Image

'വെള്ളരിപ്പട്ടണം'   മനസ്സറിഞ്ഞ് ചിരിക്കാന്‍ ഒരു ചിത്രം 

Published on 29 March, 2023
'വെള്ളരിപ്പട്ടണം'   മനസ്സറിഞ്ഞ് ചിരിക്കാന്‍ ഒരു ചിത്രം 

നവാഗത സംവിധായകനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത 'വെള്ളരിപ്പട്ടണം' കുറേ കാലങ്ങള്‍ക്കു ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച മികച്ചൊരു പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രമാണ്. നാം നിത്യേന കാണുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും അതിലെപിന്നാമ്പുറ കഥകളും നര്‍മ്മത്തില്‍ ചാലിച്ച് പറയുകയാണ് വെള്ളരിപ്പട്ടണത്തിലൂടെ. 

സിനിമ കണ്ടു കണ്ടിരിക്കേ, മലയാളത്തിലെ ഏറ്റവും മികച്ച രണ്ട് ആക്ഷേപ ഹാസ്യ ചിത്രങ്ങള്‍, പഞ്ചവടിപ്പാലവും സന്ദേശവുമൊക്കെ നമ്മുടെ മനസ്ലിലൂടെ കടന്നു പോകും. ചക്കരക്കുടം പഞ്ചായത്തിലെ അധികാര വടംവലിയാണ് സിനിമയുടെ മുഖ്യ പ്രമേയം. ഭരണ കക്ഷിയുള്ളവര്‍ തന്നെ പരസ്പരം പാര പണിഞ്ഞു കൊണ്ട് കസേര പിടിക്കാന്‍ ശ്രമം നടത്തുന്നു. ചക്കരക്കുടം പഞ്ചായത്തില്‍ യു.ഡി.പിയാണ് ഭരിക്കുന്നത്. അതേ പാര്‍ട്ടിയിലെ മെമ്പറാണ് കെ.പി. സുനന്ദ. തന്റെ അമ്മയെ ബോംബെറിഞ്ഞു കൊന്ന പാര്‍ട്ടിയിലെ മുഖ്യമായൊരു സ്ഥാനം കൈയ്യക്കാനുള്ള സുനന്ദയുടെ ശ്രമങ്ങള്‍ക്ക് പിന്നില്‍ മറ്റാരുമറിയാത്ത ചില ഗൂഢലക്ഷ്യങ്ങളുണ്ട്. അവര്‍ വളരെ തന്ത്രശാലിയാണ്. എന്നാല്‍ നാട്ടുകാര്‍ക്കെല്ലാം വളരെ ഉപകാരിയുമാണ്. അച്ഛന്റെ മരണ ശേഷം സുനന്ദയുടെ സഹോദരന്‍ കെ.പി സുരേഷ് രാഷ്ട്രീയത്തിലേക്ക് വരുന്നു. സ്വന്തം സഹോദരിയാണെങ്കിലും സുനന്ദ മെമ്പറായിരിക്കുന്നതില്‍ സുരേഷിന് നല്ല അസൂയയുണ്ട്. പക്ഷേ പാര്‍ട്ടിയില്‍ ഒരു സ്ഥാനവും നേടടാന്‍ സുരേഷിന് കഴിയുന്നില്ല.  സുരേഷിന് അധികാരമോഹമുണ്ട്. അതു കൊണ്ടു തന്നെ താന്‍ പഞ്ചായത്ത് പ്രസിഡന്റായാല്‍ മാത്രമേ വിവാഹം കഴിക്കൂ എന്നൊരു ഉഗ്രശപഥവും അയാള്‍ എടുത്തിട്ടുണ്ട്. അധികാര കസേരയിലേക്കുള്ള വഴിയായി അയാല്‍ കാണുന്നത് യു.ഡി.പിയിലെ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായ അലക്‌സിന്റെ മകളെയാണ്.

സംവിധായകനായ മഹേഷ് വെട്ടിയാറും ശരത് കൃഷ്ണയും ചേര്‍ന്നെഴുതിയ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങളുടെ ശ്രദ്ധേയവും ആക്ഷേപഹാസ്യത്തില്‍ ഊന്നിയുള്ളതുമായ കഥ പറച്ചിലാണ് വെള്ളരിപ്പട്ടണത്തില്‍ കാണാനാവുക. കേരളത്തിലെ ഏതു വീട്ടിലും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ഈ സിനിമയിലും കാണാം. കേരളത്തിലെ മാത്രമല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ചുമുള്ള നല്ല ധാരണയുള്ള കഥാസന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കുന്നതില്‍ കരുത്തായിട്ടുണ്ട്. ട്രോള്‍ മാസ്റ്റര്‍മാരുടെ എഡിറ്റിങ്ങ് ടേബിളില്‍ പുനര്‍ജ്ജനിക്കുന്ന പല  രാഷ്ട്രീയ സാഹചര്യങ്ങളും ഈ ചിത്രത്തില്‍ ചിരി നിറയ്ക്കുന്നു. രാഷ്ട്രീയത്തിലെ വിവിധ പാര്‍ട്ടികള്‍ തമ്മിലുള്ള അധികാര വടംവലി, ചെളിവാരിയേറ്. കുതികാല്‍ വെട്ട്, പാരവയ്പ്പ്, തുടങ്ങി, ഫാസിസം, സീറ്റ് തര്‍ക്കം,  പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ തുടങ്ങി ചിരിക്കാനും ചിന്തിക്കാനും കഴിയുന്ന വിധത്തില്‍ എല്ലാ സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങളും ഇതില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. 

തന്ത്രശാലിയായ കെ.പി സുനന്ദയായി എത്തുന്ന മഞ്ജു വാര്യരുടെ മികച്ച പ്രകടനമാണ് സിനിമയുടെ പ്‌ളസ് പോയിന്റ്. തന്റെ ഇതുവരെയുള്ള കരിയറില്‍ അവരിപ്പിച്ചതില്‍ നിന്നു വ്യത്യസ്തമായി തമാശയ്ക്കു പ്രാധാന്യം നല്‍കുന്ന ഒരു കഥാപാത്രമായാണ് മഞ്ജു ഇതില്‍ എത്തുന്നത്. ശുദ്ധനായ രാഷ്ട്രീയക്കാരന്റെ വേഷം സൗബിന്‍ മികച്ചതാക്കി. പരസ്പരം കണ്ടാല്‍ കടിച്ചു കീറാന്‍ നില്‍ക്കുന്ന, കീരിയും പാമ്പും പോലുള്ള കഥാപാത്രങ്ങളായി മഞ്ജുവും സൗബിനും കൈയ്യടിക്കുന്ന പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. സുരേഷ് കൃഷ്ണ, പ്രമോദ് വെളിയനാട്, കൃഷ്ണ ശങ്കര്‍, വീണ നായര്‍, ശബരീഷ് വര്‍മ്മ, സലിം കുമാര്‍,കോട്ടയം രമേഷ്, ഹരീഷ്, ശ്രീകാന്ത് വെട്ടിയാര്‍, അഭിരാമി ഭാര്‍ഗ്ഗവന്‍ എന്നിവരും മികച്ച അഭിനയം കാഴ്ചവച്ചു.  

മനസ്സറിഞ്ഞ് ചിരിക്കാനും കുറച്ചൊക്കെ ചിന്തിക്കാനും രാഷ്ട്രീയ ഗോദയിലെ അഭ്യാസങ്ങളും അതിന്റെ പിന്നാമ്പുറ കഥകള്‍ അറിയാനുംസാധിക്കുന്ന മികച്ച ചിത്രമാണ് വെള്ളരിപ്പട്ടണം. മിസ് ചെയ്യരുത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക