കേസിന്റെ വിശദാംശങ്ങള്‍ അപ്പപ്പോള്‍തന്നെ ഗ്രഹിച്ചുകൊണ്ടിരുന്ന ജോര്‍ജ്, സീസറിനോടു പറഞ്ഞതുപ്രകാരം ജറുസലേമിന്റെ തെക്കേ വശത്തുള്ള സംസ്ഥാനത്തേക്കു യാത്രയായി. ഒരു നട്ടുച്ചനേരം തൂവെള്ള ഖദര്‍ ധരിച്ച് സുസ്‌മേരവദനനായി അഗ്രഹാരത്തിലെ ഏറ്റവും പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞിരുന്ന വരദാത്തോസിന്റെ വീട്ടിലേക്ക് അദ്ദേഹം നടന്നുകയറി.
മൂന്നു നാലുമിനിറ്റുകള്‍ കൊണ്ട് വരദാത്തോസിന്റെ ഭാര്യയുടെ വിശ്വാസം നേടിയെടുത്ത ജോര്‍ജ് അവരുടെ രക്ഷകനായി ഭാവിച്ച് തലസ്ഥാനത്തെ രീതികള്‍ ഒന്നൊന്നായി പറഞ്ഞു തുടങ്ങി. വരദാത്തോസിന്റെ ഓരോ വിധിയുടെ മേന്മയും അദ്ദേഹത്തെതന്നെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്ന് പ്രധാനമന്ത്രിയോടു താന്‍ നിര്‍ദ്ദേശിച്ച കാര്യവും പറഞ്ഞതിനുശേഷം, ജോര്‍ജ് ഇപ്പോഴത്തെ കേസിലേക്കു വിഷയം മാറ്റി. ജൂദാസ് കേസിന്റെ വിധി സീസറിന്റെ ഭരണത്തെ മാത്രമല്ല, രാജ്യത്തിന്റെ ഭാവിയെ തന്നെ പിടിച്ചുലച്ചേക്കാം എന്നു പറഞ്ഞ ജോര്‍ജ് ഒരു കാര്യം വ്യക്തമായി സൂചിപ്പിച്ചു. ജൂദാസിനെ കുറ്റവിമുക്തനാക്കിയാല്‍ ജനങ്ങളുടെ എതിര്‍പ്പുകാരണം മന്ത്രിസഭ തന്നെ വീണേക്കാം. അങ്ങനെയാണെങ്കില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് വേണ്ടി വരും. തിരഞ്ഞെടുപ്പില്‍ സീസറിന്റെ പാര്‍ട്ടി തോറ്റുപോയേക്കാം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ സുപ്രധാന തസ്തികകളിലേക്ക് നിയമനം നടത്താന്‍ ആവില്ല. വരദാത്തോസ് സുപ്രീംകോടതിയില്‍ ഇരിക്കണമെങ്കില്‍ ഈ മന്ത്രിസഭ അധികാരത്തില്‍ തുടരുക തന്നെ വേണം. സീസര്‍ അധികാരത്തില്‍ തുടരണമെങ്കില്‍ ഇപ്പോഴത്തെ രാഷ്ട്രീയാവസ്ഥ നിലനില്‍ക്കണം.
താന്‍ കഴിച്ചിരുന്ന വില കൂടിയ സ്‌കോച്ചിന്റെ മത്തുകുറയ്ക്കുമെങ്കിലും, മ്ലാന ഭരിതയായ ശ്രീമതി വരദാത്തോസ് നല്‍കിയ മോരുംവെള്ളം കുടിച്ചശേഷം ജോര്‍ജ് പടിയിറങ്ങി.
ജോര്‍ജ് പടിയിറങ്ങി കഴിഞ്ഞപ്പോള്‍ ശ്രീമതി വരദാത്തോസ് ഒന്നു തീരുമാനിച്ചു കഴിഞ്ഞിരുന്നു. എങ്ങനെയെങ്കിലും തന്റെ ഭര്‍ത്താവ് സുപ്രീംകോടതി ജഡ്ജിയായിത്തീരണം. ഇപ്പോള്‍ തന്നെ സുപ്രീംകോടതി ജഡ്ജിയുടെ സഹധര്‍മ്മിണിയുടെ ഭാഗം അഭിനയിച്ചു തുടങ്ങിയിരുന്ന അവര്‍ ആ സ്ഥാനം കിട്ടാതെ വന്നാലുള്ള അവസ്ഥയോര്‍ത്ത് ഞെട്ടി.