Image

പ്രിയ ജോസഫ്- ആറ്റിക്കുറുക്കിയ കഥകളുടെ കൂട്ടുകാരി

Published on 29 March, 2023
പ്രിയ ജോസഫ്- ആറ്റിക്കുറുക്കിയ കഥകളുടെ കൂട്ടുകാരി

ഒരു കഥ രൂപപ്പെടുന്നതിൻ്റെ പശ്ചാത്തലത്തെക്കുറിച്ച് എഴുത്തുകാർക്ക് ഒരുനൂറ് ഉപകഥകൾ പറയാനുണ്ടാവും. പ്രിയ ജോസഫ് എന്ന എഴുത്തുകാരിയും അതിൽ ഒരു അപവാദമല്ല. നൂറായിരം കാഴ്ചകൾ, അനുഭവങ്ങൾ, അതിൽ നിന്നും ആറ്റിക്കുറുക്കി ചില കഥകൾ. എണ്ണത്തിലല്ല, ഗുണത്തിലാണു കാര്യമെന്നു പറയാതെ പറഞ്ഞുകൊണ്ട് ഒരു പിടി ചെറുകഥകൾ പ്രിയ ജോസഫിൻ്റേതായി മുഖ്യധാരാ മാസികകളിലൂടെ ജനസമക്ഷം എത്തുമ്പോൾ ചിലരെങ്കിലും അന്വേഷിക്കുന്നു, ഇതാര്? പ്രിയ ജോസഫ് ആരാണ്?

പ്രിയ ജോസഫ്, തൊടുപുഴയിൽ‌ ജനിച്ച്, വിമലാലയം, ഡീപോൾ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി എറണാകുളം സെന്റ്‌ തെരേസാസ്‌, മഹാരാജാസ്‌ കോളേജ്‌, തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മന്റ്‌ സ്റ്റഡീസ്‌ (സി ഡി എസ് ) എന്നിവിടങ്ങളിൽ കോളേജ്‌ വിദ്യാഭ്യാസം പൂർത്തിയാക്കി, ഇരുപത്താറു വർഷമായി അമേരിക്കയിൽ സൗത്ത് ബാരിംഗ്ടണിൽ
 താമസിക്കുന്നു‌. ഭർത്താവ് റോബിൻ തോമസുമായിച്ചേർന്ന് കഴിഞ്ഞ 25 വർഷമായി സ്വന്തം ഐറ്റി കൺസൾട്ടിംഗ്‌ കമ്പനി നടത്തുന്നു.
പ്രൊഫഷണൽ വിദ്യാർത്ഥികളായ അമൃതയുടേയും നമിതയുടേയും അമ്മ. ഇത്രയും ചെറിയൊരു ആമുഖം മാത്രം. എന്നാൽ ഇതു മാത്രമല്ല, പ്രിയ ജോസഫ് എന്ന എഴുത്തുകാരി.
സ്ക്കൂൾവിദ്യാഭ്യാസ കാലഘട്ടത്തിലെ‌ യുവജനോത്സവത്തിലൂടെയും മറ്റ് കഥാമത്‌സരങ്ങളിലൂടെയുമാണ് പ്രിയയുടെ എഴുത്തങ്കണത്തിലേയ്ക്കുള്ള ആദ്യ ചുവടുവെയ്പ്പ്.
പ്രീഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ, അതായത്‌ 1991 ൽ സ്ത്രീകൾക്കായി മാതൃഭൂമി പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മി മാസിക നടത്തിയ ചെറുകഥാമത്സരത്തിൽ പ്രോത്സാഹനസമ്മാനം കിട്ടിയതാണ്‌ ആദ്യ അവാർഡ്‌. അതിനുശേഷം 1992 -ൽ ഗൃഹലക്ഷ്മി അവാർഡ്‌ വീണ്ടും ലഭിച്ചു. ഇത്തവണ രണ്ടാം സ്ഥാനമാണ്‌ കിട്ടിയത്‌. 
അതിനേതുടർന്ന് രണ്ടുമൂന്ന് കഥകൾ പ്രസിദ്ധീകരിച്ചതല്ലാതെ തുടർന്നൊന്നും ആ കാലഘട്ടത്തിൽ എഴുതിയിട്ടില്ല. വീണ്ടും എഴുതിത്തുടങ്ങിയത്‌ ഇരുപത്താറു വർഷങ്ങൾക്കു‌ ശേഷമാണ്‌. 2018 ഒടുവിൽ ഐ ഇ മലയാളത്തിൽ ക്രിയേറ്റീവ് പേഴ്സണൽ എസ്സേകൾ എഴുതിയാണു‌ തുടക്കം. പത്തോളം ലേഖനങ്ങൾ അവിടെ എഴുതി. വലിയ കാലയളിൽ മലയാളത്തിൽ ഒരു വരിപോലും എഴുതാതിരുന്ന‌തിന്നാൽത്തന്നെ ഈ ലേഖനമെഴുത്ത് ഒരു പരിശീലനക്കളരിയായി മാറി. അതിനുശേഷം ഒട്ടൊരു ഭയത്തോടെ അവർ 2020 മുതൽ ചെറുകഥകൾ എഴുതാൻ തുടങ്ങി. 2022 ഇൽ ഖത്തർ സംസ്കൃതി സി. വി. ശ്രീരാമൻ അവാർഡ്‌ "മാണീം ഇന്ദിരാഗാന്ധീം" എന്ന ചെറുകഥയ്ക്ക്‌ ലഭിച്ചു. "ഇനി ഒരിക്കലും എഴുതില്ലെന്നു വിചാരിച്ചിരുന്നിടത്തു നിന്നും‌ ആരോ പേന കൈയിൽ തന്ന്  ഉന്തിതള്ളി എഴു‌തിപ്പിക്കുന്നതുപോലെയാണ്‌ ഇപ്പോൾ." എന്ന് എഴുത്തുകാരി പറയുമ്പോഴും ഏറെക്കാലം ഭൂമിക്കടിയിൽ ഒളിച്ചിരുന്ന ശേഷം, വേനലിൻ ആദ്യമഴയോടെ പൊട്ടിവിരിയുന്ന ലില്ലിപ്പൂക്കളെ ഓർമിപ്പിച്ചു കൊണ്ട് പ്രിയ ജോസഫിൻ്റെ കഥകൾ അനുവാചകരിലേക്കു കടന്നു വരുന്നു.
"ഞാനിവിടെ ജീവിച്ചിരുന്നു എന്നുള്ള അടയാളപ്പെടുത്തൽ കൂടിയാണ്‌ എനിയ്ക്കിപ്പോൾ എഴുത്ത്‌." എന്നു പ്രിയ ജോസഫ് പറയുമ്പോൾ സ്വന്തം എഴുത്തിനെ  അവർ സ്വയം അടയാളപ്പെടുത്തിത്തുടങ്ങി എന്നു മനസ്സിലാക്കാം. അതിനാൽത്തന്നെ കിട്ടുന്ന അംഗീകാരങ്ങളും അവാർഡുകളും ബോണസ് ആണെ‌ന്നാണ്‌ പ്രിയ കരുതുന്നത്‌.

ഇതുവരെ 5 കഥകളാണ്‌ പ്രിയ ജോസഫ് എഴുതിയിരിക്കുന്നത്‌. 
ഗുർജ്ജറിബാഗ്‌  (ഐ ഇ മലയാളം), കന്യാവ്രതത്തിന്റെ കാവൽക്കാരൻ - (സമകാലിക മലയാളം), കാറൽമാക്സ്ചരിതം ( സമകാലിക മലയാളം) 
തമ്മനം മുതൽ ഷിക്കാഗൊ വരെ - ഒരു അധോലോക കഥ - (ട്രൂ കോപ്പി തിങ്ക്), മാണീം ഇന്ദിരാഗാന്ധീം (ട്രൂ കോപ്പി തിങ്ക്) എന്നിവയാണവ.

ഗുർജ്ജറിബാഗ്‌ എന്ന കഥ, റാൻഡം ആക്ട്‌ ഓഫ്‌ കൈൻഡ്നെസ്‌നെ കുറിച്ചാണ്‌ പറയുന്നത്‌. നമ്മളെല്ലാം, ജീവിതത്തിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ആരുടെയെങ്കിലും ദയ കൈപറ്റിയിട്ടുണ്ടാവണം. മനസ്സിലെ ഇരുട്ടിനെ മാറ്റിക്കളയുന്ന പ്രകാശമാണ്‌ നമുക്ക്‌ നേരെ നീളുന്ന ഈ അപ്രതീക്ഷിത സ്നേഹങ്ങൾ. അവൽ പൊതിയുമായി നിൽക്കുന്ന കുചേലന്റെ മുൻപിൽ കൃഷ്ണനാവാനുള്ള അവസരം നമുക്കെല്ലാം ജീവിതത്തിൽ ലഭിക്കാറുണ്ട്‌. വലിയ കൊട്ടാരമോ പണമോ ഒന്നുമായിട്ടല്ല ട്രാഫിക്കിൽ പിറകേ വരുന്ന വാഹനത്തിന്‌ സൈഡ്‌ കൊടുക്കുന്നതോ, ഷോപ്പിംഗ്‌ കാർട്ട്,‌  കാർട്ട്‌ സ്റ്റേഷനിൽ കൊണ്ടുപോയി ഇടുന്നതോ ഒക്കെ ഇതിൽപ്പെടുത്താം‌. ഈ ചെറിയചെറിയ ദയകളല്ലേ ശരിക്കും മനുഷ്യജീവിതം. കുറഞ്ഞ പക്ഷം, എഴുത്തുകാരി അതങ്ങനെ കാണുന്നു‌. അതാണ്‌ ഈ കഥയിലൂടെ അവർ പറഞ്ഞു വെയ്ക്കുന്നതും‌.
ഈ കഥയാണ്‌ രണ്ടാമത്തെ വരവിൽ പ്രിയ ജോസഫ് ആദ്യമായി എഴുതിയ കഥ. അത്‌ എഴുത്തുകാരിയുടെ ജീവിതവുമായി വളരെ ചേർന്ന് നിൽക്കുന്ന കഥയാണ്‌.‌ വാൾമാർട്ടിൽ വച്ച്‌ ഒരു ഗർഭിണി എഴുത്തുകാരിക്ക് ഒരു ബാഗ് നൽകുന്നു. ആ അപ്രതീക്ഷിത സമ്മാനം, അതിലുപരി, ആ പ്രവർത്തിയിൽ എഴുത്തുകാരി കണ്ടെത്തിയ റാൻഡം ആക്ട്‌ ഓഫ്‌ കൈൻഡ്നെസ്‌നെ രേഖപ്പെടുത്തേണ്ടത്‌ തന്നെയായി തീർച്ചപ്പെടുത്തി‌ ജീവിതാനുഭവമായിട്ട്‌ ആദ്യം എഴുതി തുടങ്ങി‌. എന്നാൽ പിന്നീടതു‌ കഥയാക്കുന്നതാണ്‌ നല്ലത്‌ എന്ന് തോന്നുകയും കഥയായി രൂപമാറ്റം വരുത്തുകയുമായിരുന്നു.
"അന്ന് ആ പാർക്കിംഗ്‌ ലോട്ടിൽ വെച്ച്‌ എന്റെ ഉള്ളിൽ ഞാൻ അനുഭവിച്ച ആഘാതത്തിന്റെ ( positive shock ) നൂറിൽ ഒരംശം പോലും എനിക്ക്‌ വാക്കുകളായി പകർത്താൻ പറ്റിയില്ല എന്ന വിഷമം നന്നായിട്ടുണ്ട്‌. അവരുടെ അഡ്രസ്സ്‌ വാങ്ങിയില്ലല്ലോ എന്ന നഷ്ടബോധവും നന്നായിട്ടുണ്ട്‌." എന്ന് എഴുത്തുകാരി ആ കഥയെക്കുറിച്ചു പറയുന്നു.

സമകാലിക മലയാളത്തിൽ പ്രസിദ്ധീകരിച്ച 'കന്യാവ്രതത്തിന്റെ കാവൽക്കാരൻ' എന്ന കഥയുടെ പശ്ചാത്തലം‌ ഇങ്ങനെയാണ്‌. കുറേ വർഷങ്ങൾക്ക്‌ മുൻപ്‌  മകളുടെ തെറാപിസ്റ്റ്‌ പറഞ്ഞ ഒരു അനുഭവം ആണ് ആ കഥയുടെ കാതൽ. Severe foot fetishism ഉള്ള ഒരു ഭർത്താവിനെക്കുറിച്ച്‌ ഭാര്യ പങ്കുവെച്ച ചില രഹസ്യങ്ങൾ ആയിരുന്നു അത്. അന്നതു വളരെ കൗതുകത്തോടെയാണ്‌ കേട്ടിരുന്നു എഴുത്തുകാരി. ഒരു സുന്ദരിയെ കണ്ടാൽ ആദ്യം അവളുടെ പാദങ്ങളിലേയ്ക്കാണു‌ നോക്കുക എന്ന് ചില പുരുഷസുഹൃത്തുക്കൾ പറഞ്ഞ്‌ കേട്ടിട്ടുണ്ടെങ്കിലും ഇതുപോലെ severe foot fetishism ഉള്ള ആളെക്കുറിച്ച്‌ അവർ ആദ്യമായിട്ടായിരുന്നു കേൾക്കുന്നത്‌. അതിന്റെ ഒരു പ്രത്യേകത കൊണ്ടുതന്നെ അത്‌ മനസ്സിൽ സൂക്ഷിക്കപ്പെട്ടു. ഒടുവിൽ
കന്യാവ്രതത്തിന്റെ കാവൽക്കാരൻ എന്ന കഥയെഴുമ്പോൾ ആ അനുഭവം വഴികാട്ടിയായി.

പ്രിയയുടെ സ്വന്തം പുസ്തകം ഇതുവരെ ഇറങ്ങിയിട്ടില്ല. താനെഴുതിയ ചെറുകഥകളും , ലേഖനങ്ങളും പല സമാഹാരങ്ങളുടേയും ഭാഗമായിട്ടുണ്ട്‌. അതിൽ ഏറ്റവും ഒടുവിലത്തേത്, ഫെമിൻഗോ ബുക്സ് പ്രസിദ്ധീകരിക്കുന്ന വക്കുടഞ്ഞ വാക്ക് എന്ന ചെറുകഥാ സമാഹാരമാണ്. മലയാളത്തിലെ എണ്ണംപറഞ്ഞ പത്ത് എഴുത്തുകാരികളുടെ തെരഞ്ഞെടുത്ത കഥകൾ കോർത്തിണക്കിയ ആ പുസ്തകത്തിൽ ഒരാളാകാൻ സാധിച്ചു. 
ഇനി, പത്തുകഥകളെങ്കിലും എഴുതിയ ശേഷം ഒട്ടും വൈകാതെ സ്വന്തം കഥകളുടെ സമാഹാരം ഇറക്കുക എന്നുള്ളതാണ്‌ എഴുത്തുകാരിയുടെ ബക്കറ്റ്‌ ലിസ്റ്റിലെ അടുത്ത ഐറ്റം. 
"എഴുതിയ ഓരോ കഥയും അതിഭയങ്കര ഇഷ്ടത്തോടെ ഓമനിച്ച്‌ തന്നെ എഴുതിയതാണ്‌. മക്കളിലാരെയാ കൂടുതൽ ഇഷ്ടം എന്ന് ആരെങ്കിലും അമ്മയോട്‌ ചോദിച്ചാൽ അമ്മ മറുപടി പറയുമോ? 
ഓരോ കഥയും വ്യത്യസ്ത മാനസികാവസ്ഥയിൽ അമൂർത്തമായി രൂപപ്പെടുന്നവയും, പിന്നീട് എഴുതപ്പെടുന്നവയുമാണ്‌." പ്രിയ പറയുന്നു. 

"എഴുത്തിൽ ഏറ്റവും പ്രിയംകഥകളോടാണ്. എന്തുകൊണ്ട്
കഥകളോടു‌ കൂടുതൽ ഇഷ്ടം എന്നു ചോദിച്ചാൽ, ചെറിയ ക്യാൻവാസിൽ ഒരു ജീവിതം മുഴുവൻ അടക്കത്തിലും ഒതുക്കത്തിലും പറയുക എന്നുള്ളത്‌ അത്ര എളുപ്പമല്ല. 'കൃത്യം പാകം" എന്നൊന്ന് കഥയിൽ വരുത്താനാണ്‌ ഏറ്റവും ബുദ്ധിമുട്ട്‌ എന്ന് തോന്നിയിട്ടുണ്ട്‌. അതുകൊണ്ടു‌തന്നെ ഒരു കഥ എഴുതിക്കഴിയുമ്പോൾ എഴുന്നേറ്റ്‌ നിന്നു ഡാൻസ്‌ കളിയ്ക്കാൻ തോന്നുന്ന പോലൊരു സന്തോഷമാണ്‌ അനുഭവിക്കുന്നത്‌. ഞാൻ ആ ഒരു കിക്കിനു വേണ്ടിയാണ്‌ എഴുതുന്നത്‌." പ്രിയ, നിലപാടു വ്യക്തമാക്കുന്നു.

കാറൽ മാക്സ് ചരിതം എന്ന കഥയെക്കുറിച്ച്,
"കാറൽ മാർക്സ് ചരിതം എന്ന കഥയെഴുതുമ്പോൾ കേരളത്തിലെ  സാധാരണ ക്രൈസ്തവ കുടുംബം എക്കാലത്തും അഭിമുഖീകരിച്ചു പോന്നിട്ടുള്ള സംഘർഷം ഉണ്ടായിരുന്നു മനസ്സിൽ. ആദർശങ്ങളുടെ പുറകേ പോയി ജീവിതം കളഞ്ഞ ഒരു മനുഷ്യനെ കുറിച്ചാണ്‌ ഞാൻ ഈ കഥയിൽ പറഞ്ഞിരിക്കുന്നത്‌. വ്യവസ്ഥിതിക്കെതിരെ കലഹിച്ച എത്ര പേർ അധികാര സ്ഥാനങ്ങളിൽ എത്തുന്നുണ്ട്‌?
കൂടുതൽ പേരും നാട്ടുകാരാലും വീട്ടുകാരാലും തിരസ്ക്കരിക്കപ്പെട്ട്‌ കാലയവനികക്കുള്ളിൽ മറയുന്നവരാണ്‌. ജാതിമതവർഗ്ഗ വ്യവസ്ഥിതികളിൽ നിന്നു കേരളം കുറച്ചെങ്കിലും മുന്നേറിയത്‌ ഇതു പോലുള്ളവരുടെ ത്യാഗത്തിൽ നിന്നാണ്‌. നമ്മളൊക്കെ ഇന്നതിന്റെ പങ്ക്‌ പറ്റുന്നുമുണ്ട്‌. പരിചയമുള്ള ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അങ്ങനൊരു നന്മയുള്ള മനുഷ്യനെക്കുറിച്ച്‌ പറഞ്ഞെന്നേയുള്ളു. പക്ഷേ, 
ക്ലാസിനു പുറത്തും ചിലതു പഠിക്കാനുണ്ടെന്ന ജോസിന്റെ മകളോടുള്ള ഉപദേശത്തെ ഭയക്കുന്ന ആ കഥയിലെ അമ്മ, എല്ലാകാലത്തും ഒരുപോലെ തന്നെയാണ്‌. അതിന്‌ ഇന്നും വലിയ മാറ്റമൊന്നുമില്ല. കാറൽമാക്സ്‌ ചരിതത്തിന്റെ സ്പാർക്ക് വീട്ടിൽ നിന്നു തന്നെയാണ് ലഭിച്ചത്. മമ്മിയുടെ കുടുംബത്തിൽ ഒരാളുണ്ടായിരുന്നു. വല്ല്യ സ്നേഹക്കാരൻ. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേർന്ന് പഠനമൊക്കെ ഉഴപ്പിയ ഒരാൾ."
സാഹിത്യം ഇഷ്ടമുള്ള ആളെന്ന നിലയിൽ മലയാളസാഹിത്യത്തിന്റെ  മാത്രമല്ല ലോകസാഹിത്യത്തിന്റെയും ഒരോ ചെറിയ സ്പന്ദനങ്ങളും ഈ എഴുത്തുകാരി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. മലയാളത്തിലെഴുതുന്ന പലരും ലോകസാഹിത്യനിലവാരത്തിലോ അതിനേക്കാൾ മേലെയോ നിലകൊള്ളുന്നവരായും പ്രിയ ജോസഫ് തിരിച്ചറിയുന്നു. 
പണ്ടത്തെക്കാൾ കൂടുതൽ മലയാളം എഴുത്തുകൾ ഇംഗ്ളീഷിലേക്കു‌ വിവർത്തനം ചെയ്യപ്പെടുന്നുമുണ്ട്‌. ഇന്ന് ഇന്ത്യയിൽ, ജെസിബി സാഹിത്യ പുരസ്ക്കാരങ്ങളുടെ അന്തിമ പട്ടികയിൽ എത്ര മലയാള പുസ്തകങ്ങളുടെ വിവർത്തനങ്ങളാണ്‌ സ്ഥാനം പിടിയ്ക്കുന്നത് എന്നും ചിലത്‌ വായിക്കുമ്പോൾ എങ്ങനെയാണ്‌ ഇത്ര മനോഹരമായി ഇവരെഴുതുന്നത്‌ എന്നും അത്ഭുതപ്പെടുന്ന പ്രിയ, മലയാളഎഴുത്തുകാർ ആരുടെയും പിറകിലല്ല എന്നും വാദിക്കുന്നു. നിലവിൽ മാഗ്‌സ്റ്റർ വഴിയാണ്‌ മലയാള വാരികകളെല്ലാം പ്രിയ ജോസഫ് വായിക്കുന്നത്‌.
‌പുതിയ നല്ല എഴുത്തുകാരെ വായിക്കുമ്പോൾ നിർത്താതെ എഴുതാൻ പറ്റണേ അവർക്ക്‌ എന്നൊരു നിശ്ശബ്ദപ്രാർത്ഥന ഉള്ളിൽ സൂക്ഷിക്കുന്നു  ഈ എഴുത്തുകാരി‌.

# priyajoseph_article

Join WhatsApp News
സാബു മാത്യു 2023-04-02 02:41:31
പ്രിയ ജോസഫ്‌ ഇ മലയാളിയിലാണ് കഥകള്‍ എഴുതിയിരുന്നതെങ്കില്‍ ഇതുപോലെ ഒരു കുറിപ്പിന് അവര്‍ വിഷയമാകുമായിരുന്നോ? അവരുടെ കഥകള്‍ മുഖ്യധാര മാധ്യമങ്ങളില്‍ വന്നത് കൊണ്ടല്ലേ അവരെ ഇങ്ങനെ അംഗീകരിക്കുന്നത്, വളരെ കുറച്ചു കഥകള്‍ മാത്രം എഴുതിയെന്നതും, ഇതുവരെ കഥാസമാഹാരം ഇറക്കിയില്ല എന്നതും വലിയ മഹത്വമായി ചിത്രീകരിച്ചിരിക്കുന്നു. മുഖ്യധാര മാധ്യമങ്ങളില്‍ കഥകള്‍ വരുന്നതിനു പല മാനദണ്ടങ്ങളും ഉണ്ട് . ഇ മലയാളി പോലും മുഖ്യധാര മാധ്യമങ്ങളില്‍ കഥകള്‍ എഴുതുന്ന എഴുത്തുകാരാണ് മിടുക്കര്‍ എന്ന നിലപാട് എടുക്കുന്നത് സ്വയം അപഹസ്യര്‍ ആകുന്നതിനു തുല്യമാണ് എന്ന് പറയാതെ വയ്യ. ഇതാണ് നിങ്ങളുടെ കാഴ്ചപ്പാടെങ്കില്‍ നിങ്ങള്‍ സാഹിത്യം എന്ന ഇനം ഒഴിവാക്കുകയാണ് നല്ലത് (പ്രിയ ജോസെഫിനെക്കുറിച്ചോ അവരുടെ കഥകളെക്കുറിച്ചോ ഉള്ള അഭിപ്രായം അല്ല ഇത് , അവര്‍ നല്ല എഴുത്തുകാരി എന്ന് അംഗീകരിക്കുന്നു)
Sudhir Panikkaveetil 2023-04-02 15:41:15
നാട്ടിൽ എഴുതിയാൽ മാത്രമേ എഴുത്തുകാരനാകു അവരുടെ കൃതികളാണ് മെച്ചം എന്ന് വിശ്വസിക്കുന്ന പാവം അമേരിക്കൻ മലയാളികൾക്ക് അറിയില്ല ഇവിടെ വളരെ ശക്തമായ ഒരു സാഹിത്യ ശാഖാ വളരുന്നുണ്ടെന്ന കാര്യം. കഷ്ടം.. ഇവിടെയുള്ളവർ അത് അംഗീകരിക്കുന്നില്ല. അവർക്കെല്ലാം നാട്ടിലുള്ള തമ്പുരാക്കന്മാരുടെ മുന്നിൽ പറ വയ്ക്കാനാണ് ഇഷ്ടം. തമ്പുരാക്കന്മാർക്ക് ഇവരെ പുച്ഛവും. അമേരിക്കൻ മലയാള സാഹിത്യം വേണമെന്ന് ഞാൻ പലവട്ടം എഴുതി. ആർക്കും യോജിപ്പില്ല. അങ്ങനെ വേറിട്ടൊന്നു വേണ്ടെന്ന് നാട്ടിലെ ഏമാന്മാരും ഇവിടെയുള്ളവരും തീരുമാനിക്കുന്നു. നാട്ടിലുള്ള ഏമാന്മാരുടെ കാൽക്കൽ കിടക്കുന്നത് സുഖമെന്ന് ധരിക്കുന്നപോലെ എല്ലാവരും അതിനോട് നിശ്ശബ്ധത പാലിച്ച്. ഇവിടെയുള്ള എഴുത്തുകാരുടെ കൃതികളെക്കുറിച്ചുള്ള നിരൂപണങ്ങൾ ഇ മലയാളി പ്രസിദ്ധീകരിക്കാറുണ്ട്. ഇ മലയാളി അമേരിക്കൻ മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എഴുത്തുകാരോ വായനക്കാരോ അത് കാണുന്നില്ലെന്ന് സംശയിക്കാം. ഇപ്പോൾ തന്നെ ഇ മലയാളി അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞീടുത്ത കഥകൾ പ്രസിദ്ധീകരിക്കാൻ തയ്യാറാകുന്നു. എവിടെ എഴുതിയാലും കൃതികൾക്ക് മേന്മയുണ്ടെങ്കിൽ അവ നില നിൽക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക