കേരളത്തിൽ ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി പരീക്ഷ ഇന്നലെ അവസാനിച്ചു.
കുട്ടികൾക്കെല്ലാം സന്തോഷവും ആശ്വാസവുമായി.
എന്നാൽ അരിക്കൊമ്പന്റെയും അവനെ കുടുക്കാൻ ചുമതലപ്പെട്ട ഫോറസ്റ്റുകാരുടെയും പാവം കുങ്കിയാനകളുടെയും കാര്യമാണ് ആശ്വാസം കാണാതെ നിൽക്കുന്നത്. മുൻപ് നിശ്ചയിച്ച ഓപ്പറേഷൻ അരിക്കൊമ്പൻദിനം ഹയർ സെക്കൻഡറി പരീക്ഷ കാരണമാണ് മാറ്റിവച്ചത്.പ്രദേശത്ത് പരീക്ഷയെഴുതുന്ന കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു അത്.
ഇടുക്കി ശാന്തൻപാറ, ചിന്നക്കനാൽ പ്രദേശങ്ങളിലാണ് ഇവന്റെ സ്വൈരവിഹാരം
അരിക്കൊമ്പനെ കെണിയിലകപ്പെടുത്തിയാൽ കാട്ടുദ്യോഗസ്ഥർക്കു സന്തോഷിക്കാം. അച്ചടി ദൃശ്യ മാധ്യമങ്ങളിൽ തിളങ്ങാം. (മാധ്യമക്കാരുടെ പങ്കപ്പാടുകളും നന്ദിയോടെ സ്മരിക്കുന്നു. സർക്കാർ
ഉദ്യോഗസ്ഥരായ
കുങ്കിയാനകൾക്ക് കിട്ടാൻ പോകുന്ന പ്രമോഷനുകളും വേതന ഉയർച്ചകളും മാധ്യമക്കാർ നമ്മെ അറിയിക്കും.)
ഒരുക്കങ്ങളെല്ലാം റെഡി. അരിക്കൊതിയനും വിനാശകനുമായ കൊമ്പനെ കുടുക്കൽയത്നം കാര്യങ്ങളെല്ലാമിണങ്ങിയാൽ നാളെ (മാർച്ച് 30 വ്യാഴം ) പുലരും മുമ്പ് 4 ന് തുടങ്ങിയിരിക്കും. 4.30 നാണ് മയക്കുവെടി വെക്കുന്ന സമയം.
വെടി കൊള്ളുന്ന അരിയാനയെ കൈകാര്യം ചെയ്യുന്നതിന് വിവിധ പ്ലാനുകൾ തയാറാക്കിയിട്ടുണ്ടെന്നറിയുന്നു. എല്ലാം പിഴവുകളില്ലാതെ കൃത്യമായി നടക്കട്ടെ. 10 മുതൽ 20 ലക്ഷം വരെ ചെലവ് വരുന്ന ഓപ്പറേഷനല്ലേ..!
ചില കൊതികൾ വച്ചു പുലർത്തി കിട്ടാത്തത് കട്ടുതിന്നാൻ ചവിട്ടിയിളക്കി നടക്കുന്നതു കൊണ്ടാണ് ഈ കാട്ടാനകൾക്കൊക്കെ നാട്ടാര് ഓരോ പേര് കണ്ടുപിടിച്ചത്. അരിക്കൊമ്പൻ , ചക്കക്കൊമ്പൻ , ചക്കരക്കൊമ്പൻ എന്നിങ്ങനെ ഓരോന്ന്. ഈ മിണ്ടാപ്രാണികൾക്ക് അരിയും ചക്കരയും ചക്കയുമൊക്കെ യഥേഷ്ടം കൊടുക്കാൻ ആരുണ്ടിവിടെ ?
അതേ, ആരുണ്ടിവിടെ ചോദിക്കാൻ ..?
മനുഷ്യരാണെങ്കിൽ നാലഞ്ച് മുദ്രാവാക്യങ്ങൾ മെനഞ്ഞ് പ്രകടനങ്ങൾ നടത്താമായിരുന്നു..
അരി തരാത്ത
തുണി തരാത്ത
പണി തരാത്ത
സർക്കാരേ..
എന്നൊക്കെയുള്ള സമ്മോഹന മുദ്രാവാക്യങ്ങൾ വിളിച്ചു പറയാൻ ജന്തുക്കൾക്കറിയില്ലല്ലോ..
അല്ലേൽ തന്നെ അരിക്കൊമ്പന് അരി മതി. ചക്കക്കാമ്പന് ചക്ക കിട്ടിയാൽ മതിയായിരിക്കും.
തുണിയും പണിയും അതുങ്ങൾക്ക് ബാധകമല്ല.
അരിയ്ക്കും തുണിക്കും പണിക്കും സർക്കാരിനോട് ചോദിക്കണമെന്ന് നാം മനസ്സിലാക്കിയത് ഇത്തരം മുദ്രാവാക്യങ്ങൾ വഴിയാണ്.
എന്നാൽ സർക്കാർ തരുന്ന പണികൾ കണ്ട് അന്തം വിട്ടുനിൽക്കുന്നവരാണിന്ന് നമ്മൾ .
പണ്ടൊക്കെ, അന്നന്നത്തെ ചോറിനുള്ള അരി കിട്ടിയാൽ മതി ; കൂട്ടാനൊന്നും ഇല്ലേലും ദൈവമെ...! എന്നതായിരുന്നു കേരളത്തിലെ പ്രാർത്ഥന. എന്നാൽ പുരോഗതിയുടെ കുതിച്ചുചാട്ടത്തിൽ അരി അപ്രധാന ഭക്ഷ്യവസ്തുവായി.
ചോറുണ്ണാൻ തക്ക ആരോഗ്യമുള്ളവർ ഇന്നാട്ടിൽ കുറഞ്ഞു കുറഞ്ഞുവരുന്നു.
പണ്ടൊക്കെ കാശുള്ളവർ ഒരു ചാക്ക് അരി മേടിച്ച് മാസക്കണക്കിന് തീർക്കുന്നവരാണെങ്കിൽ ഇന്ന് വീട്ടിൽ ചോറു വെക്കുന്നേയില്ല എന്നു പറയുന്നതാണ് സ്റ്റൈല് . ഏതസുഖത്തിനും ആദ്യം ചോറൊഴിവാക്കാനാണ് ഉപദേശം.
അരിക്കൊമ്പന്റെ വഴിയിൽ താൽക്കാലിക റേഷൻ കടയുണ്ടാക്കി
കൺഫ്യൂഷനാക്കും വനം വകുപ്പ്. അരീടേം കഞ്ഞിവെള്ളത്തിന്റെയും ഗന്ധത്തിൽ കൊമ്പൻ ഉന്മത്തനാകുമെന്നാണ് കണക്കുകൂട്ടൽ.
( കെണിയെന്നറിയാൻ കൊമ്പൻ വിജ്ഞാനിയല്ലാത്തത് കൊണ്ട് ഫേക്ക് റേഷൻ കട ഓപ്പറേഷൻ 100% വിജയമാകും )
റേഷൻകടേന്ന് കെട്ടുകണക്കിന് അരി കിട്ടുന്ന കാലമാണിത്. ഓരോ വീട്ടിലും കലങ്ങളിലും കുട്ടകങ്ങളിലും വരെ അരി സൂക്ഷിച്ചിരിക്കും. അടുക്കള തകർത്ത് വീട്ടിൽ കേറുന്നതാണ് അരിക്കൊമ്പന്റെ ഒരു രീതി. 24 കിലോ അരി ഒരടുക്കളേൽ കടന്ന് കട്ടുതിന്നു എന്ന് വാർത്ത കണ്ടു.
ഓരോ വീട്ടിലും എന്തോരം അരിയാ..! എന്ന് അത്ഭുതം കൂറിയായിരിക്കണം അരിക്കൊതിയൻ വീടുപൊളിക്കൽ പതിവാക്കിയത്.
ഇവൻ ഉപ്പും ശർക്കരയും കട്ടുതിന്നും എന്നും പറയുന്നു. പലചരക്കു കടകളുടെ ഷട്ടർ തകർക്കാനും മടിക്കാത്തത് മൃഷ്ടാന്ന ഭോജനം ഓർത്ത് മാത്രമായിരിക്കും.
ഇത്ര കാലത്തിനിടെ അരിക്കൊമ്പൻ 11 പേരെ കൊലപ്പെടുത്തുകയും 180 കെട്ടിടങ്ങൾ തകർക്കുകയും അതുവഴി 30 പേർക്ക് പരിക്ക് പറ്റിക്കുകയും ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു.
2017- ൽ ഇവനെ പിടിക്കാൻ നോക്കി പരാജയപ്പെട്ട ചരിത്രമുണ്ട് വനം വകുപ്പിന്.
ഇത്തവണ വിജയം വരെ പരിശ്രമം തുടരാനാണ് പ്ലാൻ. മയക്കുവെടി എന്ന ഉണ്ടയില്ലാ വെടിയിൽ മയങ്ങി വീഴുംവരെ ശ്രമിക്കുക എന്നതാണ് ലക്ഷ്യം.
അരിക്കൊമ്പനെ പിടികൂടി ദേഹത്ത് റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് വിടുകയോ കുങ്കിയാനകളുടെ സഹായത്തോടെ ഒതുക്കുകയോ ചെയ്യുമായിരിക്കും.
എങ്ങനെയും വനം വകുപ്പ് വിജയിക്കട്ടെ !
അരി മിച്ചവും ചോറുണ്ണുന്നവർ തുച്ഛവുമായ നമ്മുടെ നാട്ടിൽ എ.പി. എല്ലുകാർ ഉപേക്ഷിച്ച് റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന അരി മതിയല്ലോ ഈ കാട്ടു കൊതിയന്റെ വയറു നിറയ്ക്കാൻ.
അവന്റെ വഴിത്താരകളിൽ റേഷൻ കട സങ്കല്പങ്ങൾ ഉയർത്തുന്നതിലും നല്ലതല്ലേ മതിയാവുന്നത്ര അരി കരുതിവെക്കുന്നത്.
ആനേടെ ഉള്ള് കണ്ടവർ ആരുണ്ടാവും ?
സാഹസികമായി ചവിട്ടിയിളക്കിച്ചെന്ന് ഭക്ഷിക്കുന്നതാവുമോ അവനിഷ്ടം?
അരിക്കൊമ്പന് അരിയും ചക്കക്കൊമ്പന് ചക്കയും കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളോ..?
വേറൊരുത്തനെ കേട്ടിട്ടുണ്ട്.
ചില്ലിക്കൊമ്പൻ .
ഇനി ആ ആശാന് വല്ല ചില്ലി ചിക്കനുമായിരുന്നോ പഥ്യം..!
പരീക്ഷാ ദിനങ്ങൾ ഇന്നലെകൊണ്ടു തീർന്നത് ഹയർ സെക്കൻഡറിക്കാർക്കാണ്.
വനം വകുപ്പ് അരിക്കൊമ്പനെന്ന വല്യ പരീക്ഷാച്ചൂടിന്റെ തീയും പുകയുംകൊണ്ടു നടക്കുന്നു.
ചിത്രത്തിന് കടപ്പാട്: ഗൂഗിൾ