്തിലെ മതസൗഹാർദ്ദത്തിന്റെ അടയാളമാണിത്. ശബരിമലയാണ് മറ്റൊരു ഉദാഹരണം. മുസ്ലീമായ വാവരും ക്രിസ്ത്യൻ പുരോഹിതനും അയ്യപ്പൻറെ സുഹൃത്തുക്കൾ ആയിരുന്നെന്ന ഐതീഹ്യം പിൻപറ്റി അയ്യപ്പഭക്തർ വാവരുടെ പള്ളി സന്ദർശിക്കുന്നത് പതിവാണ്. ക്രിസ്ത്യൻ പുരോഹിതന്റെ ദേവാലയത്തിന് സമീപത്തെ കുളത്തിൽ മുങ്ങിനിവർന്ന ശേഷമേ അവർ മാല അഴിക്കൂ. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പഠിപ്പിച്ച ശ്രീനാരായണഗുരു പിറവികൊണ്ട മണ്ണാണ് കേരളം. രാഷ്ട്രീയക്കാർ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ നോക്കുമ്പോഴും കേരളം അതിന്റെ സഹവർത്തിത്വം നിലനിർത്തുന്നത് ആശാവഹമാണ്. മതസൗഹാർദ്ദത്തിന്റെ പറുദീസയാണ് നമ്മുടെ നാട്," ഡോ.മൂപ്പൻ അഭിമാനത്തോടെ പറഞ്ഞു.

ഫോമാ മുൻ പ്രസിഡന്റ് അനിയൻ ജോർജ്ജ് കേരളത്തിലെ ബാല്യകൗമാരങ്ങളിലെ നോമ്പുതുറയുടെ സ്മരണകൾ അയവിറക്കി. "ഞാൻ ജനിച്ചതും പഠിച്ചതും വളർന്നതും മുസ്‌ലിം ഭൂരിപക്ഷമുള്ള പത്തനംതിട്ട ജില്ലയിലെ വായിപ്പൂർ എന്ന ഗ്രാമത്തിലാണ്. ചെറിയ പെരുന്നാളിന്റെയും വലിയപെരുന്നാളിന്റെയും ചന്ദനക്കുടത്തിന്റെയും  കാലത്തും റമദാൻ രാവുകളിൽ നോമ്പ് തുറക്കുന്ന നേരത്തും അവിടത്തെ ഉമ്മമാരുടെയും കുടുംബങ്ങളുടെയും സ്നേഹവും പരിലാളനയും ഏറ്റുവാങ്ങിയിട്ടുള്ള ബാല്യവും കൗമാരവുമാണ് എന്റേത്. അമേരിക്കയിൽ എത്തി 32  വർഷങ്ങൾക്കിപ്പുറം, ഇതാദ്യമായി ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും ട്രൈസ്റ്റേറ്റിലെയും മുസ്‌ലിം സഹോദരങ്ങൾ ചേർന്നൊരുക്കിയ ഇഫ്താർ വിരുന്നിലൂടെ വീണ്ടും അതേ സ്നേഹം അനുഭവിച്ചറിയുകയാണ്. സാധാരണയായി ഇവിടുള്ള സംഘടനകളാണ് വിഷുവും ഈസ്റ്ററും റമദാനും ആഘോഷിക്കുന്നത്.അതിൽ നിന്ന് മാറി മതസൗഹാർദ്ദത്തിന്റെ പുതിയ തുടക്കം കുറിച്ച ഈ വിരുന്ന് എന്നെ സന്തോഷിപ്പിക്കുന്നു.12 മാസങ്ങൾക്കിടയിൽ ഈ ഒരുമാസക്കാലം ത്യാഗത്തിന്റെയും കരുതലിന്റെയും പരസ്പരസ്നേഹത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുകയാണ്. 

റമദാൻ മാസമാണ് ഏറ്റവും ശ്രേഷ്ഠമായ മാസമെന്ന് പരിശുദ്ധ ഖുർആനിൽ പറയുന്നുണ്ട്. നന്മയുടെ വാതിലുകൾ തുറന്നിട്ടുകൊണ്ട് പിശാചുക്കളെ പൂട്ടിയിട്ടിരിക്കുകയാണ്. സ്വന്തം തെറ്റുകൾ തിരുത്തുന്നതിനും തെറ്റിലേക്ക് പോകുന്നവരെ വഴിതിരിച്ചുവിടാനും ഈ ദിവസങ്ങളിൽ കഴിയണം. മനുഷ്യൻ ആരാണെന്നും ജീവിതം എത്രകാലമാണെന്നും എന്തിനാണ് നാം ഇവിടെ വന്നതെന്നും ചിന്തിക്കാനുള്ള അവസരം കൂടിയാണിത്. 11 മാസക്കാലം അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ തിരുത്തി 5 നേരം നിസ്കരിച്ചും നോമ്പുപിടിച്ചും ക്ഷമയുടെ വലിയ പാഠമാണ് മുസ്‌ലിം സഹോദരങ്ങൾ നമുക്ക് മുൻപിൽ തുറന്നുവയ്ക്കുന്നത്. മറ്റുള്ളവരുടെ ദുഃഖം സ്വന്തം ദുഃഖമായി കണ്ട് അവന്റെ കണ്ണീരൊപ്പുക. കഴിഞ്ഞ 37 ദിവസങ്ങളായി മത്സ്യം, മാംസം, മുട്ട, പാൽ, മദ്യം എല്ലാം വർജ്ജിച്ചുകൊണ്ട് ക്രിസ്തുമതത്തിലെ വ്രതം അനുഷ്ഠിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. ഈ ഇഫ്താർ വിരുന്നിൽ എല്ലാവിധ പ്രാർത്ഥനകളും അനുഗ്രഹങ്ങളും നേർന്നുകൊള്ളുന്നു," അനിയൻ പറഞ്ഞു.

മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് യു എസ് ഹെഡ് ആൻഡ് ചീഫ് കറസ്‌പോണ്ടന്റുമായ കൃഷ്ണ കിഷോർ, കോഴിക്കോടിന്റെ നന്മനിറഞ്ഞ നോമ്പുകാലത്തെക്കുറിച്ചും മതസ്പർദ്ധ നിമിത്തം ഇന്നുള്ള ആശങ്കകളെക്കുറിച്ചും സംസാരിച്ചു.

"വ്രതാനുഷ്ഠാനത്തിന്റെ ഈ പുണ്യമാസത്തിൽ വിവിധ മതസ്തർ ഒരേമനസ്സോടെ ഒത്തുചേർന്നുകൊണ്ട് സാഹോദര്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശമാണ് പകർന്നുനൽകുന്നത്. കോഴിക്കോട് ജനിച്ചു വളർന്ന എനിക്ക് നോമ്പുകാലം ഏറെ പരിചിതമാണ്. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പുനർചിന്തനത്തിന്റെയും കാലം കൂടിയാണ് റമദാൻ. ലോകം ഏറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും സാംസ്കാരിക സാമുദായിക രംഗങ്ങളിൽ സംഘർഷം നിറഞ്ഞ അവസ്ഥയാണ് ഇന്നുള്ളത്. പരസ്പരവിശ്വാസത്തിന്റെ അഭാവമാണ് ഇതിന് കാരണം. ഇത്തരം ഒത്തുകൂടലുകൾ അതിനൊക്കെ പരിഹാരമാകും. വിവിധ ചിന്താധാരയുള്ള വ്യത്യസ്ത മതവിശ്വാസികൾ ഒത്തുചേരുമ്പോൾ മനുഷ്യർക്ക് കരുത്ത് കൂടും. ഈ ഉദ്യമം ഏറ്റെടുത്ത ഏവർക്കും അനുമോദനങ്ങൾ. ഇത് മുന്നോട്ടുകൊണ്ടുപോകാൻ നമുക്ക് സാധിക്കട്ടെ. നമുക്കിടയിലെ വ്യത്യാസങ്ങൾ സമന്വയിപ്പിച്ച് പുതിയൊരു നാളെയെ വാർത്തെടുക്കാം. ആ പ്രയാണത്തിന്റെ തുടക്കമായി ഈ ചടങ്ങിനെ ഞാൻ കാണുന്നു."കൃഷ്ണ കിഷോർ തന്റെ പ്രത്യാശ പങ്കുവച്ചു.

ലോകകേരളാസഭാംഗവും കെഎംസിസി അമേരിക്ക -കാനഡ പ്രസിഡന്റും നോർത്ത് അമേരിക്കൻ നെറ്റ്വർക്ക് ഓഫ് മുസ്ലിം അസോസിയേഷന്റെ(നന്മ) മുൻ പ്രസിഡന്റുമായ യു.എ.നസീർ വ്യത്യസ്ത മതത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തിയുള്ള നോമ്പുതുറയെക്കുറിച്ചുള്ള ആലോചനയ്ക്ക് വഴിത്തിരിവായ സുഹൃത്തുക്കളുടെ സ്നേഹാന്വേഷണങ്ങളെക്കുറിച്ചാണ് സംസാരിച്ചു തുടങ്ങിയത്.

"കോഴിക്കോട് മലയാള മനോരമയിൽ ഏറെക്കാലമുണ്ടായിരുന്ന ജോർജ്ജ് ജോസഫ്, അനിയൻ ജോർജ്ജ് ,മധു കൊട്ടാരക്കര തുടങ്ങിയ സുഹൃത്തുക്കൾ ഇഫ്താർ പരിപാടികളിൽ തങ്ങളെയും ക്ഷണിച്ചുകൂടേയെന്ന്  സ്നേഹപൂർവ്വം അന്വേഷിക്കാറുണ്ടായിരുന്നു. നന്മ എന്ന സംഘടനയുടെ രൂപീകരണസമയത്തും സന്തോഷത്തോടെ അതിനെ വരവേറ്റുകൊണ്ട് ഒപ്പം നിന്നവരാണ് അവർ. ഇന്റർഫെയ്‌ത് ഇഫ്താർ എന്നൊരു ആശയം അന്നൊന്നും ആലോചിച്ചിട്ടില്ല. കെ.എം.സി.സി ഇങ്ങനൊരു പ്ലാൻ കൊണ്ടുവന്നെങ്കിലും  കോവിഡ് മഹാമാരിയുടെ അപ്രതീക്ഷിതമായ കടന്നുവരവിൽ അത് സാധ്യമാകാതെ പോയി," കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒത്തുചേരൽ സാധ്യമായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.

"ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം കൂടിച്ചേരലുകൾ അത്യാവശ്യമാണ്. പുരോഗമനത്തിലേക്ക് കടന്നെങ്കിൽക്കൂടിയും നമ്മുടെ നാട്ടിൽ മതത്തിന്റെ വേലിക്കെട്ടുകൾ ഉണ്ടാകുന്നത് ഖേദകരമാണ്. അവ ഭേദിച്ച് മുന്നേറണം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നതായിരിക്കണം നമ്മുടെ ആപ്തവാക്യം. മതസ്പർദ്ധ പടർത്തുന്ന വൈറസുകളെ തുടച്ചുനീക്കണം. കൂടുതൽ ഐക്യത്തോടെയും സമാധാനത്തോടെയും നാട്ടിലും അമേരിക്കയിലും നമുക്ക് ജീവിക്കാൻ സാധിക്കട്ടെ." യു.എ.നസീർ പറഞ്ഞു.

പാണക്കാട്ട്  സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഫോണിലൂടെ അറിയിച്ച ആശംസാസന്ദേശവും യുഎസ്എ, കാനഡ ചാപ്റ്ററിന്റെയും ലോകകേരള സഭയുടെയും  ആശംസകളും അദ്ദേഹം അറിയിച്ചു.

ഡോ. അൻസാർ ഖാസിം നടത്തിയ പാനൽ ചർച്ചയിൽ വിജേഷ് കാരാട്ട് (കെഎഎൻജെ, പ്രസിഡന്റ്), സഞ്ജീവ്കുമാർ (കെഎച്ച്എൻജെ, പ്രസിഡന്റ്), ഡോ.സാബിറ അസീസ് (എംഎംഎൻജെ), റവ.തോമസ് കെ.തോമസ് (ജോജി അച്ചൻ -സെന്റ് സ്റ്റീഫൻസ് മാർത്തോമ പള്ളി വികാരി), ഡോ.പി.എം. മുനീർ (എംഎംഎൻജെ), ഫോമാ മുൻ സെക്രട്ടറി  ജിബി തോമസ് മോളോപറമ്പിൽ, ജോസ് കാടാപ്പുറം (കൈരളി ടിവി), ബോബി ബാൽ (ബ്ലോഗർ) എന്നിവർ പങ്കെടുത്തു.

അസീസ് ആർ.വി റമദാൻ സന്ദേശം പങ്കുവച്ചു.

ഫിറോസ് കോട്ടപ്പറമ്പിൽ നന്ദി അറിയിച്ചു. ഇഫ്താർ വിരുന്നിനുശേഷം  എംഎംഎൻജെ യൂത്ത് പ്രോഗ്രാം നടന്നു. മഗ്‌രിബ്, ഇശാ, തറാവീഹ് നമസ്കാരത്തിനുശേഷം ഏവരും പിരിഞ്ഞു.

സമദ് പൊന്നേരി , ഫിറോസ് കോട്ട, സാജിദ് കരിം, അജാസ് നടുവഞ്ചേരി, അബ്ദുൾ മുനീർ, അലീന ജബ്ബാർ , നാജിയ അസീസ്, തൂടങ്ങിയവറായിരുന്നു പരിപാടിയുടെ സംഘാടകർ

Join WhatsApp News
abdul punnayurkulam 2023-03-28 16:58:44
great
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക