
വാഷിംഗ് ടനു സമീപം വെർജീനിയയിൽ അന്തരിച്ച കാഞ്ഞിരപ്പള്ളി കല്ലറക്കൽ കരിക്കാട്ടുപറമ്പിൽ വർക്കി വി. കല്ലറക്കൽ (93) കേരളത്തിന്റെ യശസ് വൈറ്റ് ഹൗസിനോളം എത്തിച്ച അധൃശ്യ പുരുഷൻ ആയിരുന്നുവെന്നു നാട്ടിലും യുഎസിലുമുള്ള കുടുംബാംഗങ്ങൾ അനുസ്മരിക്കുന്നു. പ്രസിഡന്റ സീനിയർ ബുഷിന്റെ പ്രഭാത നടത്തത്തിന്റെ പങ്കാളിയായിരുന്നു അയൽക്കാരനായ അദ്ദേഹം.

വർക്കി കല്ലറക്കൽ, ഭാര്യ ത്രേസ്യാമ്മ, സഹോദരി പുത്രൻ സിനി വാച്ചാപറമ്പിൽ
ഭൗതിക ശരീരം വെർജീനിയ ചെസ്റ്റ്നട്ട് ഗ്രോവ് സെമിത്തേരിയിൽ ചൊവ്വാഴ്ച രാവിലെ അടക്കം ചെയ്തു. സംസ് ക്കാരച്ചടങ്ങുകളിൽ ബന്ധു ജനങ്ങൾ പങ്കെടുത്തു. വൈക്കം വല്യാറമ്പത് ത്രേസ്യാമ്മ (87) യാണ് ഭാര്യ. മകൻ വിവിറ്റോ, മകൾ മെരിഷ. അമേരിക്കയിൽ നൂറോളം അംഗങ്ങൾ അടങ്ങിയ സമൂഹമാണ് കല്ലറക്കൽ.
എച്ച്. ഡബ്ലിയു. ബുഷ് വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോൾ വർക്കിയുടെ തൊട്ടടുത്താണ് താമസിച്ചിരുന്നത്. പിന്നീട് 1989-93 കാലഘട്ടത്തിൽ അമേരിക്കയുടെ നാല്പത്തൊന്നാം പ്രസിഡന്റ് ആയി അദ്ദേഹം. വർക്കി മേധാവി ആയിരുന്ന യുഎസ് ദേശീയ നാവിക വാനനിരീക്ഷണശാലയുടെ മുമ്പിലൂടെ യായിരുന്നു എല്ലാ രാവിലെയും ബുഷിന്റെ ഓട്ടം. പ്രസിഡന്റ് ആയ ശേഷവും ഓട്ടം മുടക്കിയില്ല.

മക്കളും കൊച്ചുമക്കളുമൊത്തു വെർജീനിയയിലെ വീടിനു മുമ്പിൽ
അമേരിക്കൻ വൈസ് പ്രസിഡന്റ് മാരുടെയെല്ലാം ഔദ്യോഗിക വസതി നേവൽ ഒബ്‌സർവേറ്ററി കോമ്പൗണ്ടിൽ ആയതുകൊണ്ട് നിരവധി വൈസ് പ്രസിഡന്റ് മാരുടെയും പ്രസിഡന്റ് മാരുടെയും അയൽക്കാരൻ ആകാൻ നിയോഗം ലഭിച്ച ആളാണ് വർക്കി കല്ലറക്കൽ. പ്രസിഡന്റ് കെന്നഡിയുമായും വർക്കിക്ക് പരിചയം ഉണ്ടായിരുന്നു.

കല്ലറക്കലും അദ്ദേഹം ഭരിച്ച വാഷിംഗ് ടൺ നാഷണൽ നേവൽ ഒബ്‌സർവേറ്ററിയും
വർക്കിയെപ്പറ്റി ഞാൻ ആദ്യം കേൾക്കുന്നത് 1992 ഒക്ടോബറിൽ ടൈം മാഗസിനിലെ ഒരു ലേഖനത്തിൽ നിന്നാണ്. പുലിറ്റ്സർ സമ്മാനം കിട്ടിയ ജേര്ണലിസ്റ് ഹ്യൂ സൈഡി "ദി പ്രസിഡൻസി" എന്നപേരിൽ ടൈമിൽ എഴുതാറുള്ള ഒരു പ്രതിവാര പംക്തിയിൽ നിന്നും.
"എന്നിട്ടു അദ്ദേഹം അയൽക്കാരൻ വർക്കി കല്ലറക്കലിനോട് സംസാരിച്ചു," എന്നായിരുന്നു ലേഖനത്തിന്റെ തുടക്കം. ഈ വർക്കി മലയാളിയാണെന്ന് തീർച്ച. കല്ലറക്കൽ ആകുമ്പോൾ കാഞ്ഞിരപ്പള്ളിയിലല്ലാതെ കല്ലറക്കൽ ഉണ്ടോ? (ഉണ്ടെന്നു ഞാൻ പിനീട് കണ്ടെത്തി). ഞാൻ ഉടനടി കോട്ടയത്തെ മലയാള മനോരമയിൽ നിന്ന് കാഞ്ഞിരപ്പള്ളി ലേഖകൻ ഡൊമിനികിനെ വിളിച്ചു. ഇങ്ങിനെ ഒരാളെ അറിയാമോ?

പ്രഭാത ഓട്ടത്തിനിടയിൽ കണ്ടുമുട്ടിയ പ്രസിഡന്റ് സീനിയർ ജോർജ് ബുഷ്
"ഓ, വർക്കിച്ചായൻ ഇവിടെ തറവാട്ടിൽ ഉണ്ട്. അമേരിക്കയിൽ നിന്ന് വന്നിട്ടു കുറെ ദിവസമായി," കേട്ട പാതി കാമറയും തൂക്കി ഞാൻ കാഞ്ഞിരപ്പള്ളിക്ക് കുതിച്ചു. മെബൈൽ വന്നിട്ടില്ലാത്ത കാലം.

ടൈം മാഗസിനിൽ വർക്കിയെ പരാമർശിച്ച ജേര്ണലിസ്റ് ഹ്യു സൈഡി പ്രസിഡന്റ് റെയ്‌ഗനുമൊത്ത്
നൂറ്റാണ്ടിന്റെ പഴക്കം തോന്നിക്കുന്ന ഓടുമേഞ്ഞ വീട്. മണൽ വിരിച്ച മുറ്റത്തോടു ചേർന്നു തിണ്ണയിൽ ഒരു ചാരുകസേരയിൽ ഇരുന്നു മാതൃഭൂമി വാരികയുടെ പുതിയലക്കം മറിച്ചുനോക്കുകയായിരുന്നു അദ്ദേഹം. മുഴുക്കയ്യൻ ബനിയനും കരയുള്ള വെള്ളമുണ്ടും. കൊച്ചുന്നാളിലെ വായനാശീലമുണ്ട്. കവിതയെഴുതുന്ന സ്വഭാവവും. അമേരിക്കയിലേക്ക് പോയ ശേഷവും രണ്ടും കൈവെടിഞ്ഞില്ല.

വെർജീനിയയിലെ അനുജൻ ചാക്കോച്ചൻ, ഭാര്യ റോസമ്മ, മക്കൾ ജോർജി, മറീന, ടാനിയ
കാഞ്ഞിരപ്പള്ളി കല്ലറക്കൽ കരിക്കാട്ടുപറമ്പിൽ കെവി വർക്കിയുടെയും പുളീംകുന്നു പുരക്കൽ വാടക്കൽ മറിയമ്മയുടെയും പുത്രനായി 1930ൽ ജനിച്ചു.തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് സ് കോളജിൽ മാത്‍സ് ബിഎസ്‌സി കഴിഞ്ഞു ഉടുമ്പുംചോലയിലെ ഏലത്തോട്ടം നോക്കിനടത്തിയിരുന്ന വർക്കി 1959ൽ ഇരുപത്തൊമ്പതാം വയസിൽ അമേരിക്കയിലേക്ക് ഉപരി പഠനത്തിന് പോയി. ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അസ്ട്രോണമിയിൽ മാസ്റ്റർ ബിരുദം നേടി നേവൽ ഒബ്‌സർവേറ്ററിയിൽ ജോലിയിൽ പ്രവേശിച്ചു.1999ൽ റിട്ടയർ ചെയ്തു.

കാഞ്ഞിരപ്പള്ളിതറവാട്; സഹയാത്രികരായിരുന്ന വർക്കിയും കുടുംബയോഗം പ്രസിഡന്റ് സിറിയക്കും
ടൈം മാഗസിനിൽ ഹ്യൂ സൈഡിയുടെ ലേഖനത്തിൽ വർക്കിച്ചനെ പരാമര്ശിചച്ചതു കൊണ്ടാണ് കാണാൻ എത്തിയതെന്ന് പറഞ്ഞപ്പോൾ ആമുഖത്ത് ചെറിയൊരു ചിരി പടർന്നു
"ഉവ്വോ . അത് കാണുന്നതിന് മുമ്പ് തന്നെ ഞാൻ നാട്ടിലേക്കു പോന്നു. ഹ്യൂ സൈഡിയുടെ സെക്രട്ടറി പെൺകുട്ടി എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ പംക്തിയിൽ താങ്കളുടെ പേരു പരാമർശിക്കുന്നതിൽ വിരോധമുണ്ടോ എന്ന് ചോദിയ്ക്കാൻ. ഒരു വിരോധവും ഇല്ലെന്നു ഞാൻ മറുപടി നൽകി," വർക്കി ചിരിച്ചു.

തറവാട്ടിലെ സഹോദര പത്നി സിമി എബ്രഹാം അന്ത്രപ്പേരും മക്കളും കൊച്ചുമക്കളും
"ബുഷിനെ അത്രകണ്ടു പരിചയമുണ്ടോ?"
"പിന്നില്ലേ! റെയ്‌ഗന്റെ വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോൾ നാലുവർഷം എന്റെ ഓഫീസിനു അടുത്തുള്ള ഔദ്യോഗിക വസതിയിലാണ് ബുഷും ഭാര്യ ബാർബറയും താമസിച്ചിരുന്നത്. പണ്ട് മുതലേ വ്യായാമ ഭ്രാന്തനാണ്. ഓട്ടം ഇഷ്ടമായിരുന്നു. എന്നും രാവിലെ ജോഗിംഗ് എന്റെ ഓഫീസിനു മുമ്പിലൂടെ."
സീനിയർ ബുഷ് അമേരിക്കയുടെ 41ആം പ്രസിഡന്റ് ആയിരുന്നെങ്കിൽ മകൻ ജോർജ് ഡബ്ലിയു ബുഷ് 43 ആം പ്രസിഡന്റായി. രണ്ടുപേരും ടെക്സസ്സിലെ കോടിശ്വരൻമാർ. ഉറച്ച റിപബ്ലിക്കൻ പക്ഷക്കാർ. 6'4" പൊക്കമുള്ള സീനിയർ ബുഷ് 80 എത്തിയപ്പോൾ പാരച്യൂട്ടിൽ ചാടിയ ആളാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നേവി പൈലറ്റ് ആയിരുന്നു. ടെന്നിസും ബേസ്‌ബോളും കളിക്കും, സ്പീഡ്ബോട്ട് സ്‌കിപ്പറും ആയിരുന്നു.
ജോൺ എഫ്.കെന്നഡി പ്രസിഡന്റ് ആയിരുന്ന കാലത്ത് ഒരു ഔദ്യോഗിക സന്ദർശനത്തിനായി അരിസോണക്കു നടത്തിയ കാർ യാത്ര വർക്കിക്ക് മറക്കാനൊക്കില്ല. ഒഹായോയിലെ കൊളംബസിൽ ഭക്ഷണം കഴിക്കാൻ കയറി. പക്ഷെ വെള്ളക്കാരനല്ലാത്ത ഒരാൾക്ക് ഭക്ഷണം വിളമ്പാൻ റെസ്റ്റോറന്റ് വിസമ്മതിച്ചു.

പിതൃസഹോദരപുത്രൻ കുഞ്ചെറിയ ജോസഫ്, ഭാര്യ ഷീല, യു.എസിലെ മക്കൾ സാറ, ജോസഫ്
കെന്നഡിക്കു പരാതി നൽകി. ക്ഷമ ചോദിച്ചുകൊണ്ട് ഗവർമെന്റിൽ നിന്ന് രണ്ടുമൂന്ന് കത്തുകൾ കിട്ടി. ഒബ്‌സർവേറ്ററി കാണാൻ കെന്നഡി രണ്ടുതവണ വന്നപ്പോൾ കൂടെ നടന്നു കാണിച്ചുകൊടുത്തു.. വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോൾ അൽ ഗോർ എപ്പോഴും വളർത്തു നായയുമായാണ് നടക്കാൻ വരിക. ആ ഉശിരൻ നായ എന്നെ കണ്ടപ്പോൾ കുരച്ചു ചാടി. "വാട്ട് ദി ഹെൽ ആർ യു ഡൂയിങ്?"എന്ന് അൽഗോർ പറഞ്ഞതും അവൻ ശാന്തനായി.
ഇംഗ്ലീഷിൽ കവിത എഴുതുന്ന ആളാണ് വർക്കി കല്ലറക്കൽ എന്ന് പറഞ്ഞല്ലോ. നാല് വരി എന്നെ പാടികേൾപ്പിക്കുകയും ചെയ്തു. "വാഷിംഗ്ടൺ കേരള അസോസിയേഷന്റെ ഒരു സുവനീറിൽ എന്റെ ഒരു ഇംഗ്ലീഷ് കവിതയും ഭാര്യ ത്രേസ്യാമ്മയുടെ ഒരു മലയാളം കവിതയും അച്ചടിച്ച് വന്നിട്ടുണ്ട്."
ജന്മദിനത്തിന് ആഘോഷങ്ങൾ ഒഴിവാക്കും. കേക്ക് കഴിക്കാൻ പറ്റില്ല. ഡയബെറ്റിസ് ഉണ്ട്. വൈറ്റ് ഹൗസിൽ നിന്ന് മുക്കാൽ മണിക്കൂർ അകലെ വെർജീനിയയിൽ വീട് കണ്ടെത്തി. അവിടെയാണ് റിട്ടയർ കഴിഞ്ഞു ചേക്കേറിയത്. ജോലിയിൽ ഇരിക്കുമ്പോൾ തന്നെ റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ പണം ഉണ്ടാക്കുമായി
രുന്നു.ഇടയ്ക്കിടെ കാറോടിച്ച് ഷോപ്പിംഗിനു പോകും. നടക്കുമ്പോൾ ഒരു വടി കരുതും.മകൻ വിവിറ്റോയും മകൾ മെരിഷയും വരാറുണ്ട്. പക്ഷെ കോവിഡ് കാലത്തു അവരെ പുറത്ത് നിർത്തി മടക്കി അയക്കുകയായിരുന്നു പതിവ്. അനുജൻ ചാക്കോച്ചൻ എന്ന ജേക്കബും ഭാര്യ റോസമ്മയും 20 മിനിറ്റ് അടുത്തുണ്ട്.
“അകലെയാണെങ്കിലിം ഇടയ്ക്കിടെ നാട്ടിലേക്കു ഓടിവരും. ജനിച്ച നാടിനെക്കുറിച്ച് ആഴത്തിൽ ഗൃഹാതുരത്വം ഉള്ള ആളായിരുന്നു വർക്കിച്ചൻ," കുടുംബയോഗം പ്രസിഡന്റ് സിറിയക് കെ മാത്യു ഓർമ്മിക്കുന്നു. "ഞങ്ങൾ ഒന്നിച്ച് കേരളത്തിലും പുറത്തും യാത്രപോകുമായിരുന്നു. രസകരമായിരുന്നു ആ യാത്രകൾ. ഊട്ടിയിൽ ഞങ്ങൾക്ക് പാർട് നർഷിപ് ഉള്ള ലേക്ക് വ്യൂ ഹോട്ടൽ ആയിരുന്നു ഒരു താവളം. അന്നവിടെ ഗുഡ് ഷെഫേർഡ് സ്‌കൂളിൽ എന്റെ മക്കൾ മനോജ്, മധു എന്നിവർ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടായിരുന്നു."
"സിനി നിനക്കറിയാമോ, നമ്മുടെ തറവാട്ടിൽ പതിമൂന്നു ബിഷപ്പുമാർ വന്നു താമസിച്ചിട്ടുണ്ട്," ആറേഴു മാസം മുമ്പു വെർജീനിയയിൽ വച്ചു കണ്ടപ്പോൾ അമ്മാവൻ പറഞ്ഞതായി സഹോദരി പുത്രൻ പാലായിലെ സിനി വാച്ചാപറമ്പിൽ അനുസ്മരിക്കുന്നു. മക്കളുടെയല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ പോയിട്ടുണ്ട് അഗ്രോ ഇൻഡസ്‌ട്രീസ് കോർപറേഷൻ ഡ.ചീഫ് എൻജിനീയർ ആയ സിനി.